അമേച്ച്വർ-ഏകാങ്ക നാടകരംഗത്ത് തന്റേതായ ശൈലികൊണ്ട് ഏറെ പ്രശംസ പിടിച്ചുപറ്റിയ നാടകകൃത്തും സംവിധായകനുമാണ് കാർത്തികേയൻ പടിയത്ത്. ഇരുപത്തിയഞ്ചിലേറെ ഏകാങ്ക നാടകങ്ങളും പന്ത്രണ്ടിലേറെ മുഴുനീള നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. കഥാകാരനെന്ന നിലയിലും പ്രശസ്തനാണ്. ആറിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ചെറായിയിൽ ആണ് ഇദ്ദേഹം ജനിച്ചത്. ചെറുപ്പകാലത്തുതന്നെ നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്‌തു. പിന്നീട് കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമാവുകയും ഇന്ത്യൻ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായി പ്രവർത്തിക്കുകയും ചെയ്യുന്നു. സി.പി.ഐ. ജില്ലാക്കമ്മറ്റിയംഗം, യുവകലാസാഹിതി സംസ്ഥാന കമ്മറ്റിയംഗം, കുഞ്ചൻസ്‌മാരക കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ ഏകാങ്ക നാടകങ്ങളായ ശവംതീനികൾ, സമുച്ചയം, പരിണാമം, ശാന്തിപർവ്വം, ജ്യോതിസ്സ്, പറക്കുംതളിക എന്നിവ ഏറെ ചർച്ച ചെയ്യപ്പെട്ടതും മത്സരവേദികളിൽ സമ്മാനങ്ങൾ വാരികൂട്ടിയതുമാണ്.
ഇതിൽ ശവംതീനികൾ എന്ന നാടകം ലോകത്തിന്റെ പല ഭാഗത്തും അവതരിപ്പിച്ചിട്ടുണ്ട്. 1991-ൽ ഷാർജയിൽ ഈ നാടകമവതരിപ്പിച്ചപ്പോൾ ചില വർഗ്ഗീയവാദികൾ ഇടപെടുകയും അതിൽ സഹകരിച്ച പത്തു കലാകാരന്മാരെ ഷാർജാകോടതി ക്രൂരമായ ശിക്ഷകൾക്ക് വിധേയരാക്കി നാടുകടത്താൻ തീരുമാനിച്ചു. ആദ്യം ഈ കലാകാരന്മാർക്ക് വധശിക്ഷയാണ് വിധിച്ചത്. ഒടുവിൽ ഇന്ത്യാഗവൺമെന്റിന്റെ ശക്തമായ ഇടപെടൽ മൂലം അവരെ ശിക്ഷകൾക്ക് വിധേയരാക്കാതെ നാടുകടത്തുകയായിരുന്നു. ഇതിന്റെ പേരിൽ നാടകകൃത്തിനും ധാരാളം വധഭീഷണി ഉണ്ടായിരുന്നു. 1973-ലാണ് ഇദ്ദേഹം ശവംതീനികൾ രചിക്കുന്നത്.
ഇപ്പോൾ ചെറായിയിൽ എൽ.ഐ.സി. ഏജന്റായി പ്രവർത്തിക്കുകയാണ്. ഒപ്പം സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
ഭാര്യ ഃ ഗിരിജ.
മകൻ ഃ കിരൺ
വിലാസം
പടിയത്ത്,
ചെറായി പി.ഒ.
എറണാകുളം ജില്ല.
* * * * * * * * * * * * * * * * * * * * * * * * * * * * * * * *
ശവംതീനികൾ
കാർത്തികേയൻ പടിയത്ത്
കഥാപാത്രങ്ങൾ
വൃദ്ധൻ
യുവാവ്
ദേവദത്തമേനോൻ
ഫാദർ പ്ലാച്ചൂടൻ
ഹാജിയാർ
(മുൾച്ചെടി പടർന്നു നിൽക്കുന്ന പ്രദേശം. നിറയെ പാറകൾ. പാറകൾക്കു നടുവിൽ പഴക്കം ചെന്ന ഗുഹാമുഖം. ഗുഹയുടെ മുൻഭാഗത്തു നിന്നും കല്ലുകൾ അടർന്നുപോയിട്ടുണ്ട്. അവിടെ പായലുകൾ പടർന്നുകയറിയിരിക്കുന്നു. ചീവിടുകളുടെയും നരിച്ചീറുകളുടെയും ശബ്‌ദങ്ങൾ. ഭയം തോന്നിക്കുന്നവിധം പക്ഷികളുടെ ചിറകടിയൊച്ചകൾ. കർട്ടൻ ഉയരുമ്പോൾ രംഗത്ത് നേർത്ത വെളിച്ചം മാത്രം.
ഗുഹയിൽ നിന്നും ഏതോ ഒരു ജീവി ഇഴഞ്ഞു വരുന്നു. വെളിച്ചം ഗുഹാമുഖത്ത്. പ്രാകൃതനായ ഒരു വൃദ്ധൻ. മുടി നീട്ടിവളർത്തിയിട്ടുണ്ട്. ഞരമ്പുകൾ പിടച്ചു നിൽക്കുന്നു. അരയിൽ ഒരു കറുത്ത തുണി മാത്രം. കയ്യിൽ കോടാലി. താടി വളർന്ന മുഖത്ത് ജ്വലിക്കുന്ന കണ്ണുകൾ. വൃദ്ധൻ ഭയത്തോടെ സ്‌റ്റേജിനു മദ്ധ്യഭാഗത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ഒരു പാറക്കഷ്‌ണത്തിൽ കയറിയിരിക്കുന്നു. പുറത്ത് ഏതോ ഒരു കാട്ടുജീവി ഇഴയുന്ന ശബ്‌ദം. വൃദ്ധന്റെ കണ്ണുകൾ കൂടുതൽ ഭയചകിതമായി. കോടാലിയുമെടുത്ത് ഇടതുകോണിലേക്ക് അലർച്ചയോടെ ഓടുന്നു. തന്റെ അലർച്ചകേട്ട് കാട്ടുജീവി ഓടിയിരിക്കണം.)
വൃദ്ധൻഃ (അമർഷത്തോടെ) തൊട്ടാൽ തട്ടും മൂന്നു തരം!
(വൃദ്ധൻ പഴയസ്ഥാനത്തു വന്നിരിക്കുന്നു. സ്‌റ്റേജിൽ വെളിച്ചം കുറെകൂടി വ്യാപിച്ചു. അപ്പോൾ, വലതുഭാഗത്തെ കോണിൽ പാറക്കല്ലുകൾക്കു മുകളിൽ വ്യക്‌തമായിക്കാണാവുന്ന ശവപ്പെട്ടി. വൃദ്ധൻ ശവപ്പെട്ടിക്കരികിലേക്ക് നടക്കുന്നു. ശവപ്പെട്ടിയുടെ മൂടി തളളിനീക്കി താല്‌പര്യപൂർവ്വം നോക്കുന്നു. സംതൃപ്‌തിയോടെ തിരിച്ചു പഴയ സ്ഥാനത്തു വന്നിരിക്കുന്നു. ചീവിടുകളുടെയും കൂമന്റെയും നരിച്ചീറുകളുടെയും ശബ്‌ദങ്ങൾ കൂടുതൽ ഭയാനകമായി ഉയർന്നു കേൾക്കുന്നു. ഏതോ ജീവി ഇഴയുന്ന ശബ്‌ദവും. വീണ്ടും വൃദ്ധൻ കോടാലിയുമെടുത്ത് ഇടതുകോണിലേക്കോടുന്നു.)
വൃദ്ധൻഃ ശവംതീനിയുറുമ്പുകളെ…… നിങ്ങൾക്കിതിൽ നിന്നും ഒന്നും കിട്ടൂല്ല!… എന്റെ കണ്ണിലെ കൃഷ്ണമണികളെപ്പോലെ സൂക്ഷിക്കുന്ന ശവങ്ങളാ! ഈ ശവങ്ങളാണെന്റെ അസ്തിത്വം. ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ ശവങ്ങൾ സുരക്ഷിതമാണെന്ന് ഓർത്തോളൂ!
(വൃദ്ധൻ വീണ്ടും ശവപ്പെട്ടിക്കരികിൽച്ചെന്ന് ശവങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി, വീണ്ടും പഴയസ്ഥാനത്തു വന്നിരിക്കുന്നു. അല്‌പനിമിഷങ്ങൾ കഴിയുമ്പോൾ യുവാവ് പ്രവേശിക്കുന്നു. മുഷിഞ്ഞ മുണ്ടും ഷർട്ടും വേഷം. അലസമായി കിടക്കുന്ന മുടി. ഷേവുചെയ്യാത്ത മുഖം. യുവാവ് അത്ഭുതത്തോടെ ചുറ്റും പകച്ചു നോക്കുന്നു. വൃദ്ധനെ കാണുമ്പോൾ ആശ്വാസം.)
യുവാവ്‌ഃ വൃദ്ധാ……. നിങ്ങളിവിടെ?
വൃദ്ധൻഃ (എഴുന്നേറ്റ്) ഇവിടെ ഞാൻ!
യുവാവ്‌ഃ (ചുറ്റും നോക്കി) ഈ സ്‌ഥലം ആഫ്രിക്കയാണോ?
വൃദ്ധൻഃ വഴിയിൽ ശവംതീനിയുറുമ്പുകളെ കണ്ടിരിക്കുമല്ലേ?
യുവാവ്‌ഃ ഇല്ല.
വൃദ്ധൻഃ കണ്ടില്ലേ? ………. കാണേണ്ടതായിരുന്നു.
യുവാവ്‌ഃ വൃദ്ധാ……. ദയവുചെയ്‌ത്…….ഈ സ്ഥലമേതാണെന്നു പറയൂ.
വൃദ്ധൻഃ നിങ്ങളൊക്കെ ധരിച്ചുവച്ചിരിക്കുന്ന സ്ഥലകാലാന്തരീക്ഷത്തിന് അതീതമായ സ്ഥലം!
യുവാവ്‌ഃ (സംശയത്തോടെ) അപ്പോൾ?
വൃദ്ധൻഃ ഊഹിച്ചോളൂ.
യുവാവ്‌ഃ (ഒരു നിമിഷത്തിനുശേഷം സംശയത്തോടെ) ഉട്ടോപ്പിയ…?
വൃദ്ധൻഃ അവിടെ മനംമയക്കുന്ന പൂക്കളും ആനന്ദത്താൽ ആറാടുന്ന മനുഷ്യരും മാത്രമല്ലേ ഉണ്ടാകൂ….. ഇവിടെ നിറച്ചും ശവംതീനിയുറുമ്പുകളാ….ഒന്നിനെ ഓടിക്കുമ്പോ… മറ്റൊന്ന്..ശല്യം! ങ്‌ഹാ…യുവാവേ…. നീ എവിടെ നിന്നും വരണ്?
യുവാവ്‌ഃ ഭാരതത്തിൽ നിന്ന്!
വൃദ്ധൻഃ (സന്തോഷത്തോടെ) ഓ! ഭാരതം……ആർഷസംസ്‌ക്കാരത്തിന്റെ നാട്…….വാല്‌മീകിയും വ്യാസനും ജനിച്ചനാട്…..എന്റെ ബാല്യകാലത്ത് ഐശ്വര്യസമൃദ്ധമായിരുന്ന നാട്….ഇന്നും…….അങ്ങനെതന്നെയല്ലേ യുവാവേ?
യുവാവ്‌ഃ ഞങ്ങൾക്ക്…….. അതൊക്കെയൊരു സ്വപ്‌നം മാത്രമായി അവശേഷിക്കുന്നു.
വൃദ്ധൻഃ നീ……. എന്നെ വല്ലാതെ വേദനിപ്പിക്കുന്നു……മെക്കയേയും, ജർമ്മിനിയേയും, യരുശലേമിനേയും ഞാൻ ഓർമ്മിക്കുന്നത്……ഓരോ വ്യക്‌തികളിലൂടെയാണ്….അങ്ങനെയല്ലല്ലോ യുവാവേ…… നിന്റെ നാട്! സംസ്‌ക്കാരത്തിന്റെ ഈറ്റില്ലമാണത്!
യുവാവ്‌ഃ പഴങ്കഥ!
വൃദ്ധൻഃ ഇപ്പോഴൊ?
യുവാവ്‌ഃ വൃദ്ധാ….. എന്നെ ശ്രദ്ധിക്കൂ…….. ഞാനതിന്റെ പ്രതിനിധി!
വൃദ്ധൻഃ (യുവാവിന്റെ വസ്‌ത്രങ്ങളിലേക്ക് വിരൽ ചൂണ്ടി) മുഷിഞ്ഞു നാറിയ-
യുവാവ്‌ഃ വ്യവസ്‌ഥിതിയവിടെ നടമാടുന്നു…..നോക്കൂ…വൃദ്ധാ…. എനിക്ക് മുപ്പതു വയസ്സായി… ഞാനൊരു ബിരുദധാരിയാണ്….വർഷങ്ങളായി ഒരു ജോലിക്കുവേണ്ടി അലഞ്ഞുതിരിയുന്നു. ഞാൻ മാത്രമല്ല……ആയിരങ്ങൾ! നൂറുകോടിയിൽ ഒരുനേരത്തെ ആഹാരം കഴിച്ച് അന്തിയുറങ്ങുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം.
വൃദ്ധൻഃ (അസ്വസ്‌ഥതയോടെ) എനിക്കു കലികയറുന്നു.
യുവാവ്‌ഃ (അമർഷത്തോടെ) നൂറുകോടി ജനങ്ങളെ എഴുപതു കുടുംബക്കാർ…… കഴുത്തിൽ കുടുക്കിട്ട് കുട്ടിക്കുരങ്ങൻമാരെപ്പോലെ ചുടുചോറ് മാന്തിച്ച് പൊട്ടിച്ചിരിക്കുന്നു…. എനിക്കുമടുത്തു! ഞങ്ങൾക്കു മടുത്തു!
വൃദ്ധൻഃ നീയൊരു ജോലിക്കു ശ്രമിച്ചില്ലേ?
യുവാവ്‌ഃ (പുച്ഛത്തോടെ) എനിക്കൊരു സുന്ദരിയായ സഹോദരിയില്ല വൃദ്ധാ!
വൃദ്ധൻഃ (നീരസത്തോടെ) അധഃപതനത്തിന്റെ നെല്ലിപ്പലക ഞാൻ കാണുന്നു. ഇതിനെതിരെ ശബ്‌ദമുയർത്താൻ അവിടെ സാഹിത്യകാരൻമാരും ബുദ്ധിജീവികളുമില്ലേ?
യുവാവ്‌ഃ ഉണ്ട്! മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ധാരാളം! പക്ഷേ…. അവരൊക്കെ മേനിക്കണ്ടപ്പൻമാരാണെന്നു മാത്രം……അവരെയാണ് ആദ്യം തട്ടേണ്ടത്!
വൃദ്ധൻഃ പട്ടിണിപ്പാവങ്ങളായ ആയിരങ്ങൾക്കുവേണ്ടി നീയെന്തുചെയ്‌തു?
യുവാവ്‌ഃ ഭാരതത്തിന്റെ ഭൂപടം വൃദ്ധൻ ഓർമ്മിക്കുന്നുണ്ടല്ലോ? ഇന്നതിന്റെ ഔട്ട്‌ലൈൻ ഒരു യക്ഷിയുടെ കഴുത്തിലെ മാലപ്പടക്കത്തിന്റെ മാലപോലെയാണ്… ഞാനതിന്റെ പലഭാഗത്തും തീകൊടുത്ത് ഓടിപ്പോന്നിരിക്കുകയാണ്. (അമർഷത്തോടെ) പൊട്ടും! നിരനിരയായ് പൊട്ടിത്തെറിക്കും. ഒടുവിൽ മാലയണിഞ്ഞ കഴുത്തും ചുട്ടുകരിയും…… ദാരിദ്ര്യപിശാചും!
വൃദ്ധൻഃ (യുവാവിനെ ആശ്ലേഷിച്ച്) എനിക്ക് സന്തോഷമായി യുവാവെ……ബാക്കി കാലം നിറവേറ്റിക്കൊളളും!
യുവാവ്‌ഃ (പരിക്ഷീണിതനായി) വൃദ്ധാ…… ഞാൻ വളരെ തളർന്നാണു വന്നിരിക്കുന്നത്…. എനിക്കല്‌പം ജലം വേണം.
വൃദ്ധൻഃ (നിരാശയോടെ)ഇവിടെ അടുത്തെങ്ങും ജലമില്ലല്ലോ യുവാവെ……(താൽപര്യത്തോടെ) പിന്നെ… നിനക്കു ദാഹം തീർക്കാനാണെങ്കിൽ…. ഈ കോടാലികൊണ്ട് എന്റെ വിരലുമുറിച്ച് രക്‌തം നിനക്ക് പാനം ചെയ്യാം.
യുവാവ്‌ഃ (അവിശ്വാസത്തോടെ)വേണ്ട വൃദ്ധാ…. വേണ്ടാ! ഞാൻ അടുത്തെങ്ങാനും കാട്ടുചോലയുണ്ടോ എന്നു നോക്കട്ടെ! (യുവാവ് പുറത്തേക്ക് പോകുന്നു)
(വൃദ്ധൻ പഴയ സ്‌ഥാനത്തുതന്നെ വന്നിരിക്കുന്നു. ഉയർന്നുപൊങ്ങുന്ന ഭയാനകമായ ശബ്‌ദങ്ങൾ. അല്പനിമിഷങ്ങൾ കഴിയുമ്പോൾ പാന്റ്‌സും ഷർട്ടും ധരിച്ച് ഒരാൾ പ്രവേശിക്കുന്നു. കൈയിൽ ബ്രീഫ്‌കേയ്‌സ് പേര് ഫാദർ പ്ലാച്ചുടൻ)
ഫാദർഃ (വൃദ്ധനെ കണ്ട ആശ്വാസത്തോടെ) ഞാനൊരു മനുഷ്യനെ തേടി അലയുകയായിരുന്നു.
വൃദ്ധൻഃ എന്നിട്ട് കണ്ടോ?
ഫാദർഃ നീ മനുഷ്യനാണെങ്കിൽ…. കണ്ടു…ശവപ്പെട്ടിയുമായി കാത്തിരിക്കുന്ന നീ..?
വൃദ്ധൻഃ (താല്‌പര്യമില്ലാതെ) കുഴിതോണ്ടി!
ഫാദർഃ ഞാൻ കുർബ്ബാന കൈകൊണ്ടിട്ട് കുറച്ചുകാലമായി…….ഇവിടെ അടുത്ത് എവിടെയാണ് പളളി?
വൃദ്ധൻഃ എനിക്കു ശിമത്തേരി മാത്രമേ അറിയൂ!
ഫാദർഃ (ഇഷ്‌ടപ്പെടാതെ) പളളിയില്ലാതെയൊരു ശിമത്തേരിയുണ്ടോടാ? ങ്ങ്‌ഹേ?……നീയിതുവരെയും പളളി എവിടെയാണെന്ന് അന്വേഷിച്ചില്ലേ?
വൃദ്ധൻഃ പാപികൾക്കല്ലേ പളളി!
ഫാദർഃ കുഴിതോണ്ടിക്ക് ശിമത്തേരിയും…….കൊളളാം, നിന്റെ കണക്കുകൂട്ടൽ!
വൃദ്ധൻഃ (എഴുന്നേറ്റ്) താടിക്കാരാ….മാന്യാ….നീ എവിടെ നിന്ന് വരുന്നു?
ഫാദർഃ കണ്ടാലറിഞ്ഞുകൂടേടാ? ഞാൻ കോട്ടയത്തുനിന്ന്! എന്റെ ബ്രീഫ്‌കേയ്‌സ് നിറയെ നോട്ടുകളാണ്…. പക്ഷേ….ചിലവാക്കാൻ ഇവിടെ ഹോട്ടലുകളൊന്നുമില്ല….അതുകൊണ്ട് നീ എനിക്കൽപം ആഹാരം ശരിപ്പെടുത്തണം.
വൃദ്ധൻഃ മാന്യനായ മനുഷ്യാ….നിനക്കീ…സ്ഥലം ഏതാണെന്നു മനസ്സിലായില്ല…. അതുകൊണ്ടാ…ഇവിടെ ഒന്നുമാത്രമേ കിട്ടൂ… ശവംതീനിയുറുമ്പുകൾ!
ഫാദർഃ അപ്പോൾ…..ഞാൻ വിശന്നു മരിക്കണമെന്നോ?
വൃദ്ധൻഃ (നിസ്സാരമട്ടിൽ) അതിൽ കൂടുതലൊന്നും ആശിക്കേണ്ട!
ഫാദർഃ (അസഹ്യതയോടെ) എനിക്കു ജീവിക്കണം.
വൃദ്ധൻഃ നിവൃത്തിയില്ല!
ഫാദർഃ (തന്റേടത്തോടെ) ഞാൻ എന്നും എവിടെയും ജീവിച്ചിട്ടേയുളളൂ! (ശവപ്പെട്ടി ശ്രദ്ധയിൽപ്പെട്ടു) ഈ ശവപ്പെട്ടിയിൽ ആരുടെ ശവമാണ്?….ഞാൻ….. ഈ ശവം തിന്ന് എന്റെ ജീവനെ നിലനിർത്തും!
വൃദ്ധൻഃ (അടുത്തുചെന്ന് രൂക്ഷമായി നോക്കി) നീ കാലുകൾ ചുരുങ്ങിയ ശവംതീനിയുറുമ്പാണോ?
(ഫാദർ പ്ലാച്ചുടൻ ശവപ്പെട്ടിക്കരികിലേക്ക് നടക്കുന്നു)
വൃദ്ധൻഃ നീ…. ശവപ്പെട്ടിയിൽ തൊടരുത്! ഞാൻ…എന്റെ കണ്ണിലെ കൃഷ്ണമണികൾപോലെ കാത്തുസൂക്ഷിക്കുന്ന ശവങ്ങളാണ്!
ഫാദർഃ കുരയ്‌ക്കല്ലെ കെളവാ!
(ശവപ്പെട്ടിയുടെ മൂടിനീക്കാൻ ഫാദർ ശ്രമിക്കുന്നു. വൃദ്ധൻ കോടാലിയുമായി ഒരലർച്ചയോടെ ഫാദറിന്റെ നേരെ കുതിക്കുന്നു. ഫാദറെ വെട്ടാനോങ്ങുന്നു. ഫാദർ വൃദ്ധന്റെ കൈക്കുപിടിച്ച് കൈ ഞെരിച്ച് കോടാലി താഴെ വീഴ്‌ത്തിയതിനുശേഷം വൃദ്ധനെ തളളി താഴെയിടുന്നു.)
വൃദ്ധൻഃ (വിറയാർന്ന ശബ്‌ദത്തിൽ) എന്റെ ശവങ്ങൾ….യുഗങ്ങൾക്കുവേണ്ടി…നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച… എന്റെ ശവങ്ങൾ! (തേങ്ങുന്നു)
ഫാദർഃ (ശവപ്പെട്ടിയുടെ മൂടി തുറന്നു) ഈ ശവം ആരുടെതാണെന്ന് വ്യക്‌തമായില്ലല്ലോ?
വൃദ്ധൻഃ സൂക്ഷിച്ചുനോക്കു……അപ്പോ…ആളെ മനസ്സിലാകും…..ചെയ്‌ത പാപത്തിനു പ്രായശ്ചിത്തം ചെയ്യേണ്ടതായും വരും.
ഫാദർഃ (സൂക്ഷിച്ചുനോക്കി) വ്യക്‌തമാകുന്നില്ല!
വൃദ്ധൻഃ എങ്കിൽ മെഴുകുതിരികത്തിച്ചു നോക്കു.!
(ശവപ്പെട്ടിക്കരികിൽ നിന്നും മെഴുകുതിരിയും തീപ്പെട്ടിയുമെടുക്കുന്നു. കത്തിക്കുന്നു. പെട്ടിയിലേക്ക് നോക്കുന്നു.)
ഫാദർഃ (അത്ഭുതത്തോടെ) ക്രിസ്‌തു! എന്റെ ക്രിസ്‌തു! (മുട്ടുകുത്തി കുരിശു വരയ്‌ക്കുന്നു)
വൃദ്ധൻഃ (എഴുന്നേറ്റ്) ഇപ്പോ….മനസ്സിലായോ…… ഞാൻ സൂക്ഷിക്കുന്ന ശവങ്ങൾ ആരുടെയൊക്കെയാണെന്ന്?
ഫാദർഃ (പുച്‌ഛത്തോടെ) നീ സൂക്ഷിക്കുന്ന ശവം! ഈ ശവത്തിന് അവകാശി ഞാനല്ലാതെ പിന്നാരാണ്?
വൃദ്ധൻഃ (സംശയത്തോടെ) നീ?
ഫാദർഃ ഞാൻ ഇടവക ഭരിച്ചവൻ! വേദപുസ്‌തകം തൊട്ട് സത്യംചെയ്‌ത് വെന്തിങ്ങയണിഞ്ഞ വികാരി!
വൃദ്ധൻഃ ആ.. നീയോ?
ഫാദർഃ ച്‌ഛീ കിഴട്ടു കിഴവാ…..മിണ്ടരുത്! ഈ ശവത്തിന് അവകാശി ഞാനാണ്. ഞാൻ ഈ ശവം തിന്ന് എന്റെ ജീവനെ രക്ഷിക്കും. (പൈശാചികമായ ഭാവത്തോടെ ശവം കാർന്നുതിന്നുന്നു. ക്രൂരമായ ചിരികേട്ട് വൃദ്ധൻ ചെവിപൊത്തുന്നു. കാടിന്റെ ഉയർന്നു പൊങ്ങുന്ന ഭയാനകമായ ശബ്ദങ്ങൾ. മങ്ങിയ വെളിച്ചം.)
ഫാദർഃ (എഴുന്നേറ്റ്) എനിക്കൽപം വെളളം വേണം!
(പുറത്തേക്കു പോകുന്നു)
വൃദ്ധൻഃ (തിടുക്കത്തോടെ ശവപ്പെട്ടിയിൽ ചെന്ന് നോക്കുന്നു. ദൈന്യഭാവത്തോടെ) എന്റെ ഒരു കണ്ണു നഷ്‌ടപ്പെട്ടു!
(പഴയ സ്ഥാനത്തുപോയിരിക്കുന്നു. അൽപനിമിഷങ്ങൾക്കുശേഷം ഹാജിയാർ കടന്നു വരുന്നു. കളളിമുണ്ടും ബനിയനും
വേഷം. തലയിൽ തൊപ്പി. അരയിൽ ബെൽറ്റ്. താടിയുളള മുഖം.)
ഹാജിയാർഃ (ചുറ്റും നോക്കുന്നതിനിടയിൽ വൃദ്ധനെ കാണുന്നു) ങ്ങ്‌ള്…. ഞമ്മന്റാളാണോ?
വൃദ്ധൻഃ (താൽപര്യമില്ലാതെ) ആ!
ഹാജിയാർഃ റബ്ബേ! യേത് ദുനിയാവില്‌ശെന്നാലും ഞമ്മന്റാളെക്കാണും! ഞമ്മ കരുതി കോയ്‌ക്കോട്ടും ദുബായിലും മാത്രമെ ഞമ്മന്റാളൊളളന്ന്! ദേ!… ഇപ്പ ഇവിടേം!
വൃദ്ധൻഃ നിങ്ങൾ ഇപ്പോൾ എവിടുന്നാ?
ഹാജിയാർഃ ജ്ജ്….ദെന്ത് ശോദ്യാ……കോയിക്കോട്ടൂന്ന്! ജോലി വെസനസ്സ് ആണട്ടാ… എന്നു പറഞ്ഞാ….സകലകൺട്രോളും ഞമ്മന്റെ കയ്യിലാ!
വൃദ്ധൻഃ സകല കൺട്രോളും!
ഹാജിയാർഃ ജ്ജ്… ദെന്ത് ശോദ്യാ..(വിരലുമടക്കി) ഞമ്മക്ക് സമൂഹത്തി പുടീണ്ട്…വിസിനസ്സില് പുടീണ്ട്..രാഷ്‌ട്രീയത്തില് പുടീണ്ട്….ചുരുക്കിപ്പറഞ്ഞാ…ഞമ്മന്റാളില്ലാതെ….ഒന്നും അവടനടക്കൂലാ! അവട മന്ത്രിസഭ വേണോ? ഞമ്മ പറേണം! മന്ത്രിസഭ പൊളിക്കണോ…ഞമ്മ പറേണം!
വൃദ്ധൻഃ എന്നിട്ടെന്തേ അവിടെനിന്നും പോന്നൂ!
ഹാജിയാർഃ അതൊരു ശോദ്യാണ്… പക്ഷെങ്കി…..അത് കള! അതങ്ങ് മനസ്സീന്ന് കള! ഇത്….. വെസനസ്സിന് പറ്റിയ സ്‌ഥലോണന്നറിഞ്ഞ് പോന്ന്.
വൃദ്ധൻഃ മനുഷ്യരില്ലാത്തിടത്താണോ.. നിങ്ങടെ ബിസിനസ്സ്?
ഹാജിയാർഃ ആളില്ലാത്തിടത്തല്ല….. ആളോള് കാണാത്തിടത്ത്! മുതുക്കാ….ഞമ്മക്ക് വെശക്കണുണ്ട്….ഞമ്മിപ്പശാകും….അതിനുമുമ്പ് എന്തെങ്കിലും കുല്‌മാല് ശെയ്‌ത് ഞമ്മക്കാഹാരം തരണം.
വൃദ്ധൻഃ വനാന്തരത്തിലെ ഇരുട്ടുമാത്രം നിനക്ക് കൂട്ട്! വേഴാമ്പലുകൾപോലും കരയാത്തിടമാണിവിടം!
ഹാജിയാർഃ അത് കള! ഒരു പിടി ശോറ് തന്നാ…. നെനക്ക് ഞമ്മന്റരപ്പട്ടതരാം….. ഞമ്മന്റേരേല് കെടക്കണബൽറ്റിലെന്താ? ഈ ശെയ്‌ത്താന് ഒന്നും പുടീല്ലാ! സൊർണ്ണവിസ്‌ക്കറ്റാ….സൊർണ്ണവിസ്‌ക്കറ്റ്!
വൃദ്ധൻഃ (താല്‌പര്യം കാട്ടാതെ) പെണ്ണിനും പൊന്നിനും സ്വാധീനമില്ലാത്ത സ്ഥലമാണിത്.
ഹാജിയാർഃ (സംശയത്തോടെ) അപ്പോ?
വൃദ്ധൻഃ നീ വിശന്നു ചാകും!
ഹാജിയാർഃ അത് കള! ഇത്രേം പുടീളള ഒരു മനുസേൻ ഒരു പിടീന്റെ ശോറു കിട്ടാതെ ശത്തെന്ന് പറഞ്ഞാ……ഈ ദുനിയാവില് ഞമ്മന്റാളോള് ജീവിച്ചിരുന്നിട്ട് വല്ല ഫലോണ്ടോ…..? അപ്പൊ…..അത് കളാ! (ശവപ്പെട്ടിയിൽ ശ്രദ്ധിച്ച്) ഈ ശവം ആരിന്റെതാണ്?
വൃദ്ധൻഃ നിനക്കു നോക്കാം!
ഹാജിയാർഃ (ശവപ്പെട്ടിയിൽ നോക്കി) തെളീണിലല്ലോ!
വൃദ്ധൻഃ നിന്റെ കണ്ണുകൾക്ക് തിമിരമാണ്…സൂക്ഷിച്ചു നോക്കൂ!
ഹാജിയാർഃ എന്നിട്ടും പുടികിട്ടണില്ലാന്ന്!
വൃദ്ധൻഃ എന്നാൽ….ആ മെഴുകുതിരി കത്തിച്ചുനോക്കൂ.
(ഹാജിയാർ മെഴുകുതിരി കത്തിച്ചു നോക്കുന്നു. ലൈറ്റ് മങ്ങുന്നു)
ഹാജിയാർഃ ഹെന്റെറബ്ബേ! പഹേൻ ഇബട കെടക്കണാ! ഇത് ഞമ്മന്റെ നബീല്ലേ?
വൃദ്ധൻഃ നിന്റെയും എന്റെയും മുഹമ്മദ് നബി!
ഹാജിയാർഃ ഞമ്മ ഹജ്ജിന് പോയപ്പോ പഹേൻ അവട കാണുമെന്നു കരുതി!്. ദേ..ഇപ്പ ഇബട! ഇതെന്താരു കളിപ്പീര്! ഈ ശവത്തിന് അവകാശി ഞമ്മളാ…ഞമ്മള് ഹാജിയാരാണട്ടാ!
വൃദ്ധൻഃ (അമർഷത്തോടെ) ആ ശവത്തിൽ നീ തൊടരുത്!
ഹാജിയാർഃ ഒന്ന് മുണ്ടാതിരി ബ്‌ലാലെ! ഈ ശവം തിന്ന് ഞമ്മ വിശപ്പുമാറ്റും!
വൃദ്ധൻഃ നീ….. ആ ശവത്തിൽ തൊട്ടാൽ ഞാനെന്റെ കോടാലിയെടുക്കും.
ഹാജിയാർഃ അത് കള! ഏഴാളെ കുത്തിയ കത്തി ഞമ്മന്റെരേലുണ്ട്! അപ്പോ… അത് കള!
(വൃദ്ധൻ അസ്വസ്ഥനായ് നടക്കുന്നു. ഹാജിയാർ ക്രൂരമായ ചിരിയോടെ ശവം തിന്നുന്നു. കാടിന്റെ ഭയാനകമായ ശബ്‌ദങ്ങൾ. അല്പനിമിഷങ്ങൾ കഴിയുമ്പോൾ ഹാജിയാർ എഴുന്നേൽക്കുന്നു. പൂർണ്ണ വെളിച്ചം)
ഹാജിയാർഃ മുത്‌ക്കാ…..കൊറച്ച് ബാക്കീണ്ട്… അത് നീ തിന്നോ! (പുറത്തേക്കു പോകുന്നു.)
വൃദ്ധൻഃ ഫൂ! എട്ടുകാലി! ഇണയെ തിന്നുന്ന എട്ടുകാലി!
(വൃദ്ധൻ ശവപ്പെട്ടി പരിശോധിക്കുന്നു. ദുഃഖത്തോടെ പഴയ സ്ഥാനത്തേക്കു തന്നെ തിരിച്ചുവരുന്നു.)
വൃദ്ധൻഃ എന്റെ ഒരു കണ്ണുകൂടി നഷ്‌ടപ്പെട്ടു! (തളർന്നിരിക്കുന്നു)
(ദേവദത്തമേനോൻ പ്രവേശിക്കുന്നു. ജുബ്ബയും മുണ്ടും വേഷം. വസ്‌ത്രങ്ങൾ വിലപിടിച്ചതാണ്. കഴുത്തിൽ സ്വർണ്ണചെയിൻ. കൂളിംങ്ങ് ഗ്ലാസ്, വാക്കിംങ്ങ്‌സ്‌റ്റിക് എന്നിവ പ്രൗഢി കൂട്ടുന്നു.)
ദേവദത്തൻഃ (വൃദ്ധനെ ശ്രദ്ധിച്ച്) അടുത്തെങ്ങാനും ടി.ബി.യുണ്ടോ?
വൃദ്ധൻഃ (താല്‌പര്യമില്ലാതെ) ടി.ബി.യോ?
ദേവദത്തൻഃ ഐ…. മീൻ….. റസ്‌റ്റ് ഹൗസ്!
വൃദ്ധൻഃ നിനക്ക് നികുഞ്ജങ്ങളിൽ പളളിയുറങ്ങാം.
ദേവദത്തൻഃ അതിന്…. ഞാൻ വല്ല കാടനോ…. വേടനോ മറ്റോ ആണോടാ?
വൃദ്ധൻഃ സ്വയം ചോദിച്ച് ഉത്തരം കണ്ടുപിടിച്ചാൽ മതി.
ദേവദത്തൻഃ എക്‌സ് മിനിസ്‌റ്റർ ദേവദത്തമേനോനെ നീ കേട്ടിട്ടുണ്ടോ?
വൃദ്ധൻഃ ഈയുളളവന് വലിയ ഓർമ്മപിശകാ..!
ദേവദത്തൻഃ ഞാൻ ജനിച്ചതുതന്നെ ഒരു ബൂർഷ്വാഫാമിലിയിലാണെങ്കിലും പോരാടിയിട്ടുളളത് മുഴുവനും തൊഴിലാളി വർഗ്ഗത്തിന് വേണ്ടിയായിരുന്നു. നീ കേട്ടുകാണും…എക്‌സ് മിനിസ്‌റ്റർ ദേവദത്തമേനോൻ!
വൃദ്ധൻഃ ഇവിടെ വരുന്നോരെല്ലാം എക്‌സാണല്ലോ..ജീവിക്കുന്നവരാരും ഇവിടെ വരത്തില്ലെ?
ദേവദത്തൻഃ (ആലോചിച്ച്) ഞാൻ പറഞ്ഞു വന്നത് എന്താണ്? ഇതാണ് ഇടയ്‌ക്കുകയറിപറഞ്ഞാൽ…(ആലോചനയോടെ)ങ്ങ്‌ഹാ… ഞാൻ മന്ത്രിയായ കാര്യം….ഒരു കമ്മ്യൂണിസ്‌റ്റുകാരൻ വിപ്ലവത്തിൽ കൂടിയല്ലാതെ അധികാരത്തിൽ വരുന്നത് അല്‌പം ബുദ്ധിമുട്ടുളള കാര്യം ആണെടാ. ഞാൻ അധികാരത്തിൽ കയറിയതിനുശേഷം തേനുംപാലും തന്നെ ഒഴുക്കിയെടാ!.. അതാണ് ഞാൻ പറഞ്ഞത്. നീ എന്റെ പേര് കേട്ടുകാണുമെന്ന്.
വൃദ്ധൻഃ എവിടെ നിന്നാണാവോ എഴുന്നളളത്ത്?
ദേവദത്തൻഃ കേരളത്തീന്ന്!
വൃദ്ധൻഃ പേരെന്താ പറഞ്ഞത്….. മാവേലിയെന്നോ?
ദേവദത്തൻഃ മാവേലി! ഫൂ! വർഗ്ഗവിശകലനത്തിൽ അയാൾ ബൂർഷ്വായുടെ കൂടെ ആയിരുന്നു… പാലും തേനും ഒഴുക്കിയിരുന്നെങ്കിൽ തന്നെയും അയാളുടെ ഭരണം വലതുപക്ഷ പിന്തിരിപ്പൻമാർക്കു വേണ്ടിയായിരുന്നു…അമേരിക്കയിലിപ്പോ….അതുപോലെയല്ലേ? എന്നു കരുതി അവിടത്തെ വ്യവസ്ഥിതി നാം അഡോപ്‌റ്റ് ചെയ്യണോ? (ആലോചിച്ച്) അപ്പോൾ…..ഞാൻ പറഞ്ഞുവന്നത് എന്തിനുവേണ്ടിയായിരുന്നു.!
വൃദ്ധൻഃ ആ!
ദേവദത്തൻഃ ഇതാണ് ഇടയ്‌ക്കുകയറി പറഞ്ഞാൽ…(ആലോചിച്ച്) ങ്ങ്‌ഹാ….. എന്റെ പേര് നീ കേട്ടു കാണുമെന്നാ പറഞ്ഞത്!
വൃദ്ധൻഃ എന്തേ.. എക്സായിപ്പോയത്?
ദേവദത്തൻഃ അതിനെക്കുറിച്ചൊന്നും പറയാതിരിക്കയാണ് ഭേദം. ഈ തൊഴിലാളികളെന്ന് പറയണത് വെറും ചെറ്റകളാ! കൊടുത്ത കൈയ്‌ക്കുകടിക്കുന്ന സർപ്പങ്ങൾ. ഞാനെന്തിനാ…. സർവ്വസ്വവും ത്യജിച്ച് പാർട്ടിയിൽ വന്നത്? അല്ലേ.. എന്തിനാ?
വൃദ്ധൻഃ മന്ത്രിയാകാൻ!
ദേവദത്തൻഃ ഇപ്പോ….. ഈ ആപ്പേം ഊപ്പേം ഒക്കെ കയറിവന്ന് അവർക്ക് മന്ത്രിയാകണമെന്ന്…എന്തൊരു ചതിയാണ്….ഞാൻ മറുചേരിയിൽ നിൽക്കുകയായിരുന്നെങ്കിൽ…. ഇപ്പോ… ആരായിരുന്നേനെ… അല്ലാ.. ഒന്ന് ആലോചിച്ചു നോക്കൂ! ഏറ്റവും തലപ്പത്ത് എത്തിയേനെ! എനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉണ്ടായത്രേ! ഫൂ അപ്പോൾ… ഞാൻ പറഞ്ഞു വന്നത് (ആലോചിക്കുന്നു)
വൃദ്ധൻഃ റസ്‌റ്റ് ഹൗസ്!
ദേവദാസ്- അതൊന്നു ശരിപ്പെടുത്തണം.. ഇന്ന് രാത്രി ഇവിടെ സ്‌റ്റേചെയ്യണം… അതുകഴിഞ്ഞ്.. റഷ്യയിലും ചൈനയിലും ഒന്നു കറങ്ങണം.. തരംകിട്ടിയാൽ ചിലിയിലും.
വൃദ്ധൻഃ എന്തിനാ?
ദേവദത്തൻഃ എത്രയോ നാളുകൊണ്ട് തൊഴിലാളികൾക്കുവേണ്ടി ഓടിനടക്കുന്നു! ആരോഗ്യം മുഴുവനും തകർന്നു. ഒന്നു കാര്യമായി ചികിത്സിക്കണം… കഴിയുമെങ്കിൽ അമേരിക്കയിലിറങ്ങി ബ്രെയിൻവാഷും ഒന്ന് നടത്തണം. അപ്പോൾ… പറഞ്ഞു വന്നത് റസ്‌റ്റ് ഹൗസിന്റെ കാര്യമല്ലേ?
വൃദ്ധൻഃ ഇവിടെ ശ്വസിക്കാൻ വായുതന്നെ കിട്ടുന്നത് ഭാഗ്യമെന്നു കരുതിയാൽ മതി.
ദേവദത്തൻഃ (പരിഭ്രമത്തോടെ) അപ്പോൾ… ആഹാരം പോലും?
വൃദ്ധൻഃ ഒരു രക്ഷയുമില്ല.
ദേവദത്തൻഃ എനിക്കു ഒരുമണിക്കൂർപോലും പട്ടിണികിടക്കാൻ പറ്റില്ല.
വൃദ്ധൻഃ വളരെയധികം ത്യാഗം അനുഭവിച്ച് പ്രവർത്തിച്ചവനല്ലേ? പട്ടിണി കിടന്ന് പരിചയമുളളവനല്ലേ? എന്തിന് ഭയപ്പെടുന്നു.?
ദേവദത്തൻഃ വൃദ്ധാ.. തമാശപറയല്ലേ? ഞാൻ ജനിച്ചതുതന്നെ ചുണ്ടിൽ വെളളിക്കരണ്ടിയുമായിട്ടാണ്. മുജ്ജന്മസുകൃതത്താൽ കിട്ടിയ ആ മഹിമയുണ്ടല്ലോ? അതെന്നും ഞാൻ കാത്തുസൂക്ഷിക്കും.
വൃദ്ധൻഃ എന്നാൽ നീ ഇന്ന് പട്ടിണികിടന്നു മരിക്കും!
ദേവദത്തൻഃ ഞാനോ?
വൃദ്ധൻഃ നിനക്കു ജലംപോലും കിട്ടില്ല.
ദേവദത്തൻഃ ങ്ങ്‌ഹേ? ഞാനപ്പോൾ..?
വൃദ്ധൻഃ നീ മരിക്കും.
ദേവദത്തൻഃ ഇല്ല! എനിക്കിനി പലതും നേടാനുണ്ട്! പര്യടനം കഴിഞ്ഞു വന്നാൽ.. ഇല്ല.. ഞാൻ.. ജീവിക്കും. (ശവപ്പെട്ടിയിൽ ശ്രദ്ധിച്ച്) ഈ ശവപ്പെട്ടിയിലെ ശവം തിന്ന് ജീവിക്കും.
വൃദ്ധൻഃ (അസ്വസ്‌ഥതയോടെ) അവശേഷിച്ച ആ ശവം എന്റെ നട്ടെല്ലാണ്. അതു തൊട്ടാൽ..?
ദേവദത്തൻഃ ഒരു ചുക്കുമില്ല. ഖജനാവിൽ തൊടരുതെന്നു പറഞ്ഞിട്ട് തൊട്ടവനാ ഞാൻ.
വൃദ്ധൻഃ ഞാൻ കൂടുതലൊന്നും പറയുന്നില്ല. നീ തുറന്നുനോക്കൂ… അപ്പോ മനസ്സിലാകും.
ദേവദത്തൻഃ (ശവപ്പെട്ടി തുറന്ന്) ഈ താടി വളർന്ന മുഖം ആരുടേതാണ്?
വൃദ്ധൻഃ നിനക്കു മനസ്സിലായില്ലേ?
ദേവദത്തൻഃ ലോകത്തിലെ കാടൻമാരെ മുഴുവൻ ഞാൻ മനസ്സിലാക്കണമെന്നുണ്ടോ?
വൃദ്ധൻഃ മെഴുകുതിരി കത്തിച്ചു നോക്കുന്നു. (ദേഷ്യത്തോടെ എഴുന്നേൽക്കുന്നു.)
ദേവദത്തൻഃ അറുപിന്തിരിപ്പൻമാരുടെ ചേരിയിൽ നിന്നുകൊണ്ട് നീ ഈ ശവം ഒളിച്ചുവച്ചിരിക്കയാണല്ലേ? തൊഴിലാളിവർഗ്ഗത്തിനു വേണ്ടി ബൈബിളെഴുതിയ എന്റെ ഗുരു. എന്റെ കാറൽ മാർക്സ്! എടാ! നന്ദികെട്ട നായെ! ഈ ശവത്തിന് ഞാനല്ലാതെ.. മറ്റാരാണെടാ ഈ ലോകത്തിലവകാശി?
വൃദ്ധൻഃ (തളർന്നു) നീയും?
(ദേവദത്തൻ അമർഷത്തോടെ വൃദ്ധനെ നോക്കിയതിനുശേഷം ശവം തിന്നുന്നു. ഭയാനകമായ ശബ്‌ദങ്ങൾ. ശവം തിന്നു കഴിയുന്നതോടെ മങ്ങിയ വെളിച്ചം തെളിയുന്നു.)
ദേവദത്തൻഃ മാംസം തിന്നാൻ ബ്രാണ്ടിയാണാവശ്യം. ഇവിടെ കടന്നൽ കൂട്ടിലെ തേനെങ്കിലും തേടണം. (പോകുന്നു)
വൃദ്ധൻഃ (പരിക്ഷീണിതനായി) എന്റെ നട്ടെല്ലുകൂടി തകർന്നു. കണ്ണുകൾ നഷ്‌ടപ്പെട്ട ഞാൻ…. നട്ടെല്ലുതകർന്ന ഞാൻ…. നിഷ്‌ക്രിയത്വത്തിന്റെ പുറ്റിലൊളിക്കണം…അനന്തതയുടെ പ്രളയത്തിലെ വാത്മീകമായ്… പുനർജ്ജനിയുടെ മന്ത്രധ്വനിക്കുവേണ്ടി ഞാനിതാ ഇവിടെ തളർന്നു.. തളർന്നു.. വീഴുന്നു!
(നിമിഷങ്ങൾക്കുശേഷം ഇരുവശത്തുനിന്നും ഹാജിയാരും, ഫാദറും പ്രവേശിക്കുന്നു. ഫാദർ പരുങ്ങുന്നു.)
ഫാദർ ഃ എല്ലാം കുഴപ്പത്തിലായ്… ഹാജിയാരെ… ഞാനെന്റെ ളോഹ ഊരി.
ഹാജിയാർഃ ങ്ങ്‌ഹാ… താൻ ളോഹ ഊരിയാ…എങ്കി.. കാഷായവസ്‌ത്രം ധരിക്ക്.
ഫാദർഃ നോട്ടടിച്ചു കൊണ്ടിരുന്ന പ്രസ്സ് പോലീസ് വളഞ്ഞു. ഞാനെന്റെ ജീവനുംകൊണ്ട് ഓടിപ്പോന്നിരിക്കുകയാണ്. നിങ്ങൾ രക്ഷിക്കണം.
ഹാജിയാർഃ (തലകുലുക്കി) ങ്ങ്‌ഹാ.. അതുകൊളളാം.. മുങ്ങിപ്പോണോര് തമ്മില് കെട്ടിപ്പിടിച്ചിട്ട് വല്ല കാര്യോണ്ടൊ?
ഫാദർഃ ഹാജിയാര്?
ഹാജിഃ കോയിക്കോട്ട് കടപ്പുറത്ത് വച്ച് ഉരുവും കസ്‌റ്റംസുകാരും തമ്മില് ഏറ്റുമുട്ടി… കസ്‌റ്റംസുകാരെ മൂന്നാലുപേരെ ഒറ്റയടിക്കു തട്ടിയപ്പാ.. ഇനിയിപ്പോ.. നാട്ടിപ്പോകാൻ പാങ്ങില്ലാണ്ടായി.
(ദേവദത്തമേനോൻ പ്രവേശിക്കുന്നു)
ഫാദർഃ അല്ലാ! ഇത് നമ്മുടെ എക്സ്‌മിനിസ്‌റ്ററല്ലെ? എന്താ ഇങ്ങട്ട്? ഹാജിയാരെക്കണ്ട് അടുത്ത തെരഞ്ഞെടുപ്പിനുളള വട്ടം കൂട്ടലിനാണോ?
ദേവദത്തൻഃ ഹാജിയാരുമായിട്ട് ഒരു കൂട്ടുകെട്ടിനും ഞാനില്ല. ഒരു വ്യവസ്ഥയും വെളളിയാഴ്‌ചയും ഇല്ലാത്തവർ. ചോദിച്ചതെല്ലാം ഞാനിവർക്കു കൊടുത്തതാണ്… എന്നിട്ട് ഖജനാവ് കൊളളയടിച്ചെന്നു പറഞ്ഞ് ഇവരെല്ലാവരും കൂടി എന്നെ പുറത്താക്കി.
ഹാജിയാർഃ ഞമ്മന്റെ സൊവാവം അങ്ങനെയാ.. സ്‌നേഹിച്ചാ.. സ്‌നേഹിക്കും. ശതിച്ചാ… ശതിക്കും. ഓപ്പാര് പകതീന്നല്ലേ പറഞ്ഞത്. എന്നിട്ട് നിങ്ങ ലച്ചക്കണക്കിന് രൂപ കൈക്കൂലി വാങ്ങിച്ചിട്ട് ഞമ്മളോടെന്താ പറഞ്ഞേ.. കളളക്കടത്തു നടത്തിക്കോളാൻ! ഓപ്പാര് പകുതി ഞമ്മക്കും കിട്ടണം. അല്ലേല് ഇങ്ങനെ ശുറ്റും.
(യുവാവ് പ്രവേശിക്കുന്നു. മൂന്നുപേരും പരുങ്ങുന്നു.)
യുവാവ്‌ഃ നരകത്തിന് മൂന്നു വാതിലുകളുണ്ടോ?
ഫാദർഃ ഞങ്ങൾ മൂന്നും കൂടി നിന്റെ സൂചിക്കുഴയിലൂടെ കടക്കാൻ ശ്രമിക്കയാണ്.
ദേവദത്തൻഃ ചോറുതന്ന കൈക്കു കടിച്ചവൻ
യുവാവ്‌ഃ വിഷച്ചോറണെങ്കിൽ കൊത്തും!
ഹാജിയാർഃ ഞമ്മട കയ്യിലും ഓടണത് വെഷോണ്. കൊത്തിയോനും ശാകും.
യുവാവ്‌ഃ നിങ്ങളൊക്കെയല്ലേ ഈ സമൂഹത്തിലെ മാന്യൻമാർ. ആ മാന്യതയുടെ പൊയ്‌മുഖം ഞാൻ വലിച്ചുകീറി. എനിക്കതിൽ അഭിമാനമുണ്ട്.. ഈ നിൽക്കുന്ന ഫാദർ പ്ലാച്ചൂടൻ ഇടവക വികാരിയായ ഇവന്റെ… പരിശുദ്ധപിതാവിന്റെ അനുയായിയായ ഇവന്റെ ഓമനമകനാണു ഞാൻ. ഒരു കന്യാസ്‌ത്രീയിൽ ജനിച്ച ഞാൻ. ഇവന്റെ പൊയ്‌മുഖം വലിച്ചുകീറിയില്ലെങ്കിൽ പിന്നാരുടെ കീറും?
ഫാദർഃ (വിറയാർന്ന സ്വരത്തിൽ) എടാ.. ജോൺ
യുവാവ്‌ഃ കളളനോട്ടടിയും വ്യഭിചാരവും ഭക്‌തിയും ഒരേ തോണിയിൽ… ആ തോണി മുങ്ങിയില്ലെങ്കിൽ മുക്കും.
ദേവദത്തൻഃ ഹൊ-ഹൊ-ഹൊ. വളരെ ഷെയിം മിസ്‌റ്റർ ഫാദർ പ്ലാച്ചൂടൻ.
യുവാവ്‌ഃ രോഗി രോഗിയെ ചികിത്സിക്കയാണോ?
ദേവദത്തൻഃ ങ്ങ് ഹാ… കണ്ടത് ഞാൻ പറയും.
യുവാവ്‌ഃ ആയിരങ്ങളുടെ കൈച്ചങ്ങലയഴിക്കാൻ വന്ന നീ.. അവരെയെല്ലാം ഒറ്റച്ചങ്ങലയിൽ കൊളുത്തി ബലിയാടുകളാക്കിത്തീർത്തു. നിന്നിലൂടെ കൊച്ചടിവച്ചു നടന്നുവന്ന ഞാൻ… നിന്റെ ശബ്‌ദകോലാഹലത്തിൽ മയങ്ങിവീണ ഞാൻ… ഇന്ന് ഉണർന്നെഴുന്നേറ്റിരിക്കുന്നു. നിനക്കെതിരെ കുഞ്ഞാടുകളുടെ രക്‌തം വിറ്റ് പൈസയാക്കിയ നിനക്കെതിരെ!
ദേവദത്തൻഃ (പരുങ്ങി) രഘു… നീ
യുവാവ്‌ഃ നിമ്‌നോന്നതങ്ങളായ നിന്റെ ഭൂമിയിൽ ഞാൻ സമതലങ്ങൾ സൃഷ്‌ടിക്കും.
ദേവദത്തൻഃ രഘൂ… നിന്റെ രക്‌തത്തിളപ്പ്! ഇളം രക്‌തം ഊഷരഭൂമിയുടെ വരൾച്ച മാറ്റുമെന്നല്ലാതെ.
യുവാവ്‌ഃ എന്റെ രക്‌തം നക്കിത്തോർത്താൻ വരുന്ന നാവുകളെ ഞാൻ അരിഞ്ഞു തളളും.
ഹാജിയാർഃ ഓന്റെ വർത്തമാനം ഞമ്മക്ക് പുടിച്ച്.. ഈ ഹറാംപെറന്നോൻ രക്‌തം കുടിച്ച് തടിച്ചു വീർത്തതെന്ന് പറേണതില് ഒരു സംശ്യോല്ല്യ… പക്ഷേങ്കി എല്ലാവർക്കുമെതിരായിട്ട് ഈ ദുനിയാവില് നിനക്ക് ജീവിക്കാനൊക്ക്വോ?
യുവാവ്‌ഃ ഹാജിയാരെ… എനിക്കതിന് സാധിക്കും… ഹാജിയാരെ.. നിന്നെപ്പോലുളേളാരെ നശിപ്പിച്ചാൽ ഞങ്ങൾക്ക് ഈ ഭൂമിയിൽ സുഖമായി ജീവിക്കാൻ സാധിക്കും ഹാജിയാരെ!
ഹാജിയാർഃ പരീതെ… നീയെന്തിനാ ഞമ്മളോട് കെറീക്കണത്… ഒന്നുമില്ലേല്ല് ഞമ്മൾ ഒരു ജാതിയല്ലെടാ പരീതെ…
യുവാവ്‌ഃ നീ! നാടും സമുദായവും നന്നാക്കാൻ നടക്കണ നീ… നിന്റെ കളളക്കടത്തിൽ സംശയം തോന്നിയ എന്റെ ബാപ്പയെ കുത്തിക്കൊന്ന നിന്നെ ബ്‌സ്മി ചൊല്ലാതെ അറക്കേണ്ടതാണ്.
ഹാജിയാർഃ (വൈഷമ്യത്തോടെ) കളേപ്പാ ഈ പഴങ്കഥയൊക്കെ ഇപ്പബെളമ്പണത് എന്തിനാ? കയിഞ്ഞത്… കയിഞ്ഞില്ലേ?
യുവാവ്‌ഃ ഇല്ല… ഭൂതത്തിന്റെ തുടക്കം മാത്രം വർത്തമാനം?
ഹാജിയാർഃ ഞമ്മക്ക്… ഭാവിയെക്കുറിച്ച് ചിന്തിച്ചൊരു തീരുമാനത്തിലെത്താപ്പാ.
ഫാദർഃ അതെ… അത് ഞാനും പറയാൻ ഭാവിക്കയായിരുന്നു.
ദേവദത്തൻഃ (തന്ത്രപൂർവ്വം) രഘൂ… നീയും ഞാനുമൊക്കെ ഇന്നൊരു പ്രതിസന്ധിയിലാണ്…. നമുക്ക് നമ്മുടെ ജനിച്ച നാട്ടിൽ കാലുകുത്താൻ വയ്യാണ്ടായിരിക്കുന്നു. തൂങ്ങി മരിക്കുന്നോരെ കാണുമ്പോൾ കൊഞ്ഞനം കുത്തുകയാണെന്നു തോന്നും. സത്യം അതല്ല. നമ്മൾ നാലും മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നുമുളള മോചനത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം.
ഹാജിയാർഃ പരീതെ… നീയൊന്ന് ശൊണേയ്‌ട്ട് നമ്മളെ നയിക്കെടാ.
ദേവദത്തൻഃ രഘൂ… ഏതായാലും നിന്നെ ഞാൻ നേതാവാക്കിയിരിക്കുന്നു.
ഫാദർഃ മോനെ.. ജോണെ.. നിന്റെപ്പച്ചനാണ് പറയണത്.. ഞാൻ ഊരിയ ളോഹ… നീ എന്നെക്കൊണ്ട് ഇടീക്കണം.
ദേവദത്തൻഃ അപ്പൊ…. നമുക്കൊരു ഒത്തുതീർപ്പ് വ്യവസ്ഥയുണ്ടാക്കാം. ഓ…. കെളവൻ അതാ.. അവിടെ കിടക്കുന്നു. നമുക്ക് ഇവിടെനിന്നും പുറത്തുപോയി സംസാരിക്കാം.
ഫാദർഃ ചെവിയോടു ചെവി അറിയരുത്. അത്തരമൊരു തീരുമാനമെടുക്കണം.
ഹാജിയാർഃ പരീതെ…. ബരീൻ… പുറത്തുപോകാം.
യുവാവ്‌ഃ ശരിയാണ്. ഇതൊരു പരിശുദ്ധ സ്ഥലമാണ്. നമുക്ക് പുറത്തുപോയി സംസാരിക്കാം.
(അല്പനിമിഷങ്ങൾ കഴിയുമ്പോൾ മരണവെപ്രാളത്തിന്റെ അലർച്ച. ഈശോ… അളളാ…. ദൈവമേ…. എന്നീ ശബ്‌ദങ്ങൾ. കയ്യിൽ രക്‌തം പുരണ്ട കത്തിയുമായി യുവാവ് പ്രവേശിക്കുന്നു).
യുവാവ്‌ഃ (കിതപ്പോടെ) വൃദ്ധാ.. എഴുന്നേൽക്കു!
(വൃദ്ധ എഴുന്നേൽക്കുന്നു)
വൃദ്ധൻഃ (അത്ഭുതത്തോടെ) യുവാവെ രക്‌തംപുരണ്ട കത്തി.
യുവാവ്‌ഃ അവരെ ഞാൻ കൊന്നു. വിശ്വാസപ്രമാണങ്ങൾ വഞ്ചിച്ചവരെ!
വൃദ്ധൻഃ നിനക്കതിന് കഴിഞ്ഞോ?
യുവാവ്‌ഃ കഴിഞ്ഞു.
വൃദ്ധൻഃ എനിക്കു സാധിക്കാത്തത് നീ ?
യുവാവ്‌ഃ വൃദ്ധൻ തോറ്റിടത്ത് ഞാൻ ജയിച്ചു.
വൃദ്ധൻഃ (സന്തോഷത്തോടെ) എനിക്കെന്റെ പഴയ ചൈതന്യം വീണ്ടു കിട്ടി.
യുവാവ്‌ഃ വൃദ്ധാ… നീ… എന്നെ നയിക്കൂ.
വൃദ്ധൻഃ എങ്ങോട്ട്?
യുവാവ്‌ഃ എന്റെ നാട്ടിലേക്ക്.
വൃദ്ധൻഃ അവിടെ നിന്റെ സാന്നിദ്ധ്യം ഇനിയെന്തിന്?
യുവാവ്‌ഃ ഞാൻ വിതറിയ തീപ്പൊരികൾ പടർന്നു കത്തുന്നത് എനിക്ക് കാണണം.
വൃദ്ധൻഃ എന്നെ വിശ്വസിച്ചുകൂടെ?
യുവാവ്‌ഃ അതുകൊണ്ടാണ് വൃദ്ധാ… ഞാൻ പറയുന്നത്. എന്നെ നയിക്കൂ!
വൃദ്ധൻഃ ഞാനെന്നും പുറകെയാണ് സഞ്ചരിച്ചിട്ടുളളത്.
യുവാവ്‌ഃ ഞാൻ നിങ്ങളെ ബഹുമാനിക്കുന്നതുകൊണ്ട് പറയുന്നു… എനിക്കു മുമ്പേ നടക്കൂ.
വൃദ്ധൻഃ യുവാവെ…. നീ എന്നെ നയിച്ചാലും.
യുവാവ്‌ഃ ശരി.
(യുവാവ് മുന്നിലും വൃദ്ധൻ പിന്നിലുമായി നടക്കുന്നു. പെട്ടെന്ന് ഒരലർച്ചയോടെ വൃദ്ധൻ കോടാലിയെടുത്ത് യുവാവിന്റെ കഴുത്തിനു വെട്ടുന്നു. യുവാവ് നിലത്തു പിടഞ്ഞുവീഴുന്നു. വൃദ്ധൻ യുവാവിന്റെ ശരീരം താങ്ങിയെടുക്കുന്നു.)
വൃദ്ധൻഃ (സംതൃപ്തിയോടെ) ക്രിസ്‌തുവിനും, നബിക്കും, മാർക്‌സിനുംശേഷം ഞാനൊരു ശവത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു… അവരുടെ ശവങ്ങളൊഴിഞ്ഞ ശവപ്പെട്ടിയിൽ… യുവാവെ…. നിന്റെ ശവം ഞാൻ കിടത്തും. യുഗങ്ങളോളം ശവംതീനി ഉറുമ്പുകളേയും ഓടിച്ച്… നിന്റെ ശവവും കാത്ത് ഞാൻ ഇവിടെ ഇരിക്കും. യുവാവെ…. നീയും ഞാനും ജയിച്ചിരിക്കുന്നു.
* * * * * * * * * * * * കർട്ടൻ * * * * * * * * * * * *
Generated from archived content: drama_savamtheeni.html Author: karthi_padiyath
Click this button or press Ctrl+G to toggle between Malayalam and English