ഇലപ്പച്ചയിൽ പടർന്നിറങ്ങിയ
സൗഹൃദത്തിന്റെ പെരുമഴയിൽ
നിന്റെ ഹൃദയത്തുടിപ്പുകളും അകന്നപ്പോൾ
ചേർത്തടയ്‌ക്കപ്പെട്ടത്
എന്റെ ജീവിതാസക്തികളുടെ
കറുത്ത ജാലകം.
മഴയുടെ ആരവങ്ങൾക്കും
നനുത്ത തണുപ്പിനുമിടയിൽ
എന്റെ സ്വപ്നസീമയിൽ
വിഷാദത്തിന്റെ അഗ്നിപൂത്തത്…
ഞാൻ മൗനങ്ങളുടെ
നൂണുപോകുന്ന കാറ്റലയിൽ
ആത്മനിന്ദയുടെ കടലാഴങ്ങളിൽ
മടുക്കാതെ കാത്തിരുന്നത്…
മഴ-സ്നേഹരാഹിത്യത്തിന്റെ
അപാരതയെന്നു ഞാൻ,
പാപബോധത്തിന്റെ
മരണതാളമെന്നു നീ.
വ്യഥയുടെ അഗ്നിശൈലങ്ങളിൽ
മറന്നിട്ടുപോയ
പ്രണയമാപിനിയുടെ ഓർമ്മയ്‌ക്ക്…
ഋതുവ്യതിയാനങ്ങളിലെ
ശാപോന്മുഖമായ ഈ മഴക്കാലം
ഇമകളിരുളുമ്പോൾ
നനഞ്ഞയോർമ്മകളുടെ വേതാളഭാരം
സ്വപ്നങ്ങളുടെ നീല വെളിച്ചത്തിലേക്ക്
ഇറയ്‌ക്കുവോളം
നമുക്കായ്
പ്രാർത്ഥനയുടെ ഭ്രമതാരകങ്ങൾ വിടരും.
പിടി തരാതെ അകന്ന
ശലഭമായ് നീ
മഴയുടെ ആത്മാവിലേക്കിറങ്ങുമ്പോൾ,
എനിക്ക് മുനകൂർത്ത ഭ്രാന്തിന്റെ
മഴപ്പനി പകർത്തുക.
Generated from archived content: poem_3jan6.html Author: katta_manoj
Click this button or press Ctrl+G to toggle between Malayalam and English