ജലാശയത്തിന്റെ കാവൽ

ജീവിതജലത്തിന്റെ ആഴങ്ങളിൽ നിന്നുപോലും ഒച്ചകൾ അലോസരപ്പെടുത്തുന്ന കാതുകളോടെയാണ്‌ കവികൾ ലോകത്തിനുനേരെ കാതുകൂർപ്പിക്കുന്നത്‌. ഇങ്ങനെ ഓരോ കവിയുടേയും കണ്ണും കാതും പണിയുന്ന ഭൂതുരുത്തുകൾ അടയാളപ്പെടുത്തുന്ന വ്യത്യസ്‌തതകൾ കേൾവിയുടെ, കാഴ്‌ചയുടെ ഒളിച്ചുവെയ്‌ക്കപ്പെടാനാവാത്ത തിളക്കങ്ങൾ വരച്ചുകൊണ്ടിരിക്കും. അശാന്തിയുടെ ഇരുമ്പുജാലകങ്ങൾ സമൃദ്ധമായ ജീവിതത്തിൽനിന്ന്‌, കാലത്തിൽ നിന്ന്‌, ഉരുകിയുറക്കുന്ന നിശ്ശബ്‌ദതയിൽനിന്ന്‌, കവിതയുടെ ജലാശയത്തിലേക്ക്‌, ആഴങ്ങളിലേക്ക്‌ അവനൊഴുക്കുന്ന വാക്കുകളുടെ പച്ചിലക്കപ്പലുകൾ, ശവങ്ങളായ വെറും ജലപേടകങ്ങൾ മാത്രമാവില്ല. കവി നെറ്റിയിൽ ഘടിപ്പിച്ച ഇലക്‌ട്രോഡുകളുമായി തന്റെ മാത്രം തണുത്ത ജലഗർത്തങ്ങൾ കാണുകയും, ഒരേ സമയം തന്നോടൊപ്പം ഷോക്‌റൂമുകളുടെ ലിറ്റ്‌മസ്‌പേപ്പറുകൾ കത്തിക്കാൻ തനിച്ചല്ലാതെ, ആരുടെയൊക്കെയോ സാന്നിധ്യം ആഗ്രഹിക്കുകയും ചെയ്യുകയാണ്‌ ഓരോ കാലത്തും. ഒറ്റപ്പെടൽ, മാനുഷികവും സാമൂഹ്യവുമായ ബന്ധങ്ങൾ, കാൽക്കീഴിലെ മൺതരികൾ അലിഞ്ഞുപോകുന്നതിനെതിരായ രോക്ഷം, പ്രണയം തുടങ്ങിയ ഘടകങ്ങളെ സൂക്ഷ്‌മനിരീക്ഷണങ്ങൾ നിരർത്ഥകമാക്കാതെ തന്നെ പുതു കവിത സൂക്ഷിക്കുന്നുണ്ടെന്ന്‌ ഈ പുസ്‌തകത്തിലെ പല കവിതകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌.

ഞാറപ്പറം തിന്ന്‌ നീലിച്ച മോഹത്തിന്റെ മധുരം മറന്ന്‌ ഇരുട്ടിൽ ഉദയാസ്‌തമയങ്ങളുടെ നാനാർത്ഥമറിയാതെ മുറിവുകൾ പൊതിയുന്ന മരണത്തിന്റെ കീഴെണ്ണലുകൾ. കണ്ണീരൊലിപ്പിച്ച്‌ തീപിടിക്കുന്ന വീടുകൾ. സ്‌തനമുരിയുമ്പോൾ കണ്ണിൽ കരിങ്കാറ്റുവീശിയ സ്‌നേഹം പിഴിഞ്ഞെടുത്ത നോവ്‌. ഓർമ്മയുടെ മഞ്ഞപ്പതിറ്റടികൾ പൂക്കുന്ന ചിത്രകാരന്റെ അഗ്നിമേയുന്ന വിരൽത്തലപ്പുകൾ. തളിരിലകൾ പേറുന്ന പ്രണയത്തിന്റെ കിതപ്പ്‌. സ്‌നേഹത്തിന്റെ വെളുത്ത കൂണുകൾ മരണത്തിലും ഓർമ്മയായിമൂടുന്ന ആകാശത്തിലെ വടുക്കുകൾപോലെ വ്യഥകളുടെ ശിഷ്‌ടവും, ഇഷ്‌ടപ്രതീക്ഷതൻ നഷ്‌ടവും തോരാത്ത സങ്കടച്ചിന്തുമായി കനത്തുനിൽക്കുന്നു…ഇത്തരം നിരവധി ചിത്രങ്ങളാണ്‌ നാമിവിടെ കാണുന്നത്‌.

“ശരീരവും ആത്മാവും തമ്മിലുളള സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്‌ കാരുണ്യരഹിതമായിട്ടാണ്‌. മരണം വരെ” എന്ന്‌ കസാൻദ്‌ സാക്കിസ്‌ എഴുതിയിട്ടുണ്ട്‌. ദുർമരണം കുരുത്തം കെട്ട കാറ്റിന്റെ വെയിൽ മണത്തോടെ ജീവിതത്തിന്റെ ഇറയത്തേക്ക്‌ തെറിച്ചു വീഴുന്നത്‌ എന്തുകൊണ്ടാണ്‌? ചിതൽ തിന്നപ്പെട്ട ചക്രവാളങ്ങളുടെ തണുപ്പ്‌ പുതക്കാനുളള കാത്തിരിപ്പ്‌. പിടിവിട്ട്‌ താഴേക്കുവീണ്‌ മണ്ണിൽ ലയിക്കുന്ന മഴയുടെ ആദ്യത്തെ തുളളിയിലെ മടുപ്പ്‌ പൊതിഞ്ഞുവെച്ച മണം. റോഡരികിൽ ഉറുമ്പുകൾ ഇറക്കിവെച്ച തെരുവിന്റെ ശരീരം. സ്വന്തം ഭക്ഷണത്തിനുവേണ്ടി തീർത്ത വലക്കണ്ണികളിൽ കരഞ്ഞും പിടഞ്ഞും ഇല്ലാതാകുന്ന ചിലന്തികൾ. നഷ്‌ടപ്പെടുത്തുന്ന ഒറ്റവരിയുടെ സ്വപ്‌നബാധിതമായ കലാപം വിവർത്തനം ചെയ്യപ്പെടുന്ന കറുപ്പ്‌. മഞ്ഞുകുടിച്ച പുൽനാമ്പിന്റെ മനസ്സ്‌ കവിതകൾക്കാണ്‌.

വെയിലെറിഞ്ഞു തകർത്ത കണ്ണാടിയുടെ ചില്ലിൽ മുനമ്പ്‌ കൊണ്ട്‌ ചിത്രം വരക്കുന്ന പുഴകൾ. പ്രണയത്തിന്റെ പ്‌ളേ-വിൻ ജയിക്കാൻ കാത്തിരുന്ന്‌ നിഷ്‌കാസിതമാകുന്ന പകലുകൾ. ജീവിതത്തിന്റെ ഇസ്‌തിരിക്കൂടിനരികിൽ നിവർത്താനിടേണ്ടത്‌, ഇങ്ങനെ എത്രയെത്ര ചുളിവുകളാണ്‌.

കവിയെ സംബന്ധിച്ചിടത്തോളം വായനക്കാരനിലേല്പിക്കുന്ന രാഷ്‌ട്രീയമോ, അരാഷ്‌ട്രീയമോ ആയ ജീവിതത്തിന്റെ ഒരവസ്ഥയുണ്ടാവണം. കവിതയാണ്‌ എന്നുറക്കെ പറയാൻ കഴിയുന്ന കുറേക്കവിതകളെങ്കിലും കാണാം-‘ജലാശയത്തിന്റെ കാവലിൽ’ മലയാള കവിതയ്‌ക്ക്‌ അർഹതപ്പെട്ട ചില ശബ്‌ദങ്ങളെ കേൾപ്പിക്കാൻ കഴിയുക എന്നതാണ്‌ ഈ സമാഹാരത്തിന്‌ ഞാൻ കൊടുക്കുന്ന പ്രാധാന്യം.

Generated from archived content: book1_may27.html Author: katta_manoj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here