നിനക്കുവേണ്ടി ഞാനൊരു
ചുവന്ന ഹൃദയം വാങ്ങി….
അതാരോ വെൽവറ്റിനാൽ പൊതിഞ്ഞ്
പതുപതുത്ത് രൂപപ്പെടുത്തിയിരുന്നു
മഞ്ഞുകാലത്തിനു ശേഷം…
പ്രണയാലസ്യത്തോടെ ഫെബ്രുവരി വരും
‘നീയെന്റേതെന്ന്’ പരസ്‌പരം-
സെൽഫോണിലെ എസ്.എം. എസിൽ
കുത്തുകളും നക്ഷത്രങ്ങളും കൊണ്ടലങ്കരിച്ച്
തരള്യത്തോടെ സെൻഡ് ചെയ്യുന്ന ദിനം.
എങ്കിലും ഇ-മെയിലുകളിൽ നിന്നിറങ്ങി…
എസ്.എം.എസുകൾ വിട്ട് ഇന്നലെ സന്ധ്യയ്‌ക്ക്
ഒരു വഴിയോര കച്ചവടക്കാരന്റെ പക്കൽ നിന്നും
ഞാനാഹൃദയത്തെ നിനക്കായ് വാങ്ങുകയായിരുന്നു…
കാതുചേർത്തുവയ്‌ക്കുമ്പോൾ നിനക്കതിന്റെ
ഉൾത്തളത്തിലെൻ ഹൃദയമിടിപ്പ് കേൾക്കാം…
നീയതൊരിയ്‌ക്കലും ഒരു ഹൃദയമാറ്റൽ ശസ്‌ത്രകിയയ്‌ക്ക്
ഡൊണേറ്റ് ചെയ്യുകയില്ലെന്നു ഞാൻ കരുതുന്നു
വലിച്ചെറിയാൻ തോന്നിയാൽ…
നീയതെന്റെ ഹൃദയമിരുന്നിടത്തേയ്‌ക്ക് ചെയ്യുക
ഒരു ഹൃദയത്തിന് മറ്റൊന്നിനെകൂടി സൂക്ഷിയ്‌ക്കാൻ
വലിയ ഹൃദയവിശാലതയൊന്നും വേണ്ട.
Generated from archived content: poem1_jun15_09.html Author: kavitha_b_krishnan