ഉത്തമഗീതകൾ

പ്രണയ ദിനമെത്തുന്നു സോളമാ….

നീ നിന്റെ മുന്തിരിത്തോപ്പുകൾ ഒരുക്കുക

ചിലിയിൽ ചെന്ന്‌ നെരൂദയുടെ –

‘പുന്നാകരസ’മുള്ള പ്രേമകവിത കട്ടെടുക്കാം…

ചെറിമരങ്ങളിലെ വസന്തത്തിൽ നിന്നും-

രമണനിലെത്തി ചന്ദ്രികയോടൊത്ത്‌ ആടുമേയ്‌ക്കാം…

അവിടുന്ന്‌ മയ്യഴിയിലേയ്‌ക്ക്‌ ഒഴുകിയെത്താം….

ദാസന്റെയൊപ്പം വെള്ളിയാങ്കല്ലിലെ തുമ്പികളെയെണ്ണാം…

നദിയെവിടെയോ ചെന്നടിയട്ടെ കടലിലോ, ഡാമിലോ..

നമുക്കെന്ത്‌… നീ ഇക്കാലത്തിലെ യന്ത്രപ്പെട്ടിയെടുക്കുക

സോളമനെ ചുരുക്കി ‘സോൾ’ എന്നാക്കുക

കുത്തും കോമയുമിട്ട്‌ എസ്‌.എം.എസ്‌.വരയ്‌ക്കുക

സോറി…. നിന്റെ മൊബൈലിൽ എം.എം.എസ്‌ ഉണ്ടല്ലോ.

ചുണ്ട്‌ ചുണ്ടിലൊളിയ്‌ക്കുന്ന ഒരാംഗേലയ ചിത്രം –

ഞാൻ നിനക്ക്‌ സെൻഡ്‌ ചെയ്യാൻ പോകുന്നു…

പകരം നിനക്കിഷ്‌ടമുള്ളത്‌ അയയ്‌ക്കാം…

മുന്തിരിത്തോപ്പുകൾ പോയിത്തുലയട്ടെ…

നെരൂദയെ നമുക്ക്‌ മറക്കാം…. രമണൻ, ചന്ദ്രിക ആരാണവൻ….?

ദാസനൊരു തൊഴിൽരഹിതനാണോ തുമ്പികളെ എണ്ണാൻ….

കാൽപ്പനികത പറഞ്ഞെന്നെ വിരട്ടരുത്‌.. പ്ലീസ്‌..,

നീ ഇന്റർനെറ്റ്‌ കഫേയിലേയ്‌ക്കു വരിക….!

വാലന്റൈൻസ്‌ ഡേയ്‌ക്ക്‌ നമുക്കൊരു ഡേറ്റിങ്ങ്‌ നടത്താം….

പാതിരാത്രിയിൽ ഒരു ഹൗസ്‌ബോട്ടിൽ ഒരുമിച്ചുറങ്ങാം

ആ പുലർച്ചയിൽ മാത്രം ഞാൻ നിനക്കെന്റെ ഹൃദയം തരും

ആ തോപ്പിൽ വച്ചു ഞാനെന്റെ പ്രണയ വീഞ്ഞു പകുക്കും…

അങ്ങിനെ അത്യന്താധുനിക കാലത്തെ ഉത്തമഗീതം രചിയ്‌ക്കാം

അരസികമാകുമ്പോൾ ഡിലീറ്റ്‌ ചെയ്യാം…..

Generated from archived content: poem2_feb12_09.html Author: kavitha_b_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here