വീണ്ടും വന്ന വഴി

അയാൾ നടന്നു….. കാണുന്ന വഴിയിലൂടെ ചോദിക്കാൻ ഒരാളെയും കാണുന്നില്ല. എങ്ങോട്ടാണു പോകേണ്ടത്‌ എന്ന്‌ വ്യക്തമല്ല. എന്നാലും ചോദിക്കാൻ ആരുമില്ലല്ലോ? സൂര്യന്റെ തീഷ്‌ണമായ ചൂടിനെ വകവെക്കാതെ അയാൾ വീണ്ടും നടന്നു ആരെയെങ്കിലും കാണുന്നത്‌ വരെ അല്ലെങ്കിൽ ഒരു തണൽ കാണുന്നത്‌ വരെ.

ഇരുവശത്തും മൊട്ടകുന്നകൾ മാത്രം, ചൂടേറ്റ്‌ വാടി കരിഞ്ഞ വൃക്ഷങ്ങൾ. അയാൾ ചുറ്റും ഒന്ന്‌ നോക്കി. വെറുതെ ആരെയെങ്കിലും കണ്ടാലോ എന്ന്‌ ആശിച്ചുപോയി വെറുതെ എവിടെയെങ്കിലും ഇരിക്കണമെന്ന്‌ തോന്നി തുടങ്ങുന്നു. അപ്പോൾ ദൂരെ ഒരു മനുഷ്യരൂപം പോലെ തോന്നി. വ്യക്തമല്ല എങ്കിലും ആ രൂപം ചലിക്കുന്നപോലെ തോന്നി അയാൾ ഓടി ആ രൂപത്തിന്റെ അടുത്തേക്ക്‌ അത്‌ വളരെദൂരെയാണ്‌ എങ്കിലും അയാൾ ഓടി അവിടെ എത്താൻ അയാളുടെ മനസ്‌​‍്സ പിടഞ്ഞു. കഠിനമായ സൂര്യകിരണങ്ങളെ വകഞ്ഞുമാറ്റി അയാൾ ഓടി.

ഇപ്പോൾ വ്യക്തമായി ആ രൂപത്തെ കണ്ടു. ഒരു വൃദ്ധനായ മനുഷ്യൻ ചെറിയ കുഴിയിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിക്കുന്നു. കയ്യിൽ ചെറിയ പാത്രവും, പക്ഷെ ക്ഷീണിതനാണ്‌ ആ വൃദ്ധൻ. ആ പാവത്തിനു വെള്ളം കോരിയെടുക്കാൻ കഴിയുന്നില്ല. ആരെയൊ സഹായത്തിനു എന്ന പോലെ കയ്യ്‌കൊണ്ട്‌ വിളിക്കുന്നു. അയാൾ നോക്കിയപ്പോൾ അപ്പുറത്ത്‌ ഒരു യുവാവ്‌ ഒരു പിഞ്ച്‌ കുഞ്ഞിനെ മടിയിൽകിടത്തിയിരിക്കുന്നു. ആ കുഞ്ഞിന്‌ യുവാവ്‌ എന്തോ കൊടുത്തുകൊണ്ടിരിക്കുകയാണ്‌.

വിറയാർന്ന ശബ്‌ദത്തിൽ വൃദ്ധൻ യുവാവിനെ വിളിച്ചു….. ഏയ്‌ ഒന്നിങ്ങട്‌ വരാമോ? അല്‌പം വെള്ളം എടുത്ത്‌ തരാവോ?

നാശം!… യുവാവ്‌ പിറുപിറുത്തു….. പിന്നെ വൃദ്ധനെ നോക്കി അമർഷത്തോടെ പറഞ്ഞു…… ഞാൻ കുട്ടിക്ക്‌ പാലു കൊടുക്കുന്നത്‌ കണ്ടില്ലേ ദാഹിച്ചിട്ട്‌ വയ്യ എന്റെ തൊണ്ട വരളുന്നു….. വൃദ്ധൻ ദയനീയതയോടെ പറഞ്ഞു. യുവാവ്‌ അലക്ഷ്യമായി എങ്ങോട്ടോ നോക്കികൊണ്ടിരുന്നു. വൃദ്ധൻ നിസ്സംഗതയോടെ കുഴിയിലേക്ക്‌ നോക്കി വിറയാർന്ന കയ്‌കളോടെ ആ പാത്രം കൊണ്ട്‌ കുഴിയിലെ വെള്ളം എടുക്കാൻ ശ്രമിച്ചു. പക്ഷെ ആ പാവത്തിനു സാധിക്കുന്നില്ല.

അയാൾ മെല്ലെ ആ വൃദ്ധന്റെ അടുത്തേക്കു ചെന്നു. കയ്യിൽ നിന്നും പാത്രം വാങ്ങി കുഴിയിലെ തണുത്തവെള്ളം കോരിയെടുത്തു വൃദ്ധനു കൊടുത്തു. ഒരു കവിൾ വെള്ളം കുടിച്ച വൃദ്ധൻ ആ പാത്രം തിരികെ അയാളെ ഏൽപ്പിച്ചു. എന്നിട്ട്‌ പറഞ്ഞു…. കുറച്ച്‌ വെള്ളം എന്റെ മകനു കൊടുക്കോ….???

അയാൾ ഒരു നിമിഷം തരിച്ച്‌ നിന്നു പിന്നെ മെല്ലെ വൃദ്ധന്റെ ചെവിയിൽ ചോദിച്ചു….. ആര്‌??? നിങ്ങളുടെ മകനോ? ….ങും. അയാൾ ആ യുവാവിനെ മെല്ലെ തിരിഞ്ഞുനോക്കി. അപ്പോഴും ആ യുവാവ്‌ കുട്ടിക്ക്‌ പാൽ കൊടുത്ത്‌ കൊണ്ടിരിക്കുകയായിരുന്നു. അയാൾ മെല്ലെ യുവാവിന്റെ അടുത്ത്‌ ചെന്നു. പതിയെ തോളിൽ കൈവെച്ചു. യുവാവ്‌ അയാളെ നോക്കി, അപ്പോഴും ഒരു കൈ കൊണ്ട്‌ കുട്ടിയെ തലോടുകയും മറ്റേ കൈകൊണ്ട്‌ പാലുകൊടുത്തുകൊണ്ടിരിക്കുകയായിരുന്നു യുവാവ്‌.

അയാൾ യുവാവിനോട്‌ ചോദിച്ചു.

അത്‌ നിങ്ങളുടെ ആരാ????

യുവാവ്‌ അയാളുടെ മുഖത്തേക്ക്‌ തുറിച്ച്‌നോക്കിക്കൊണ്ടിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ???? അയാൾ വീണ്ടും ചോദിച്ചും ങും…. യുവാവ്‌ ഒന്നമർത്തിമൂളി.

പിന്നെന്തേ കുറച്ച്‌ വെള്ളം കൊടുക്കാഞ്ഞൂ??? അയാൾ വീണ്ടും ചോദിച്ചു. ഞാൻ മാത്രം കൊടുത്താൽ മതിയോ??? യുവാവ്‌ ക്ഷോഭത്തോടെ അയാളെ നോക്കി….ങും…. അഞ്ചാറ്‌ ആൺ മക്കൾ ഉള്ളതാ അവസാനം ഞാൻ മാത്രം…. എന്റെ തലയിലായി കിളവൻ…. എന്റെ കുഞ്ഞിനെ ആരു നോക്കും ഇതിന്‌ എന്തെങ്കിലും കൊടുക്കേണ്ടേ…. എനിക്ക്‌ വയ്യാ ഇതിനെ ചുമക്കാൻ….. ചാവുന്നുമില്ല നാശം. ഇത്രയും പറഞ്ഞ്‌ തീരുന്നതിനു മുൻപ്‌ അയാൾ കൈ വീശി യുവാവിന്റെ മുഖത്തടിച്ചു. അടി കൊണ്ട യുവാവ്‌ പകച്ച്‌ പോയി മിണ്ടി പോകരുത്‌…… അയാൾ ഗർജജിച്ചു തൊട്ടു പോകരുത്‌…. വിറയാർന്ന ശബ്‌ദം കേട്ട്‌ അയാൾ തിരിഞ്ഞ്‌ നോക്കി. വിറക്കുന്ന കൈവിരൽ ചൂണ്ടി ക്ഷോഭിക്കുന്ന മുഖവുമായി വൃദ്ധൻ നിൽക്കുന്നു. നിങ്ങൾ…. ഇവനെ… വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു. പൊയ്‌ക്കൊ ഇവിട്‌ന്ന്‌…… വൃദ്ധൻ വീണ്ടും പറഞ്ഞു. തന്റെ കൈയ്യിലിരുന്ന പാത്രം തിരികെ വൃദ്ധനെ ഏൽപ്പിച്ചു അയാൾ നടന്നു വീണ്ടും ലക്ഷ്യമില്ലാത്ത യാത്ര…. വിജനമായ പാതയിലൂടെ…

അകലെ സൂര്യൻ മറഞ്ഞു തുടങ്ങി, അന്ധകാരം മെല്ലെ മെല്ലെ ഭൂമിയെ പുണരാൻ തുടങ്ങി. എന്നിട്ടും അയാൾനടന്നുകെണ്ടേയിരുന്നു. ഒന്നും കാണാൻ കഴിയുന്നില്ല എങ്ങും ഇരുട്ട്‌ മാത്രം എവിടെയോ നിന്ന്‌ സീൽക്കാരങ്ങൾ കേൾക്കുന്നു. ഇനിയും നടക്കാൻ വയ്യാ… ഇടക്ക്‌ അയാൾ എവിടെയോ തട്ടി വീണു. എന്നിട്ടും ലക്ഷ്യമില്ലാതെ എന്തിനോ വേണ്ടി അയാൾ നടന്നു.

ഇനി ഇരുട്ടിലൂടെ ഒരുപാട്‌ നടക്കണം അയാൾ എവിടെയോ മെല്ലെ ഇരുന്നു, ക്ഷീണം കൊണ്ട്‌ അയാൾ തളർന്ന്‌ ഉറങ്ങി പോയി. മെല്ലെ വീശിയ തണുപ്പുള്ള കാറ്റിൽ അയാൾ തന്റെ സ്വപ്‌നലോകത്തേക്ക്‌ സഞ്ചരിക്കാൻ തുടങ്ങി….. എന്തൊക്കെയോ കീഴടക്കി…. എന്തൊക്കെയോ….നേടി. എന്തൊക്കെയോ…. കണ്ടു അയാൾ തന്റെ സ്വപ്‌ന സഞ്ചാരം തുടർന്ന്‌കൊണ്ടേയിരുന്നു.

പ്രഭാത കിരണങ്ങൾ മുഖത്ത്‌ അസ്വസ്‌ഥത ചൊരിഞ്ഞപ്പോൾ അയാൾ ഉണർന്നു. തന്റെ കൈകളിലെ തൊലികൾ ചുളുങ്ങി തുടങ്ങിയത്‌ അയാൾ കണ്ടു. കാലം തന്നിൽ വരുത്തിയ മാറ്റം അയാൾ മനസ്സിലാക്കി. ഇനി യാത്ര എവിടെയെങ്കിലും നിറുത്തണം. അയാൾ ദൂരെക്ക്‌ ഒന്നു കണ്ണ്‌ ഓടിച്ചു. അങ്ങ്‌ ദൂരെ ഒരു തണൽ മരം കാണുന്നുണ്ട്‌. അയാൾ അങ്ങോട്ട്‌ നടന്നു. അവിടെയെത്താൻ വേഗം നടന്നു. പക്ഷെ പ്രായം പഴയതു പോലെ അനുവദിക്കുന്നില്ല എങ്കിലും, ആ തണൽ മരം നോക്കി അയാൾ നടന്നു.

തണൽ മരത്തിന്റെ അടുത്ത്‌ എത്തിയ അയാൾ ഒരു നിമിഷം സ്‌തംഭിച്ചു നിന്നു. അവിടെ ഒരു വൃദ്ധൻ കുഴിയിൽ നിന്നും വെള്ളം കുടിക്കാൻ ശ്രമിക്കുന്നു. ആ വൃദ്ധൻ വേച്ച്‌ പോകുന്നുണ്ടായിരുന്നു. അയാൾ ആ വൃദ്ധനെ താങ്ങി നിർത്തി. നിങ്ങളോ??? ആ വൃദ്ധൻ ചോദിച്ചു. അയാൾ സൂക്ഷിച്ച്‌ നോക്കി… നീ… ഞാൻ അയാൾക്ക്‌ ആശ്ചര്യം അടക്കാൻ കഴിഞ്ഞില്ല. അത്‌ ആ പഴയ യുവാവ്‌ ആയിരുന്നു. പക്ഷെ ഇപ്പോൾ മുടിയെല്ലാം നരച്ച്‌ മുഖത്ത്‌ വാർദ്ധക്യത്തിന്റെ കലകൾ, എവിടെ നിന്റെ അച്ഛൻ…. അയാൾ ചുറ്റും നോക്കി…. മരിച്ചു… വൃദ്ധൻ മെല്ലെ പറഞ്ഞു കണ്ണുകളിൽ നിന്നും കണ്ണ്‌നീർ പൊടിയുന്നുണ്ടായിരുന്നു. എവിടെ നിന്റെ മകൻ…. അയാൾ വീണ്ടും ചോദിച്ചു. കണ്ണുനീർ തുടച്ച്‌കൊണ്ട്‌ വൃദ്ധൻ തണൽമരത്തിനപ്പുറം വിരൽ ചൂണ്ടി അയാൾ കണ്ടു അവിടെ ഒരു കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്ന യുവാവ്‌…. യുവാവിന്റെ അടുത്തേക്കു പോകാൻ ശ്രമിച്ച അയാളെ വൃദ്ധൻ കടന്ന്‌ പിടിച്ചു. വൃദ്ധന്റെ കണ്ണുകളിൽ ഭയം അയാൾ കണ്ടു.

സ്വന്തം കവിൾതടം തടവിക്കൊണ്ട്‌ ആ വൃദ്ധൻ പറഞ്ഞു…. അവനെ തല്ലരുത്‌…. എനിക്ക്‌ വേറെ ആരുമില്ല…. അയാൾ തേങ്ങി തേങ്ങി കരഞ്ഞു. വൃദ്ധന്റെ കണ്ണുനീർ തുടച്ച്‌കൊണ്ട്‌ അയാൾ വീണ്ടും നടന്നു. അതേ വഴിയിലൂടെ അയാൾ തിരിച്ചറിഞ്ഞു. ഇത്‌ വന്ന വഴിയാണെന്ന്‌ അതെ വീണ്ടും വന്ന വഴി അയാൾ പിറുപിറുത്തുകൊണ്ട്‌ നടന്നു…

Generated from archived content: story1_feb19_11.html Author: kaniyar_riyad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English