എന്റെ മഞ്ഞ സൂര്യകാന്തികൾ,
എന്റെ മന്ത്രവാദിനി കൊട്ടാരങ്ങൾ,
എന്റെ വസന്തങ്ങൾ, എന്റെ സ്‌ത്രീകൾ…
എവിടെ..? വാൻഗോഗ് ചോദിക്കുന്നു
രണ്ട് ഫ്രാങ്ക് തരൂ! ഇല്ലെങ്കിൽ
നിങ്ങളെന്റെ ചിത്രങ്ങൾ വലിച്ചെറിയുക.
തെരുവിലൂടെ ഞാൻ നടക്കട്ടെ…
ദാരിദ്ര്യ ഭ്രാന്തിൽ പിടത്തോടട്ടെ…
എന്റെ വിരലുകൾ അറ്റുപോകട്ടെ…
വിൻസന്റ് വാൻഗോഗ് ചത്തുതുലയട്ടെ…
എനിക്കുറങ്ങാൻ ഇടം തരൂ!
വേശ്യാലയത്തിൽ റേച്ചലിനരുകിൽ
എനിക്കുറങ്ങാനൊരിടം തരൂ…
അവൾക്കു കൊടുക്കാൻ അഞ്ച് ഫ്രാങ്കില്ല
പകരം അവളെന്റെ ചെവി ചോദിക്കുന്നു
നശിച്ച ലോകമേ! എന്റെ പക്കൽ
ഇനിയെന്താണ്…ജലഛായങ്ങളല്ലാതെ…
ഉൻമത്തനാവട്ടെ… ഞാൻ വാൻഗോഗ്
തെണ്ടിയെപ്പോലെ അലഞ്ഞുനടക്കട്ടെ…
എനിക്കു പണമില്ല വിരലുകൾ മാത്രം.
എനിക്കു കാതില്ല കേൾവികൾ മാത്രം.
ചോളവയലിനുമുകളിൽ കരിങ്കാക്കൾ…
ക്യാൻവാസിൽ ഞാനതു വരച്ചു ചേർക്കട്ടെ
ചേർത്ത… ശിരസ്സിൽ വെടിയുണ്ടകൾ…
അന്ന് നിങ്ങളാരുമെന്നെ തിരിച്ചറിഞ്ഞില്ല
എന്റെ വിരലുകൾക്ക് ഒരു ഫ്രാങ്കം നീട്ടിയില്ല
ഇന്ന് തിരിച്ചറിഞ്ഞിട്ടെന്ത്? പറയുക…?
പറയുക? വാൻഗോഗ് ചോദിക്കുന്നു.
Generated from archived content: poem1_jan11_06.html Author: kavitha_b_krishnan