ഭാരം കുറയ്ക്കണമെന്നു മിക്കവരുടേയും ആഗ്രഹമാണെങ്കിലും അതിനായുള്ള പ്രയത്നത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ മുന്തിരി പുളിക്കും എന്ന് പറഞ്ഞ കുറുക്കന്റെ മാനസികാവസ്ഥയിലെത്തുകയാണ് പതിവ്. ചിലര്‍ ഭാരം കുറക്കാനായി ചില പ്ലാനുകളൊക്കെ ഉണ്ടാക്കുമെങ്കിലും നടപ്പാക്കലിന്റെ കാര്യം വരുമ്പോള്‍ പ്രചോദനത്തിന്റെ കുറവുകൊണ്ട് പിന്നീടാകാം എന്ന നിലപാടിലെത്തി കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിപ്പിക്കും.
ഭാരം കുറയ്ക്കല്‍ ക്ഷമയും ലക്ഷ്യബോധവും സഹനശക്തിയും ഒക്കെ വേണ്ടുന്ന അതികഠിനമായ ഒരു പണിയാണെന്നതാണ് സത്യം . പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന പഴഞ്ചൊല്ലിന്റെ പതിരില്ലായ്മ ഇവിടെയും പ്രസക്തമാണ്. ഓര്‍ക്കുക പെട്ടന്ന് ഭാരം കുറയ്ക്കാന്‍ ശ്രമിക്കാതെ മെല്ലെ കുറയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.
നിങ്ങളുടെ ഭാരം കുറയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നാലു കാര്യങ്ങള്‍
1. റോം ഒരു ദിവസം കൊണ്ട് ഉണ്ടാക്കപ്പെട്ടതല്ല.
നിത്യേന നമ്മുടെ ദിനപത്രങ്ങളിലും മറ്റും എളുപ്പത്തില്‍ ഭാരം കുറക്കാനുള്ള ധാരാളം പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ദിവസം പത്തു കിലോ വീതം കുറക്കാമെന്നോക്കെയാണ് അവരുടെ അവകാശവാദം. സത്യത്തില്‍ ഇത്തരം വഴികള്‍ സ്വീകരിക്കുന്നതുകൊണ്ട് ഭാരം കുറയുകയില്ല എന്നതു മാത്രമല്ല മിക്കവയും അപകടകരവുമാണ്. മാത്രമല്ല പെട്ടന്ന് ഭാരം കുറയുമ്പോള്‍ നിങ്ങളുടെ ആന്തരികാവയവങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതിനാല്‍ ഭാവിയില്‍ വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ക്ക് ഇത് കാരണമാകുന്നു.
ഭക്ഷനക്രമീകരണം വഴി ഭാരം കുറക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യ ആഴ്ചയില്‍ ഒരു കിലോ മുതല്‍ മൂന്നു വരെ കിലോഭാരം കുറക്കാന്‍ ലക്ഷ്യം വയ്ക്കുന്നതാണ് അഭികാമ്യം. ശരീരത്തില്‍ കൂടുതലായി അടിഞ്ഞു കൂടിയിരിക്കുന്ന ജലം നഷ്ടപ്പെടുന്നതിനാല്‍ ആദ്യ ആഴ്ചയില്‍ ഇത് സാദ്ധ്യമാമാണെങ്കിലും തുടര്‍ന്നുള്ള ആഴ്ചകളില്‍ ലക്ഷ്യം ഒരു കിലോ മുതല്‍ രണ്ടു വരെ ആയി നിജപ്പെടുത്തുന്നതാണ് ഉത്തമം.
2. ശരീരത്തിന് ആവശ്യമായ തോതില്‍ കലോറി മൂല്യമുള്ള ഭക്ഷണങ്ങള്‍ കഴിക്കുവന്‍ ശ്രദ്ധിക്കണം.
നിങ്ങളുടെ ശരീരത്തിന്റെ ദൈനംദിനാവശ്യങ്ങളും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനവും നില നിര്‍ത്താന്‍ ആവശ്യമുള്ളത്ര കലോറി ലഭിച്ചില്ലെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് എരിഞ്ഞു തീരുന്നതിനും പകരം നിങ്ങളുടെ മസ്സിലുകളാകും എരിഞ്ഞു തീരുക. ലിംഗവ്യത്യാസത്തെയും എത്രമാത്രം ആക്ടീവായിരിക്കുന്നുവെന്നതിനേയും മറ്റും പരിഗണിച്ചതിനുശേഷമാണ് എത്ര കലോറി ഒരാള്‍ക്ക് ആവശ്യമാണെന്ന് തീരുമാനിക്കും. ഇതിനായി ഒരു ഡയറ്റീഷ്യനെ സമീപിക്കുന്നതാണ് ഉത്തമം.
3 ഭക്ഷണം ഒഴിവാക്കരുത്
ഭക്ഷണം കഴിക്കാതിരുന്ന് ഭാരം കുറയ്ക്കാമെന്നു കരുതിയാല്‍ നിങ്ങള്‍ക്കു തെറ്റി. ഭക്ഷണം ഒഴിവാക്കുന്നത് ആന്തരികാവയവങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ദിവസവും മൂന്നു നേരം ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ഭാരം കുറയ്ക്കാനാകും എന്നു തെളിയിക്കപ്പെട്ട കാര്യമാണെന്ന് മറക്കാതിരിക്കുക.
4. വ്യായാമം ചെയ്യുക
ഭാരം ക്രമായി കുറക്കുന്നതില്‍ വ്യായാമത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ദിവസവും മുപ്പതു മിനിറ്റെങ്കിലും നിങ്ങള്‍ വ്യായാമം ചെയ്യേണ്ടി വരും. ജിമ്മിലും മറ്റും പോകുന്നതില്‍ താത്പര്യമില്ലെങ്കില്‍ പകരം വേഗതയേറിയ നടത്തം, സൈക്കിളിംഗ്, ഗാര്‍ഡനിംഗ്, മുതലായ ആയാസം തരുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
Generated from archived content: essay1_sep23_13.html Author: kayika_premi