അയാൾ സൗജന്യനേത്ര പരിശോധനക്യാമ്പിൽ പങ്കെടുത്തതിനുശേഷമാണ് തിമിര ശസ്‌ത്രക്രിയയ്‌ക്കുവേണ്ടി ആസ്‌പത്രിയിൽ അഡ്‌മിറ്റായത്. സൗജന്യചികിത്സയാണെങ്കിലും ഓപ്പറേഷൻ ഫീസായി അഞ്ഞൂറു രൂപ കെട്ടിവയ്‌ക്കുകയും ചെയ്‌തു. ഒരുദിവസം ആസ്‌പത്രിയിൽ കിടന്നേ പറ്റൂ. ഷുഗറും പ്രഷറും ടെസ്‌റ്റ് ചെയ്യണം. അയാളൊരു ഡയബറ്റിക് പേഷ്യന്റായിരുന്നു. ഷുഗർ ഫാസ്‌റ്റിംങ്ങിൽ 200. ഇനി, രണ്ടുദിവസം കൂടി കിടക്കണം.
രണ്ടു ദിവസത്തിനുളളിൽ അയാളുടെ തുടയിൽ നീര്. പിന്നെയത് വലിയ പരുവായി. ഡോക്‌ടർ കീറി.
ഓപ്പറേഷൻ ദിവസങ്ങൾ നീണ്ടു.
അയാളുടെ പേഴ്‌സിൽ നിന്നും അയ്യായിരം ചോർന്നു.
അയാൾ ധനികനായിരുന്നില്ല.
ജീവിതം തന്നെ കടം കേറിയ മനുഷ്യൻ!
രണ്ടാഴ്‌ചകൾക്കുശേഷം ഓപ്പറേഷൻ നിശ്ചയിക്കപ്പെട്ടു.
കൺപുരികം വെട്ടി ശരിപ്പെടുത്തി. മരവിപ്പിന്റെ മരുന്ന് കണ്ണിൽ കുത്തിവച്ചു. അയാളുടെ ഒരു കണ്ണ് കാണുന്ന രീതിയിൽ പുതപ്പുകൊണ്ടു മൂടി.
ഡോക്‌ടർ ഗോപനും നേഴ്‌സ് അഞ്ജുവും അസിസ്‌റ്റന്റ് രമേശനും ഓപ്പറേഷൻ മുറിയിൽ തകൃതിയായി തിമർന്നു നടന്നു. പല പല ഉപകരണങ്ങളെടുക്കാൻ ഡോക്‌ടർ രമേശനെ പറഞ്ഞയച്ചു.
അയാളെ കിടത്തിയിരിക്കുന്ന ഡസ്‌കിനിരുവശത്തും അവർ നിലയുറപ്പിച്ചു. കത്രികകൾ ശബ്‌ദിക്കാൻ തുടങ്ങി. ഉറുമ്പു കടിക്കുന്ന വേദനയെ ഉണ്ടാകൂ. ഡോക്‌ടർ പുലമ്പി. നേഴ്‌സ് ചിരിച്ചു.
അവരുടെ തലകൾ തമ്മിൽ കൂട്ടിയുരുമ്മി. സ്വർണ്ണവളകൾ കിലുങ്ങി. അവരുടെ മുഖങ്ങളുരസി. അവർ ചുംബനത്തിലേർപ്പെട്ടു.
അയാളുടെ കണ്ണിലെ മരവിപ്പ് വിട്ടകലാൻ തുടങ്ങിയിരുന്നു. കണ്ണിൽ വല്ലാത്ത നീറ്റൽ. ഓപ്പറേഷൻ സമയം നീണ്ടുനീണ്ടു പൊയ്‌ക്കൊണ്ടിരുന്നു.
അയാളുടെ മുഖം വക്രിച്ചു. ചുണ്ടുകൾ കോടി. പുതപ്പിന്റെ സുഷിരത്തിലൂടെ കാണാവുന്ന കണ്ണ് മെല്ലെമെല്ലെ മേലോട്ടു നീങ്ങി. അയാളുടെ തിരുനെറ്റിയിൽ അത് സ്ഥാനം പിടിച്ചു.
തൃക്കണ്ണ്!
തൃക്കണ്ണിൽനിന്നും തീപ്പൊരി ചിതറി.
പുതപ്പ് പുകഞ്ഞു.
അയാൾ ഡസ്‌ക്കിൽ പിടഞ്ഞെഴുന്നേറ്റു. ഡോക്‌ടറും നേഴ്‌സും അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു.
ഡസ്‌ക്കിനടിയിൽ ഇത്തിരി ചാരം മാത്രം!
Generated from archived content: story2_dec30.html Author: karthi_padiyath