ഞാനൊരു പ്രവാസി. ഗൾഫിൽ നാളു കൊറെയായി പ്രവാസം തുടങ്ങിയിട്ട്, വലിയ കുഴപ്പം ഒന്നും ഇല്ലാതെ പോകുന്നു, പക്ഷെ ഈയിടെ ഞാനൊന്ന് ഞെട്ടി…. ഓ അങ്ങനെ കാര്യമായ പ്രശ്‌നം ഒന്നും ഇല്ല, കാര്യം എന്താണെന്നല്ലേ പറയാം.
ഈയിടെ നാട്ടിൽ നിന്നും ഒരാൾ പുതിയ വിസയിൽ വന്നു. ആളെ റിയാദ്
എയർപോർട്ടിൽ നിന്നും കൂട്ടാൻ പോയത് ഈ ഞാൻ തന്നെ, പോരുന്ന വഴി വിശേഷങ്ങൾ പരസ്‌പരം പങ്ക് വെക്കുമ്പോൾ കക്ഷി എന്നോട് ഒരു ചോദ്യം.
…..ഇക്ക എത്ര നാളായി ഇവിടെ…?
ഞാൻ വളരെ കൂളായി മറുപടി കൊടുത്തു 10 വർഷമായി.
ഇത് കേട്ട പാതി കക്ഷി അറിയാതെ പറഞ്ഞുപോയി…. അള്ളാ…. പത്ത് കൊല്ലോ??? എന്നിട്ട് എന്നെ തുറിച്ച് നോക്കി.
ആ നോട്ടം കുറച്ച് നേരം തുടർന്നു ഞാൻ ചോദിച്ചു.
എന്താ ഇങ്ങനെ നോക്കുന്നേ…..
ഏയ് ഒന്നുമില്ല….. കക്ഷി പെട്ടെന്ന് തന്റെ ഉണ്ട കണ്ണ് തിരുമ്മി എന്നിട്ട് വെറുതെ വഴിയിലേക്ക് നോക്കി നിന്നു.
കക്ഷി എന്തോ ആലോചിക്കുകയാണ്, ഞാൻ ചോദിച്ചൂ.
എന്താ എന്തു പറ്റി…. എയ് ഒന്നുമില്ല. പുള്ളിക്കാരൻ പറഞ്ഞു.
അപ്പോഴാണ് ഞാൻ എന്നെ കുറിച്ച് ബോധവാനായത്. ഞാൻ അറിയാതെ എന്നെപറ്റി ചിന്തിച്ചു ഇതേ ചോദ്യം ഞാനും ചോദിച്ചതല്ലേ. ഞാൻ അറിയാതെ 10 വർഷം പുറകിലേക്ക് പോയി. ആദ്യമായി ഗൾഫിൽ വന്ന സമയം ഒരു പരിചയക്കാരന്റെ കൂട്ടുകാരനെ കണ്ടു മുട്ടി ഇതേ ചോദ്യം ഞാനും ചോദിച്ചു.
എത്ര നാളായി ഇവിടെ???
ഞാനേ പത്ത് വർഷം കഴിഞ്ഞു.
അന്ന് ഞാൻ ഞെട്ടി….. അള്ളാ പത്ത് വർഷോ…. എനിക്കൊന്നും പറ്റൂല ഇത്രയും നാൾ ഇവിടെ നിൽക്കാൻ. എങ്ങനെയെങ്കിലും കടം വീട്ടണം പിന്നെ നാട് പിടിക്കണം. ഇയ്യാളെ സമ്മതിക്കണം പൊന്നോ….
അന്ന് ഞാൻ ആ പാവത്തിനെ നിശിതമായി വിമർശിച്ചു പരസ്യമായല്ല കേട്ടോ സ്വന്തം മനസ്സിനുള്ളിൽ.
പക്ഷെ ഞാൻ ഇപ്പോൾ ശരിക്കും ഞെട്ടി എന്താ കാര്യം അല്ലേ ഞാനും പത്ത് കൊല്ലം പൂർത്തിയാക്കി…. ആ സത്യം പൂർണ്ണമായ രൂപത്തിൽ ഞാനാണെന്ന് ഓർക്കുമ്പോൾ എന്തൊക്കെയോ നഷ്‌ടബോധം എന്നെ വരിഞ്ഞു മുറുക്കി.
ഒരോരോ പ്രശ്‌നങ്ങളാണു ജീവിതത്തിൽ ഞാൻ പരിഹരിച്ചത്. ഗൾഫുകാരനു വേണ്ട എല്ലാ പരിഗണനയും ഇത്തരം സാഹചര്യത്തിൽ എനിക്ക് നാട്ടിൽ നിന്ന് ശരിക്കും കിട്ടിയിരുന്നു. പക്ഷെ തകർന്നടിഞ്ഞത് എന്റെ സ്വപ്‌നങ്ങളായിരുന്നു, പ്ലാനായിരുന്നു. ഇപ്പോൾ ഞാൻ ശരിക്കും മാപ്പ് പറയുന്നു. ആരോടാണെന്നല്ലേ ഓർമയില്ലേ ആ പാവം പരിചയക്കാരന്റെ കൂട്ടുകാരനോട്.
പിന്നെ നമ്മുടെ പാവം കക്ഷിയെ ഒന്ന് നോക്കി. ഇപ്പോഴും ചിന്തയിലാണ്…. എന്റെ മറ്റൊരു രൂപം….. പാവം….
ഇതാണു പ്രവാസി…. പ്രവാസിക്ക് നഷ്‌ടപ്പെടാൻ ഒരുപാടുണ്ട്. അത് മറ്റുള്ളവർക്ക് അവൻ നൽകുന്ന സന്തോഷമാണ്. അവർ സന്തോഷിക്കുമ്പോൾ അവൻ ഒരു പക്ഷെ അടക്കിപിടിച്ച് കരയുന്നുണ്ടാവും.
മറ്റുള്ളവർക്ക് ജീവിക്കാൻ സ്വയം ത്യജിക്കുന്നവൻ അല്ല മരിക്കുന്നവൻ…. അവനെ നമുക്ക് വിളിക്കാം…. പ്രവാസി.
Generated from archived content: essay1_jun3_11.html Author: kaniyar_riyad