അവർ
(അ)സംബന്ധം ചെയ്യും
“വെടിവട്ടം” പറഞ്ഞും
കാലം കഴിച്ചു.
അവരുടെ സപത്നികളും
അഗ്നിസാക്ഷികളും
“സ്മാർത്തവിചാര”ത്താൽ
ഭ്രഷ്ടരായപ്പോളർഥിച്ചു.
“ബ്രാഹ്‌മണരുടെ ഭാര്യമാരാക്കരുതേ”
യാഗം ചെയ്തും, ത്യാഗം ചെയ്തും
ഭൂപാലധർമ്മം പാലിച്ചും
സ്വന്തം ഭാര്യയെ ത്യജിച്ചും
രാജ്യം ഭരിച്ച അവതാരപുരുഷൻ
മൗനിയായി.
അവർ
പുരുഷന്റെ മുഖമുദ്രയുള്ള-
ശവക്കച്ച ചുംബിച്ച മണവാട്ടിക-
ളാ“യഭയ”മർത്ഥിച്ച കന്യകമാർ
ശിരസ്സ് മുണ്ഡനം ചെയ്ത്
വികാരങ്ങളമർച്ച ചെയ്ത്
അർത്ഥിച്ചു.
“ഇടയകന്യകയാകാനിടവരുത്തരുതേ”.
മരിച്ചവർക്കുയിരേകി
മരക്കുരിശ്ശിൽ ബലിയർപ്പിച്ചു-
യർത്തെഴുന്നേറ്റ മനുഷ്യപുത്രൻ
മൗനിയായി.
അവർ ആപാദചൂഡം കറുത്തതുണി-
മൂടിയ കൊഴുത്ത ശരീരം
പുരുഷന്റെ വികാരങ്ങൾക്ക്
വിരിച്ചു കൊടുത്തത്
പാരതന്ത്ര്യത്തിന്റെ തലേക്കെട്ടുകളിൽ
ആത്മാഹൂതി ചെയ്യുവാൻ നിന്നവർ
അർത്ഥിച്ചു.
“അള്ളാഹു അക്‌ബർ”
പഞ്ചനിസ്‌ക്കാരമനുഷ്‌ഠിച്ചും
ശരിയത്തു പാലിച്ചും
“ഉമ്ര”യനുഷ്‌ഠിച്ച പ്രവാചകൻ
മൗനിയായി.
വരേണ്യ വർഗ്ഗത്തിന്റെ-
ചവിട്ടേറ്റുകിടന്നവരും
അടിമത്തം അനുഭവിച്ചവരും
അർത്ഥിച്ചു.
“അധഃകൃതർക്കു മോചനം തരണേ”!
അടിച്ചവരെ തിരിച്ചടിച്ചവരും
അവർക്കു സംവരണം നൽകിയവരും
ശിലയെ ശിവനാക്കി പ്രതിഷ്‌ഠിച്ച്
മദ്യം നിഷേധിച്ച്
വിദ്യ നിഷ്‌ക്കർഷിച്ച ഗുരുവും
മൗനിയായി.
Generated from archived content: poem3_apr26_07.html Author: kavil_raj
Click this button or press Ctrl+G to toggle between Malayalam and English