എൻ.എസ്.മാധവന്റെ കാറിനെ ഓവർടേയ്‌ക്ക് ചെയ്‌ത് ശർമ്മിഷ്‌ഠയുടെ ഹുണ്ടായ് ദില്ലിയിലെ തെരുവീഥിയിലൂടെ മുന്നേറി. വണ്ടി ചെന്നു നിന്നത് കൊണാട്ട് പ്ലെയിസിലെ ഒരു ബ്യൂട്ടിപാർലലിനു മുമ്പിലാണ്. ബ്യൂട്ടിപാർലലിൽ നല്ല തിരക്ക്. ശർമ്മിഷ്‌ഠ ഒതുങ്ങി ഒരു സോഫായിൽ ഇരുന്നു.
യയാതി പരാജിതനായി തന്റെ മുറിവിട്ട് ഇറങ്ങിപോയത് ശർമ്മിഷ്‌ഠ ഓർത്തു. അന്നു തന്റെ ചിരികൊണ്ട് ഫ്ലാറ്റു കൊട്ടാരം കിടുങ്ങുന്നുണ്ടായിരുന്നു.
ഇന്നലെ രാത്രീ യയാതി പറഞ്ഞ കഥയിലെ മർമ്മങ്ങൾ ഓർത്ത് ഓർത്ത് ചുണ്ടിൽ ചിരിയൂറി.
പരാജയപ്പെട്ടു പിൻവാങ്ങിയ ദിവസം യയാതി യദുവിന്റെ അടുത്തു ചെന്നു. നല്ല ഗ്ലാസ്‌മേറ്റായ മൂത്തപുത്രൻ യദുവിനോടു കാര്യങ്ങൾ പറഞ്ഞു. “മകനെ ജീവിതം എന്നിൽനിന്നും ചോർന്നു പോയതു ഞാൻ അറിഞ്ഞില. ഇവിടെ ഈ ദില്ലിയിൽ പുളച്ചുമദിക്കാൻ കൊട്ടാരങ്ങൾ, ലാവണ്യവതികളായ പെൺകുട്ടികൾ, ഉപഭോക്ത്രസംസ്‌ക്കാരം കൊണ്ട് വളർന്നു വലുതായ ഈ നഗരത്തിൽ ഇനിയും യുവാവായി ജീവിക്കാൻ മോഹം.”
ഇതുകേട്ടു യദു ഉറക്കെ ഉറക്കെ ചിരിച്ച് ഗ്ലാസുമെടുത്ത് കാർ പെറ്റിലൂടെ തെന്നി തെന്നി അവന്റെ മുറിയിലേക്കുപോയി. പിന്നീടു കണ്ടതു ദ്രൂഹുവിനെയാണ്.
അവൻ കഞ്ചാവിന്റെ ലഹരിയിൽ മതിമറന്നിരിക്കവെ യയാതി അവനെ സമീപിച്ചു. യുവാവാനുളള തന്റെ ആഗ്രഹം അവനു മുന്നിൽ സമർപ്പിച്ചപ്പോൾ എരിഞ്ഞു തീരാറായ കുറ്റി തനിക്കു നേരെ നീട്ടി ദ്രൂഹു കുഴഞ്ഞുമറിഞ്ഞു കിടക്കയിൽ വീണു.
യയാതി പിന്നെ കണ്ടതു പുരുവിനെയാണ്. പുരുവിന് യയാതിയെ കണ്ടപ്പോൾ വല്ലാത്ത കാരുണ്യം തോന്നി. യയാതിയെ കനിവാർന്ന കരങ്ങളാൽ അവൻ വാരിപുണർന്നു. അച്ഛന്റെ പ്രശ്‌നങ്ങൾ കേട്ടുനിൽക്കവേ അവൻ അച്ഛനെ കാറിലേക്കു ക്ഷണിച്ചു. കാറ് മുന്നോട്ടു പോയപ്പോൾ അവൻ പറഞ്ഞു. “ഹേയ് താതാ നിന്നെ ഞാനിപ്പോൾ നഗരത്തിലെ ഇടാവുന്ന വില കൂടിയ സൂട്ട് ഇടുവിക്കും. നിന്റെ തലയും മുഖവും ഞാൻ ചായങ്ങളും ലേപനങ്ങളും കൊണ്ടാകെ മാറ്റും. പിന്നെ നിന്റെ കരുത്ത്; വയാഗ്ര ഇല്ലെ. നീ കുതിരയാകും, കുതിര.”
യയാതി ശർമ്മിഷ്‌ഠയുടെ കിടപ്പറയിൽ കയറി കരുത്തു തെളിയിച്ചപ്പോൾ അവൾ കൊഞ്ചിക്കൊണ്ടു മൊഴിഞ്ഞു. “ഞാൻ എല്ലാം അറിഞ്ഞു പുരുവിന്റെ സുഹൃത്ത് ഇന്നലെ എന്നോടൊപ്പം ഉണ്ടായിരുന്നു. നിന്റെ ഓരോ കളള വികൃതികൾ.”
ഇപ്പോൾ ഈ ബ്യൂട്ടിപാർലറിൽ സോഫയിൽ ഇരിക്കവേ ശർമ്മിഷ്‌ഠ ഓർത്തത്. ദേവയാനിയേയും മറ്റുതോഴിമാരേയും പറ്റിയായിരുന്നു. യയാതിയെ കുരുക്കാൻ ഏതു ബ്യൂട്ടിപാർലറിലാവും അവർ അഭയം കണ്ടെത്തിയത്.
Generated from archived content: sarmishtaykkuoru.html Author: kaunnithan