‘അനന്വയമായ ഒരു ഓർമ്മപ്പുസ്‌തകം’

(

ബഷീർഃ ഛായയും ഓർമ്മയും

പുനലൂർ രാജൻ

മൾബെറി പബ്ലിക്കേഷൻസ്‌, കോഴിക്കോട്‌.

വിതഃ കറന്റ്‌ ബുക്‌സ്‌, കോട്ടയം, 2002,

പുറം 98,

വിലഃ 99.00

)

‘മലയാളത്തിൽ ഇങ്ങനെയൊരു പുസ്‌തകമോ!’ എന്ന ആശ്ചര്യമാണ്‌ പുനലൂർ രാജൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ‘ബഷീർഃ ഛായയും ഓർമ്മയും’ എന്ന ഗ്രന്ഥത്തിലൂടെ കടന്നു പോയപ്പോൾ ഉണ്ടായത്‌. എഴുപത്തിയൊന്നു ഫോട്ടോകൾ അടങ്ങുന്ന ഈ പുസ്‌തകത്തിന്‌ മറ്റൊരപൂർവ്വതയുളളത്‌, ഇന്ത്യൻ ഭാഷകളിൽ സാഹിത്യമേഖലയിൽ ഇത്തരമൊരു പുസ്‌തകം ആദ്യത്തേതാണ്‌ എന്നതുതന്നെ. ഗാന്ധിജിയുടേയും നെഹ്രുവിന്റെയും അംബേദ്‌ക്കറുടേയും സ്വാമി അരബിന്ദോയുടേയുമൊക്കെ ഫോട്ടോ ആൽബങ്ങൾ കണ്ടിട്ടുളളവരാണു നാം. അതാകട്ടെ, പല ഫോട്ടോഗ്രാഫർമാർ എടുത്ത ഫോട്ടോകളുടെ സമാകലനമാണുതാനും.

സാഹിത്യത്തിലെ ‘മ്മിണി ബല്യ ഒന്നും’ എഴുത്തുകാരുടെ സാമ്രാജ്യത്തിലെ ‘ഉപ്പുപ്പാ’യുമായിരുന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ തന്റെ ക്യാമറയിൽ പകർത്തിയെടുത്ത കലാകാരന്റെ ഉൾക്കാഴ്‌ച ഇതിലെ ആർട്ട്‌ പേപ്പറിൽ നിറഞ്ഞു നിൽക്കുന്നു. ജീവചരിത്രത്തിലൂടെ എഴുത്തുകാരനെ അറിയുന്നതിനേക്കാൾ നേരിട്ട്‌ ഒരു എഴുത്തുകാരനെ മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ്‌ ഇതുപോലുളള ആൽബങ്ങളുടെ മഹത്വത്തിന്റെ നിദാനം. ‘അണ്ഡകടാഹം’പോലുളള തന്റെ തലയിൽ വിരലുകളമർത്തി ചിന്തയുടെ ഏതോ ലോകത്തിൽ സഞ്ചരിക്കുന്ന ബഷീറിന്റെ മുഖചിത്രത്തോടെയാണ്‌ സിൽവർ കളറിലുളള പുറംചട്ടയോടെ മൾബെറി പുസ്‌തകം മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നത്‌. ഒരു പുതിയ പുസ്തകനിർമ്മിതിക്ക്‌ തുടക്കം കുറിക്കാൻ കഴിഞ്ഞു എന്ന നിലയിൽ മൾബെറിക്ക്‌ ഏറെ അഭിമാനിക്കാൻ വക നൽകുന്നു, പുനലൂർ രാജന്റെ ‘ബഷീർഃ ഛായയും ഓർമ്മയും’ എന്ന ഗ്രന്ഥം. ഇതുപോലുളള സാഹിത്യകാര ആൽബങ്ങൾ ഇനിയും ധാരാളമായി ഉണ്ടാകുമെന്ന്‌ നമുക്ക്‌ കരുതാം.

ഇതിലെ അനശ്വര ഛായാചിത്രങ്ങളിലൂടെ ഓർമ്മയുടെ മുപ്പതാണ്ടുകളാണ്‌ പുനരവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീർ രാജന്റെ ഹൃദയത്തിൽ ഒരിടം തേടുന്നതുമുതലുളള ചിത്രങ്ങൾ മാത്രമേ ഇതിലുളളൂ. ഈ കാലപരിധിയിൽ നിന്നുകൊണ്ട്‌ ബഷീറിൽ കാലംവരുത്തിയ രൂപഭേദങ്ങൾ ഒപ്പിയെടുക്കാൻ രാജനു കഴിഞ്ഞിട്ടുണ്ട്‌. ഒരു ചെറിയ പോരായ്‌മയായി തോന്നിയത്‌ ഇതിലെ ഫോട്ടോകൾ കാലഗണനക്രമത്തിൽ ചേർക്കേണ്ടതായിരുന്നു. അതല്ലെങ്കിൽ ചിത്രങ്ങളുടെ പട്ടികയിൽ, അതെടുത്ത വർഷംകൂടി കൊടുക്കാമായിരുന്നു. ഈ ന്യൂനത അടുത്ത പതിപ്പിൽ പരിഹരിക്കുമെന്ന്‌ കരുതുന്നു. ഏതായാലും ഈ പുസ്‌തകത്തിലെ ചിത്രങ്ങൾ ബഷീറിനെ ഇഷ്‌ടപ്പെടുന്ന മലയാളികൾ ഹൃദയപൂർവ്വം സ്വീകരിക്കുകതന്നെ ചെയ്യും. സർഗ്ഗാധനനായ ഒരു വലിയ മനുഷ്യനെയാണല്ലോ നമ്മൾ ഈ ഗ്രന്ഥത്തിലൂടെ തൊട്ടറിയുന്നത്‌.

വൈക്കം മുഹമ്മദ്‌ ബഷീറിനെക്കുറിച്ച്‌ ഡോ.ആർ.ഇ.ആഷർ ഇംഗ്ലീഷിലെഴുതിയ ആമുഖപഠനം ഒരു തിലകക്കുറിതന്നെ. പ്രസാധകനായ ഷെൽവിയുടെ ‘അന്ധന്റെ കാഴ്‌ച’ എന്ന കവിതയും പുനലൂർ രാജന്റെ ഓർമ്മക്കുറിപ്പും അക്ഷരങ്ങളിലൂടെ ബഷീറിനർപ്പിക്കുന്ന തിലോദകവുമാണ്‌.

Generated from archived content: books_ananwamaya.html Author: karthikeyan_kg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here