കടുത്ത ഏകാന്തതയിൽ…..
തീപ്പന്തംപോലെ ഉരുണ്ടുകളിക്കുകയായിരുന്നു ആ മനസ്സ്! പൊള്ളിച്ചെടുത്ത പപ്പടംപോലെ എത്രവട്ടം പൊള്ളൽ വീണിരിക്കുന്നു. ആ ഹൃദയത്തിലും! കുനുകുനാപണിതെടുത്ത മുത്തുകൾപോലെ ചിതറിവീണ് രക്തതുള്ളികളായി ഉരുണ്ടുരുണ്ട് അതങ്ങനെ ഹൃദയത്തിൽ പൂണ്ടുകിടന്നു. സൂചികുത്തുന്ന ഈ വേദന ഹൃദയത്തിനുള്ളിലേക്ക് പുളച്ചുകയറുന്നുണ്ടായിരുന്നു. കണ്ണടയ്‌ക്കുന്നതിനുമുൻപേ പാതിരാവിലെപ്പോഴോ ഘടികാരത്തിന്റെ മുഴങ്ങിക്കേട്ട ഒച്ചകൾ അദ്ദേഹം ഏതോ ഗൃഹാതുരത്വസ്വപ്‌നംപോലെയാണ് കേട്ടുകൊണ്ടിരുുന്നത്. തുണയ്‌ക്കുന്നവനെ തുണയ്‌ക്കുന്ന പണത്തിെൻ തുണയും ഇല്ലാതെ, തിരിച്ചുകിട്ടാത്ത സ്‌നേഹത്തിന്റെ ഇടങ്ങളിലുള്ള ശൂന്യതയിലേക്ക്, കടുത്ത ഏകാന്തതയുടെ മടിത്തട്ടിലേക്ക് മരിയ്‌ക്കണമെന്ന ഓരേയൊരു ചിന്തയോടെ അദ്ദേഹം കുഴകുഴാ കുഴഞ്ഞുവീഴുകയായിരുന്നു.
പാടുകൾ…… ഒരുപാട് പാടുകൾ……
കാലത്തിനും ജീവിതത്തിനുമിടയിൽ വിറങ്ങലിച്ച മാംസപിണ്‌ഡമായിട്ടുപോലും ഇപ്പോഴും ഉറച്ചകല്ലുപോലെയാണ് ഈ മനസ്സിന്റെ കിടപ്പ്.
മരിയ്‌ക്കുന്നതിന്റെ തലേന്ന് അദ്ദേഹമം പള്ളിക്കുന്നത്തെ അങ്ങാടിയിൽ പോയിട്ടാണ് വീട്ടിലേയ്‌ക്ക് വന്നത്. കോങ്ങാട്ട് നായരുടെ സ്വാഗതപ്രസംഗവും അദ്ധ്യക്ഷന്റെ പ്രാരംഭപ്രസംഗവും കഴിഞ്ഞപ്പോൾ, അദ്ദേഹം കടുത്ത വികാരവിക്ഷുബ്‌ധതയൊക്കെ ഉള്ളിലടക്കിവെച്ച്, സ്‌റ്റേജിലേക്ക്, ഏതോ ഒരു വെളിപാടിലെന്നപോലെയാണ് കയറിവന്നത്. ഏതോ ഒരു നിഗൂഢരഹസ്യം പറയുംപോലെയാണ് ആൾക്കൂട്ടത്തിനോട് അദ്ദേഹം പറയുന്നത് – “ ഞാനൊരു കവിയാണ്. ഞാനൊന്നിനും കൊള്ളാത്തവനാണ്. ശരിയാണ്. ഈ ഭൂമിയിൽ എന്നെപ്പോലെ ആരും ജനിയ്‌ക്കരുതായിരുന്നു.! പണമില്ലാത്തവൻ പിണം! പണമുള്ളപ്പോൾ ലാളിപ്പാനും സ്‌നേഹിപ്പാനും എത്രയെത്രയാളുകളാണ്!” – പിന്നീട്, മരിയ്‌ക്കണമെന്ന ഒരേയൊരു ചിന്തയല്ലാതെ, അദ്ദേഹത്തെ സംബന്ധിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ യാതൊരു വിശേഷങ്ങളും ഉണ്ടായിട്ടില്ല. അങ്ങിനെയിരിക്കെ, ഒരു ദിവസം കേട്ടു, മുറ്റത്ത് ഇലകളനങ്ങുന്ന ശബ്‌ദം! ആരുടേയോ കാല്‌പെരുമാറ്റത്തിന്റെ ശബ്‌ദം! കുഞ്ഞാമിനയായിരിക്കുമെന്ന് കരുതിയെങ്കിലും അത് കുഞ്ഞാമിനയായിരുന്നില്ല; ഏതോ ഒരു കാലത്ത് ചാണകം തേച്ച് വിടർന്നു തുടങ്ങിയ കോലായി. ഭാഗ്യം! പഴകിയ ഇരുമ്പു കസേരയ്‌ക്ക് നല്ല ഉറപ്പായിരുന്നു. വൃദ്ധനായ തന്റെയൊപ്പം കാതോർക്കാൻ കോലായിൽ ഒരു പ്രതിമകണക്കെ ഇരിയ്‌ക്കാറുള്ളതുകൊണ്ട് ഇടവഴിയേ പോകുന്നവരും വരുന്നവരും വൃദ്ധനെ ഏറെ സഹാനുഭൂതിയോടെ നോക്കിക്കൊണ്ട് കടന്നുപോകും. എന്തായാലും ഒറ്റയ്‌ക്കുള്ള ജീവിതമല്ലെ! ജീവിച്ചു തീർത്തല്ലെ പറ്റൂ.
“കണ്ണേട്ടൻ ഓരോന്ന് വിചാരിച്ച് മനസ്സ് മുഷിപ്പിയ്‌ക്കരുത്, ഈ റോഡിയോയ്‌ക്ക് ഒരു പ്രത്യേകതയുണ്ട്. ഇപ്പം ഇരുപത്തിനാല് മണിക്കൂറും പാട്ടുണ്ട്. കണ്ണേട്ടനിതിരിയ്‌ക്കട്ടെ!” – പഞ്ചായത്ത് പ്രസിഡണ്ടിന്റെ സമ്മാനമായിരുന്നു എഫ്.എം. റേഡിയോ!, ഇപ്പോൾ കണ്ണേട്ടന് എഫ്.എം. റേഡിയോ വലിയ ശല്ല്യമായിട്ടുണ്ട്; പാട്ട് കേട്ടാൽ കവലപ്പിള്ളേരൊക്കെ മണ്ടിവരും, ബഹളം വെയ്‌ക്കും – “മുണ്ടാണ്ടിരിയെടാ പിള്ളേരേ” വൃദ്ധന്റെ സ്വരം അല്‌പം മുറുകും; ആകെക്കൂടിയുള്ള സാന്ത്വനവും സമാധാനവുമായിരുന്നു ഇടക്കെല്ലാം അവിടേയ്‌ക്ക് ഓടിച്ചെല്ലാറുള്ള കുഞ്ഞാമിന; അവൾ ഇടവഴി താണ്ടി, പാതയോരവും കടന്ന് കേറിവരും. തലയിലെ പുള്ളിത്തട്ടം നേരെയിട്ട് ഒരു കുസൃതിക്കുടുക്കയായി വന്നപാടേ ഒന്ന് പുഞ്ചിരിക്കും. നിരയൊത്ത പല്ലിന് തുമ്പപ്പൂപോലെയുള്ള വെളുപ്പാണ്.“ ഏകാന്തതയുടെ അപാരതീരം, മുന്നിൽ അഞ്ഞ്‌ജാതമാം ശവകുടീരം….” എന്ന് നെഞ്ച്‌പൊട്ടിപ്പാടുകയായിരുന്ന വൃദ്ധന് കുഞ്ഞാമിനയുടെ സാമീപ്യം ഒരു കുളിർക്കാറ്റടിച്ചുകയറിയതുപോലെയായിരുന്നു. വൃദ്ധന്റെ തലയിൽ നിന്ന് പുളച്ചുരസിയ്‌ക്കുന്ന പേനുകൾ നുള്ളിയെടുത്തുകൊടുത്തു; മുടി ചീകിക്കൊടുത്തു. ചിലപ്പോഴൊക്കെ വൃദ്ധന്റെ ചുക്കിച്ചുളിഞ്ഞ മോന്തയിൽ ഒരു ഓമനമുത്തവും സമ്മാനിച്ചിരുന്നു; ഒരു കൊച്ചുമാലാഖയെപ്പോലെ കുഞ്ഞാമിന. വലിയ സഹായമായിരുന്നു വൃദ്ധന്! സ്‌കൂൾ വിട്ടാൽ ഉടനെ അവളോടിയെത്തും. അവളുടെ ഉമ്മ, ഉമ്മകുൽസു കൊടുത്തുവിട്ട പൊടിക്കട്ടൻ തൂക്കുപാത്രത്തിലുണ്ടാകും. കൂടെ കപ്പലണ്ടിയും കാണും കപ്പലണ്ടിയാണ് വൃദ്ധന്റെ ഇഷ്‌ട വിഭവം. വൃദ്ധന്റെകൂടെ തിണ്ടിടിഞ്ഞ ഉമ്മറത്തിണ്ണയിലിരുന്നാണ് കുഞ്ഞാമിന മാതൃഭൂമിയും ദേശാഭിമാനിയും വായിച്ചിരുന്നത്. വീട്ടിലെ സാമാനങ്ങൾ ഒരുക്കിവെയ്‌ക്കുന്നതിൽ കുഞ്ഞാമിന വൃദ്ധനെ സഹായിച്ചിരുന്നു. ഒരു ദിവസം വൃദ്ധൻ തന്റെ ഇടത്തേ നെഞ്ച് വേദനിച്ചിട്ടെന്നപോലെ പയ്യെ തടവിക്കൊണ്ട് പറഞ്ഞു, “ എനിക്ക് ജീവിതം മതിയായി കുട്ടീ. ചിലരുടെയൊക്കെ ഒരു ഭാവവും മട്ടും….. മറ്റുള്ളോരുടെ സാധനങ്ങളിലാ കയ്യിട്ടുവാരുന്നത്! തന്റേതിലാരും കയ്യ് വെയ്‌ക്കാനും സമ്മതിക്കേല….. ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടികൾ!…….”
കുഞ്ഞാമിനയ്‌ക്ക് കാര്യമെന്താണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല ചിലപ്പോൾ തോന്നും, വൃദ്ധന്, തലയ്‌ക്ക് വട്ടായിരിക്കും. വൃദ്ധന്റെ മനസ്സിൽ നിഗൂഢമായ ഏതോ ചില രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് കുഞ്ഞാമിനയ്‌ക്ക് തോന്നി. വൃദ്ധന്റെ കയ്യിൽ വളരെക്കുറച്ച് പുസ്‌തകങ്ങളേ ഉണ്ടായിരുന്നുള്ളു. എങ്കിലും അതിലധികവും ഈജിപ്‌തിലെ ഫറോവയെക്കുറിച്ചും പിരമിഡിനെക്കുറിച്ചും നൈൽനദിയെക്കുറിച്ചുമൊക്കെയുള്ള പുസ്‌തകങ്ങളായിരുന്നു. ഒരു ദിവസം ആരോടെന്നില്ലാതെ വൃദ്ധൻ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു. ഏതോ പകൽക്കിനാവിലെന്നപോലെ ഇമയണയ്‌ക്കാതെ വൃദ്ധൻ കുഞ്ഞാമിനയെ നോക്കിനോക്കിയിരുന്നു. “അവൾക്ക് മുല്ലപ്പൂവിന്റെ വാസനയായിരുന്നു.. നിന്നെപ്പോലെ ഇതേ മുല്ലപ്പൂവാസനയായിരുന്നു അവൾക്ക്! അവളുടെ തലമുടിയ്‌ക്ക് കാച്ചിയ വെളിച്ചെണ്ണമണമായിരുന്നു. ശരിക്കും തേങ്ങ വെന്തതിന്റെ സുഖമായ ഗന്ധം. അഴകൊഴാന്നുള്ള നല്ല കറുത്ത ചുരുൾമുടിയാണവൾക്ക്…..”
കണ്ണേട്ടൻ ഈ ചുക്കിച്ചുളിഞ്ഞ വയസ്സൻകാലത്ത് എന്താണിങ്ങനെ? അടിപൊളി ചെക്കന്മാരെപ്പോലെ ഇങ്ങനെ അന്തമില്ലാതെ രോമാഞ്ചപ്പെടുന്നത്? അവളിങ്ങനെ സുന്ദരിക്കുട്ടിയായി വിലസിനടക്കുന്നതിന്റെ രഹസ്യം ഉമ്മ ഉമ്മുകുൽസുവിന്റെ പരിലാളനകളല്ലാതെ വേറെ എന്താവാൻ? ഉമ്മുകുൽസുവിന്റെ വിവാഹം വൈകിയാണ് നടന്നത്. അതുകൊണ്ട് കുഞ്ഞാമിനയ്‌ക്ക് വയസ്സ് പതിനഞ്ചേ ആയിട്ടുള്ളു. പക്ഷെ കല്ല്യാണിയുടെ മകൾ ക്സു…. വൃദ്ധന്റെ മരിച്ച ഓർമ്മകൾ എവിടെക്കെല്ലാമോ വഴുതിയിറങ്ങി; പണ്ട് കല്ല്യാണിക്കും, ഇങ്ങനെയൊരു കിറുക്കുണ്ടായിരുന്നു. പെണ്ണാണ്, അശ്രീകരമാണ്, എന്നൊന്നും കല്ല്യാണി വിചാരിച്ചില്ല. മകളെ പൊന്നുപോലെയാണ് കൊണ്ടുനടന്നിരുന്നത്; മോൾ ക്സുവിന്റെ തലയിലും ഉമ്മുകുലുസു കാട്ടുന്നതുപോലെയൊക്കെ അവൾ ചെയ്യുമായിരുന്നു. കുഞ്ഞാമിനയുടെ മുല്ലപ്പൂമണമായിരുന്നില്ല; പിയേഴ്‌സ് സോപ്പിന്റെ മണമായിരുന്നു കൗസുവിന്!…..
കല്ല്യാണി എത്രഭാഗ്യം ചെയ്‌തവൾ! എല്ലാം മുകളിലിരുന്ന് അവൾ കാണുന്നുണ്ട്. അവളുടെ ക്സു ഇപ്പോൾ അമേരിക്കയിലെയിടെയോ ആണ്. കൊണ്ടലിസ റൈസിന്റെ ആപ്പീസിലാണത്രേ അവളുടെ ഭർത്താവിന്റെ ജോലി! അവൾ മക്കളോടും ഭർത്താവുമൊത്ത് അങ്ങ് ദൂരെ… ദൂരെ….
വൃദ്ധന്റെ ഓർമ്മത്തലപ്പിൽ പഴയ ഏടുകളോരോന്നും കാലംതെറ്റിമറിയാൻ തുടങ്ങി. കൗസുവിന്റെ ഐശ്വര്യമുള്ള മുഖവും കരിനീലക്കണ്ണുകളും വൃദ്ധൻ ഓർമ്മയിൽനിന്ന് പരതിയെടുത്തു. അവളുടെ വലത്തേ കവിളിലെ കാക്കപ്പുള്ളിപോലും വൃദ്ധൻ ഓർത്തെടുത്തു. ഒരു സംശയംമാത്രം അപ്പോഴും ബാക്കി….. ക്സുവിന്റെ മോൾക്ക് ആരുടെ മുഖഛായായിരിക്കും? വൃദ്ധൻ കാണാത്ത ആ കൊച്ചു സുന്ദരിമോളുടെ മുഖഛായ ആരുടേതായിരിക്കും? ഒരു കാര്യം കുഞ്ഞാമിനക്ക് മനസ്സിലായി, വൃദ്ധന്റെ മനസ്സിൽ ഓർക്കാനിഷ്‌ടപ്പെടാത്ത എന്തെല്ലാമോ ഉണ്ട്. പിഴുതതിനേക്കാൾ എത്രയോ ബാക്കിയാണ് മുൾപ്പടർപ്പ് എന്നയറിവ്…. ചെയ്‌തുപോന്ന കാര്യങ്ങൾ തുടർന്നും യാന്ത്രികമായി ചെയ്‌തുതീർക്കുന്നു എന്നേയുള്ളു. സ്വന്തം കാര്യത്തിലെത്തുമ്പോൾ ഒരു തരം നിസ്സഹായതയാണ് പെരുത്തുവരിക. ഈ ഭാവം അടിഞ്ഞടിഞ്ഞാണ് വൃദ്ധന്റെ സ്വരങ്ങൾ ഏതോ വിഷാദഗാനങ്ങളുടെ ഈരടികൾ പോലെയായത്. ഒരു ദിവസം കുഞ്ഞാമിനയെ അണച്ചുപിടിച്ചുകൊണ്ട് ഏതോ ദുഃഖനാടകത്തിലെ അന്ത്യരംഗം പോലെ വൃദ്ധൻ പൊടുന്നനെ ഏങ്ങലടിച്ചു കരയാൻ തുടങ്ങി. ഈജിപ്‌തിൽവെച്ച്. നൈൽനദിക്കരയിൽ വെച്ച് പണ്ട്…….
ഏതോ പ്രണയകഥയെക്കുറിച്ചാണ് വൃദ്ധൻ പറഞ്ഞുവരുന്നതെന്ന് വളരെ വേഗത്തിൽ കുഞ്ഞാമിനയ്‌ക്ക് മനസ്സിലായി. ക്രൂഷ്‌ചേവും നാസറും വി.കെ. കൃഷ്‌ണമേനോടും സൂയസ്‌കനാലിന്റെ പേരിൽ ചരിത്രം സൃഷ്‌ടിച്ചുവത്രേ! കുഞ്ഞാമിന അക്കാലത്ത് ജനിച്ചിട്ടില്ല! അക്കാലത്താണത്രേ, വൃദ്ധൻ അയാളുടെ എല്ലാമെല്ലാമായ ആലീസിനെ കണ്ടുമുട്ടിയത്. ഓർക്കാനിഷ്‌ടപ്പെടാത്ത കാര്യം. അതോർത്താൽ…. മനസ്സുപോലും ഇല്ലാതാകും. മനസ്സ് ശൂന്യമാകും. ഒന്നുമാത്രം വൃദ്ധനറിയാം. പ്രണയം നൈൽനദിപോലെ കിടക്കുകയാണെന്ന്! അവൾക്ക് പുഴകളോടും പൂക്കളോടും വലിയ കമ്പമായിരുന്നു. ഈജിപ്‌തിലെ ഏതോ അമ്പാസിഡറുടെ വീട്ടിലെ പ്രിയപ്പെട്ട സർവെന്റായിരുന്നു. ആലീസ്. പിരമിഡുകൾ കാണാനുള്ള സന്ദർശനവിസയാണ് ആകെക്കൂടി വൃദ്ധന്റെ കയ്യിലുണ്ടായിരുത്. പിരമിഡുകൾ കണ്ടുവരുമ്പോൾ ചരിത്രാതീതകാലത്തുനിന്ന് ഒരു കൊടുങ്കാറ്റ് വീശിവരുന്നതുപോലെയാണ് തോന്നിയത്. അന്ന് ആലീസിനെ ആദ്യമായി കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് പ്രസരിക്കുന്ന തീക്ഷണമായ പ്രകാശരേണുക്കളാണ് വൃദ്ധൻ കണ്ടത്. പ്രകാശവലയങ്ങളുടെ എട്ടുകാലിവല…. ഏതോ ഒരു കൃമികീടംപോലെ വൃദ്ധൻ എട്ടുകാലിവലയുടെയുള്ളിൽ….. വൃദ്ധന് പതിനെട്ട് വയസ്സ്. അവൾക്കന്ന് പതിനാറു വയസ്സ്……
സ്വന്തം കണ്ണുകളോട് കഥപറയാൻ മറ്റൊരുകണ്ണ് ആവശ്യമാണെന്ന് അക്കാലത്താണ് വൃദ്ധൻ തിരിച്ചറിഞ്ഞത്. വിചിത്രമായ ചില ആശയഗതികളും വിശ്വാസങ്ങളുമാണ് ആലീസിനുണ്ടായിരുന്നത്. ഈജിപ്‌തിന്റെ പ്രിയപ്പെട്ട ക്ലിയോപാട്ര വടക്കൻ കേരളത്തിൽ നിന്ന് ഈജിപ്‌തിലേക്ക് കുടിയേറിയ ഏതോ രാജകുമാരിയാണെന്നും മറ്റും മറ്റും……
“പന്ത്രണ്ട് കൊല്ലത്തോളം ഞങ്ങൾ തകർത്തുപ്രണയിച്ചു. മനസ്സു ശരീരവുകൊണ്ട് മതിവരുവോളം ഒരിടവഴികിട്ടിയാലും – ഞങ്ങൾ സ്‌പർശിച്ച്, ചുംബിച്ച് അങ്ങനെയങ്ങനെ വേരുറച്ചുപോയതായിരുന്നു ഞങ്ങളുടെ പ്രണയം…..”
ഒരു പുലർക്കാലത്ത് കേട്ട വാർത്ത എന്നെ നടുക്കിക്കളഞ്ഞു. അത് ആലീസിന്റെ ആത്മഹത്യാവാർത്തയായിരുന്നു. നൈൽനദിയുടെ തീരത്തായിരുന്നു സംഭവം. ബ്രിട്ടീഷുകാർ പണ്ടെങ്ങോ പണിതുവെച്ച പഴയൊരു ബംഗ്ലാവിൽ ഏതോ ദുരൂഹതയിൽ അവൾ മരിച്ചു കിടക്കുന്നു. ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ വൃദ്ധനെ ഇഞ്ചിഞ്ചായി കാർന്നുതിന്നു. ഒരു കാര്യം മാത്രം വൃദ്ധനറിഞ്ഞിരുന്നത്, അവൾ മലയാളിയായിരുന്നു. പക്ഷേ, നാട്ടിലെവിടെയായിരുന്നു എന്നുമാത്രം വൃദ്ധനറിഞ്ഞില്ലായിരുന്നു. കൂനംമൂച്ചിയായിരുന്നേ? ചിറ്റാട്ടുകരയായിരുന്നോ? ചിറ്റിലപ്പിള്ളിയായിരുന്നോ? ഓർമ്മകൾ…… മെരുക്കമില്ലാത്ത കുതിരകൾ!……
“കരയരുതാരും, കരയരുതേ വെറുതേ……” റേഡിയോയിൽനിന്ന്, ചുടുകണ്ണീരാലെൻ ജീവിതകഥ ഞാൻ, എന്ന പഴയൊരു പാട്ട് കേട്ടുകൊണ്ട്, എല്ലാം മറന്ന്, വൃദ്ധൻ പാട്ടിലലിഞ്ഞിരിക്കുകയായിരുന്നു. അപ്പോഴുണ്ട്, പുറത്ത് ഒരു കാറ് വന്നു നില്‌ക്കുന്നു! കണ്ണീൽപ്പാടുകൾ അമർത്തിത്തുച്ചുകൊണ്ട് വൃദ്ധൻ ആകാംക്ഷയോടെ ചവിട്ടുപടിയിലേയ്‌ക്കിറങ്ങിനിന്നു. ഈശ്വരാ, ആരാണീ വന്നിരിക്കുന്നത്? ആരാണീ കൊച്ചുസുന്ദരി? കണ്ണുകൾ അമർത്തിത്തുടച്ചുകൊണ്ട് വൃദ്ധൻ സംശയപൂർവ്വം പിന്നെയും പിന്നെയും അവളെ നോക്കിനിന്നു. ഇളംപച്ചനിറത്തിലുള്ള സാരി…. നിറഞ്ഞുതുളുമ്പുന്ന മാറിടങ്ങൾ….. ആൺകുട്ടികളെപ്പോലെയാണ് മുടി ക്രോപ്പ് ചെയ്‌തിരിക്കുന്നത്; ചുണ്ടത്ത് ലിപ്‌സ്‌റ്റിക്ക് തേച്ച് കനപ്പിച്ചിട്ടുണ്ട്. അവളുടെകൂടെ ഒരു മാലാഖ പയ്യനെപ്പോലെ ചുരുളൻ മുടിയുള്ള ഒരു സുന്ദരനും!……
ആരാണ്.?
പക്ഷെ, ഇവൾക്ക് ആലീസിന്റെ ഛായയാണല്ലൊ! അനുരാഗത്തിന്റെ ഇഴയടുപ്പംപോലെ ക്ലാവുപോലും പിടിക്കാത്ത ചെമ്പുതകിടിൽ കൊത്തിവെച്ച ആലീസിന്റെ രൂപം! വൃദ്ധന്റെ ഹൃദയം മദ്ദളംകൊട്ടുന്നതുപോലെ ഡും ഡും മടിച്ചുകൊണ്ടിരുന്നു. ജന്മാന്തരങ്ങളായ് കണ്ടുപരിചയമുള്ളതുപോലെ അവൾ വൃദ്ധനെ നോക്കി ചിരിച്ചു. “മുത്തശ്ശാ? അവൾ ഓടിവന്ന് വൃദ്ധനെ വട്ടം പൂണ്ട് പിടിച്ച്. വൃദ്ധന്റെ കഷണ്ടിതലയിൽ തുരുതുരാ ഉമ്മകൾ വെച്ചു. നൈൽനദിയുടെ തീരത്തുള്ള പേരറിയാത്ത ഏതോ പൂക്കളുടെ നല്ല മണം അവളുടെ ശരീരത്തിൽ നിന്ന് കുമുകുമാ പ്രസരിച്ചുകൊണ്ടിരുന്നു. ”ഞാൻ കസ്‌തൂരി….“ അവൾ വൃദ്ധന്റെ കഷണ്ടിത്തല പ്രേമപൂർവ്വം തടവികൊണ്ട് പറഞ്ഞു. ”ഇതാ, ഇയാളെകണ്ടോ, ഇതെന്റെ ഭർത്താവ് നിധീഷ് ഗുപ്‌ത….“ സന്തോഷാധിക്യം കൊണ്ട് വൃദ്ധൻ ഒരു ഭ്രാന്തനെപ്പോലെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. സന്തോഷത്തിന്റെ ഒരു പൂർണ്ണ നിലാവ് വൃദ്ധന്റെ നെറുകയിലൂടെ ഊർന്നിറങ്ങി. വൃദ്ധന്റെ വിറയ്‌ക്കുന്ന കരങ്ങൾ സ്‌നേഹപൂർവ്വം അമർത്തിതുടച്ചുകൊണ്ട് നിധീഷ് ഗുപ്‌ത പറഞ്ഞു. ”സഖാവ് ഇ.കെ.ജിയുടെ പഴയൊരു ചങ്ങാതിയാണ് എന്റെ ഡാഡി. കൽക്കത്താ തിസ്സീസിന്റെ കാലംതൊട്ടേ ഇ.കെ.ജി.യെ. ഡാഡിക്ക് പരിചയമുണ്ട്….“
മുറ്റം നിറഞ്ഞുനില്‌ക്കുന്ന നിലാവിന്റെ വർണ്ണങ്ങളിൽ ആലീസിന്റെ ആത്മാവ് നിറഞ്ഞുനിറഞ്ഞു നില്‌ക്കുന്നതുപോലെ വൃദ്ധന് തോന്നി. ഈജിപ്‌തിലെ നൈൽനദിയും ആലീസും ആ നിലാവിന്റെ ഓളങ്ങളിൽക്കൂടി തുഴഞ്ഞു തുഴഞ്ഞു നടന്ന് ആലീസിന്റെ അടങ്ങാത്ത ചിരിയിൽ ലയിക്കും കടലുകൾ കടന്നുവന്ന ആ സ്വതന്ത്രപറവകൾ എങ്ങോ പോയിമറയുകയും ചെയ്‌തിരുന്നു. കുഞ്ഞാമിന കണ്ടത് വൃദ്ധന്റെ ചോരയില്ലാത്ത പരവശമുഖമായിരുന്നു അപ്പോൾ! എന്തുതന്നെ ചോദിച്ചാലും മിണ്ടാട്ടമില്ല. ഹും ഹും! എന്ന തലയാട്ടലുകൾ മാത്രമായി വൃദ്ധൻ ഏതോ മൗനത്തിന്റെ വാല്‌മീകത്തിലേക്ക് ഒതുങ്ങിക്കൂടി. പിറ്റേന്ന്, വൈകിട്ട് പള്ളിക്കുന്നത്തെ അങ്ങാടിയിൽച്ചെന്ന് എന്തായിരുന്നു അദ്ദേഹം പറഞ്ഞുതുടങ്ങിയത്? ഞാനൊരു കവിയാണ്, ഞാനൊന്നിനും കൊള്ളാത്തവനാണ്. കണ്ണേട്ടന്റെ ആത്മഹത്യയോ? അതിലേറെ വിചിത്രമായ ഒരു സംഗതിയായിരുന്നു അത് – സ്വയം വിറകുകൾ കൂട്ടിവെച്ച്, ചിതയൊരുക്കിക്കൊണ്ട്…….
Generated from archived content: story1_april18_09.html Author: kayyummu