പ്രാകൃതം

ഒഴിഞ്ഞ വിഷപാത്രമല്ലാതെ
ഇനി മറ്റെന്താണ്,
മറ്റെന്താണ് (നിനക്ക്) ഞാന്‍ തരുക …

ബലിമൃഗത്തിന്റെ കണ്ണുകളില്‍
കറുത്ത കാമം പീളകെട്ടി.
ഹൃദയത്തിന്റെ നിലവിളി
അനാഥരുടേതാണ്.
അകന്നു പോയവരുടേതാണ്.

പടിയിറങ്ങി –
പടിയിറങ്ങി
തിരിഞ്ഞുനോക്കുവാനാവാതെ …
അല്ലെങ്കില്‍ ഇനിയാര്?
നഗ്നമാണെന്റെ ഹൃദയം

പ്രാകൃതന്റെ ആത്മബലിയില്‍
വെറളിപിടിച്ചോയുന്ന മാന്‍കുട്ടി.
അവളുടെ കണ്ണുകളില്‍
പ്രളയത്തിന്റെ ഭാരവും
ചുണ്ടുകളില്‍ നീലവിഷവും …
തീര്‍ച്ചയായും അത് ഞാന്‍ ചുംബിച്ചിട്ടല്ല.

ഭാഗ്യജാലകങ്ങള്‍ വലിച്ചടച്ച്
ഹൃദയത്തില്‍ മുഖം പൂഴ്‍ത്തി
കഫത്തിന്റെ വഴുക്കത്തിലൂടെ
ഒരു നിലവിളിയുടെ പ്രാര്‍ഥന
ചലം പുരണ്ട വാക്കുകളില്‍
ഹൃദയമില്ലാത്തവന്‍ പല്ലിളിക്കുമ്പോള്‍
പ്രണയഞരമ്പുകള്‍ മുറുകുമ്പോള്‍
പുഴുത്തുനാറിയ വൈരൂപ്യമായ്
ഞാന്‍ നിലവിളിക്കുന്നു.

തിരകളില്‍ ഉപ്പുകലര്‍ത്തിയ ദുഃഖം
കണ്ണുനീര്‍ കടലല്ലല്ലോ.

ഹൃദയം – എത്ര പഴകിയ വാസ്തവം
നിലവിളികളുടെ പ്രാര്‍ഥനയില്‍
അമ്മയുടെ കൃഷ്ണണനാമം
പെങ്ങളുടെ അശ്ലീലം
സുഹൃത്തിന്‍റെ കഴുകന്‍കണ്ണ് …
ഞാനോ മരണത്തിന്റെ ഉച്ഛിഷ്ടവും.

പോവുക
ദൂരേക്കു പോവുക
ദൂരേക്കു നഷ്ടമാവുക
ഞാന്‍, പിന്തിരിഞ്ഞ്
ഹൃദയത്തിലേക്ക് കനിയട്ടെ
വേദനകള്‍ എനിക്കു സ്വന്തമല്ല
കണ്ണുനീര്‍ കടലല്ലല്ലോ.

Generated from archived content: poem2_july9_14.html Author: karingannoor_sreekuma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here