പ്രതികരിയ്‌ക്കാത്ത പിതൃക്കളുടെ
മക്കളായ പിതാക്കളെ
നികൃഷ്ടരാക്കുകയും
പട്ടിണിയ്‌ക്കിടുകയും
മർദ്ദിയ്‌ക്കുകയും
വിധേയത്വംകാണിച്ച പിതാക്കളുടെ
ഭാര്യമാരായ മാതാക്കളെ
എല്ലുമുറിയെ പണിയെടുപ്പിക്കുകയും
ചവുട്ടിമെതിയ്‌ക്കുകയും
മാനംകെടുത്തുകയും
അടിമകളായ മാതാക്കളുടെ
മക്കളായ യുവാക്കളെ
തീണ്ടാപാടകലെനിർത്തി
തുണിയുരിഞ്ഞ്
തെങ്ങിൽ വരിഞ്ഞുകെട്ടി
പുളിവാറാലടിച്ചു വശംകെടുത്തി
വെള്ളം കൊടുക്കാതെ
കാതിലിയ്യമൊഴിച്ച്
നാക്കരിഞ്ഞ് നടകൊയ്യുകയും
സഹോദരിമാരായ യുവതികളെ
പീഡിപ്പിക്കുകയും പ്രസവിപ്പിക്കുകയും
പരസ്പരം പങ്കുവെച്ചെടുക്കുകയും
ചെയ്തവരെ അവതാരപുരുഷൻ അമ്പെയ്തില്ല.
വിശന്നപ്പോൾ ഒരു മഹർഷിയും
“ബലയും അതിബലയും” ഓതിയില്ല.
അയിത്തവും അനാചാരവുംകൊണ്ടാ-
ക്രമിച്ച വരേണ്യവർഗ്ഗത്തെ
അടിച്ചമർത്താനൊരു മന്ത്രവും ഓതിയില്ല.
വിദ്യയും, വിത്തവും, സമത്വവും
സ്വാതന്ത്ര്യവും, നിർഭയത്വവും
നിഷേധിച്ചവർക്കെതിരെ
അവതാരപുരുഷൻ ഒരു ചുക്കും ചെയ്തില്ല.
ശിലകളായ്‌ക്കിടന്നിരുന്ന സഹോദരിമാർക്ക്
ശാപമോക്ഷവും നൽകിയില്ല.
നാട്ടിൽ ബാലമരണം, കൊള്ള, കൊല
മോഷണം, പീഡനം, തന്ത്രിപ്രവരരുടെ-
അനാശാസ്യബന്ധനം എന്നിവ
പെരുകിയപ്പോൾ, ദേവപ്രശ്നത്തിൽ-
കണ്ടെത്തിയ മൂലകാരണം
ദളിതന്റെ ശീർഷാസനം.
അതു കേട്ടവതാരപുരുഷൻ കല്പിച്ചു.
“ശിരസ്സറുത്ത് കബന്ധം ചേറിൽ വലിച്ചെറിയുക”
വൈതാളികർ പൂർണ്ണകുംഭങ്ങളോടെ-
അവതാരപുരുഷനെ ആരതിയുഴിഞ്ഞെ-
തിരേറ്റാനന്ദോത്സവത്തോടെ-
ഹർഷാരവങ്ങളോടെ സ്വീകരിച്ചു.
വർഷങ്ങൾക്കുശേഷം സ്വന്തം സഹോദരനെ-
വധിച്ച “കൊലയാളിയായി” സ്വന്തം
ദൈവത്തിന്റെ നാട്ടിലേയ്‌ക്കു പോകാൻ-
ആത്മഹത്യ ചെയ്തു.
ഇന്നും കബന്ധം തേടുന്ന-
ദളിതരുടെ ശിരസ്സുകൾ-
ഇവിടെ ഒഴുകിനടക്കുന്നു.
Generated from archived content: poem1_sept15_07.html Author: kavil_raj
Click this button or press Ctrl+G to toggle between Malayalam and English