ആർപ്പോ…
മലമക്കാവിന്റെ ജടയിൽ നിലാവ് നന്ത്യാർവട്ടപ്പൂക്കൾ വിതറിയിട്ടതാണോ എന്ന് തോന്നി. അല്ല. അവ കുന്നിറങ്ങി വരികയാണ്. ഇരുട്ടിൽ വെളിച്ചത്തിന്റെ നറുംപാലൊഴുക്കി പന്തങ്ങൾ…
ആർപ്പോ…
വിറയ്‌ക്കുന്ന സ്വരം.
തട്ടാൻ മാധവന്റെ പന്തക്കോലിൽ കെട്ടിയ ഭാണ്ഡത്തിൽ ചെമ്പുകിണ്ണങ്ങൾക്കുള്ളിൽക്കിടന്ന് മോതിരങ്ങൾ കലമ്പുന്നു; തട്ടാന്റെ ഓണക്കാഴ്‌ച.
കരുവാൻ രാമന്റെ തുണിക്കെട്ടിൽ കറിക്കത്തി, ചട്ടുകം, ഇരുമ്പുകിണ്ണം…
വഴികാട്ടിയായി പന്തം പിടിച്ചിരിക്കുന്നത് ശങ്കരൻ. കട്ടപിടിച്ച ചെളിയിൽ ആഞ്ഞുപതിക്കുന്ന കാലടികളുടെ ഭാരം, തോളിലെ കാഴ്‌ചക്കുലകളുടേതാണ്. വരമ്പിൽ നിന്ന് വഴുക്കി, കാലുകൾ ചെളിയിൽ പൂണ്ട് പുറകെയുള്ളവർ.
തോടിനു മുമ്പിൽ പന്തങ്ങൾ പകച്ചു നിന്നു.
കർക്കടകമഴയൊഴിഞ്ഞാൽ എല്ലാക്കൊല്ലവും പതിനെട്ടാംപട്ടയുടെ താങ്ങിട്ട് നടപ്പാലമുണ്ടാക്കുന്നതാണ്. ഇത്തവണ കർക്കടകമഴ ചിങ്ങത്തിലും ഒഴിയാതെ നിന്നു. അത്തത്തിന് ഇന്നാണ് ആദ്യമായി ചിങ്ങനിലാവുദിച്ചത്.
**
നിറഞ്ഞൊഴുകുന്ന തോടിനരികെ പന്തങ്ങൾ ഇപ്പോൾ ആളിക്കത്താൻ തുടങ്ങിയിരിക്കുന്നു. കെടാൻ ഇനി ഒരു മാത്ര…
ഇക്കരെ ഞാനും കാത്തുനിൽക്കുന്നു…
**
ആർപ്പ്വോ…
വീട്ടുമുറ്റത്ത് മറ്റൊരു ആർപ്പുവിളി പാറിവന്നു.
അത്തം
വായ്‌ക്കുരവകളുടെ ചിലമ്പലിനൊപ്പം കഞ്ഞിപ്പശയിൽ മുക്കിയുണക്കിയ ജനന്നാഥൻ മുണ്ടിന്റെ മണം. മണ്ണിൽ മെഴുകിയിട്ട പശുവിൻ ചാണകത്തിനും സുഗന്ധം.
പുലരുംമുമ്പേ പെണ്ണുങ്ങളെല്ലാവരും പുറത്തിറങ്ങിക്കഴിഞ്ഞു.
വെയിലെന്നു കരുതി നിലാവിലേക്ക് പാറിവന്ന് മൗഢ്യത്തോടെ തുമ്പപ്പൂക്കളിലരിച്ചു നടക്കുന്ന തുമ്പികൾ മാത്രമേ അവർക്കൊപ്പമുള്ളൂ, തൊടിയിൽ. നേരം വെളുക്കാൻ ഇനിയുമെത്രയോ നാഴിക. എന്നിട്ടും ഈ പെണ്ണുങ്ങളെങ്ങനെ ഇത്ര മുക്കുറ്റിപ്പൂക്കൾ പൊട്ടിച്ചെടുക്കുന്നു. അതും ഞെട്ടില്ലാതെ.
വീട്ടുമുറ്റത്തേക്ക് ഉണർന്നെത്തിയപ്പോൾ ചാണകം മെഴുകിയ നിലത്ത് കുഴച്ച ചെളികൊണ്ട് പൂത്തറയുടെ ആദ്യ നിലയുയർന്നുകഴിഞ്ഞു. നോക്കിയിരുന്നുപോയി.
നിലകളങ്ങനെ ഉയരുകയാണ്. ഒന്നാം നിലയിൽ ഗണപതി. രണ്ടിൽ ശിവശക്തി. മൂന്നിൽ ശിവൻ. നാലിൽ ബ്രഹ്‌മാവ്. അഞ്ചിൽ പഞ്ചപ്രാണങ്ങൾ. ആറിൽ ഷൺമുഖൻ. ഏഴിൽ ഗുരുനാഥൻ. എട്ടിൽ ദിക്‌പാലകന്മാർ. ഒമ്പതിൽ ശിവൻ. പത്തിൽ വിഷ്ണു…
സംശയങ്ങളില്ല. ഓരോന്നിനും പ്രത്യേകം വായ്‌ക്കുരവ. പ്രത്യേകം നിറങ്ങൾ. പ്രത്യേകം പ്രാർത്ഥന.
അത്തം മുതൽ വീടിന്റെ അവകാശം പെണ്ണുങ്ങൾക്കാണ്. അകത്തും പുറത്തും.
അവർ എന്തിനെയോ, ആരെയോ പ്രതീക്ഷിച്ചു നടക്കുന്നു.
വേലിപ്പടർപ്പിലെ ഇല്ലിപ്പടലം കാറ്റിൽ ഞെരങ്ങിയാലോ മുള്ളിൻപടർപ്പിൽ കുരുങ്ങി ഒരു തുമ്പിയെങ്ങാൻ പിടഞ്ഞാലോ അവർ മുറ്റത്തേക്ക് ഓടിയെത്തുകയായി. കാത്തിരിക്കുന്ന ആരോ വന്നപോലെ.
രാത്രി. ഉണർന്നുകിടന്നൊരുറക്കം.
അപ്പോൾ തലേ പകൽ നുള്ളിയെടുത്ത മുക്കുറ്റിത്തണ്ടിൽ പുതിയൊരു ജീവൻ പിറന്നുവീഴുകയായിരിക്കും.
ചിത്തിര, ചോതി, വിശാഖം…
വീടങ്ങനെ നിറഞ്ഞുതുടങ്ങുകയാണ്.
ഉപ്പുമാങ്ങഭരണിയുടെ തുണിക്കെട്ടഴിച്ചപ്പോൾ നിലവറയിൽ എണ്ണയുടെ മദിപ്പിക്കുന്ന മണം. കഴിഞ്ഞവർഷം കർക്കടകത്തിലാണ് അറ തുറന്നത്. നെല്ല് പാടത്തേക്കോ അടുപ്പിലേക്കോ കൊണ്ടുപോകേണ്ടതെന്ന ശങ്കയിൽ ഒരു നിമിഷമേ ശങ്കിച്ചുനിൽക്കേണ്ടിവന്നുള്ളൂ.
ഈ വർഷം അറ ഒഴിഞ്ഞുകിടന്നു. നെല്ലിടേണ്ടിടത്ത് ശൂന്യമായ തറ തുരന്ന് കൂനനുറുമ്പുകൾ താമസമാക്കി. ഉത്രാടം വരെ സൂക്ഷിച്ചുവെക്കാനുള്ളത് ഈയൊരു കായക്കുല മാത്രം.
എങ്കിലും വീട് നിറഞ്ഞുതുടങ്ങി.
കുറ്റിപ്പുറത്തുനിന്നും ആറങ്ങോട്ടുകരനിന്നും അമ്മാവന്മാരും അമ്മായിമാരുമെത്തിതുടങ്ങി. അവരുടെ കുട്ടികളും. ഇനി പഴഞ്ഞിയിൽ നിന്നും കൂറ്റനാടുനിന്നും ഒരു കൂട്ടം പേരെത്താനുണ്ട്.
അനിഴം, തൃക്കേട്ട. മൂലം…
ഒഴിഞ്ഞുകിടന്നിരുന്ന മുക്കും മൂലയും ശ്വസിക്കാൻ തുടങ്ങി.
നെല്ല് കുത്തുന്നിടത്തും കായയുടെ തോലുകളയുന്നിടത്തും അരിയുന്നിടത്തും തിളയ്‌ക്കുന്ന വെളിച്ചെണ്ണയിൽ നിന്ന് ചേങ്ങിലയുടെ സ്വരസ്ഥാനം തെറ്റിയ കിലുക്കമുയരുമ്പോഴും ഒരുവർഷം അവർ പറഞ്ഞുതീർത്തിരിക്കും.
പുരുഷന്മാരുടെ കേൾവിയെ മറച്ച്, വെളിച്ചെണ്ണ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു. വിശേഷങ്ങളായായും വിഭവങ്ങളായാലും വീടങ്ങനെ നിറഞ്ഞുകവിഞ്ഞാൽ തീർച്ച, പൂരാടമായി.
കാഴ്‌ചക്കുലകളും കോടികളുമായി ആരുമെത്താനില്ല. പണ്ടും ഇപ്പോഴും. എന്നിട്ടും സമൃദ്ധം.
പൂരാടം മുതൽ ഒന്നും ഒഴിഞ്ഞിരിക്കാൻ പാടില്ല. മുറ്റത്തെ പൂത്തറ കല്ലിന്റെ ചാന്തൊഴിച്ചു മിനുക്കി. അടുക്കളയിൽ പുത്തനടുപ്പ് പണിതു. ചാണകം തേച്ചു. പിന്നെ പടിഞ്ഞാറേ കർപ്പൂരമാവിൽ മിനുസപ്പെടുത്തിയ കാട്ടുവള്ളികൾകൊണ്ടൊരൂഞ്ഞാൽ. ഊഞ്ഞാലിനു ചുറ്റും ചെറുതായൊന്ന് കിളച്ചു മറിച്ചു. അങ്ങനെ പൂരാടം അവസാനിച്ചു.
ഉൽക്കണ്‌ഠയോടെ ഉത്രാടം പിറന്നു.
എത്ര അടിച്ചാലും മുറ്റത്ത് ഒരില ബാക്കിയായോ എന്ന സങ്കടം. എത്ര കഴുകിയാലും പാത്രത്തിനടിയിൽ ഒരു പൊട്ട് കരി പോകാതെ നിൽക്കുന്നല്ലോ എന്ന സങ്കടം. എത്ര നിറഞ്ഞാലും ഇനിയും ഇടം ബാക്കിയാണല്ലോ എന്ന സങ്കടം…
ഉത്രാടനാളിലേ ഈയൊരു സങ്കടമുണ്ടാകൂ.
ഉച്ചക്ക് ഊണുകഴിഞ്ഞ് പെണ്ണുങ്ങളോട് അല്പനേരം കിടന്നുറങ്ങാൻ നിർബന്ധിച്ചു നടന്നു, അമ്മൂമ്മ. രാത്രി ഉറക്കമൊഴിയാൻ.
പായ വിരിച്ചു കിടന്നാലും ശരീരം അകത്ത് അലഞ്ഞുനടക്കും. പിന്നെ പായ പാതി മടക്കിവച്ച് സിമന്റിന്റെ തണുപ്പിലേക്കിറങ്ങിക്കിടക്കും. ഉറക്കം വരാതിരിക്കാൻ.
കിഴക്കേത്തൊടിയിൽ പശു കരഞ്ഞപ്പോൾ എഴുന്നേറ്റു. പിന്നെ വെപ്രാളമായി. ഉത്രാടത്തിന് വിഭവസമൃദ്ധ സദ്യയൊരുക്കേണ്ട. കായത്തൊലിയും പയറും തോരൻ. പച്ചമത്തങ്ങ പുളിങ്കറി. പപ്പടം. പുളീഞ്ചി മതി. എങ്കിലും വെപ്രാളം.
പൂവടയ്‌ക്കുള്ള ഇല മുറിച്ചപ്പോൾ, പൂജക്കുള്ള തുളസിപ്പു നുള്ളിയപ്പോൾ, അണിയാനുള്ള അരിച്ചാന്തിൽ അരച്ചുചേർക്കാനുള്ള കാച്ചിലില പൊട്ടിച്ചപ്പോൾ.. കൈ വിറച്ചുപോയി.
അട, അടുപ്പത്തു കയറ്റിവച്ചുകഴിഞ്ഞാൽ പൂമുഖത്തേക്കു വരാനാവില്ല. അവിടം അരിച്ചാറിൽ അണിഞ്ഞുനിൽക്കുകയാവും. മണ്ണിലിറങ്ങാനും വയ്യ. അടിച്ചു മിനുക്കിയ മുറ്റവും പൂത്തറയും ഇനി മറ്റാരുടേതോ ആണ്. വെയിൽപാടവും കടന്ന് പോയാൽ നിലവറയിൽ വിളക്കുകൊളുത്തി, ഗണപതിക്കൊരുക്കാം.
ആവണപ്പലക, നാക്കില, ചന്ദനമുട്ടി, കിണ്ടി, നാളികേരം…
നിലവറ ഇന്നാണ് നിറഞ്ഞത്; പാടം തരിശിട്ട ശേഷം.
നാളികേരം സൂക്ഷിച്ചു മുറിക്കണം. വെള്ളം കളയാതെ. എന്നിട്ട് ആൺമുറിയും പെൺമുറിയും യഥാസ്ഥാനത്ത് വെക്കണം. തുളസിയില പൂജിച്ച് സമം നെടുകെ മുറിച്ച് നാളികേരമുറികളിലെ വെള്ളത്തിന്റെ നടുവിലിടണം. പെൺമുറിയിലെ ഇലക്കഷണമാണ് വേഗം കരയ്‌ക്കടുക്കുന്നതെങ്കിൽ അടുത്ത ചിങ്ങം വരെ പെണ്ണിനു നന്മ.
കരയിലടുക്കാതെ അലഞ്ഞു നടക്കുന്നത് പലപ്പോഴും ആൺമുറിയിലെ ഇലത്തുണ്ടാകും.
ഉത്രാടരാത്രി ഉറക്കം വരില്ല.
അത്താഴം കഴിഞ്ഞ് നിറവയറോടെ ഊഞ്ഞാലാടരുതെന്ന് പറയും അമ്മൂമ്മ. പക്ഷേ ഊഞ്ഞാലാടാനല്ലെങ്കിൽ പിന്നെ ഈ നിലാവെന്തിന്?
തിരുവോണത്തിന് സൂര്യനുദിക്കാൻ മടിച്ചു നിൽക്കും. കാരണം അന്നത്തെ പ്രഭാതം സൂര്യന്റേതല്ല.
മറ്റെവിടെനിന്നും ആർപ്പുവിളിയുയരും മുമ്പ് ഇവിടെ നാളികേരമുടക്കണമെന്ന കൊതി. എങ്കിലും ഏതെങ്കിലും കുസൃതികൾ പാടത്തു നിന്ന് കള്ളക്കൂവൽ കൂകി പറ്റിക്കും. തിരക്കു കൂട്ടാൻ.
നാളികേരമുടച്ചു. പൂക്കൾ മുറ്റമാകെ വിതറിയിട്ടു. ആർപ്പുവിളിച്ചു. പൂത്തറയിലെ പൂക്കൾക്കിടയിൽ നിന്ന് ആരും കാണാതെ ഒരടക്കഷണവും നാളികേരക്കൊത്തും കൊത്തിയെടുത്ത് ഓണക്കാക്കയും പറന്നുപോയി.
ഇനി ഗൃഹനാഥന്റെ ഊഴം.
പഴയ ഇരുമ്പുപെട്ടി തുറന്നു.
കോടിവസ്ര്തത്തിന്റെ മണം. ആളെണ്ണി വാങ്ങേണ്ടിവന്നു ഇത്തവണ. ആരെയും വിട്ടുപോകാതിരിക്കാൻ.
അമ്മൂമ്മയുടെ പതിവുപല്ലവിഃ അടുത്ത കൊല്ലം ഞാനുണ്ടാവില്ല.
കഴിഞ്ഞതവണ ഓണം കൊണ്ടയാൾ ഇത്തവണയുണ്ടാകില്ല. ഇത്തവണയുണ്ടായിരുന്നയാൾ അടുത്ത തവണയുണ്ടാകില്ല.
എല്ലാവർക്കും കൊടുത്തു. എല്ലാം ശൂന്യമായപോലെ. മുന്നിൽ ഒഴിഞ്ഞുകിടക്കുന്ന പാടം. ഇത്തവണ ഓണത്തിന് ‘ഇല്ല’ എന്നു പറയാതിരിക്കാൻ എത്രയോ വർഷം വിശപ്പു മാറ്റിയ ഈ ഭൂമി വിറ്റത് തരിശുഭൂമിയുടെ വിലയ്‌ക്ക്.
**
അന്യന്റേതായി മാറിയ ആ പാടവരമ്പിൽ പകച്ചുനിന്നിരുന്ന പന്തങ്ങൾ കെട്ടുപോയിരിക്കുന്നു. കാഴ്‌ചക്കുലകൾ ജീവിതത്തിലൊരിക്കലും കണികണ്ടിട്ടില്ലെങ്കിലും ഈ ഓണത്തിനെന്തേ കാഴ്‌ചകളുമായി ആശാരിയും കരുവാനും കർഷകനും വരുന്നതായി തോന്നിയത്?
ഇടയ്‌ക്ക് മുറിഞ്ഞുപോയ ഒരാർപ്പുവിളി തൊണ്ടയിൽ കുരുങ്ങി കിതച്ചു നിന്നു.
Generated from archived content: essay2_aug22_07.html Author: kannan