പരദൂഷണം പറയരുതേ!…….

അയാൾ വരും, എപ്പോഴെങ്കിലും ഒരിക്കൽ……. അത്രയും ഞാൻ പ്രതീക്ഷിച്ചു. എത്രയോ നാളുകൾ അയാൾക്കുവേണ്ടി ഞാൻ കാത്തിരുന്നു. അയാൾ വന്നില്ല. അയാളെനിക്ക്‌ ആരുമായിരുന്നില്ല. എന്നിട്ടും അയാളെനിക്ക്‌ ആരുമല്ലെന്ന്‌ വിശ്വസിയ്‌ക്കാൻ ഒരിക്കലും കഴിഞ്ഞില്ല. അയാളെക്കുറിച്ച്‌ ഓർക്കുമ്പോഴൊക്കെ ഉള്ളിലൂറുന്ന താപവും ചുടുനീറ്റലും അനാവശ്യമായ സംഭ്രമങ്ങളും എനിക്ക്‌ എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. അയാൾക്ക്‌ ഭയമായിരിക്കും. ആളുകൾ പരദൂഷണം പറയുമോ എന്ന്‌ ഭയക്കുന്നുണ്ടാകും. സത്യത്തിൽ, ഞാനെന്തിനാണിങ്ങനെ….. ഇങ്ങനെ…..ഒരു പ്രണയബന്ധത്തിന്റെ തീവ്രതയോടെ, അയാളെ വെറുതെ ഓർത്തുകൊണ്ടിരിന്നത്‌……..?……. എത്രശ്രമിച്ചിട്ടും മനസ്സിൽ നിന്ന്‌ അയാൾ മാഞ്ഞുപോകുന്നില്ല. ഉള്ളിലെ വികാരങ്ങൾ കടലാസ്സിലാക്കി വെക്കുമ്പോഴും എന്തിനെന്നില്ലാത്ത നൊമ്പരച്ചൂടാണ്‌ ഉള്ളിന്റെയുള്ളിൽ തിളച്ചുമറിയുന്നത്‌. ചിലപ്പോൾ തോന്നും, ഞാനൊരു മണ്ടിച്ചിയാണ്‌. ഒരു സംബന്ധവുമില്ലാത്ത അയാളെക്കുറിച്ച്‌ ഓർത്തു എന്തിനാണ്‌ ഞാനിങ്ങനെ വേപഥുകൊള്ളുന്നത്‌? നഷ്‌ടസ്വപ്‌നങ്ങളുടെ തീരാകണക്കുകളിലേക്ക്‌, കൂട്ടിയും കിഴിച്ചും കൂട്ടിയും കിഴിച്ചും കൊണ്ട്‌.

അയാൾ ഒരിക്കലും വന്നില്ല. ഏകാകിയായിരിക്കുമ്പോഴൊക്കെ അയാൾ അരൂപിയായിവരുന്നതുപോലെ….. എന്നെ സ്‌പർശിച്ചതുപോലെ….. വെറും തോന്നലുകളാണെന്ന്‌ വിചാരിക്കാൻ എത്ര ശ്രമിച്ചിട്ടും എനിക്ക്‌ കഴിഞ്ഞില്ല. വരും! എപ്പോഴെങ്കിലും ഒരു നാൾ അയാൾ വരും. എനിക്ക്‌ തീർച്ചയുണ്ടായിരുന്നു. ഒരു പക്ഷേ, അയാൾ വരുന്നത്‌ വാദ്യഘോഷങ്ങളും ചമയങ്ങളും അകമ്പടിയും ഇല്ലാതെ, ഏതോ യാചകവേഷത്തിന്റെ ദൈന്യതയും പേറിക്കൊണ്ടാകും. അയാൾക്ക്‌ കലശലായി ദാഹിക്കുന്നുണ്ടാകും. ഇരുകയ്യും നീട്ടി ഞാനിപ്പോഴും അയാളെ സ്‌നേഹത്തോടെ ആനയിച്ച്‌, സ്വീകരിച്ച്‌, ഹൃദയം ഹൃദയത്തെയെന്നപോലെ……

പ്രണയത്തിന്റെ സാദ്ധ്യതകൾ എത്രയോ അനന്തമാണ്‌, പ്രണയത്തിന്റെ സാദ്ധ്യതകളുടെ ഒരു പടികെട്ടുകൾ സാമാന്യവലിപ്പത്തിൽ കെട്ടിപ്പൂട്ടിവെയ്‌ക്കാൻ…………

മതി! ഹൃദയമെന്ന മഹാസമുദ്രം ധാരാളം മതി.. കാഴ്‌ചയിൽ അയാളൊരു പാവം മനുഷ്യൻ! മുടി നരച്ച വൃദ്ധനെപ്പോലെയാണയാൾ. പക്ഷേ, ആത്‌മാവുകൊണ്ട്‌ അയാൾ പൂത്തുവിടർന്ന വസന്തംപോലെ…… വസന്തം പോലെ……

റബ്ബിൻ, അയാളെനിക്ക്‌ സമ്മാനിക്കുന്നത്‌ വേദനയുടെ മുള്ളുകളായാലും, മുള്ളുകൊണ്ടുള്ള ചോരയിറ്റുന്ന പാടുകളായാലും ഞാനത്‌…… മുഴുവൻ മനസ്സോടെയും സ്വീകരിക്കും. ഓർമ്മയിൽ അയാളുടെ രേഖാചിത്രത്തോടൊപ്പം ആ പാടുകളും അവിടെ കിടന്നെന്നിരിക്കും. എനിക്കത്‌ മതി, ധാരാളം മതി. അർത്ഥശൂന്യമായ വ്യാഖ്യാനങ്ങൾക്ക്‌ മെനക്കെടുന്നവർക്ക്‌ ഹാ, കഷ്‌ടം! കണ്ണും കാതും കൊടുത്ത്‌, മനസ്സും മെയ്യും കൊടുത്ത്‌, സുന്ദരവും സുഖകരവുമായ മനസ്സിലേയ്‌ക്കെത്തിച്ച്‌ ഈ പ്രണയക്കുരുക്കുകൾക്ക്‌ അലങ്കാരവസ്‌ത്രങ്ങൾ തുന്നുകയാണോ ഞാൻ? പ്രണയിക്കണമെന്ന്‌ മുൻധാരണയോടെ തുടങ്ങിവെച്ച ഈ ബന്ധം അവസാനം വരെയും പ്രണയത്തിന്റെ മധുരോദാരമായ അനുഭൂതിയോടെ നിലനിർത്താൻ…. എനിക്കത്രമതി………മതി…..അയാൾവരും……വരാതിരിക്കില്ല-

അങ്ങിനെയിരിക്കെ, അയാൾ വന്നു. ഒരു നിലാവ്‌പോലെ അയാൾ എന്നെ വന്നുമൂടിയതുമാത്രം ഞാനറിഞ്ഞു. ഏറ്റവും പരമമായത്‌ പ്രണയമാണ്‌ എന്ന അനുഭൂതിയും സുഖവും മാത്രമുള്ളപ്പോൾ ……..മറ്റൊന്നും ആലോചിച്ച്‌ മനസ്സിനെ മറ്റൊരവസ്‌ഥയിലേയ്‌ക്കമർത്തി പിൻവിളികൾക്ക്‌ ചെവിയോർക്കാൻ, ഇപ്പോൾ ഞാനൊരുക്കമല്ല….. ഏതോ ഒരു തീർത്ഥജാലാശയത്തിലാണ്‌ ഞാൻ മുങ്ങി മുങ്ങിത്താഴുന്നത്‌…….. പ്രണയജലത്തിൽ നിന്ന്‌ വിരിഞ്ഞു വിടരുന്ന താമരപ്പൂവിന്റെ ഗന്ധത്തിൽ ലയിച്ച്‌, എഴുതിത്തീരാത്ത കവിതകളുടെ വരികൾ ആലപിച്ച്‌, ലയിച്ചുലയിച്ച്‌ ഞാനിങ്ങനെ………

“മുത്തേ”

പാതിവീണ നരയുടെ മന്ദസ്‌മിതത്തിലും പതിനേഴുകാരൻ കാമുകനെപ്പോലെ അയാൾ………….ഞാൻ മുങ്ങി, മുങ്ങിത്താഴുകയാണ്‌, തീർത്ഥജലാശയങ്ങളുടെ അവസാനിക്കാത്ത ആഴങ്ങളിലേക്ക്‌……..

“നമുക്ക്‌ വയസ്സായോ?” അയാൾ ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ………

“ഈ കൂടുവിട്ട്‌ നമുക്ക്‌ പറന്നു പറന്നുയരാം”– ഞാൻ ആഹ്‌ളാദത്തിന്റെ അശ്രുധാരയിൽ നനഞ്ഞുകൊണ്ട്‌ നെഞ്ചോടമർത്തി അയാളെ ആശ്ലേഷിച്ചുകൊണ്ട്‌ തേങ്ങി. ഇത്ര മധുരോന്മാദം നിറഞ്ഞ ഒരു ലോകത്തേയ്‌ക്കാണോ ഞാനിറങ്ങിത്തിരിച്ചത്‌? ഇനിയും ഒരുപാട്‌ പ്രണയപ്പൂക്കൾ വിരിച്ച്‌, പ്രണയത്തിന്റെ അനന്ത പ്രാർത്ഥനയിൽ ലയിച്ച്‌………..

ദൈവത്തിന്റെ കാഴ്‌ചപ്പാടിലേക്കോ…………… ഇഷ്‌ടക്കേടുകാരുടെ ഭൂതവാഹനത്തിലേക്കോ……… പ്രിയപ്പെട്ടവനേ, തേരിറക്കിവെയ്‌ക്കാതെ – ഞാൻ നിന്റേതാണ്‌…………. എന്നുമെന്നും നിന്റേതുമാത്രമായിരിക്കും……. എത്രയായിട്ടും ഈ സ്‌നേഹം എനിക്ക്‌ മതിയാകുന്നില്ല- തങ്ങളിപ്പോഴും കണ്ടുനിറഞ്ഞും കണ്ടുകൊതിച്ചും………. പ്രണയപ്പൂക്കൾ വിരിയിച്ച്‌, പ്രണയത്തിന്റെ അനന്ത പ്രാർത്ഥനയിൽ ലയിച്ച്‌……….

സ്‌നേഹവാത്സല്ല്യത്തോടെ ഭൂമിയെ മുത്തംവെച്ചുകൊണ്ട്‌ ഞാൻ പറഞ്ഞു, എനിക്കത്‌ മതി, ഈ സ്‌നേഹം മാത്രം മതി – പ്രിയപ്പെട്ടവരേ, പ്രിയപ്പെട്ടവരേ……. ദയവുചെയ്‌ത്‌ പരദൂഷണം പറയരുതേ………..

Generated from archived content: story1_jan11_10.html Author: kayyummu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപരിഷ്‌ക്കാരവിരുന്ന്‌
Next articleകുമിളകളിലൂടെ കുഞ്ചെറിയാ സഞ്ചാരം
1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌. വിലാസം വി. കയ്യുമ്മു, വൈശ്യം ഹൗസ്‌, ചിറ്റേനി, കോട്ടപ്പടി പി.ഒ. തൃശൂർ ജില്ല Address: Phone: 9946029925 Post Code: 680505

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English