അവളൊരു ഉണങ്ങാത്ത മുറിവായിരുന്നു
പൊയ്‌മുഖങ്ങൾക്കടിയിൽ അളിഞ്ഞ-
മനസ്സുളള കാപാലികർക്ക്,
കൊത്തിവലിച്ച കഴുകൻമാർക്ക്,
തെരുവിലെ ചുവന്ന മണ്ണിന്,
ഇരുണ്ട പല രാപ്പകലുകൾക്കും….
അവൾ അർബുദം പോലായിരുന്നു.
സാക്ഷര സംസ്‌ക്കാര പൗരുഷം
അവളെ പൂവുപോലെ മണത്തു…
ഇഞ്ചമുളളുകൊണ്ട് കോറിവരഞ്ഞു…
ആവി പൊന്തുന്ന മരുഭൂവിലിഴച്ചു…
വാണിഭ ചന്തകളിൽ വിൽപ്പനയ്‌ക്കുവച്ചു.
സൂര്യനെല്ലി കിളിരൂരായപ്പോഴും…
വിരണ്ട കണ്ണുളള ഐസ്‌ക്രീം കപ്പുകളിൽ
ക്രിട്ടിക്കൽ കെയർയൂണിറ്റിലെ ചത്തതണുപ്പിൽ
പെറ്റകുഞ്ഞിന്റെ ചിരികണ്ട് കുളുർക്കാതെ
കാട്ടുനെല്ലിക്കപോൽ ആദ്യാന്ത്യം കയ്‌ക്കുന്ന
വാണിഭത്തിന്നിരയായിരുന്നവൾ….
കണ്ണുകൾക്ക് കാഴ്‌ചയായിരുന്നവൾ
മാധ്യമങ്ങൾക്ക് പ്രിയമായിരുന്നിട്ടും…
വാർത്തകൾക്ക് മറവിലൊളിച്ചിരുന്നവൾ…
നാകമീമണ്ണിൽ വിരാജിച്ച നരകത്തിൻ
കൂർത്ത നഖത്തുമ്പുകൊണ്ടു പിടഞ്ഞ്…
കുത്തുന്ന മരുന്നു മണത്തിനിടയിൽ
പൂപ്പൽമൂടും ഉടൽ വെടിഞ്ഞു പോയവൾ…
കരിന്തിരിയായി കെട്ടുപോകുമ്പോൾ…
മൊഴിമാറ്റത്തിനുടമയായി മറ്റൊരുവൾ…
ഇനിയും വെളിപ്പെടാനുളള പിന്നൊരുവൾ…
ഇവിടെയീ ‘ഇതിഹാസ’ങ്ങൾ തുടർക്കഥകളാവുന്നു.
Generated from archived content: poem2_nov24.html Author: kavitha_b_krishnan
Click this button or press Ctrl+G to toggle between Malayalam and English