പൂവമ്പഴം

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ കാരൂർ നീലകണ്‌ഠപ്പിളളയുടെ ‘പൂവമ്പഴം’ എന്ന കഥ വായിക്കുക.

ഞങ്ങളുടെ വീടിന്റെ തൊട്ടുകിഴക്കേത്‌ ഒരു വലിയ ജന്മിയുടെ മനയാണ്‌. ഞങ്ങൾ അവരെ ആശ്രയിച്ചും സേവിച്ചുമാണു കഴിയുന്നത്‌. ഞങ്ങൾ പരസ്‌പരം ഉപകാരികളാണെന്നു പറഞ്ഞാൽ ഒരുതരത്തിൽ ശരിയായിരിക്കും. അവർ യജമാനന്മാരും ഞങ്ങൾ ഭൃത്യരും. മനയ്‌ക്കൽ എന്തെങ്കിലും വിശേഷം ഉണ്ടായാൽ – പുറന്നാൾ, ഉണ്ണിയൂണ്‌, വേളി, പിണ്ഡം എന്തെങ്കിലും – അന്നു ഞങ്ങളുടെ വീട്ടിൽ തീ കത്തിച്ചിട്ടാവശ്യമില്ല. തിരുവാതിരയായാൽ മറ്റെവിടെ കൈകൊട്ടിക്കളയുണ്ടായാലും എന്റെ വീട്ടിലെ സ്‌ത്രീകൾ മനയ്‌ക്കലേ പോകൂ. ഞങ്ങൾ കുട്ടികൾ, മാമ്പഴമുളള കാലത്തു മനയക്കലേ മാഞ്ചുവട്ടിൽ മാടംവെച്ചു കളിക്കയും മാമ്പഴം പെറുക്കുകയും ചെയ്യും. അവിടത്തെ മുറ്റത്തുള്ള മരത്തിലാണു ഞങ്ങൾ ഓണക്കാലത്ത്‌ ഊഞ്ഞാലിടാറുളളത്‌. അങ്ങനെ പറയേണ്ട, ആ മന ഞങ്ങൾക്ക്‌ വീട്ടിലും ഉപരിയാണ്‌.

അവിടെ എന്റെ പ്രായത്തിലൊരു ഉണ്ണിയുണ്ടായിരുന്നു – വാസുക്കുട്ടൻ. ഞങ്ങൾ വലിപ്പച്ചെറുപ്പവിചാരമില്ലാത്ത ചങ്ങാതികളായിരുന്നു. പിരിയാത്ത കൂട്ടുകാർ. കഷ്‌ടം! ആ ഉണ്ണി മൂന്നുകൊല്ലം മുമ്പു മരിച്ചുപോയി.

അതിന്റെ അമ്മ അതെങ്ങനെ സഹിച്ചോ! ഭർത്താവു മരിച്ചതിൽപ്പിന്നെ ആ സ്‌ത്രീയുടെ ആശാകേന്ദ്രം ആ ബാലനായിരുന്നു. പത്തുകൊല്ലക്കാലം ആ വിധവ അനുഭവിച്ച ദുഃഖങ്ങൾക്കിടയ്‌ക്കു കാണാറുള്ള മധുരസ്വപ്‌നങ്ങൾ അങ്ങനെ അവസാനിച്ചു, മൂന്നു കൊല്ലങ്ങൾക്കുമുമ്പ്‌.

ആ അന്തർജനത്തിന്‌ ഇങ്ങനെയൊന്നും വരേണ്ടതല്ല. അവരെ പരിചയമുള്ളവർ, അവരുടെ വർത്തമാനം കേട്ടിട്ടുള്ളവർ, ആഗ്രഹിക്കും അവർക്കു നന്മ വരണമെന്ന്‌. അവരെ ഒരിക്കൽ കണ്ടിട്ടുള്ളവർ ഒരുത്തരും കണ്ണീർ പൊഴിക്കാതിരിക്കയില്ല, അവരുടെ ഇന്നത്തെ നില അറിഞ്ഞാൽ. എന്താണവർക്കൊരു സുഖമുള്ളത്‌? എന്തിനാണ്‌ അവർ ഇനി ജീവിച്ചിരിക്കുന്നത്‌?

അവരുടെ പേര്‌ ഉണ്ണിമാ എന്നോ നങ്ങയ്യ എന്നോ ഏതാണ്ടാണ്‌ എന്നാലും അയൽപക്കത്തുള്ള പെണ്ണുങ്ങൾ അവർക്കു കൊടുത്തിരിക്കുന്നത്‌ ‘പൂവമ്പഴം’ എന്നൊരു പേരാണ്‌. ആക്ഷേപിച്ചു പറയുന്നതല്ല. അവരുടെ മാതൃഗൃഹം പൂവമ്പഴ എന്നൊരു സ്‌ഥലത്താണ്‌. അതിൽനിന്നിങ്ങനെ ഒരു പേര്‌ പ്രചാരത്തിലായി. അവർക്കാ പേരാണു ചേരുന്നതും വെളുത്തു ചുവന്നു മെഴുത്തിട്ടാണവർ.

മകൻ മരിച്ചതിൽപ്പിന്നെ ഒരിക്കലോ മറ്റോ ആണു ഞാൻ അവരെ കണ്ടിട്ടുള്ളത്‌. എനിക്ക്‌ ഏതാണ്ട്‌ പുരുഷപ്രാപ്‌തിയായി; അവർ ഒരു അന്തർജ്ജനവും.

ഒരു ദിവസം അമ്മ പറഞ്ഞു; “നിന്നെയാണ്ടെടാ പൂവമ്പഴം വിളിക്കുന്നു ആ മതിലുങ്കല്‌.”

ഞാൻ ഒരു ഗൃഹപാഠക്കണക്കു ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. അവർ വിളിച്ചതു കിണറ്റിൽപ്പോയ തൊട്ടി എടുത്തു കൊടുക്കാനോ പീടികയിൽ പോകാനോ വല്ലതുമായിരിക്കും. എനിക്കൊട്ടു രസിച്ചില്ല. എന്റെ വീട്ടുകാരൊക്കെ മനയ്‌ക്കൽ വേലക്കാരാണ്‌, ആണുങ്ങളും പെണ്ണുങ്ങളും. ഹൈസ്‌കൂളിൽ പഠിക്കുന്ന എനിക്ക്‌ അതൊരു കുറവായി തോന്നിയിട്ടുണ്ട്‌. ദാരിദ്ര്യം കൊണ്ടാണ്‌ അവിടെ വീടുപണിക്കു പോകുന്നത്‌. അതുകൊണ്ടു ദാരിദ്ര്യം മാറുന്നുണ്ടോ, ഒട്ടില്ലതാനും. ഗതിപിടിക്കാനുള്ള വഴി നോക്കണമെന്നു വിചാരമില്ല, അന്നത്തെ കഞ്ഞിക്കു മനയ്‌ക്കൽനിന്നു കിട്ടുന്നതുകൊണ്ട്‌. കുടുംബത്തോടെയുള്ള ഈ നിത്യദാസ്യത്തിനൊരു മാറ്റം വരണമെന്ന്‌ എനിക്കു മോഹമുണ്ട്‌. ഞാനായിരിക്കും അതിന്റെ മാർഗ്ഗദർശി. അവരുടെ മുറ്റം തൂക്കാനും എച്ചിലെടുക്കാനുമൊക്കെ പോകുന്നതിലെത്ര നല്ലതാണ്‌, അഭിമാനമുണ്ട്‌, കൊയ്യാനോ കള പറിക്കാനോ പോയാൽ. ഞങ്ങളുടെ വീട്ടിലെ ആണുങ്ങൾക്കാണെങ്കിൽ പറമ്പു കിളയ്‌ക്കാനും കയ്യാലകുത്താനും മനയ്‌ക്കലല്ലാതെ വേറെ വല്ലെടത്തും പോകരുതോ? ഞാൻ ഇംഗ്ലീഷ്‌ പഠിക്കുന്നതു മനയ്‌ക്കലാർക്കും ഇഷ്‌ടമായിരിക്കയില്ല. അവർക്കു കടയിൽ പോകാനും കവുങ്ങിൽ കയറാനും തൊട്ട അയൽപക്കത്തു പിന്നെയാരിരിക്കുന്നു?

“പൂവമ്പഴോം പടറ്റുപഴോം!” എന്നു മുറുമുറുത്തുകൊണ്ടു ബുക്കു മടക്കിവച്ചിട്ടു ഞാൻ മതിലിങ്കലേക്കു ചെന്നു – ഞങ്ങളുടെ കിഴക്കേതു മനയ്‌ക്കലെ പടിഞ്ഞാറേതും അതിരിന്‌ അവർ കെട്ടിച്ചിരിക്കുന്ന മതിലിങ്കലേക്ക്‌.

“എന്തിനാ വിളിച്ചത്‌?” എന്ന്‌ അകലെവച്ചേ ഞാൻ ചോദിച്ചു.

ആ മതിലിന്‌ അവരുടെ അരയോളം പൊക്കമുളെളങ്കിലും അവർ നിൽക്കുന്ന പുരയിടം എന്റെ തലയോളം ഉയർന്നതാണ്‌. അവരൊരു മേൽമുണ്ടു പുതച്ചിരുന്നു. അവരുടെ അഴകേറിയ നീണ്ട മുടി അനുസരണക്കേടു കാണിച്ചുകൊണ്ടിരുന്നു. അതിനും അറിയാം ഉടയോനില്ലാത്തവരെ വകവയ്‌ക്കെണ്ടെന്ന്‌. ഞാൻ ഒരു പതിനഞ്ചടി അകലത്തിൽ ചെന്നുനിന്നു.

“അപ്പുവിനെ കണ്ടിട്ടെത്ര നാളായി! അവിടെ എന്തെടുക്കുകയായിരുന്നു?”

“ഞാൻ ഒരു കണക്കു ചെയ്യുകയായിരുന്നു.”

“ഇന്നു പഠിത്തമില്ലല്ലോ. പിന്നെയെന്താ ധിറുതി?”

“ധിറുതിയൊന്നുമില്ല. എന്താ വേണ്ടത്‌?”

“നീയിങ്ങോട്ടു നടന്നുവന്നപ്പോൾ ഞാൻ ഓർക്കുകയായിരുന്നു എന്റെ വാസുവിന്റെ കാര്യം. അപ്പുവിനെക്കാളൊന്നരമാസത്തെ എളപ്പമേ ഒണ്ടായിരുന്നൊള്ളു.

അവർ മകന്റെ കാര്യം പറഞ്ഞുതുടങ്ങിയാൽ കരഞ്ഞേക്കും. ഞാൻ എന്തു പറഞ്ഞാണവരെയൊന്നു സമാധാനപ്പെടുത്തുക! ഞാൻ ഒന്നു മൂളി.

”ദൈവം നീട്ടിവലിക്കുകയായിരുന്നു.“ അവരുടെ ശബ്‌ദത്തിനിടർച്ച തോന്നിയില്ലെങ്കിലും നീണ്ടു നീലിച്ച നയനങ്ങൾ ശോകം പ്രകടിപ്പിച്ചു.

”നമ്മുടെയും കാര്യം ആർക്കറിയാം!“

അവരൊന്നു നെടുവീർപ്പിട്ടു.

അല്‌പനേരത്തെ മൗനത്തിനുശേഷം അവർ ചിലതൊക്കെ ചോദിച്ചു. കഞ്ഞിക്കെന്തായിരുന്നു കൂട്ടാൻ?, ഏതു ക്ലാസിലാ പഠിക്കുന്നത്‌?, ഫീസെത്ര രൂപയാ?‘ക്ലാസിലെത്ര കുട്ടികളുണ്ട്‌? ഇംഗ്ലിഷോ സംസ്‌കൃതമോ പഠിക്കാൻ പ്രയാസം? ഇങ്ങനെ പലതും.

”ഞാൻ എന്തിനാ വിളിച്ചതെന്നറിഞ്ഞോ? എനിക്ക്‌ ഒരു ഉണ്ടനൂലും തൂശീം മേടിച്ചുതരണം. വണ്ണംകുറഞ്ഞ തൂശി വേണം; തയ്‌ക്കാനാ.“

”മേടിച്ചു തരാമല്ലോ!“

അവർ എന്നെ മതിലിനരികിലേക്കു വിളിച്ചിട്ടു നഗ്നമായ കൈ നീട്ടി ഒരു നാണയം ഇട്ടുതന്നു. ”അതു മതിയാകുമോ? ഇന്നു വേണമെന്നില്ല. നാളെയായാലും മതി. പോയി പഠിച്ചോളൂ. എന്തുകണക്കാ ചെയ്യുന്നത്‌?“

ഇതൊക്കെയാണ്‌ ’കിണ്ണാണം‘ എന്നു പറയുന്നത്‌. അവർക്കതറിഞ്ഞിട്ടൊരാവശ്യവുമില്ല. അറിഞ്ഞാലൊരു രസവുമില്ല. എന്നാലും ഞാൻ പറഞ്ഞുഃ ”സമയവും വേലയും സംബന്ധിച്ച ഒരു കണക്ക്‌.“

”ആ, എനിക്കു വേലയേ ഉള്ളു, സമയമില്ല. എന്നാലും ആ കണക്കൊന്നു പറഞ്ഞേ, കേൾക്കട്ടെ.“

എനിക്കല്‌പം ദേഷ്യം തോന്നാതിരുന്നില്ല. എന്നാലും ഞാൻ പറഞ്ഞു. എന്റെ ചെങ്ങാതിയുടെ അമ്മയല്ലേ അവർ? ”ജോലി ചെയ്യുന്നതിനു രാമൻ കൃഷ്‌ണന്റെ ഇരട്ടി സമർത്ഥനാണ്‌. രണ്ടുപേരുംകൂടി പത്തുദിവസംകൊണ്ടു ചെയ്യുന്ന ജോലി ഒറ്റയ്‌ക്കു ചെയ്യാൻ ഓരോരുത്തർക്കും എത്ര ദിവസം വീതം വേണം?“

അവർക്കതു കേട്ടിട്ടു രസം തോന്നി. അതെങ്ങനെ ചെയ്യുമെന്നവർക്കറിയണം. ഞാൻ പറഞ്ഞുകൊടുത്തു. അവർക്കതു മനസ്സിലായി.

”അപ്പുവിനിതൊക്കെ അറിയാമോ?“ അവർ അഭിനന്ദനരൂപത്തിലൊന്നു ചിരിച്ചു. വിടരുന്ന പനിനീർപ്പൂവിന്റെ ഭംഗിയുള്ളൊരു പുഞ്ചിരി.

ഞാൻ സൂചിയും നൂലും ബാക്കി ചക്രവും എന്റെ അനുജന്റെ കൈയിൽ അവർക്കു കൊടുത്തയച്ചു.

ഒരാഴ്‌ച കഴിഞ്ഞ്‌ ആ അമ്മ മതിലിങ്കൽ വന്ന്‌ എന്നെ വിളിപ്പിച്ചു. അന്നും അവർക്കൊരു സാധനം വാങ്ങാനുണ്ട്‌. ഒന്നര മുഴം തലയണച്ചീട്ടി.

കാര്യം പറഞ്ഞുതീർന്നപ്പോൾ ഞാൻ ചോദിചു. ”പൊയ്‌ക്കോട്ട?“

”ഈ അപ്പുവിനെപ്പോഴും ധിറുതിയാണല്ലോ!“ എന്ന്‌ ആ അന്തർജനം പറഞ്ഞു. ”ധിറുതിയായിട്ടല്ല“ എന്നു ഞാനും. എനിക്കു മനയ്‌ക്കലുള്ള ആരുടെയും അടുത്ത്‌ അധികനേരം നില്‌ക്കുന്നതിഷ്‌ടമല്ല. അവരുടെ വലിപ്പവും എന്റെ ഇളപ്പവും എന്റെ മനസ്സിൽ പൊന്തിവരും.

ആ മതിലിൽക്കൂടി ഒരണ്ണാൻ ഓടിച്ചാടി വന്ന്‌ ’ഛി ഛി ഛി‘ എന്നു പറഞ്ഞു.

”നോയ്‌ക്കേ, എന്തു ഭംഗിയാണെന്ന്‌ ശ്രീരാമസ്വാമി വരച്ചതാ അതിന്റെ പുറത്തെ വര. അപ്പുവിനറിയാമോ ആ കഥ?“

”ദേഹത്തു മണൽ പറ്റിച്ച്‌ ചിറയിൽ കൊണ്ടിട്ടു സഹായിച്ചതിനുള്ള നന്ദി. എനിക്കറിയാം.“ സംഭാഷണമവസാനിപ്പിക്കാൻ ഞാൻ തിടുക്കംകാണിച്ചു.

”അപ്പുവിനറിയാൻ മേലാത്തതൊന്നുമില്ലല്ലോ.“ എന്നു പുഞ്ചിരിയിൽ പുരട്ടിയ ഒരഭിനന്ദനം.

അവരുടെ മകനുണ്ടായിരുന്നെങ്കിൽ ഇതൊക്കെ അറിയാമായിരുന്നേനെയല്ലോ, എന്നു വിഷാദിക്കയായിരിക്കാം ആ അമ്മ.

പത്തു പതിനഞ്ചു ദിവസം കഴിഞ്ഞു കാണും, പിന്നെയും അവർ എന്നെവിളിച്ചു. അവരുടെ വിളി എന്നിൽ മുഷിവുണ്ടാക്കിയെങ്കിലും അവർക്കു മകനില്ലാഞ്ഞിട്ടാണല്ലോ എന്നോർത്തു ഞാൻ ചെന്നു. അന്നവരെനിക്ക്‌ ഒരിലപ്പൊതി സമ്മാനിച്ചു. രണ്ടു നെയ്യപ്പം. അത്‌ അവർ എന്റെ കൈയിലേക്ക്‌ ഇടുകയല്ല വയ്‌ക്കുകയാണു ചെയ്‌തതെന്നു തോന്നുന്നു. ”അപ്പു തിന്നോളു, വീട്ടിൽ കൊണ്ടുപോകെണ്ട.“

”തിന്നോളാം.“

”എന്നാലാട്ടെ.“

ഞാനതു തിന്നു.

”നല്ലതല്ലേ?“

”അതെ നെയ്യപ്പം പിന്നെ ചീത്തയാണോ?“

അന്നും അവർ വളരെനേരം അതുമിതുമൊക്കെ ചോദിച്ചും പറഞ്ഞും നിന്നു.

പിന്നെയൊരു ദിവസം അവർ മതിലിങ്കൽ വിളിച്ച്‌ എന്നോടു ചോദിച്ചു.

”ഈ കൊടിയേന്ന്‌ അഞ്ചാറു വെറ്റ എടുത്തു തരാവോ അപ്പു?“

എന്നെയും അവർ വേലക്കാരനാക്കിയെടുക്കുകയാണെന്നെനിക്കു തോന്നി. ഞാൻ സ്‌കൂൾ ഫൈനൽ ക്ലാസ്സിൽ പഠിക്കുകയാണ്‌. പരീക്ഷ ജയിച്ചാൽ എനിക്കൊരുദ്യോഗം കിട്ടും. പത്തിരുപതു രൂപാ ശമ്പളം കിട്ടും. പിന്നെ മനയ്‌ക്കൽ ഭൃത്യവേലയ്‌ക്കു പോകുകയില്ല. അതുകൊണ്ട്‌ ഇപ്പോഴേ എന്നെക്കൊണ്ടു വേല ചെയ്യിക്കാനാണവരുടെ ശ്രമം. അവരെത്ര നല്ല സ്വഭാവമുള്ളവരാണെങ്കിലും ജന്മിയുടെ കുശുമ്പില്ലാതെ വരുമോ?

”കുഞ്ഞാത്തേരമ്മ മുറുക്കുമോ? പിന്നെയെന്തിനാ വെറ്റില?“

”എനിക്കു മുറുക്കെണ്ട. ഇല്ലത്തു പിന്നെയെല്ലാവരും മുറുക്കുകേല്ലേ? ഞാൻ വെറ്റ തിന്നിട്ടു പത്തുപതിമ്മൂന്നു കൊല്ലം കഴിഞ്ഞു. അന്നും പൊകല തിന്നുകേല്ല. കേറാൻ മേലെങ്കിൽ വേണ്ട.“

മേലെങ്കിൽ വേണ്ട! മേലെന്നു പറയുന്ന പ്രായമല്ല എനിക്ക്‌. ”മേലായ്‌മയൊന്നുമില്ല. ഞാനങ്ങേപ്പറേ വരാം.“

”ഓ, ഇതിലെ ഇങ്ങു കേറിക്കോ.“

”നേരേ വഴിയുള്ളപ്പോൾ കയ്യാല കേറുന്നതു മര്യാദയല്ലല്ലോ.“

”അപ്പുവിനു മര്യാദയൊന്നും നോക്കെണ്ട. ഇഷ്‌ടമുള്ളതിലേ കേറാം. ഇതിലേയിങ്ങു കേറിക്കോളൂ.“

ഞാൻ നിഷ്‌പ്രയാസം കയ്യാല ചാടിക്കയറി.

”മിടുക്കനാണേ!“ അതിനും അവർ എന്നെ അഭിനന്ദിച്ചു. അവരുടെ മകനുണ്ടായിരുന്നെങ്കിൽ കയ്യാല ചാടിക്കയറാറായേനെയെന്ന വിഷാദമുണ്ടായിരിക്കാം. അവർക്ക്‌.

അവരൊരു വാഴക്കൂട്ടത്തിന്റെ മറവിൽ നിന്നുകൊണ്ടു ഞാൻ മരത്തിൽ കയറുന്നതുനോക്കി. ”കേറാൻ മേലെങ്കിൽ വേണ്ട, കേട്ടോ.“

ഞാൻ മുണ്ടിന്റെ താഴത്തെ തുമ്പു രണ്ടും എളിയിൽ കുത്തി വെറ്റില നുള്ളിനുള്ളി പുറകിൽ മുണ്ടിനകത്തു നിക്ഷേപിച്ചുതുടങ്ങി. ഞാൻ താഴെയിറങ്ങിയപ്പോൾ നാലുകെട്ടിന്റെ വരാന്തയിൽനിന്നുകൊണ്ട്‌ അവർ വിളിച്ചു പറഞ്ഞുഃ ”നല്ല തളിരുവെറ്റില. ഇതു കണ്ടിട്ടൊന്നുമുറുക്കാൻ തോന്നുന്നു.“

അടുക്കിത്തീർന്നപ്പോൾ അവർ പറഞ്ഞുഃ ”കുറച്ചങ്ങോട്ടെടുത്തോളൂ.“

”എനിക്കെന്തിനാ!“ എന്നു പറഞ്ഞിട്ട്‌ ഞാൻ മുറ്റത്തിറങ്ങി.

”അപ്പു ഇന്നലെ കേശവന്റെ കല്യാണത്തിനു പോയിരുന്നോ?“

”പോയിരുന്നു.“

”കേമമായിരുന്നോ? ഒത്തിരിയാളുണ്ടായിരുന്നോ?“

”ഒത്തിരിയുണ്ടായിരുന്നു.“

”എന്തെല്ലാമായിരുന്നു സദ്യവട്ടങ്ങൾ?“

ഞാൻ വിസ്‌തരിച്ചു കേൾപ്പിച്ചു. അവർ കൗതുകത്തോടെ കേട്ടു.

”പെണ്ണിനെ ഇന്നലെത്തന്നെ കൊണ്ടുപോന്നോ?“

വർത്തമാനം കുറെ നീളുന്ന ലക്ഷണമുണ്ട്‌. ഇനി, പെണ്ണിനെ കൊണ്ടു വന്നത്‌ വണ്ടിയിലാണോ? കല്യാണത്തിന്‌ ആരെല്ലാം പോയിരുന്നു? പെണ്ണിന്‌ ആഭരണം ധാരാളമുണ്ടോ? എന്നു തുടങ്ങി നൂറായിരം ചോദ്യം വരും. അതിനൊക്കെ മറുപടി പറയാൻ നിന്നാൽ നേരം സന്ധ്യയാകും. അതുകൊണ്ട്‌ ഇതങ്ങവസാനിപ്പിക്കണം. ഒഴുക്കൻ മട്ടിൽ മറുപടി പറയുന്നതാണതിനു വഴി.

”ഉം.“

”പെണ്ണു മിടുക്കിയാണോ?“

”ഉം.“

”അതെങ്ങനെയാ അപ്പു അറിഞ്ഞത്‌?“

”കണ്ടിട്ടങ്ങനെ തോന്നി.“

”കണ്ടാൽ നല്ല പെണ്ണാണോ?“

”ഉം.“

”എന്താ നെറം?“

”ഇരുനിറം.“

”എന്റെ നിറമാണോ?“

”ഉം.“

”എന്നെക്കാൾ വെളുത്തതാണോ?“

”ഉം.“

”അതാണോ ഇരുനിറം? പെണ്ണിനെന്തു പ്രായമൊണ്ട്‌?“

”ഒരുവിധം.“

”ഒരുവിധം -“ അവരൊന്നു ചിരിച്ചു.

”അല്ലല്ല. ഞാൻ വേറെ ഏതാണ്ടോർത്തുപോയി. പത്തിരുപതു വയസ്സുവരും.“

”വേറെ എന്താ ഓർത്തത്‌?“

”ഒന്നുമില്ല.“

”അതല്ല.“

”പെണ്ണുവീട്ടുകാരുടെ സ്വത്തിന്റെ കാര്യം. ഒരുവിധം സ്വത്തൊണ്ട്‌.“

”ഇരുപതു വയസ്സായോ? ചെറുക്കനെത്ര വയസ്സാ?“

”അതിൽ കൂടുതലൊണ്ട്‌.“

ആ അമ്മ ചിരിച്ചു. ”അങ്ങനെയല്ലേ നമ്മുടെ നാട്ടിൽ പതിവ്‌. വെള്ളക്കാർക്കങ്ങനെയല്ലപോലും!“

അടുക്കളയിൽനിന്നു പുറത്തിറങ്ങാത്ത അന്തർജ്ജനം വെള്ളക്കാരന്റെ കാര്യത്തിലേക്കു കടന്നിരിക്കുന്നു. ലോകം മുഴുവൻ ചുറ്റുന്ന മട്ടുണ്ട്‌. എന്നാലും അവരെ നിഷേധിക്കാമോ? അവർക്കു മകനില്ല; ഭർത്താവില്ല സാധു!

”ഉം!“

”അപ്പുവിനു പതിനെട്ടു വയസ്സായി; ഇല്ലേ?“

”ഉം.“

”എന്നെ വേളി കഴിച്ചത്‌ പതിമ്മൂന്നു വയസ്സിലാ. ഈ മകരത്തിൽ ഇരുപതുകൊല്ലമാകും.“

”ഉം.“

”അദ്ദേഹത്തിനന്നു പതിനെട്ടു വയസ്സായിരുന്നു.“

”ഉം.“

അവർ മുറിക്കകത്തു കതകിന്റെ ഒരു പാളിയിൽ മാറിടം കൊള്ളിച്ചു നില്‌ക്കുകയാണ്‌. അവരുടെ കഴുത്തിലൊരു മുണ്ടുള്ളത്‌ ഒരു കയറുപോലെ കിടക്കുകയാണ്‌. അതിന്റെ രണ്ടു തലയും പുറകോട്ടായിരിന്നു. അവരുടെ കഴുത്തിൽ താലിയില്ലെന്നുള്ള വസ്‌തുത മറയ്‌ക്കാൻ മാത്രം പറ്റിയിരുന്നു ആ മുണ്ട്‌.

ഞങ്ങളുടെ വീട്ടിലെ ചക്കിപ്പൂച്ചയും ഞങ്ങളോടുകൂടി. പടിയിൽ എനിക്കഭിമുഖമായിട്ട്‌ ആ സുന്ദരിപ്പൂച്ച വന്നിരിപ്പുപിടിച്ചു. ഞങ്ങളുടെ വർത്തമാനം അതിനു രസിച്ചെന്നു തോന്നുന്നു.

”എന്തു ഭംഗിയുള്ള പൂച്ച!“ ആത്തേരമ്മ പറയുകയാണ്‌. ”പക്ഷേ ഇതു വല്ലാത്തതാണ്‌. രാത്രി എന്റെകൂടെയാ കിടപ്പ്‌. ഞാനറിയാതെ വന്ന്‌ എന്റെ കൈക്കൂട്ടിൽ പറ്റിപ്പിടിച്ചു കിടക്കും.“

”അതിനറിയാം കുഞ്ഞാത്തോരമ്മയ്‌ക്കതിനോടിഷ്‌ടമുണ്ടെന്ന്‌. ചൂടുപറ്റി സുഖത്തിനങ്ങു കിടക്കും.“

അവർ എന്റെ നേരെയൊന്നു നോക്കി. തുളച്ചു കയറുന്ന ഒരു നോട്ടം. അവരുടെ മുഖം കതകിന്റെ മറവിലേക്കൊന്നു മാറുകയും ചെയ്‌തു.

”ഞാൻ പോകുന്നേ“ എന്നു പറഞ്ഞിട്ടു നാലുകെട്ടു ചുറ്റി പടിപ്പുര കടന്ന്‌ ഞാൻ വീട്ടിലേക്കു പോന്നു.

പിന്നെ ഞാനവരെക്കാണാൻ പോയില്ല. എന്നെ വിളിക്കുമ്പോൾ ഞാൻ പറയും, ” അവർക്കു ജോലിയൊന്നുമില്ല. ഞാനിവിടെയില്ലെന്നു പറഞ്ഞേരെ,“ എന്ന്‌.

കുറെ നാൾ കഴിഞ്ഞപ്പോൾ ’പൂവമ്പഴ‘ത്തിനെന്തോ സുഖക്കേടാണെന്നു വീട്ടിലാരോ പറയുന്നതു കേട്ടു.

ആയിടെ അവിടത്തെ നമ്പൂതിരി മൂന്നാമതൊരന്തർജ്ജനത്തേക്കൂടി വേളി കഴിക്കയുണ്ടായി. അതിന്റെ ’കുടിവയ്‌പ്‌‘ അത്ര കേമമായിരുന്നില്ലെങ്കിലും ഞങ്ങൾക്കു സദ്യയുണ്ടായിരുന്നു. ഞാൻ ഊണു കഴിഞ്ഞപ്പോൾ ’പൂമ്പഴം‘ എന്നെ വിളിപ്പിച്ചു. അവർക്കു സുഖമില്ലാതിരിക്കല്ലേ? വല്ല വരുന്നും വാങ്ങിക്കൊണ്ടുവരാനായിരിക്കാം. അവർക്കു മക്കളില്ലല്ലോ. ഞാൻ പുറകുവശത്തു മുറ്റത്തു ചെന്നുനിന്നു. അവർ മുറിക്കകത്തു വാതില്‌ക്കൽ ഇരുന്നു. അവരുടെ നീണ്ട മുടി മുറിച്ചുകളഞ്ഞിരിക്കുന്നു. കവിളെല്ലുകൾ തള്ളിനില്‌ക്കുന്നു. കണ്ണിന്റെ പ്രകാശത്തെ നിരാശത കവർന്നിരിക്കുന്നു. പുരികത്തിന്റെ മാത്രം ഭംഗി ശേഷിച്ചിട്ടുണ്ട്‌. ക്ഷീണിച്ച സ്വരത്തിൽ അവർ ചോദിച്ചു.

”ഉണ്ടോ?“

”ഉണ്ടു.“

”സദ്യ നന്നായോ?“

”ഉം.“

”എനിക്കൊന്നും കഴിക്കാൻ മേല, ഒന്നും വേണ്ടാതാനും.“

”ഉം.“

”ഇനി ഇവിടെ ആദ്യമുണ്ടാകുന്ന സദ്യ ഒരു പിണ്ഡമായിരിക്കും.“

”….ഉം?“

”അതെ, അപ്പു അതെ.“

”എന്താ അങ്ങനെ പറയുന്നത്‌ കുഞ്ഞാത്തേരമ്മ?“

”…കുഞ്ഞാത്തേരമ്മ!“

………

അവരൊന്നു ചിരിക്കാൻ പണിപ്പെട്ടു.

അമിതമായ സമ്പത്ത്‌

അനല്‌പമായ സൗന്ദര്യം.

നല്ല പ്രായം….

ഞാൻ മരവിച്ചു നിന്നുപോയി. എന്റെ വീതത്തിനു ഞാനും അവരെ വേദനിപ്പിച്ചുകാണുമോ?

”അപ്പു പൊയ്‌ക്കൊള്ളൂ.“

അവർ കതകടച്ചുകളഞ്ഞു.

Generated from archived content: story1_jan1_11.html Author: karoor_neelakandappilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English