കാർമേഘമംബരം മൂടിയാലും
കാണാതിരിക്കുമോ സൂര്യബിംബം.
കൂരിരുൾ രാവിനെ പുൽകിയാലും
പൂനിലാവെങ്ങും പരക്കുകില്ലേ.
ആദിത്യബിംബം തിളങ്ങിയാലും
ആകാശഗംഗയ്‌ക്കു മാറ്റമുണ്ടോ?
ആറും പുഴയുമീ കലങ്ങിയാലും
ആഴിക്കു നീലിമ നിത്യമല്ലേ
ആയിരം ദീപം കൊളുത്തിയാലും
രാവിനു കൂരിരുൾ സ്വന്തമല്ലേ
വേനലിൻ തീനാമ്പുനക്കിയാലും
മാമരം പൂക്കൾ വിടർത്തുകില്ലേ?
പത്രങ്ങളൊക്കെ കൊഴിഞ്ഞീടിലും
പാദപം വീണ്ടും തളിർക്കുകില്ലേ
മരുഭൂമിയിൽ തൈമുളച്ചീടിലും
ഹരിതാഭ ചെടികൾക്കു സഹജമല്ലേ.
ചേറിൽ വളർന്നാലുംമംബുജങ്ങൾ
കോവിലിൽ പൂജയ്‌ക്കെടുക്കുകില്ലേ
പേമാരി കോരിച്ചൊരിഞ്ഞാകിലും
സാഗരത്തിന്നകം ശാന്തമല്ലേ
കാഠിന്യമേറെയാണെന്നാകിലും
കന്മദം പാറ ചുരത്തുകില്ലേ
മാലിന്യമേറെ പൊതിഞ്ഞീടിലും
മാണിക്യമെന്നും തിളങ്ങുകില്ലേ
കാപട്യമെത്രമേൽ ചൂഴ്‌ന്നീടിലും
കാലുഷ്യമാകുമോ നിത്യസത്യം.
ആഴിക്കുമീതേ കൊളുത്തിയാലും
അഗ്നിക്കുതാപം സമൃദ്ധമല്ലേ.
മേൽക്കുമേലെത്രയോ പൊന്തിയാലും
മേലെയല്ലേ നീലവാനമെന്നും.
Generated from archived content: nithyasathyam.html Author: karimpuzha_gopala