പുലരി പൂക്കുന്നേരമെന്റെ
സിരകളുണരുന്നു.
പുതിയ പകലിന്നുണർവ്വുമായെൻ
ചിറകു വിടരുന്നു.
ഉരിയരിക്കായ് ഉടുതുണിക്കായ്
കരളു വേവുന്നു.
നെടിയ പാതയിലുരുളുമെന്നുടെ
ശകടമുണരുന്നു.
ഭിക്ഷതേടീടുമർത്ഥിപോലെൻ
റിക്ഷയുരുളുന്നു.
ഭക്ഷണത്തിൻ വകയൊരുക്കാൻ
വഴികൾ തേടുന്നു.
കാക്ക കരയുന്നേരമെന്നുടെ
കഥ തുടങ്ങുന്നു.
കാക്കിയിൽ കരൾ മൂടിയെന്നുടെ
യാത്ര തുടരുന്നു.
പുലരിയെന്നോ സന്ധ്യയെന്നോ
പാതിരാവെന്നോ-
കരുതിടാത്തൊരു കഠിനയത്നം
കരളിലേറ്റുന്നു.
അരികിലെത്തും പഥികരെന്നുടെ
അതിഥിയായ്‌ക്കരുതും
അവരുനീട്ടും പ്രതിഫലം ഞാൻ
അമൃതമായ് കരുതും.
അഞ്ചുപേരെ പോറ്റുവാനെൻ-
നെഞ്ചു പതറുന്നു.
അഞ്ചു വയറുനിറയ്‌ക്കുവാനെൻ
വണ്ടിയോടുന്നു.
വാടകയ്‌ക്കൊരു വീടുവാങ്ങി
വണ്ടിവാങ്ങി ഞാൻ-
ജീവിതത്തിൻ ഊടുപാതകൾ
ഓടിയെത്തുന്നു.
സ്വന്തമായൊരു വീടുവേണം
വണ്ടിവാങ്ങേണം-
എന്തു വഴിയെന്നോർത്തു ഞാനീ
വഴിയിലലയുന്നു.
റിക്ഷയാണൊരു രക്ഷ വയറിൻ
ഒച്ച മൂളുമ്പോൾ.
എത്ര ദൂരമിരുന്നു ഞാനിനി
യാത്ര തുടരേണം
എത്തിടാത്തൊരു ലക്ഷ്യമോയെ-
ന്നോർത്തു കരയേണം
പലരു കയറിയിറങ്ങിയിട്ടും
പാത നീളുന്നു.
പകലുമിരുളും പണിയെടുത്തെൻ
കരളു തകരുന്നു.
രക്ഷ റിക്ഷയിലെന്നു കരുതി
കാത്തിരിക്കുന്നു.
രക്ഷകൻ വരുമെന്നതോർത്തെൻ
യാത്ര തുടരുന്നു.
Generated from archived content: rikshakkaran.html Author: karimpuzha_gopala