ആണിന്നൊരിണയായി ദൈവം- ഭൂവി
ലംഗനയ്‌ക്കും ജന്മമേകി.
അംഗലാവണ്യം തുടിക്കും- രൂപ
മംഗനയ്‌ക്കായ് കനിഞ്ഞേകി.
കാരുണ്യമോലും മനസ്സും- കണ്ണി
ലാളുന്ന സ്‌നേഹത്തുടിപ്പും.
അധരത്തിൽ മൃദുഹാസമോടും കാതി-
നമൃതായിടും മൊഴിയോടും.
മൃദുവാം വികാരം വിചാരം- ഭാവ
തരളം മനോഹരം സ്ര്തീത്വം.
അഴകായി നിർമ്മിച്ചതൊക്കെ- ദൈവ
മനുകൂലമായവൾക്കേകി.
അവളെ പുരുഷനു നൽകി- ദൈവ
മഖിലൈശ്വര്യങ്ങളും നൽകി.
പകലും നിലാവും കണക്കേ- നാരി
നരനേകി ദിവ്യപ്രകാശം.
മധുപന്നു മലരെന്നപോലെ-കരളി
ലമൃതം പകർന്നവനേകി.
ആഴിക്കു തിരമാലപോലെ- അവൾ
ആനന്ദ കല്ലോലമായി.
ഭൂമിക്കു പൂഞ്ചോലപോലെ-പുണ്യ
പീയൂഷധാരയായ് മാറി.
ആദിത്യനംബുജംപോലെ- അവൾ
ആനന്ദ നിർവൃതിയേകി.
ആനന്ദപുളകോദ്‌ഗമത്താൽ – വാരി
വാരിപ്പുണർന്നവർ തമ്മിൽ.
അന്നാദ്യമായിട്ടറിഞ്ഞു-തമ്മി-
ലറിയാത്തതെല്ലാമറിഞ്ഞു.
പത്നിയായമ്മയായ്‌മാറി-നാരി
യിത്രിലോകത്തിലെങ്ങെങ്ങും.
പതിയായ് പിതാവായ് പുരുഷൻ-ലോക
ഗതിയിൽ കരുത്തനായ് മാറി.
ഉണ്ണാനുടുക്കാൻ കിടക്കാൻ-മണ്ണി
ലെല്ലാടവും മർത്ത്യനേകി.
നിഴലായവൾ ഗമിച്ചൊപ്പം-ഏതൊ-
രഴലിന്നുമാശ്വാസമരുളാൻ.
രാമന്റെ പിമ്പേ ഗമിച്ചു -സീത
രാജഭോഗങ്ങൾ വെടിഞ്ഞു.
രാമന്റെ ധർമ്മം ജയിച്ചു-സീത
ത്യാഗങ്ങളേറെ സഹിച്ചു.
പാഞ്ചാലി സൈരന്ധ്രിയായി-പഞ്ച
പാണ്ഡവർക്കാശ്വാസമായി.
ഭാരതയുദ്ധം ജയിച്ചു-പാവം
പാഞ്ചാലിയെത്ര സഹിച്ചു.
കാണാം ചരിത്രത്തിലെങ്ങും-സ്ര്തീത്വ-
മേറെ ദുഃഖിച്ചതിൻ ചിത്രം.
കാണാം പുരുഷന്റെ പിന്നിൽ-ശക്തി
നേരുന്ന സ്ര്തീതൻ ചരിത്രം.
പടവെട്ടി നേടീ മനുഷ്യൻ-എത്ര
പടവുകൾ മുന്നോട്ടുകേറി.
ഉടമയായ് പുരുഷൻമാറി-നാരി
യടിമയായബലയായ്‌മാറി.
പരതന്ത്രയായിട്ടുമാറി-ഭാര്യ-
യുപഭോഗവസ്‌തുവായ്‌മാറി.
ഈശ്വരൻ വിശ്വസിച്ചില്ലേ-മർത്ത്യ
നീശ്വരനെ ചതിച്ചില്ലേ.
ഒരുപാടുകാലം കഴിഞ്ഞു-ലോക
മൊരുപാടു മുൻപോട്ടിഴഞ്ഞു.
അറിവൊക്കെ മാറിമറിഞ്ഞു-മർത്ത്യ
നരുതാത്തതൊക്കെയറിഞ്ഞു.
ഭാര്യയെന്താണെന്നറിഞ്ഞു-ലാഭ-
വീതം കൊതിക്കുവോളല്ലോ.
അമ്മയെന്താണെന്നറിഞ്ഞു-ചുമ്മാ-
തങ്ങനിരിക്കുവോളല്ലോ.
പെൺമക്കളാരെന്നറിഞ്ഞു-പണം
തിന്നുമുടിക്കുവോരല്ലോ.
പെങ്ങളാരെന്നതറിഞ്ഞു-പണം
പങ്കു ചോദിക്കുവോളല്ലോ.
പിന്നെയും മർത്ത്യനറിഞ്ഞു-ഭ്രൂണ
ഹത്യതന്നർത്ഥമറിഞ്ഞു.
ഗർഭസ്ഥയാം പെൺകിടാവിൻ-ഹത്യ-
യുത്തമമെന്നുമറിഞ്ഞു.
Generated from archived content: broonahatya.html Author: karimpuzha_gopala
Click this button or press Ctrl+G to toggle between Malayalam and English