സുഗന്ധമൂറുന്ന കാറ്റിൽ
എന്റെ ‘മുഖ’മുരസിയപ്പോൾ
ഞാനറിഞ്ഞില്ല നീയെന്റെ-
കൂടെയുണ്ടെന്ന്!
പിരിഞ്ഞിടം കൈമാറിയ
ഒരു പ്രേമവാഗ്‌ദാനം
ഒരു സന്ധ്യയുടെ
നെരിപ്പോടിലുരുകിത്തീർന്നപ്പോഴും
ഞാനറിഞ്ഞില്ല നിന്റെ യൗവ്വനം-
ഞാനുറക്കിക്കിടത്തുമെന്ന്!
ഒരിക്കൽ…
ഒരു സ്വപ്നത്തിന്റെ ഞെട്ടിൽ
വിരിഞ്ഞു തീരാറായ മാധുര്യം
താരാട്ടിന്റെ ഈണത്തിൽ
കരളിൽ ചേർത്തുവച്ച നേരവും
ഞാനറിഞ്ഞില്ല
നീ ഈ തീരത്തണയുമെന്ന്!
ഒരു ദേശാടനപക്ഷിയുടെ ലാഘവത്തോടെ
ബഹുദൂരം സഞ്ചരിച്ച് മടങ്ങവെ
ഞാനിപ്പോൾ അറിഞ്ഞുപോയി
എല്ലാം ഒരു പ്രണയത്തിൽ വിരിഞ്ഞ
ഗസൽപെയ്‌ത്തിന്റെ നീരൊഴുക്കാണെന്ന്!
ഇപ്പോൾ…
അറിഞ്ഞിടം തീർത്തും
അപരിചിതത്വം നടിച്ച്,
പടവുകളിൽ നിന്ന്
പടവുകളിലേക്കായ് കയറിപ്പോകെ,
‘നര’പിരിഞ്ഞെടുത്ത വാർദ്ധക്യം
സഞ്ചാരക്ലേശത്താൽ
മജ്ജയും മാംസവും ഉണക്കിപ്പൊടിച്ച്..
നേരിന്റെയംശമില്ലാത്തിടത്തേക്ക്
ഒളിസേവ ചെയ്യാനുള്ള
ഒരു കുതിച്ചുകയറ്റം!!!
Generated from archived content: poem1_may3_07.html Author: kayyummu