ഗഫൂർ കരുവണ്ണൂരിന്റെ കവിത

‘നമുക്കൊന്നുകൂടിക്കയറണം, കോക്കരപ്പാറയിൽ

കാണണം വയൽ, മേഘയാത്ര, അസ്തമയം

കലഹിച്ച പുസ്തകപ്പൊരുൾ കണ്ടെടുക്കണം

എന്തിന്‌ സങ്കീർണ്ണമായി മേലുടുപ്പ്‌

നമുക്കോർത്തെടുക്കാം

കൈതകൾക്കിടയിലേക്ക്‌

ചൂണ്ടലിൽകോർത്ത്‌

വലിച്ചെറിഞ്ഞ മീൻകാലത്തെ’ (വായനക്കാരന്റെ കത്ത്‌)

കോക്കരപ്പാറ കവിയുടെ നാട്ടിലെ ചങ്ങാതിപ്പാറ. വൈകുന്നേരം കയറിച്ചെന്നിരിക്കാവുന്ന ഒരു നാടുകാണിപ്പാറ. നാടുകാണി മാത്രമല്ല, നേരംകാണി, നേര്‌കാണി, ദരിദ്രവീടുകളുടെ മനസ്സ്‌കാണി, ഓർമ്മകാണി, ബന്ധങ്ങളുടെ തനത്‌രൂപം കാണി, ഉള്ളുകാണി, പൊരുൾകാണി എന്നെല്ലാം നോക്കും തോറും അതിന്റെ അർത്ഥദിശകൾ വിടർന്നുവരും. ഈ സമാഹാരത്തിലെ കവിതകളിലൂടെയെല്ലാമാണ്‌ പുതുലോകത്തെ പുതിയ ഗ്രാമത്തിൽ നിന്ന്‌ നോക്കിക്കാണുന്ന ഒരു നിലപാടുതറയെന്ന നിലയിൽ കോക്കരപ്പാറയുടെ നിർമ്മിതിയുടെ മുഴുവം. കോക്കരപ്പാറയിൽ കയറിനിന്നാൽ കിട്ടുന്ന കാഴ്‌ചയുടെ വ്യാസത്തിൽ ഓർമ്മയുടെയും യാഥാർത്ഥ്യത്തിന്റെയും പ്രത്യാശയുടെയും വ്യാസങ്ങൾ കലർന്നിട്ടുണ്ട്‌. ബിംബങ്ങളും ഈണങ്ങളും നാടോടി ഓർമ്മകളുമായി വാക്കുകൾ കനംവെച്ചു വളർന്നുവരുന്നത്‌ ആ ഉയരത്തിൽ നിന്നാൽ ഗഫൂറിന്‌ തെളിഞ്ഞുകാണാം.

ഒരു നാടും പല കാലങ്ങളും അനുഭവവലയങ്ങളായി വാക്കിൽ കാതലും വാക്യത്തിൽ ഉയിരുമാവുന്നതിന്റെ പ്രാദേശികചരിത്രമാണ്‌ ഗഫൂറിന്റെ കവിതകൾ. നെടുകെയും കുറുകെയും നാട്ടുവഴികൾപോലെ അനുഭൂതികളുടെ പല ഇഴകൾ ഊടും പാവുമാക്കുന്ന നെയ്‌ത്തുകൾ. ഗഫൂറിന്റെ കവിതയിലെ ഏത്‌ വഴിയേ പോയാലും സന്ധ്യയാവും മുമ്പ്‌, നാം ഒരു നാട്ടിൻപുറത്ത്‌ എത്തിച്ചേരും. തോട്‌, അക്കര, ഇക്കര, പൂരകെട്ട്‌, പള്ളിക്കൂടം, ആശുപത്രി (തടിയൻ കവിതകൾക്ക്‌ തടി കുറയ്‌ക്കാൻ ഇവിടെ പ്രത്യേക പദക്ലിനിക്‌ പ്രവർത്തിക്കുന്നുണ്ട്‌), വഴിവക്കിൽ വീണടിഞ്ഞുപോയ വാക്കുകളിലും ചീഞ്ഞ ചിരികളിലും ജീവിതത്തിന്റെ ഏതെങ്കിലുമൊരു കോണിലിരിക്കുന്ന അയൽക്കാർ, വിശപ്പ്‌ തെറ്റിച്ച കണക്ക്‌, ഓരോ മഴത്തുള്ളിയിലും കേൾക്കുന്ന കടൽമണികളുടെ കിലുക്കം, മുഴുവൻ വെളിപ്പെടാതെ വാക്കിനെ കഴുകാൻ കണ്ണുനീരും വരികൾക്ക്‌ ആത്മാവും തന്ന്‌, തോടിന്റെ ഒഴുക്കിൽ കവിതപോലെ നിൽക്കുന്ന നാടൻകാമുകി… ഇങ്ങനെ നഗരം വിഴുങ്ങിത്തുടങ്ങിയ പുതിയ ഗ്രാമാനുഭവങ്ങളിലെ നിരവധി സൂക്ഷ്മസന്ദർഭങ്ങളിലേക്ക്‌ ഗഫൂറിന്റെ കവിത നമ്മെ നയിക്കുന്നു.

പുതിയ ആഗോള അധികമർദ്ദങ്ങളെയും പുതുസുഭിക്ഷതയെയും പുതുസംസ്‌കാരഗർവ്വുകളെയും പറ്റി ഈ കവിതകളിൽ ശകാരവർഷമൊന്നുമില്ല. പക്ഷേ, ആധുനികോത്തര ബ്യൂട്ടിപാർലറുകളിലൊന്നും പോയിട്ടില്ലാത്ത ഈ കവിതകൾക്ക്‌ ഓരങ്ങളിലേക്ക്‌ പുതിയ ചരിത്രം ഞെരിച്ചുയറ്റിയ പാവങ്ങളുടെ ജീവിതക്ലേശങ്ങളുടെ ഉള്ളറകളിലേക്ക്‌ വഴിയറിയുന്ന, വിശ്വസിക്കാവുന്ന, മൂല്യവിവേകമുണ്ട്‌. ആ പാവങ്ങളാണ്‌ ഈ കവിതയിലെ മനുഷ്യപ്രാതിനിധ്യങ്ങൾ. അവരിലേക്ക്‌ ഈ കവിതകളിലെ ആർദ്രതയുടെ നീരൊഴുക്ക്‌. അവരുടെ വക്കീലോ നേതാവോ ഗാതാവോ ആയി കവി സ്വയം ചമയുന്നേയില്ല. മനസ്സാക്ഷിയിൽ വന്നു തറയുന്ന ചില നെടുവീർപ്പുകൾ നമ്മെക്കൂടി കേൾപ്പിക്കുന്നു എന്നുമാത്രം. മാറുന്ന നാടിന്റെ ആത്മരേഖകൾ. പഴമുണ്ടുപോലെ പിഞ്ഞിപ്പോയി പഴനാടും പഴങ്കാലവും. ഇവിടെ അത്‌ കാണപ്പെടുന്നത്‌ തവിട്ടുനിറത്തിൽ കരിയിലയും ചെമ്മണ്ണും ഖേദിച്ചിരിക്കുന്ന ഒരു ഗൃഹാതുരചിത്രമായല്ല, പി.യിലോ വൈലോപ്പിള്ളിയിലോ ചങ്ങമ്പുഴയിലോ കെ.സി.എസ്‌ പണിക്കരിലോ ബി. മാധവമേനോനിലോ അറുപതുകളിലോ അറുപതുകളിലെ ചില സിനിമകളിലോ പി. ഭാസ്‌കരന്റെ പാട്ടുകളിലോ എം.ടിയുടെ കഥകളിലോ നാം അടുത്തറിഞ്ഞ പഴയ കേരളീയഗ്രാമം ഇന്നത്തെ ഒരു രചനയിൽ ആരും പ്രതീക്ഷിക്കില്ല. ഇടശ്ശേരിയുടെ ‘കുറ്റിപ്പുറം പാല’ത്തിൽ നാം തൊട്ടടുത്തുനിന്ന്‌ കണ്ടതാണ്‌ ആ ഗ്രാമവും അതിന്റെ സ്വച്ഛനന്മകളും നോവുകളും അകലേക്കകലേക്ക്‌ തിരോധാനം ചെയ്യുന്നതും സിമന്റും കമ്പിയും ടാറും കരിയും പുകയും പൊടിപടലവും ശബ്ദപൂരവുമായി പുതിയൊരു അപരിചിത പരുഷത നമ്മുടെ ജീവിതത്തിലേക്ക്‌ നഗരഭാഷയുമായി വന്ന്‌ കേറുന്നതും. ആ പുതുവരവുകളുടെ പരിക്കുകളാണ്‌ ‘കുറ്റിപ്പുറം പാല’ത്തിനുശേഷം വന്ന മലയാളകവിത പല വിതാനത്തിൽ പരിശോധിക്കുന്നത്‌. ഈ കവിതകളിൽ നാം അനുഭവിക്കുന്നതും ആ മാറ്റം തുണയോ തടവോ എന്ന തെളിമതേടലിന്റെ തുടർച്ചയാണ്‌.

(ആമുഖത്തിൽ നിന്ന്‌)

വെളിച്ചത്തെക്കുറിച്ച്‌ നാലുവാക്യങ്ങൾ (ഗഫൂർ കരുവണ്ണൂർ)

വില ഃ 45രൂപ

കവിത

പ്രസാ ഃ ഡി.സി ബുക്സ്‌

പുസ്തകം വാങ്ങുവാൻ സന്ദർശിക്കുക “www.dcbookstore.com”

Generated from archived content: book1_jan8_07.html Author: kg_sankarapilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here