ജന്മം

വിശപ്പാൽ കുരച്ചും കുത്തിക്കുഴിച്ചും

അന്യന്റെ തൊട്ടിയിലെ കഞ്ഞികിട്ടാൻ

അലഞ്ഞു തിരിഞ്ഞാൽ

ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല.

ഊരചായ്‌ക്കാൻ കുരയില്ലാതെ

ഊരു തെണ്ടിയലഞ്ഞാൽ

ചാളയോ ചാരമോ നൽകാൻ

ഒരു പട്ടിയും മുന്നോട്ടുവരില്ല.

വളർത്താനരുമില്ലാത്തതിനാൽ

വാങ്ങാനാളുണ്ടാവില്ല.

കഴുത്തിൽ ചങ്ങലയിടാനോ

കർണ്ണത്തിൽ നമ്പറിടാനോ

ഒരു പട്ടിയും അന്വേഷിയ്‌ക്കില്ല.

കല്ലെറിഞ്ഞകറ്റുന്ന

വരേണ്യ വർഗ്ഗത്തിന്റെ

തല്ലുകൊള്ളാതിരിയ്‌ക്കില്ല.

എങ്കിലും,

ജഠരാഗ്നി ശമനത്തിനായ്‌

ഉച്ഛിഷ്ടം ഭുജിച്ചുന്മാദനൃത്തം തുടർന്നാൽ-

ഒരു പട്ടിയും തടയില്ല.

പഞ്ചായത്തു കുരുക്കിലകപ്പെട്ടാ-

ലിഞ്ചക്ഷനേറ്റുവാങ്ങിയാൽ

ഇഞ്ചിഞ്ചായ്‌ മരിച്ചാലും

ഒരു പട്ടിയും സഹതപിക്കില്ല.

വേനലിലുണങ്ങിക്കരിഞ്ഞും

വർഷത്തിലലിഞ്ഞു ചേർന്നും

പട്ടിക്കാഷ്‌ഠമ്പോലൊരു ജന്മം.

എങ്കിലും,

മസ്തിഷ്‌ക്കം കുത്തിമറിച്ചാൽ

സ്മൃതി പുഴുക്കൾ നുരകുത്തിയാൽ

ഹൃത്തിൽ പ്രതികാരത്തിൻ പേയിളകിയാൽ

ഒരു പട്ടിയേയും വെറുതെ വിടില്ല.

Generated from archived content: poem2_aug9_07.html Author: kavil_raj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here