മാധവിക്കുട്ടിയുടെ ഉൺമക്കഥകൾ

മാധവിക്കുട്ടിയുടെ ഏറ്റവും പുതിയ ഇരുപത്‌ കഥകളുടേതാണ്‌ ഈ സമാഹാരം. വായനയുടെ സുകൃതം ബാക്കിയാക്കുന്ന ‘ചെറു’കഥകൾ.

ഉർവ്വരമായ കവിമനസ്സിന്റെ കഥപ്പെയ്‌ത്തുകൾ.

പതിവുപോലെ, ഘനീഭവിച്ച ചോദ്യങ്ങളിൽ ചെന്നുതട്ടുന്നൊരനുഭവം ഈ കഥകളുടെയും പാരായണത്തിൽ അവശേഷിക്കുന്നു.

സ്‌ത്രീപുരുഷ ദ്വന്ദ്വങ്ങളുടെ ഇരുളിടങ്ങളിലേക്ക്‌ നൂണിറങ്ങി ചായംതേച്ച ചിരികളുടെ കോമാളിമുഖങ്ങൾ മാധവിക്കുട്ടി കണ്ടെത്തി.

ദാമ്പത്യം ഒരു ഇല്ലാക്കസേരയാണെന്നു ചിന്തിപ്പിക്കുന്ന ഭർത്തൃപരായണകളായ ‘പതിവ്രത’കൾ, പ്രണയത്തിന്റെ പുറംതോട്‌ പൊട്ടിച്ചെറിയുന്ന തീക്ഷ്‌ണപ്രണയികൾ, വരിയുടയ്‌ക്കപ്പെട്ട കാവൽനായ്‌ക്കളെപ്പോലെ വീടു കാക്കുന്ന മധ്യവയസ്‌കൻമാർ, ആൾക്കൂട്ടത്തിൽ അവിടവിടെ ആരോ മറന്നുവെച്ചവർ-ഒക്കെയും ഈ കഥകളിലൂടെ നമ്മോടു സംവദിക്കുന്നു.

മാധവിക്കുട്ടിക്ക്‌ ഒരു മുഖവുര ആവശ്യമുണ്ടോ; ലൗകികവാസനകൾക്ക്‌ കൈയെത്തിത്തൊടാനാവാത്ത പ്രതിഭകൊണ്ടുമാത്രം വീൺവാക്കുകളുടെ ബഹളവൃത്തത്തിൽനിന്നുയരെപ്പറക്കുന്ന മാധവിക്കുട്ടിക്ക്‌?

അവരുടെ കാഴ്‌ചപ്പാടുകളും അവരിലെ പ്രണയവും അവരുടെ മതവും ആദ്ധ്യാത്മബോധവും നമ്മോടു കലഹിക്കുന്നതിന്റെ കാരണം മറ്റെന്താണ്‌?

കലയിലും ജീവിതത്തിലും പ്രണയം ആഘോഷിക്കുന്ന പ്രതിഭയോട്‌ കലഹിക്കാതെ നമുക്കും മറ്റെന്തുചെയ്യാൻ?

മനുഷ്യബന്ധങ്ങളുടെ ചിതലരിച്ച പഴുതുകളും നിഷ്‌ഫലതയുടെ നൈരന്തര്യവും ചിരിയുടെ നേർത്ത ആവരണംകൊണ്ട്‌ മറയ്‌ക്കുന്ന കാഴ്‌ചകളാണ്‌ ‘ചെകിടൻ വേല്വാര്‌’ ‘സപ്‌താഹം’ ‘മുത്തച്ഛന്റെ പ്രാർത്ഥന’…

പെൺമനസ്സിന്റെ ഭ്രമിപ്പിക്കുന്ന കന്നന്തിരിവുകൾ വരയ്‌ക്കുമ്പോൾ മാധവിക്കുട്ടിയിലെ ചിത്രകാരി എത്രയോ മിഴിവാർന്നു തെളിയുന്നു. ജാനുവമ്മക്കഥകളുടെ എഴുത്തുകാരിക്ക്‌ സ്‌ത്രീത്വത്തിന്റെ ഭിന്നഭാവങ്ങളും ആന്തരികവും ബാഹ്യവുമായ ഭിന്ന ജീവിതവൃത്തികളും നല്ല തിട്ടമാണല്ലോ.

എല്ലാവരെയും കഥാപാത്രങ്ങളായി നിരീക്ഷിക്കാറുണ്ടെന്ന്‌ മാധവിക്കുട്ടി പറഞ്ഞിട്ടുമുണ്ട്‌.

എന്റെ ആദ്യകവിതകളുടെ പുസ്‌തകം പ്രകാശിപ്പിച്ചത്‌ മാധവിക്കുട്ടിയാണ്‌, 1996 മാർച്ചിൽ നൂറനാട്ടുവെച്ച്‌.

വെളളിക്കൊലുസും ദാവണിയുമിട്ടുനടക്കാൻ എന്നോടു പറഞ്ഞു അന്നവർ. വളളുവനാടിന്റെ ആത്മസൗഭഗംപോലെ ഒരു കിളിമകളെ ഉളെളഴുത്തിലൊളിപ്പിച്ച എന്റെ പ്രിയ കഥാകാരി.

നഗരങ്ങൾ കെടുത്തിക്കളയാത്ത നന്മയുടെ തിരിനാളം. ഏകാകിതയുടെ നിലാവിരുട്ടത്ത്‌ സ്‌നേഹത്തിന്റെ താരകം നോക്കിപ്പോയ ആ കിളിപ്പെണ്ണിന്റെ പാട്ടിനുനേർക്ക്‌ നമ്മൾ കല്ലും പൂമാലയുമെറിഞ്ഞു; കവിതകളായി അവ മടങ്ങിവന്നു.

മലയാളിയുടെ വായനമുറിയിലേക്ക്‌ ഉൺമക്കഥകളോടൊത്തു കയറിച്ചെല്ലാനായതിൽ വിവരിക്കാനാവാത്ത ധന്യതയുണ്ടെനിക്ക്‌. മാധവിക്കുട്ടിയുടെ ഈ നിയോഗം വാത്സല്യത്തിന്റെ അനുഗ്രഹത്തിന്റെ നിയോഗം തന്നെയല്ലേ.

“ഞാൻ ആ മുഖത്തേക്ക്‌ ഉറ്റുനോക്കി. ഏതു നിഗൂഢവേദനയാണ്‌ നിദ്രയിലും എന്റെ ഓമനയെ അലട്ടുന്നത്‌? നമസ്‌കാരത്തിനുമുമ്പ്‌ കൈത്തലംകൊണ്ടു നനച്ച ആ മുടിയിൽ ഞാൻ എന്റെ മുഖം അമർത്താറുണ്ട്‌. അദ്ദേഹത്തിന്റെ സുപരിചിത ഗന്ധങ്ങൾ ഞാൻ ആർത്തിയോടെ നുകരാറുണ്ട്‌. സുഗന്ധിയായ ആ അധരങ്ങളും ആശ്ചര്യപ്പെടുത്തുന്ന ആ മെയ്യഴകും എന്നെ കീഴടക്കിയെന്നു പറയുവാൻ ഞാൻ മുതിരുകയില്ല. ശരീരത്തിനുപിന്നിൽ മറ്റൊന്നുമില്ലേ ആകർഷകമായിട്ടെന്ന്‌ അദ്ദേഹം ചോദിച്ചുപോകുമെന്ന ആശങ്ക എന്നിൽ വളരുന്നു. ശരീരത്തിൽനിന്ന്‌ ആത്മാവിനെ അടർത്തിയെടുത്ത്‌ അതിനെയും ആശ്ലേഷിക്കുവാൻ എനിക്ക്‌ കഴിയുകയില്ലല്ലോ.”

ശരീരത്തിന്റെ ഇതളടർന്ന്‌, ആത്മാവിന്റെ കേസരങ്ങളിൽ പ്രണയത്തിന്റെ പരാഗം….അക്ഷരങ്ങളിൽനിന്ന്‌ ശലഭങ്ങൾക്ക്‌ തേൻ നുകരാം.

ഉൺമക്കഥകൾ

മാധവിക്കുട്ടി

വില – 45.00

ഉൺമ പബ്ലിക്കേഷൻസ്‌

Generated from archived content: book1_oct28.html Author: kanimol_unma

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here