വെറുതെ ഞാനെന്തിനു ‘ടെൻഷ’നടിക്കുന്നു
വറുതിയുണ്ടാവതും പോവതും പതിവല്ലെ!
കരുതുകില്ലാരും മുകളിൽ നിന്നാകാശം
ഇടിയാനിടയാകുമെന്നോർത്തു തൂണുകൾ
പട ഭയന്നോടി നാം പന്തളത്തെത്തിയാൽ
പടയോടുപടതന്നെയവിടെയും നിർദ്ദയം
ഉടുതുണിയെങ്ങോ കളഞ്ഞുപോയ് വൈഭവം
കടമെടുക്കാൻ പോലുമെങ്ങുമില്ലേതുമേ.
ഒരുമയുണ്ടെങ്കിലുലയ്‌ക്കുമേലും കിട-
ന്നറിയാമതിന്റെ മഹത്വം മഹാബലം
പരമരഹസ്യം പറഞ്ഞിടാമിന്നാരും
‘ഒരുമ’യെന്നുളള വാക്കുച്ചരിക്കുന്നീല
സുലഭമായെങ്ങുമൊരേപോലെ കണ്ടിടാം
കലഹപ്രിയന്മാരെ ഭീകരാവസ്ഥയിൽ
പലജാതി സംസ്‌ക്കാരവൈരുദ്ധ്യശീലങ്ങൾ
വിലപേശലില്ലാതെയിണചേർന്ന കാലമെ
വരികയെന്നാത്മാവു തേങ്ങുന്നു ഗദ്‌ഗദം
തരിക മനസ്സിനു ശാന്തിയും ക്ഷേമവും
ഒരു പുതുസുപ്രഭാതത്തിന്നുവേണ്ടി ഞാൻ
കരൾ നൊന്തു പ്രാർത്ഥിച്ചിടട്ടെ വീണ്ടും.
Generated from archived content: poem2_june30_05.html Author: karikkad_pk_velayudhan