വാവിനു തലേനാള്‍

രായ്ക്കുരാമാനം
പൊട്ടിത്തെറിച്ച്
നാടു വിട്ട പട്ടിയെ,
തെന്നുന്ന തൊഴുത്തില്‍
നെടുമ്പാടടിച്ചു വീണു
ഭ്രൂണം തള്ളി
ചാവാന്‍ കിടന്ന
വയറ്റുകണ്ണി പശുവിനെ,
ചാരായത്തില്‍
കയറി കുതിരകളിച്ചു വന്ന
അമ്മാവന്‍
കത്തി കേറ്റിക്കൊന്ന ആ പാവം
ആട്ടിന്‍ കുട്ടിയെ,
പാമ്പുകടിച്ചു പൊയ് പ്പോയ
അച്ഛനെ,
ഉച്ചാരയുടെ അന്നു
തൂങ്ങിച്ചത്ത,
പുരനിറഞ്ഞ്
അടുക്കളത്തൂണായിരുന്ന
അപ്പച്ചിയെ,
കരഞ്ഞുതൂവിയൊരമ്മയെ,
ആരുടെയൊ ഗര്‍ഭം കൊണ്ടു
മാനം കെട്ടി എന്നെ
നാടുവിടീച്ച്
പേടിപ്പിച്ച പൊലയാടിച്ചിയെ,

ആരെ ഓര്‍ത്താണു
ഈ വാവിനു
ബലി?

Generated from archived content: poem1_oct24_14.html Author: karingannoor_sreekuma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here