എവിടൊക്കെത്തേടിഞ്ഞാനോടി, സ്നേഹം
വിലപേശിവിൽക്കാത്തൊരിടം.
അമ്മയ്‌ക്കു സ്നേഹമാണെന്നെ, നാളെ
പൊന്നുമോനല്ലേ പ്രതീക്ഷ.
അമ്മയെ സ്നേഹമാണെന്നും, ജന്മം
തന്നുപാലൂട്ടി വളർത്തിയതല്ലേ.
അച്‌ഛനോടെന്തിഷ്ടമെന്നോ, സ്വത്തു
മൊത്തവും നൽകിയതല്ലേ.
അച്‌ഛനുസ്നേഹമാണെന്നെ, ഏറെ
സ്വത്തു ഞാൻ നേടിയിട്ടില്ലേ.
ഭാര്യക്കുസ്നേഹമാണെന്നെ, എന്റെ
പ്രാണനും പങ്കുവയ്‌ക്കില്ലേ.
ഭാര്യയോടെത്രമേൽ പ്രേമം, ഏറെ
സ്‌ത്രീധനമായ് വന്നതല്ലേ.
മക്കൾക്കു സ്നേഹമാണെന്നെ, ഏതു
സ്വർഗ്ഗവും ഞാൻ നൽകുകില്ലേ
മക്കളോടെപ്പോഴുമിഷ്ടം, പണം
നഷ്ടപ്പെടുത്താത്ത മൂലം.
നാട്ടാർക്കുമിഷ്ടമാണെന്നെ, എന്റെ
നാട്ടിൽ പ്രമാണി ഞാനല്ലേ.
സ്നേഹിതന്മാർക്കേറെയിഷ്‌ടം, നൂറു
മേനിയും കൊയ്യാമെഥേഷ്‌ടം.
ബന്ധുമിത്രാദികൾക്കൊക്കെ, എന്റെ
ബന്ധുത്വമെന്തിഷ്ടമെന്നോ.
ചോദിച്ചതെന്തും കൊടുക്കും, ദാന
ശീലമാണേവർക്കുമിഷ്ടം.
എല്ലാരെയും സ്നേഹമെന്നും, എന്നെ
നന്നായ് സ്തുതിക്കുവോരല്ലേ.
* * * * * * * * * *
മധുപാത്രമെന്നും നിറയ്‌ക്കും, പൂവി-
ലനുരക്തനാണേതു വണ്ടും.
മഴമേഘമെങ്ങും തടുക്കും, ഏതു
മലയും മനുഷ്യർക്കു സ്വർഗ്ഗം.
കടലിനെ മുക്കുവർക്കിഷ്ടം, എത്ര
പണവും പ്രതാപവും നേടാം.
കരയെ കൃഷീവലർക്കിഷ്ടം, ഏതു
മധുരപ്രതീക്ഷയും കൊയ്യാം.
പക്ഷികൾക്കാകാശമിഷ്ടം, എങ്ങും
പക്ഷം വിടർത്തിപ്പറക്കാം.
സ്നേഹമാണന്യോന്യമാർക്കും, ലാഭ
മേറെലഭിക്കുകിൽ മാത്രം.
കിട്ടുന്നിടത്തേ കൊടുക്കു, സ്നേഹം
കിട്ടാക്കടം മാത്രമത്രേ.
നൽകുവോർക്കത്രേ ലഭിക്കും, സ്നേഹം
നൽകുവോൻ നല്ലയാളത്രേ.
Generated from archived content: kitakadam.html Author: karimpuzha_gopala