ചുട്ടുനില്‍ക്കുന്ന നഗരം.
വനിതാ കോളേജ് .
വൈകിയെത്തിയ വിശിഷ്ടാതിഥി കാറിന്റെ കുളിരില്‍ നിന്നിറങ്ങി.
ഫാനിന്റെ കാറ്റില്‍ കരിക്കിന്‍വെള്ളവും അണ്ടിപ്പരിപ്പും കഴിച്ചു.
പെണ്ണുമ്പിള്ള മൂത്രശങ്ക നിവര്‍ത്തിച്ചു. ഷുഗര്‍ കൂടുതലാണേ… സമയക്കുറവുണ്ട്.
മൂന്നു മണിക്കൊരു ഇന്റര്‍നാഷണല്‍ സെമിനാര്‍ ഉദ്ഘാടനം. രണ്ടു വെഡിങ് പാര്‍ട്ടി. ഒന്ന് മിനിസ്റ്ററുടെ മകളുടെ. മസ്കറ്റ് ഹോട്ടലില്‍ വച്ച്. ഹോ- മാഡം നടക്കുമ്പോള്‍ കിതപ്പ് കൂടുതലാണ്. ചെക്കപ് ചെയ്യണം.
ഓക്കേ ഓക്കേ …..
അപ്പോഴേക്കും തകൃതിയായി കുട്ടികള്‍ ഗ്രൗണ്ടില്‍ വരിവരിയായീ …. അച്ചടക്കവും, ആഢ്യത്തവുമുള്ള കോളേജ്….
ചെറിയ അനുഗ്രഹ വാക്കുകള്‍ക്ക് ശേഷം മാഡം സ്തീധനവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സര്‍വമാഡങ്ങളും ,ആകെയുള്ള മൂന്നാലുമാന്യന്മാരും ബലം പിടിച്ചു കൈ നീട്ടി പ്രതിജ്ഞിച്ചു.
ഒരു വശം മാറി ഒതുങ്ങിനിന്നിരുന്ന, മൂന്നു പെണ്മക്കളും രണ്ടു സാദാ ചിട്ടിയുമുള്ള കെമിസ്ട്രി ലാബിലെ അറ്റെന്റെര്‍ ചേട്ടന്‍ നെഞ്ചെരിഞ്ഞു ബോധം കെട്ട് വീണു…. ഫങ്ങ്ഷന്‍ ഇന്‍സല്‍റ്റെഡ് ആയതൊന്നുമില്ല. ചേട്ടന്‍ പുകയായി. ആകാശത്തു നിന്നു ചിരിച്ചു.
കോളേജിനു ഐശ്വര്യമായി കൊല്ലങ്ങള്‍ കണ്ടുചിരിച്ച മാവ് കരഞ്ഞു. തളിര്‍ കൊഴിച്ചു. എന്തായാലും ഇക്കൊല്ലം പൂക്കുന്നില്ല എന്ന് ശഠിച്ചു.
Generated from archived content: story1_sep14_15.html Author: karingannoor_sreekuma