യാത്ര.
ഇലഞ്ഞിപ്പഴം പോലെ ചവർത്ത്
തണുപ്പ്
കാണാഗ്രാമത്തെ
അവിടവിടം കുരുടിച്ച
മുറിവിനാൽ
എത്രനേരം
തടവിലാക്കും.
വണ്ടികളുടെ വെളിച്ചം
പനിക്കുന്ന കണ്ണിലേക്ക്
എനിക്കറിയാത്ത ഭാഷയിൽ
നിന്നെത്തന്നെ വരച്ചുപോകുന്നു.
മായാമഞ്ഞിൽ
പറയാനാവാത്ത കുറേ വാക്കുകൾ
വെയിലിന്റെ ഒപ്പുകടലാസിൽ
കോറിയിടാൻ കൊതിച്ചു.
നീ പാടിത്തന്ന നാടൻപാട്ട്
ഞാവലിന്റെ മണമുളള
നെടുരാത്രിക്കാറ്റുമൊത്ത് പാടുന്നു.
വനം
ഉരുൾപൊട്ടലിൽ മരിച്ച
ഏതോ ഉമ്മയില്ലാത്ത പെണ്ണിന്റെ
മൂക്കുത്തിപോലെ
മണ്ണുപുരണ്ട്
നരച്ച്…
അന്ന്
മരണത്തെപ്പറ്റി പറഞ്ഞ
മഴയുളള മലയിലെ പകൽ.
നീ കാട്ടിലകൾകൊണ്ട്
വഞ്ചിയുണ്ടാക്കുന്നതിനിടയിൽ
വംശനാശം വന്ന പക്ഷികളുടെ
തൂവൽശേഖരത്തെപ്പറ്റി പറഞ്ഞു.
ചോലയിലേക്ക്
വിലങ്ങനെ പാഞ്ഞ ബസ്സിലെ
ജലം പുതഞ്ഞ യാത്രയെപ്പറ്റി
ഒച്ചവാർന്ന തൊണ്ടയാൽ
പറയാൻ കഴിയില്ല.
Generated from archived content: poem2_dec30.html Author: katta_manoj