ദലിത്‌ രാഷ്‌ട്രം-അറിയാത്ത ചക്രവാളങ്ങൾ

പുസ്‌തകലോകത്തെ ദീർഘദർശിയായ ഡി സി കിഴക്കെമുറി സ്‌മാരക പ്രഭാഷണം നടത്തുവാൻ എനിക്ക്‌ അതിയായ അഭിമാനമുണ്ട്‌. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അദ്ദേഹം തന്റെ ജീവിതകാലത്ത്‌ ഇന്ത്യയിലെ ഏറ്റവും മഹാനായ പ്രസാധകനായിമാറി. ഇന്ത്യയിലെ മുൻനിര പ്രസാധനശാലകളിലൊന്നായി മാറിയിട്ടുളള ഡി സി ബുക്‌സ്‌ 30 വർഷങ്ങൾക്ക്‌ മുമ്പ്‌ ഡി സി തുടങ്ങിയത്‌ വെറും 7500 രൂപയുടെ മുതൽമുടക്കിലായിരുന്നു എന്നുളള വാസ്‌തവം എന്നെ അത്ഭുതപ്പെടുത്തുന്നു.

ദലിത്‌ രാഷ്‌ട്രമെന്ന വിഷയത്തെ അധികരിച്ച്‌ സംസാരിക്കുന്നതിലും എനിക്ക്‌ അഭിമാനമുണ്ട്‌. ലോകത്തിലെതന്നെ ഏറ്റവും അടിമത്തം അനുഭവിച്ചിരുന്ന ഒരു ജനവിഭാഗത്തിന്റെ ജീവിതം മാറ്റിമറിച്ച അതികായനായ ദലിത്‌ ചിന്തകൻ ഡോ.ബി.ആർ.അംബേദ്‌കർ ദലിത്‌ രാഷ്‌ട്രത്തിനായുളള സൈദ്ധാന്തികവും പ്രായോഗികവുമായ സൂത്രവാക്യത്തിനായി കഠിനപരിശ്രമം ചെയ്‌തിരുന്നു. ഗാന്ധിയൻമാർ ഇലക്ഷനിലും വിദ്യാഭ്യാസത്തിലും തൊഴിലിലും റിസർവേഷനെന്ന തത്വം അംഗീകരിച്ചതോടെ ദലിത്‌ രാഷ്‌ട്രമെന്ന അജൻഡ അംബേദ്‌കർ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ദലിത്‌ രാഷ്‌ട്ര രൂപീകരണത്തിന്റെ ആവശ്യകത ഇന്ന്‌ വീണ്ടും പ്രസക്തമായിരിക്കുകയാണ്‌. കാരണം, തൊട്ടുകൂടായ്‌മയുടെയും ജാതിവ്യവസ്ഥയുടെയും നിരോധനമെന്ന പ്രക്രിയ അപ്പാടെ പീഡനത്തിന്റെ വഴിയായി തീർന്നിരിക്കുന്നു.

ഈ അവസരം, ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിലെ ദലിത്‌ രാഷ്‌ട്രത്തിന്റെ അതിരുകളെക്കുറിച്ച്‌ ചിന്തിക്കാനും അവയെ നിർണ്ണയിക്കാനും എന്നെ നിർബന്ധിതനാക്കിയിരിക്കുകയാണ്‌. ഇന്ന്‌ ദലിത്‌ രാഷ്‌ട്രമെന്നൊന്ന്‌ നിലനില്‌ക്കുന്നില്ല. അതിന്റെ അതിരുകൾ നമുക്ക്‌ ദൃശ്യമല്ല. ഗിരിവർഗ്ഗക്കാരിൽനിന്നും മുസ്ലീമുകളിൽനിന്നും വ്യത്യസ്‌തമായി ഏതെങ്കിലുമൊരു ഭൂമിശാസ്‌ത്രപരമായ അതിർത്തികൾക്കുളളിൽ ദലിതർ ഒതുങ്ങുന്നില്ല. അവർ എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുണ്ട്‌. ദലിതർക്ക്‌ രാജ്യത്തിലെ വിവിധ മേഖലകളിൽ ലഭിച്ചുവരുന്ന പ്രാതിനിധ്യം കാരണം അവർ സമീപകാലത്ത്‌ രാഷ്‌ട്രപദവി ആവശ്യപ്പെട്ടിട്ടില്ല. രാഷ്‌ട്രമെന്നത്‌ രാജ്യമെന്നുളളതു മാത്രമല്ല. അതിനുമപ്പുറത്തുളള ഒന്നാണ്‌. രാജ്യം നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കുമപ്പുറത്ത്‌ പ്രവർത്തിക്കുന്ന ഒന്നാണത്‌. ഉദാഹരണത്തിന്‌ ഇന്ത്യയിലെ സ്വകാര്യമേഖലാവ്യവസായം സ്‌റ്റേറ്റിന്റെ ഉടമസ്ഥതയിലുളള ഒന്നല്ല. എന്നാലത്‌ സമൂഹത്തിലെ എല്ലാ വിഭാഗത്തിനും അവകാശപ്പെട്ട ദേശീയസ്വത്താണ്‌. ഇരുപത്തിയഞ്ച്‌ ശതമാനം വരുന്ന ജനവിഭാഗത്തിന്‌ സ്വകാര്യമെഖലയിലുളള സ്ഥാപനങ്ങളിൽ പ്രാതിനിധ്യം ലഭിക്കില്ലെന്ന സാഹചര്യം വന്നാൽ അവർ അവരുടേതായ രാഷ്‌ട്രം നിർമ്മിക്കുന്നതിനായി ചിന്തിച്ചു തുടങ്ങും.

ദലിതർ സ്വന്തം വിയർപ്പും രക്തവുമൊഴുക്കി കെട്ടിപ്പടുത്ത, മേൽ ജാതിക്കാർ ഉടമസ്ഥരായുളള വ്യവസായ സ്ഥാപനങ്ങളിലൊന്നിലും അവർക്ക്‌ പങ്കില്ലെന്ന സ്ഥിതിവന്നാൽ ഇന്നത്തെ രാഷ്‌ട്രമെന്ന കാഴ്‌ചപ്പാടിലുളള വിശ്വാസം തന്നെ നഷ്‌ടമാവും. അങ്ങനെ രാഷ്‌ട്രത്തെക്കുറിച്ചുളള ഒരു പുതിയ കാഴ്‌ചപ്പാടിന്റെ സൃഷ്‌ടി ആരംഭിക്കുകയായി.

ദലിതർക്ക്‌ ഒരു ചരിത്രമുണ്ട്‌. അവരുടെ ചരിത്രം അടിമത്തത്തിന്റേതാണ്‌. ഗ്രാമങ്ങളിലും ടൗണുകളിലും അവർ അമർച്ചക്കു വിധേയരായി. ഭൂമിശാസ്‌ത്രപരമായി അടയാളപ്പെടുത്താവുന്ന ഒരു രാഷ്‌ട്രമായി മാറുവാൻ അവർക്ക്‌ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഇന്ന്‌, സാമൂഹിക-ആത്മീയ പ്രതിനിധിയായി അംബേദ്‌കറുടെ ആവിർഭാവത്തിനുശേഷം, ദലിതർ അവരുടെ സ്വത്വത്തെക്കുറിച്ചും സത്തയെക്കുറിച്ചും ബോധവാന്മാരാണ്‌. ചിന്തയുടെയും പ്രത്യയശാസ്‌ത്രത്തിന്റെയും ദൈനംദിന നിലനില്‌പിന്റെയും ലോകത്ത്‌ സ്വത്വവും സത്തയും ഇടം കാണാതെ വരുമ്പോൾ, മനുഷ്യർ അവരുടെ ഭൂമിശാസ്‌ത്രപരമായ രാഷ്‌ട്രം അന്വേഷിക്കുവാൻ തുടങ്ങും.

സ്വന്തം രാഷ്‌ട്രത്തിനായുളള അന്വേഷണത്തിന്റെ ഉദ്‌ഭവം ഒരു ജനതയുടെ സാമ്പത്തികാവശ്യം മാത്രമായിരിക്കില്ല. തങ്ങളുടെ സംസ്‌കാരത്തിന്റെ സ്വത്വം അംഗീകരിക്കാതെ വരുമ്പോൾ ഭൂമിശാസ്‌ത്രപരമായുളള രാഷ്‌ട്രം നിർമ്മിക്കേണ്ടതിന്റെ ആവശ്യം ശക്തമായിത്തീരുന്നു. ദലിതർക്കായുളള രാഷ്‌ട്രനിർമ്മിതിയെക്കുറിച്ച്‌ അംബേദ്‌കർ വാദിച്ചിരുന്നു. എന്നാൽ അന്ന്‌ പല ആശങ്കകളും പരിഹരിക്കുകയുണ്ടായി. പരിമിതമായ രൂപത്തിലുളള സംവരണംപോലും സ്വത്വത്തെക്കുറിച്ച്‌ അക്കാലത്തുണ്ടായിരുന്ന ചരിത്രപരമായ ദാഹത്തെ ശമിപ്പിക്കുകയുണ്ടായി. പൊതുമേഖലയിൽ ഉപരിവർഗ്ഗത്തിന്റെ ആശ്രിതരായിരിക്കുവാൻ ദലിതർക്ക്‌ അനുവാദം ലഭിച്ചു. അവർക്ക്‌ ഭരണാധികാരികളാകുവാൻ കഴിയുമായിരുന്നില്ല. മറിച്ച്‌ ഭരിക്കുന്ന ജാതിയുടെ പാതി-അടിമകളായി പണിയെടുക്കേണ്ടിയിരുന്നു. അവർക്കത്‌ ഒരു തരത്തിലുളള നാണക്കേടുണ്ടാക്കി. അവരിലെ വിദ്യാസമ്പന്നർ യഥാർത്ഥ സ്വത്വത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങി.

വരേണ്യവർഗം ഓരോ ഘട്ടത്തിലും പരിഹാസത്തിന്റെ ഭാഷ സംസാരിച്ചു. മുന്തിയ ജാതിയിലെ ഭരണാധിപന്മാർ അവർ ഇടത്തരക്കാരായിരുന്നെങ്കിലും ദലിത്‌ ബുദ്ധിജീവികളെ പരിഹസിച്ചു. ഉപരിവർഗ്ഗത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുളള ഇന്ത്യയിലെ വ്യവസായം, നാല്‌പതു ശതമാനം സംവരണ സംവിധാനമുളള മലേഷ്യ പോലുളള ഒരു രാജ്യത്തെ വ്യവസായവുമായി കിടപിടിക്കുന്നതല്ല. വിദ്യാഭ്യാസമുളള ഉപരിവർഗ്ഗം നിയന്ത്രിക്കുന്നതും നടത്തുന്നതുമായ ഇന്ത്യയിലെ ഏറ്റവും നല്ലതെന്നറിയപ്പെടുന്ന വ്യവസായത്തിനുപോലും ദക്ഷിണാഫ്രിക്കയിലെ കറുത്തവർ നടത്തുന്ന അനവധി വ്യവസായങ്ങളുമായി മത്സരിക്കുവാൻ കഴിയില്ല. ഇന്ന്‌ യു.പി.എ.ഗവൺമെന്റ്‌ സ്വകാര്യമേഖലയിലെ സംവരണത്തെക്കുറിച്ചുളള ചർച്ചയ്‌ക്ക്‌ തുടക്കമിട്ടിരിക്കുന്നു. ദലിതുകൾ വ്യവസായ മേഖലയിൽ പ്രവേശിച്ചാൽ കഴിവിനെയും ഉത്‌പാദനക്ഷമതയെയും ബാധിക്കുമെന്ന്‌ ഉപരിവർഗ്ഗ ബുദ്ധിജീവികൾ വാദിക്കുന്നു. ഈ സാഹചര്യത്തിൽ ഞങ്ങൾ ചോദിക്കട്ടെഃ ദലിതർക്കുമാത്രമായൊരു രാഷ്‌ട്രവും ബ്രാഹ്‌മണ-ബനിയ വർഗ്ഗങ്ങൾക്കുമാത്രമായൊരു രാഷ്‌ട്രവുമുണ്ടെങ്കിൽ അവയിൽ ഏതായിരിക്കും മുന്നേറുക?

Generated from archived content: essay1_sep29.html Author: kanja_illayah

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here