പ്രലോഭനം

അന്നൊരു സന്ധ്യയ്‌ക്കല്ലോ?

മാരുതിക്കാറിലെത്തി

വന്ദനം പറഞ്ഞതും സുന്ദരിപ്പെണ്ണൊരുത്തി

“വന്ദന! ഞാനാണല്ലോ,

സാമൂഹ്യപ്രവർത്തക

സുന്ദരീ! ചിത്രേ? നിന്നെ-

കാണുവാനെത്തി ഞാനും!”

പ്രതിഭാ പട്ടം കിട്ടി!

പോരെങ്കിൽ പത്രത്താളിൽ

വലുതായ്‌ പടംവന്നു

പലരും പ്രശംസിച്ചു

മാധ്യമ ശ്രദ്ധനേടി

ചിലരോ കണ്ണും വെച്ചു

സാദ്ധ്യതയേറിയില്ലേ?

സീരിയൽ താരമാകാൻ?

എത്രയോ ചിത്രംകണ്ടു

മാറ്റിവെച്ചിട്ടും വീണ്ടും

ചിത്രതൻ ചിത്രം നോക്കി-

പ്പറഞ്ഞു സാക്ഷാത്‌ക്കാരൻ!

എത്രയും പണംവേണേ-

ലത്രയും കൊടുത്തേയ്‌ക്കൂ

എത്രയും വേഗംപോയി

ക്കൊണ്ടുവാ നാളെത്തന്നെ

കന്യകേ? കലാകാരീ

ശാലീനസൗന്ദര്യമേ

വിണ്ണിൽനീ താരമായി

പ്രകാശം ചൊരിഞ്ഞേയ്‌ക്കും

മഞ്ജുവും, സംയുക്തയും

വിജയം വരിച്ചില്ലേ?

സുന്ദരന്മാരെക്കെട്ടി

ജീവിതം സുഖിച്ചില്ലേ?

ആകാരസമ്പുഷ്ടിയും

വിദ്യയും, മുഖശ്രീയും

പാകമായ്‌ നിന്നിൽ പൂത്തു-

നിൽക്കുന്നു മനോഹരി!

വേഷങ്ങളേതും വാങ്ങാം

ഭാവിയിൽ നിനക്കെന്നും-

ദോഷങ്ങൾ വരുത്താതെ

ജീവിതം നയിയ്‌ക്കേണ്ടേ?

നൂറ്റൊന്നിൻ തിളക്കത്തിൽ

മാരുതിക്കാറിലേറാം

മാറ്റാൻ കുടുംബം തന്നിൽ

ചേക്കേറിപ്പൊറുത്തീടാം

മാറ്റണം! മാറ്റാൻ നമ്മൾ

പ്‌ളാറ്റുഫോമൊരുക്കണം

മാറ്റുവാൻ സാധിയ്‌ക്കാത്ത-

തൊന്നുമെയില്ലീപാരിൽ!

മുന്തിരിച്ചാറുമോന്താം

ശൃംഗാരക്കേളിയോടെ

മുന്തിയ കാറിൽതന്നെ

യാത്രകളൊരുക്കീടാം

തന്ത്രത്തിൽ നിന്നാൽ തന്നെ-

കാര്യങ്ങൾ ഗ്രഹിച്ചീടിൽ-

മന്ത്രിമാർ പോലും നിന്നെ

സാദരം വണങ്ങീടും!

നക്ഷത്രബംഗ്ലാവിങ്കൽ

താമസമുറപ്പിയ്‌ക്കാം

നക്ഷത്രമെണ്ണാതെന്നും

സൗഖ്യങ്ങൾ സ്വന്തമാക്കാം

ലക്ഷ്യത്തിലെത്താൻ നമ്മി-

ലിച്ഛയുണ്ടെങ്കിൽ രണ്ടു-

പക്ഷമില്ലുറപ്പാക്കാം

സർവ്വതും വശത്താക്കാം!

അമ്മയെ നോക്കിത്തന്നെ

വന്ദനചേച്ചി ചൊല്ലി

ഇമ്മട്ടിൽ പോക്കുപോയാൽ

ജീവിതം തുലഞ്ഞില്ലേ?

സമ്മതം തന്നാൽ മാത്രം

ഞാൻ വരും! വീണ്ടും കാണാം!

നന്മകൾ വരാൻ മാത്രം

പ്രാർത്ഥിച്ചു സഹോദരി

നിങ്ങളെക്കുറിച്ചുള്ള

വാർത്തകളറിഞ്ഞീടാ-

നല്ലങ്കിലെന്തിന്നായി

ട്ടീവഴി വന്നീടുന്നു?

നല്ലതു വരുത്തീടാ-

നല്ലെങ്കിൽ ഞാനീദൂരം

തെല്ലുമെയാത്രചെയ്തി-

ട്ടെത്തുമോ സഹോദരീ?

ചേട്ടനോ കാസരോഗി!

ചുമച്ചും രക്തംതുപ്പി-

കോട്ടുവായിടാൻപോലും

വയ്യാത്ത ഭർത്താവായി.

ഇഷ്ടങ്ങൾ നടപ്പാക്കാൻ

മോഹിച്ചു, പറ്റാതെന്നും-

നഷ്ടങ്ങൾ സഹിച്ചിട്ടും

കടങ്ങൾ മാത്രമായി.

ജീവിതം ദാരിദ്ര്യത്താ-

ലാവതും നശിച്ചില്ലേ?

ഈവിധം കടം വാങ്ങി

തൂങ്ങുവാനൊരുങ്ങുന്നോ?

പ്രായവും തികഞ്ഞുള്ള

പെൺകിടാവിനെവെച്ചും

ന്യായമായ്‌ കെട്ടിച്ചീടാൻ

സാദ്ധ്യമോ സഹോദരീ?

ഞാനുമെൻ ഹസ്സും ചേർന്നി-

ട്ടെത്രയോ സഹായങ്ങൾ

ആളുകൾക്കേകി നിത്യം

ജീവിതം ധന്യമാക്കി

പാരാകെ ചിരിയ്‌ക്കുമ്പോൾ

നമ്മൾതൻ ബന്ധക്കാരും

പോരുമോ? നമുക്കേകാൻ

സമ്പത്തും, പ്രശസ്തിയും?

ഈജന്മം! സുഖിച്ചീടാ-

നല്ലാതെ വരുംജന്മം

കൂടുതൽ ഭദ്രമാക്കാൻ

യത്നിച്ചു മരിയ്‌ക്കണോ?

ഒന്നുമേ മണ്ണിലേയ്‌ക്കും

കൊണ്ടുവന്നില്ലാ സ്വത്താ-

യൊന്നുമേ വിണ്ണിലേയ്‌ക്കും

കൊണ്ടുപോകില്ലാ നമ്മൾ!

മകളെ പറന്നീടാൻ

സ്വതന്ത്ര്യം നൽകിയേയ്‌ക്കു

പകച്ചു നിന്നാൽ പിന്നെ

‘ചാൻസില്ല’ പറഞ്ഞേക്കാം!

പണവും പ്രതാപവും

പെട്ടെന്നും വന്നടുക്കും

ഇണയും, ഗുണങ്ങളും

ദൈവങ്ങൾ സമ്മാനിയ്‌ക്കും!

വന്ദന തലോടുന്നു!

ചിരിയാൽപതപ്പിച്ചും

ചിത്രതൻ ജാക്കറ്റിന്റെ

ബട്ടൺസിൽ പിടിയ്‌ക്കുന്നു

മാറിലെ മുത്തിനുള്ളി-

യിക്കിളികൊളുത്തുന്നു

മാറോടുചേർത്തമർത്തി

ക്കാതിലും മന്ത്രിയ്‌ക്കുന്നു.

“പോരിക! ചിത്രേ നിന്നെ-

യുമ്മവെച്ചുറക്കാം ഞാൻ

മാളിക തന്നിൽകേറ്റാം

സമ്മതം നൽകൂ കുട്ടീ!

അമ്മയോ സമ്മതിച്ചു!

അച്ഛനുമെതിർപ്പില്ല!

സമ്മതം നൽകാൻ മാത്രം

എന്തിന്നു ഭയക്കുന്നു?

കാർവണ്ടു ചുംബിയ്‌ക്കുന്ന

പൂവുപോൽ ത്രസിയ്‌ക്കുന്ന-

നാണത്താൽ ചിത്രവേഗം

ഉത്തരമേകീടുന്നു

സമ്മതം! നൂറുവട്ടം!

വന്ദനചേച്ചിക്കെന്റെ-

ചുംബനം! നൽകി ഞാനെ-

ന്നാഗ്രഹം പറങ്ങോട്ടെ?

സീരിയൽ നടിയാകാൻ

കഴിഞ്ഞാലതും ഭാഗ്യം!

താരമായ്‌ വളർന്നീടാൻ

സാധിച്ചാലതും ഭാഗ്യം!

മോഹങ്ങൾ നൂറുമേനി!

കൊയ്യുവാനേറെയുണ്ടേ?

ദാഹങ്ങളടക്കാനായ്‌

കൂടെ ഞാൻ പോരുന്നുണ്ടേ?

Generated from archived content: poem1_mar13_08.html Author: kavil_raj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English