അഗ്നിരഹസ്യങ്ങൾ

ഉളള്‌ പൊളളിയ പാടുകൾ കൊണ്ടെഴുതുകയാണ്‌ പ്രദീപ്‌, സ്വകാര്യമായ ആത്മചിത്രങ്ങൾ. തൊട്ടും തലോടിയും ആശ്ലേഷിച്ചും ത്രസിപ്പിച്ചും നശിപ്പിച്ചും ദഹിപ്പിച്ചും തീയ്‌ പെരുമാറുന്നതുപോലെ. തന്നോട്‌ പെരുമാറിയ പ്രണയ&സ്വപ്‌ന&സൗഹൃദ നേരങ്ങളിലാണിവയിലെ നിറങ്ങളും രൂപങ്ങളും. കനൽ, നാളം, ജ്വാല, ലാവ, വിഷം മരണം, ധൂമം, ചിത, എന്നിങ്ങനെ ഓർമ്മയോ രഹസ്യമോ കാമമോ പ്രേമമോ പാപമോ രോഷമോ ഭയമോ ദുഃഖമോ ദുരന്തമോ പാപമോ രോഷമോ ഭയമോ, ദുഃഖമോ, ദുരന്തമോ, സഹനമോ ജ്യോതിബോധമോ ചൊല്ലി അഗ്നി പ്രദീപിന്റെ എഴുത്തിൽ പല നാമരൂപങ്ങളിൽ വരുന്നു. സഹനത്തിന്റെ വടുക്കൾ, സങ്കടങ്ങളുടെ ഇരുൾത്തടങ്ങൾ, അറിവിലും ഓർമ്മയിലും കരിവാളിച്ച്‌ തിണർത്ത്‌ മനസ്സ്‌ ഒരു സ്വകാര്യ വൈരൂപ്യമാക്കി തീയ്‌ തുടരുകയാണ്‌ തമാശക്കളി. അഗ്നിയുമായാണ്‌ താൻ വരുന്നത്‌ തിക്തതയുടെ ആഴത്തിൽ നിന്ന്‌ എന്ന്‌ കവി. പറുദീസയിൽ നിന്ന്‌ മോഷ്‌ടിച്ചതല്ല, പ്രൊമിത്യൂസായല്ല; തന്നിൽനിന്ന്‌ കൊളുത്തി തന്നെ ചുട്ടൊടുക്കാൻ. മഹാമൃതം പോലെ ശിരസ്സിലൂടൊഴുകിയ മണ്ണെണ്ണയെ ആളിച്ച്‌ ഇന്നേരം വരെ എത്താത്ത ഉയരത്തിലെ സ്വർഗീയ മച്ചുകളിൽ തൊട്ടുനോക്കാനാക്കുന്നു ഉച്ചിയിൽ നിന്നുമുയരും സ്‌ഫുലിംഗങ്ങൾ. അഗ്‌നിയെ നിമിത്തവും പ്രതിയും വിചാരണയും വിധിയും ബിംബവുമാക്കി തന്നിൽ പായിക്കുകയാണ്‌ പ്രദീപ്‌. ആത്മഹത്യയിലൂടെയുളള സ്വർഗാരോഹണത്തിന്റെ എതിർ പുരാവൃത്തം. ഭാവന ഒരു നിലപാടെന്നാണ്‌ കേൾവി. ഇവിടെ ഭാവന സ്വയം കാണലാണ്‌. തന്റെ ചുവടും വഴിയും വരവും താനെത്തിയ ഇടവും കാണൽ. മനസ്സ്‌, സ്വയമറിവ്‌, ഒരു പൊളളൽ. അതിൽ ‘മരുപ്പച്ചയോളം മഹാരുദ്ര സൗന്ദര്യം’. ‘കനലിലെരിയുന്ന നഗ്നതാരുണ്യശില്‌പം’. ചത്തുപോയ കാമുകന്മാരുടെ ക്രൂദ്ധ പ്രേതങ്ങൾ തീതുപ്പിയലറുന്ന രക്തദാഹത്തിന്റെ ബലിപ്പാട്ട്‌. പീഡിതാത്മാവായി സ്വയം വാഴിക്കാനല്ല, ആത്മാരാധനയ്‌ക്കുമല്ല, ജീവിതത്തെ തന്നെ അതിജീവിക്കാൻ മാത്രം വാക്ക്‌ കൊണ്ട്‌ ഈ സ്വകാര്യാനുഷ്‌ഠാനം. പ്രൗഢമായ പൂമുഖങ്ങളല്ല, അനുഭവത്തിന്റെ വിവശമായ പിന്നാമ്പുറങ്ങളാണ്‌ പ്രദീപെത്തുന്ന ഇടങ്ങൾ. സ്വപ്‌നങ്ങളുടെയും ഓർമ്മകളുടെയും ചേരിപ്രദേശം. നഗരാരവത്തിന്റെ മറുപുറം. നിശ്ശബ്‌ദവേരുകളുടെ ഏകാന്തത. വിജയികളും നായകരും താരങ്ങളുമുളളത്‌ മറ്റെവിടെയോ. പ്രേമത്തിനും സഹനത്തിനും നിന്ദയ്‌ക്കും നിരാസത്തിനും നിശ്ശൂന്യതയ്‌ക്കും തൊട്ടടുത്ത്‌. ചതുപ്പിനും ചുടലയ്‌ക്കുമിടയിൽ. കനൽക്കല്ലുകളിൽ ചവിട്ടി വേണം ഇവിടെ അന്നന്നത്തെ വാഴ്‌വിന്റെ പാഴ്‌ക്കയങ്ങളുടെ തരണം. മരണജലത്തിൽ ജീവന്റെ ഹഠയോഗാഭ്യാസം. മരണതുല്യമായ ആ തരണത്തിന്റെ ഓരോ ചുവടും, പദാനുപദം, പ്രദീപ്‌ വിവർത്തനം ചെയ്യുകയാണ്‌, കയ്‌പോടെ. ഓർമ്മയും സ്വപ്‌നവും തൊടാതെ എങ്ങനെ ചൊല്ലി ഒഴിക്കാം ജന്മഭാരം (അത്‌ സാധ്യമല്ലെങ്കിലും) എന്ന ഏകാന്തതയുടെ തിര(യലു)കളാണ്‌ ഈ കവിതകൾ. പ്രസാദിയുടെ ഉപരിപ്ലവാലാപനങ്ങളേക്കാൾ വിശ്വാസ്യതയുണ്ട്‌ ഇന്ന്‌ വിഷാദിയുടെ പ്‌രാക്കുകൾക്ക്‌. കവിത ചരിത്രത്തിൽ നിന്നടർന്ന്‌ തെറിച്ച ഏകാന്തകനൽ ആയിരിക്കുമ്പോൾ പോലും.

– (ആമുഖത്തിൽ നിന്ന്‌)

അഗ്നിരഹസ്യങ്ങൾ (കവിത)

പ്രദീപ്‌ മൂഴിക്കുളം

വില – 30.00

തണൽ പബ്ലിക്കേഷൻ

Generated from archived content: book1_july7.html Author: kg_sankarapillai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here