നാലുമുഴം മുണ്ടിന്റെ രണ്ടറ്റം ചേർത്ത്,
അല്ലെങ്കിൽ
തടവറയുടെ ശൂന്യതക്കുള്ളിലെ
നീരൊഴുക്കുകളിലൂടെ
ഒലിച്ചിറങ്ങിയ
കറുത്ത നിറമുള്ള ഒരു കവിത!
അവിടത്തെ
ഉറങ്ങാത്ത രാവുകളും
ഉണങ്ങാത്ത മുറിവുകളും
ഉലയാത്ത മനസ്സുകളിൽ
ചോര നിറച്ച മറ്റൊരു കവിത!
അങ്ങനെ
ഹൃദയം കൊണ്ടെഴുതിയ…….
മുറിഞ്ഞു, തേഞ്ഞരഞ്ഞുപോയ
വിരലുകളിലൂടെ വാർന്നൊലിക്കുമ്പോൾ
ഒടുങ്ങാത്ത കാലത്തിന്റെ
ഉറങ്ങാത്ത നിമിഷത്തിന്റെ
മുറിയാത്ത വാക്കുകൾക്കുള്ളിലൂടെ
വീണ്ടും, വീണ്ടും വെന്തു നീറുന്ന
മനുഷ്യർക്ക്,
ഈ ഇരുട്ടറയുടെ
കണക്കു പുസ്‌തകത്തിൽ പൂരിപ്പിക്കാൻ
തെളിഞ്ഞുറഞ്ഞ ആത്‌മാവിന്റെ
രോദനം നിറഞ്ഞ മറ്റൊരു കവിതയ്‌ക്ക്….
ശ്രുതിയും താളവും ചേർക്കാൻ
ഇതാ പാവം പൊട്ടിയുടഞ്ഞ
ഗാന്ധിയൻ കവിത.
Generated from archived content: poem1_may6_10.html Author: kayyummu