കർണ്ണികാരം പൂത്തുതളിർക്കുമ്പോൾ…..

കണിക്കൊന്നപ്പൂങ്കുലകൾ സ്വർണ്ണക്കുമിളകൾപോലെ, മുറ്റത്ത്‌ വിരിയുന്ന കാലം. വയൽവരമ്പുകളിൽ കണിവെളളിരികൾ നിറഞ്ഞു വിളഞ്ഞു കിടക്കുന്നുണ്ടാകും. തേൻവരിയ്‌ക്ക ചക്കയുടെയും മൂവാണ്ടൻമാമ്പഴത്തിന്റെയും കൊതിയൂറുന്ന പഴുത്ത മണം വഹിക്കുന്ന കാറ്റ്‌.

കാർഷീകോത്സവമായ വിഷു!

കൊയ്‌ത്തു കഴിഞ്ഞ പാടങ്ങളിൽ നിറയെ ചെമ്മീനും കരിമീനും കണമ്പും!

പാട്ടുപാടി വലയെറിയുന്നവർ

ശുഭപ്രതീക്ഷകളുടെ നാളുകളെണ്ണുന്ന ദിനം; വിഷു!

കാരണവന്മാരുടെ കൈനീട്ടം.

കിലുങ്ങുന്ന വെളളിത്തുട്ടുകൾ, കരുന്നുകളുടെ കൈവെളളയിൽ വീഴുമ്പോൾ, നിർവൃതിയിൽ ലയിക്കുന്ന തലമുറകൾ.

പോയകാലം

പേക്കോലങ്ങൾ നൃത്തമാടുന്നതിനിടയിൽ,

കണികാണും നേരം കമലനേത്രനെ കണ്ട്‌ കൈക്കൂപ്പാൻ,

നടുമുറ്റത്തൊരുക്കുന്ന കണികാഴ്‌ചകൾ.

അതിൽ, പലവർണ്ണത്തിലും നിറത്തിലുമുളള ഫലങ്ങൾ. നിറനിലവിളക്ക്‌. കണിവെളളിരി, അവില്‌, മലര്‌, ശർക്കര, നെൽമണികളുടെ നിറനാഴി!

കരിമരുന്നുഗന്ധത്തോടൊപ്പം ധൂമപാളിയിൽനിന്നും പുകഞ്ഞുയരുന്ന കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും നറുമണം.

തലേദിവസം വിരിഞ്ഞുകത്തിയ, മത്താപ്പൂക്കളുടെയും പൂത്തിരികളുടെയും കടലാസ്സുകഷ്‌ണങ്ങൾ വാരിക്കളയുന്ന അമ്മമാർ.

നേർത്ത കസവുമുണ്ടുടുത്ത്‌, ശ്രീകൃഷ്‌ണചിത്രത്തിനുമുന്നിൽ, കണ്ണടച്ച്‌ തെന്നിതെന്നി, കൺതുറക്കുന്ന കുഞ്ഞുങ്ങളിൽ നല്ലൊരു നാളെ!

അവരുടെ മനസ്സുകളിൽ മനംനിറഞ്ഞു ചിരിക്കുന്ന കൊച്ചു പ്രഹ്ലാദന്മാരായിരിക്കും. ദുഷ്‌ടശക്തിയെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ടവന്റെ ചാരിതാർത്ഥ്യം.

ത്രിസന്ധ്യ!

രാത്രിയും പകലും സംയോജിക്കുന്ന അന്തരീക്ഷം.

ഉമ്മറപ്പടി!

അകത്തും പുറത്തുമല്ലാത്ത ലോകം.

നരസിംഹം!

മനുഷ്യനോ മൃഗമോ അല്ലാത്തത്‌.

ഹിരണ്യകശിപു എന്ന അസുരചക്രവർത്തിയുടെ, ആക്രോശങ്ങളിൽ ഭയപ്പെട്ട്‌ അന്ധകാരത്തിൽ പെട്ടുഴലുന്ന ജനതയുടെ മോക്ഷം.

നാരായണമന്ത്രങ്ങളുടെ തിരിച്ചുവരവ്‌.

വിഷ്‌ണുവിന്റെ വിളയാട്ടം.

സൃഷ്‌ടി സ്ഥിതി സംഹാരങ്ങളുടെ ധ്വനിവർഷം.

ഇവിടെ, വിഷു!

പടക്കങ്ങൾ പൊട്ടിക്കാൻ ചക്കത്തിരികളുണ്ടാക്കി സൂക്ഷിക്കുന്ന ബാല്യകാലം ഇന്നെങ്ങോ പോയ്‌മറഞ്ഞിരിക്കുന്നു.

ഗുണ്ടാക്രമണങ്ങളുടെ ബോംബ്‌ സ്‌ഫോടനങ്ങളിൽ കാതും മനസ്സുമടപ്പിക്കുന്ന ശബ്‌ദം കേട്ടുവളരുന്ന കുരുന്നുകൾ.

വിഷു സംക്രാന്തിനാളുകളിൽ, മുറ്റത്തിന്റെ അതിർത്തികളിൽ, അസുരവിത്തിന്റെ കരിന്തിരികൾ, പൊഴിഞ്ഞുവീഴുന്ന കരിയിലകളുടെ അഗ്‌നിയിൽ, എരിഞ്ഞടങ്ങുമായിരുന്നു.

ഇന്ന്‌, മുറ്റമെവിടെ? ഇലകൾ പൊഴിയും മരങ്ങളെവിടെ?

വിഷുസംക്രാന്തി, രാശിചക്രങ്ങളുടെ സംഗമത്തിന്റെയും സംക്രമണത്തിന്റെയും ദിനം.

സംക്രാന്തിരസ്തു കിമുകാനനകുക്കുടസ്യ!

തലമുതിർന്ന, തലമറന്ന, ഭരണനേതൃത്വം വിരൽ ചൂണ്ടുന്നു.

കാട്ടുകോഴിക്കെന്ത്‌ ശങ്കരാന്തിം വാവും!

മദ്യത്തിന്‌ കുത്തനെ വില കൂടിയത്‌ മന്ത്രിമഹാനറിഞ്ഞില്ലത്രെ?

അത്‌ ബിബറേജ്‌ കോർപ്പറേഷന്റെ ചുമതലയിൽ!

ബിബറേജ്‌ കോർപ്പറേഷൻ ആകാശത്തുനിന്നും വിരിഞ്ഞ കുസുമമോ?

ഇറച്ചിക്കോഴികളുടെ കളളക്കടത്തും അരിവരവും സർക്കാരിന്‌ അറിയില്ലത്രെ.

വിഷു, വിത്തുകൾ വിതയ്‌ക്കപ്പെടുന്ന കാലവും കൂടിയാണ്‌.

മേടം കഴിഞ്ഞാൽ ഇടവപ്പാതിയായി.

മഴ തോരാതെ പെയ്യുന്ന തോറാനകളുടെ കാലം.

വിതയ്‌ക്കപ്പെടുന്ന വിത്തുകൾ, ഓണക്കാലത്ത്‌, മറ്റൊരു സമൃദ്ധിയുടെ വിളവെടുപ്പ്‌ കാലമാകും.

വിത്തുകൾ; പുനരുല്പാദന കേന്ദ്രം.

വിത്തുഗുണം പത്ത്‌ ഗുണം. വിത്തുകാളകളെ വീട്ടിൽ വളർത്തുന്നു.

ഋഗ്വേദത്തിൽ, കൃഷി സംഭോഗക്രിയയ്‌ക്ക്‌ തുല്യം.

“നീ, മലപോലെ മലർന്നുകിടക്കുക; ഗോതമ്പുവിത്തുകൾ കണക്ക്‌

ഞാൻ നിന്നിൽ, എന്റെ രേതസ്സ്‌ നിറയ്‌ക്കട്ടെ.”

കൃഷി, സൃഷ്‌ടിയുടെതാണ്‌; ഉല്പാദനത്തിന്റേതാണ്‌; ഉപഭോഗത്തിന്റേതാണ്‌!

ഇവിടെ, ഉപഭോഗസംസ്‌കാരം, മനുഷ്യത്വം കാർന്നുതിന്നുന്ന രീതിയിൽ, വളർന്ന്‌ പന്തലിച്ചു കിടക്കുന്നു.

മൃഗവും മനുഷ്യനുമല്ലാത്ത നരസിംഹം അനീതിയുടെ ദുരന്തം കൊയ്യാൻ വന്ന നീതിയുടെ അജയ്യ ശക്തിയെങ്കിൽ, ഇന്നിവിടെ പെറ്റുപെരുകുന്നതോ രാഷ്‌ട്രീയ ശിഖണ്ഡികൾ.

ആണും പെണ്ണും കെട്ടവർ!

അവർ, കേരളനടനം നടത്തുമ്പോൾ, വിഷുവിന്റെ സമൃദ്ധി ശുഭാപ്‌തികളെവിടെ?

ഇവിടെ, വഴിയോരങ്ങളിൽ, വിഷുപടക്കങ്ങൾ ഞാന്ന്‌ കിടക്കുന്നത്‌ അവരുടെ ശിഖണ്ഡിത്വം തകർക്കുന്ന വെളളിടികളായി പരിണമിക്കുമെങ്കിൽ, നവധാന്യങ്ങളൊരുക്കി, നാക്കിലകളിൽ വിളമ്പാൻ പറ്റുന്നവിധത്തിൽ, അമ്മമാർ തയ്യാറാക്കുന്ന, വിഷുക്കഞ്ഞിയെന്നോ, വിഷുക്കട്ടയെന്നോ പേരിൽ, പലവിധ ചേരുവ കൂട്ടങ്ങളടങ്ങിയ, വിഷുപ്പായസം നമുക്കുണ്ണാം.

ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും

ഏതു യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും

മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും

മണവും മമതയും ഇത്തിരികൊന്നപ്പൂവും.

Generated from archived content: essay3_apr12.html Author: karthi_padiyath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here