ഉടൽ നിറയെ
ആയുധപ്പുരകളുളള
പനിയിൽ ,
ഓർമ്മകളുടെ
തീയിലേക്കു ചെരിഞ്ഞു
നാവിനടിയിൽ മുഖം ചേർക്കുന്ന
തെർമോമീറ്ററിൽ
കീറക്കണ്ണാടി കണ്ട വെയിൽ,
പെയ്യാമഴയുടെ കരിക്കട്ടകൊണ്ട്
മേഘം വരഞ്ഞ ചെറുനനവിന്റെ
ഒന്നുമില്ലായ്‌മകൾ…..
പൂത്തു തുടങ്ങിയിട്ടില്ലാത്ത
ജാസ്‌മിൻ വളളിയിൽ
ഏറെനേരം ചാരിനിന്നമഞ്ഞായ്
നിന്നിൽ നിന്ന് ആന്തലോടെ
അടർന്നു വീഴാം.
അതിനു മുമ്പ്
രോഗാണുക്കൾ വിങ്ങുന്ന
നിന്റെ മുലപ്പാലിൽ നനച്ച
ഒരു വെളുത്തതുണി
എന്റെ നെറ്റിയിലേക്കിടണേ.
Generated from archived content: poem1_dec22_06.html Author: katta_manoj
Click this button or press Ctrl+G to toggle between Malayalam and English