മക്കളേ, നിങ്ങൾക്കായി
പങ്കുവച്ചിടാനെന്റെ
പക്കലില്ലൊട്ടും പണം
പാവമാണിന്നീയച്ഛൻ
നിർദ്ധനൻ നിരാശ്രയൻ
നിത്യദുഃഖങ്ങൾ പേറി
കൊച്ചുവീടിതിലേറെ-
ക്കാലമായ് കഴിയുന്നു.
കൂട്ടിനു വാല്‌മീകിയും
വ്യാസനുമുണ്ടാശ്വാസം
കേട്ടിട്ടും പഠിച്ചിട്ടും
ജീവിതം നയിക്കുന്നു.
മകനെ രാജാവാക്കാൻ
കഴിയാതതിദീനം
മരണം വരിച്ചതാ-
മച്ഛന്റെ ദുഃഖംപോലെ
ദുഃഖമില്ലൊട്ടും മക്കൾ-
ക്കച്ഛന്റെയിച്ഛയ്‌ക്കൊത്ത
തസ്തിക ലഭിച്ചില്ലേ?
സ്വസ്ഥമായ്‌ക്കഴിയില്ലേ?
ഭൂസ്വത്ത് പോയെങ്കിലും
മക്കളെ പഠിപ്പിച്ചു
ഭാസുരമാക്കി ഭാവി-
ഖേദമില്ലല്പംപോലും
ശബളം അതിലേറെ
കിബളം ലഭിക്കുന്ന
കമ്പോളമല്ലേ കൊച്ചു
കേരളം മഹാഭാഗ്യം.
എഞ്ചിനീയറാണൊരാൾ
വക്കീലാണപരനും
എന്തിനു മടിക്കേണം
മാമൂലുമാത്രം പോരേ?
മക്കൾക്കായധികാരം-
പങ്കിടാൻ വെമ്പുംനാട്ടിൽ
മക്കൾക്കായിരുന്നില്ലേ
ഭാരതയുദ്ധംപോലും
മക്കളെ പഠിപ്പിക്കാൻ
മാനവും ധനവുമെൻ
മക്കൾക്കും വിലപേശി-
വിൽക്കേണ്ടകാലം വരും.
കോഴവാങ്ങുക നിത്യ
മാവോളമല്ലെങ്കിലോ-
കോമാളി വേഷംചാർത്തും
കോലമായ് കാലം മാറ്റും.
Generated from archived content: innathe_achan.html Author: karimpuzha_gopala