പെരുന്ന കെ.എൻ.നായർ – ഒരു അനുസ്മരണം

നമ്മുടെ രാഷ്‌ട്രീയ-സാംസ്‌ക്കാരികരംഗത്ത്‌ വന്നുപ്പെട്ട എല്ലാ ദുഷ്‌പ്രവണതകൾക്കും നേരെ ദൃഢപ്രത്യയത്തോടെ തന്റെ തൂലിക ചലിപ്പിച്ച വ്യക്തിയായിരുന്നു ശ്രീ പെരുന്ന കെ.എൻ.നായർ. സാമാന്യജിവിതത്തിലെ എല്ലാ വെട്ടിപ്പിടുത്തങ്ങളിൽനിന്നും സ്വയം ഒഴിഞ്ഞുമാറിയ ആളായിരുന്നു അദ്ദേഹം. മാറുന്ന സമൂഹത്തിന്‌ അനിവാര്യമായ ശാശ്വതമൂല്യങ്ങൾക്കുവേണ്ടി അദ്ദേഹം നിലകൊണ്ടു. ഏതാണ്ട്‌ ആറുപതിറ്റാണ്ടിലധികം കാലത്തെ അദ്ദേഹത്തിന്റെ സാഹിത്യ-രാഷ്‌ട്രീയ-പത്രപ്രവർത്തനജീവിതം ഒരുപാട്‌ വിലപ്പെട്ട സംഭാവനകൾ നമുക്ക്‌ നല്‌കിയിട്ടുണ്ട്‌.

വിശ്രമരഹിതമായ പ്രവർത്തനം അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. തന്റെ കഴിവുകൾ പൊതുനന്മയ്‌ക്കായി വിനിയോഗിക്കുന്നതിൽ അദ്ദേഹം പിശുക്കു കാണിച്ചില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾകൊണ്ട്‌ ഏറ്റവും ഗുണമുണ്ടായിട്ടുളളത്‌ ഇവിടുത്തെ പത്രപ്രവർത്തനരംഗത്തും ചരിത്രമേഖലയിലുമാണ്‌. ഇന്ത്യൻ വർക്കിംഗ്‌ ജർണലിസ്‌റ്റ്‌ ഫെഡറേഷൻ, സംസ്ഥാന പത്രപ്രവർത്തകയൂണിയൻ എന്നിവ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക്‌ ചെറുതല്ല. അക്കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്‌ ശ്രീ.പി.വിശ്വംഭരൻ രേഖപ്പെടുത്തിയത്‌ നോക്കുകഃ- “തിരു-കൊച്ചി വർക്കിംഗ്‌ ജർണലിസ്‌റ്റ്‌ യൂണിയന്റെ ആരംഭം മുതൽതന്നെ കെ.എൻ.നായർ അതിന്റെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട്‌ അദ്ദേഹം അഖിലേന്ത്യാ ഫെഡറേഷനിൽ ദീർഘകാലം പ്രവർത്തകസമിതി അംഗമായും സെക്രട്ടറിയായും പ്രവർത്തിച്ചു.

1953-ൽ തിരുവനന്തപുരത്തുവെച്ച്‌ സമുന്നത പത്രാധിപരായിരുന്ന എം.ചലപതിറാവുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ്‌ വർക്കിംഗ്‌ ജർണലിസ്‌റ്റിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പിന്‌ വേണ്ടി ഫെഡറേഷൻ പ്രവർത്തകർ നിയോഗിച്ചത്‌ കെ.എൻ.നായരെ ആയിരുന്നു. ഈ ലേഖകനായിരുന്നു ആ സമ്മേളനത്തിന്റെ സ്വാഗതസംഘം സെക്രട്ടറി. സൗമ്യനും മിതഭാഷിയുമായിരുന്ന കെ.എൻ.നായരുടെ സംഘടനാപാടവം അന്നാണ്‌ ഞങ്ങൾക്ക്‌ മനസ്സിലാക്കുവാൻ കഴിഞ്ഞത്‌. ജസ്‌റ്റിസ്‌ രാജാദ്ധ്യക്ഷ ചെയർമാനും ആചാര്യനരേന്ദ്രദേവ്‌, സി.പി.രാമസ്വാമി അയ്യർ മുതലായവർ അംഗങ്ങളായിരുന്ന ഒന്നാം പ്രസ്സ്‌ കമ്മീഷന്റെ മുൻപിൽ തിരുഃകൊച്ചി വർക്കിംഗ്‌ ജർണലിസ്‌റ്റ്‌ യൂണിയനുവേണ്ടി തെളിവുനല്‌കാൻ നിയോഗിക്കപ്പെട്ട നാലംഗപ്രതിനിധി സംഘത്തിൽ കെ.എൻ.നായരും ഞാനുമുണ്ടായിരുന്നു. ഇ.ഗോവിന്ദപിളളയും പി.ആർ. ജോണുമായിരുന്നു മറ്റ്‌ രണ്ട്‌ അംഗങ്ങൾ. 1955 ആദ്യം ഞങ്ങൾ മദ്രാസിൽ ചെന്ന്‌ കമ്മീഷൻ മുൻപാകെ തെളിവുനല്‌കി. പ്രസ്‌തുത കമ്മീഷന്റെ ശുപാർശയനുസരിച്ചാണ്‌ വർക്കിംഗ്‌ ജർണലിസ്‌റ്റ്‌ ആക്‌ടും വേജ്‌ബോഡുമെല്ലാം ഉണ്ടായതെന്ന്‌ സ്മരണീയമാണ്‌. പത്രപ്രവർത്തനം കെ.എൻ.നായർക്ക്‌ ഒരു തൊഴിലായിരുന്നില്ല, ഒരു തപസ്യയായിരുന്നു.”

താൻ ഏറ്റെടുക്കുന്ന ഏതുകാര്യവും ഭംഗിയായും കുറ്റമറ്റതുമാക്കി തീർക്കണമെന്ന്‌ അദ്ദേഹത്തിന്‌ നിഷ്‌ക്കർഷയുണ്ടായിരുന്നു. പ്രത്യേകിച്ച്‌ ചരിത്രരചനയിൽ. വളച്ചൊടിക്കപ്പെട്ട വസ്‌തുതകളോ, തെറ്റായ പരാമർശങ്ങളോ, ഭാവനയുടെ പൊടികൈകളോ ഒന്നും അദ്ദേഹത്തിന്റെ ഒരു ചരിത്രപുസ്‌തകത്തിലും കാണാൻ കഴിയില്ല. ഉത്തമമായ ചരിത്രരചനയുടെ മാതൃകകളായി എടുത്തു കാട്ടാവുന്നവയാണ്‌ അദ്ദേഹത്തിന്റെ ചരിത്രഗ്രന്ഥങ്ങൾ. “ചരിത്രം അറിയാവുന്ന അദ്ദേഹത്തിന്‌ ചരിത്രത്തോട്‌ നീതി പുലർത്തുന്നതിൽ നിർബന്ധമുണ്ടായിരുന്നു” എന്ന്‌ ‘ചങ്ങമ്പുഴ സ്മരണ’കളുടെ അവതാരികയിൽ പ്രൊഫ.ബി. കുമാരപിളള കുറിച്ച വരികൾ മേല്പറഞ്ഞ വസ്‌തുതകളുടെ സാധൂകരണമായിട്ട്‌ കാണാം. കേരളത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലത്തെ രാഷ്‌ട്രീയ-സാഹിത്യ-പത്രമാധ്യമചരിത്രത്തിൽ പെരുന്നയ്‌ക്ക്‌ അറിയാത്ത ഒരു സംഭവവും ഉണ്ടായിരുന്നില്ല. അക്കാലത്ത്‌ ആ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ഏതാണ്ട്‌ എല്ലാ പ്രമുഖ വ്യക്തികളുമായും അദ്ദേഹത്തിന്‌ ആത്മബന്ധമുണ്ടായിരുന്നു.

ചങ്ങനാശ്ശേരി പെരുന്നയിൽ തെക്കില്ലത്തുവീട്ടിൽ നാണിക്കുട്ടി അമ്മയുടെയും കെ.വേലായുധൻപിളളയുടെയും മകനായി 1923 ജനുവരി 26-ന്‌ കെ.ആർ.നായർ ജനിച്ചു. വിദ്യാർത്ഥി ആയിരിക്കെതന്നെ അദ്ദേഹം സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു. വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ രാഷ്‌ട്രീയരംഗത്തേയ്‌ക്ക്‌ വന്ന അദ്ദേഹം പ്രചണ്ഡമായ സ്വാതന്ത്ര്യസമരത്തിലെ ക്വിറ്റ്‌ ഇന്ത്യാസമരത്തിലും, 1947-ലെ തിരുവിതാംകൂർ ഉത്തരവാദ ഭരണപ്രക്ഷോഭണത്തിലും പങ്കെടുത്തതിന്റെ ഫലമായി രണ്ടുതവണ ജയിൽവാസം അനുഭവിക്കേണ്ടിവന്നു. സ്വജീവിതത്തിന്റെ ഉയർച്ചയേക്കാൾ വലുതാണ്‌ തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന്‌ അദ്ദേഹം കരുതി.

സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സജീവരാഷ്‌ട്രീയംവിട്ട പെരുന്ന പത്രപ്രവർത്തനത്തിൽ മുഴുകുകയാണ്‌ ചെയ്‌തത്‌. ‘ഭാരതകേസരി, കേരളകൗമുദി, എക്‌സ്‌പ്രസ്സ്‌, പ്രഭാതം, ദീനബന്ധു, യോജന’ എന്നിവയിൽ സബ്ബ്‌ എഡിറ്റർ-എഡിറ്റർ എന്നീ നിലകളിലും, ന്യൂസ്‌ എഡിറ്ററായും, ഡെക്കാൺഹെറാൾഡ്‌, യൂനൈറ്റഡ്‌ പ്രസ്സ്‌ ഓഫ്‌ ഇന്ത്യ എന്നിവയിൽ ലേഖകനായും പ്രവർത്തിച്ചുകൊണ്ട്‌ അദ്ദേഹം തന്റെ കറയറ്റ കർമ്മശേഷിയും ധിഷണാവിലാസവും തെളിയിച്ചു.

രാജ്യത്തിന്റെ പൊതുവായ നിലനില്പിനെ ബാധിക്കുന്ന ഏതൊരു പ്രശ്നത്തിലും അദ്ദേഹം ശക്തിയായി ഇടപ്പെട്ടുകൊണ്ടിരുന്നു. സ്വാതന്ത്ര്യസമരരംഗത്ത്‌ പ്രവർത്തിച്ച പലരും, പുതിയ രാഷ്‌ട്രീയത്തിന്റെ വഴിപിഴച്ച പോക്കുകണ്ട്‌ മടുത്ത്‌ മൗനം പാലിച്ചപ്പോഴും പെരുന്ന അത്തരമൊരു മാറ്റത്തിന്‌ തയ്യാറായിരുന്നില്ല. തികച്ചും സമൂഹനന്മയെ ലക്ഷ്യമാക്കികൊണ്ടുളള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ വ്യക്തിവിദ്വേഷങ്ങൾക്കോ സ്ഥാപിത താത്‌പര്യങ്ങൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രതികരണസ്വഭാവത്തെക്കുറിച്ച്‌ പി.ഗോവിന്ദപ്പിളള ഇങ്ങനെ അനുസ്‌മരിക്കുന്നു. “1964-ൽ ഞാൻ ദേശാഭിമാനി മുഖ്യപത്രാധിപരായി ചുമതലയേറ്റതോടെ ഞങ്ങൾ തമ്മിലുളള എഴുത്തുകുത്ത്‌ വർദ്ധിച്ചു. ഞാൻ നിയമസഭാംഗമായിരിക്കുമ്പോൾ ചെയ്‌ത പ്രസംഗങ്ങളിലായാലും എന്റെ മുഖപ്രസംഗങ്ങളിലായാലും പിശക്‌ സംഭവിച്ചാൽ, തീർച്ചയാണ്‌, രണ്ടുമൂന്നു ദിവസത്തിനകമെങ്കിലും പെരുന്നയുടെ കത്ത്‌ വന്നിരിക്കും. തിരുത്തൽ നിർദ്ദേശിച്ചുകൊണ്ട്‌ അങ്ങനെ രന്ധ്രാന്വേഷണം മാത്രമല്ല പെരുന്ന നടത്തുക, ഏതെങ്കിലും ശ്രദ്ധേയമായ പരാമർശം എന്റെ വാക്കുകളിൽ കണ്ടാൽ ഉടനെ അഭിനന്ദനവും.”

മഹത്തായ ഒരു രാഷ്‌ട്രീയചരിത്രം നമുക്കുണ്ടെന്നും നാം അതിൽനിന്ന്‌ പാഠം ഉൾക്കൊളളണമെന്നും, സ്വാതന്ത്ര്യസമരത്തെക്കുറിച്ച്‌ എഴുതിയ ലേഖനങ്ങളിലൂടെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികം കൊണ്ടാടിയ സമയത്ത്‌ തന്റെ ശാരീരികാവശതകളെപ്പോലും മറന്നുകൊണ്ട്‌ അദ്ദേഹം മനോരമയിൽ ‘സമരസ്‌മൃതി’കൾ എഴുതിയതിന്റെ ഉദ്ദേശവും മറ്റൊന്നല്ല.

കൃതകർമ്മനായ ഒരു പത്രപ്രവർത്തകനും ചരിത്രകാരനുമായിരുന്നു പെരുന്ന. അദ്ദേഹത്തിന്റെ ‘കൊച്ചി രാജ്യപ്രജാമണ്ഡല ചരിത്രം’, കേരളത്തിലെ കോൺഗ്രസ്സ്‌ പ്രസ്ഥാനം‘, ’മലയാളപത്രത്തിന്റെ ചരിത്രം‘, ബാരിസ്‌റ്റർ ഇ.കെ.പിളളയുടെ ’കോൺഗ്രസ്സും കേരളവും‘ എന്ന ഗ്രന്ഥത്തിൽ എഴുതിചേർത്ത കേരളത്തിന്റെ 50 വർഷത്തെ (1935 മുതൽ 1985 വരെ) ചരിത്രം എന്നിവ നമ്മുടെ ചരിത്രഗവേഷണരംഗത്തിന്‌ കിട്ടിയ ഗണ്യമായ സംഭാവനകളാണ്‌.

’കൊച്ചിരാജ്യ പ്രജാമണ്ഡലചരിത്ര‘ത്തെക്കുറിച്ച്‌ പി.ഗോവിന്ദപിളള ഇങ്ങനെ രേഖപ്പെടുത്തുന്നു. ’അനേകം പുസ്‌തകങ്ങൾ കെ.എൻ.നായർ എഴുതിയിട്ടുണ്ടെങ്കിലും അവയിൽ ഏറ്റവും വലുതും പ്രാധാന്യമർഹിക്കുന്നതും കൊച്ചി രാജ്യപ്രജാമണ്ഡലചരിത്രമാണ്‌. തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസ്സിന്റെ ചരിത്രം. സി.നാരായണപിളളയും മുഖ്യമായും മലബാറിനെ ഊന്നിക്കൊണ്ടുളള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം മൊയ്യാരത്ത്‌ ശങ്കരനും ഇ.കെ.പിളളയും എഴുതിയിട്ടുളളതുപോലെ കൊച്ചിരാജ്യ പ്രജാമണ്ഡലത്തിന്റെ ആധികാരികചരിത്രം പെരുന്ന കെ.എൻ.നായരുടേതാണ്‌.‘

സ്വതന്ത്രകൃതികളും പരിഭാഷകളുമായി മുപ്പതിൽ കൂടുതൽ ഗ്രന്ഥങ്ങൾ പെരുന്നയുടേതായിട്ടുണ്ട്‌. സമാഹരിക്കപ്പെട്ടിട്ടില്ലാത്തതും പല ആനുകാലികങ്ങളിൽ ചിതറിക്കിടക്കുന്നതുമായ ഒട്ടേറെ ഇംഗ്ലീഷ്‌-മലയാളലേഖനങ്ങൾ വേറെയും. ഏതു വിഷയത്തെ കുറിച്ചായാലും ഇംഗ്ലീഷിലോ മലയാളത്തിലോ അനായാസം എഴുതാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. കേരളത്തിലെ നമ്പൂതിരി സമുദായത്തെക്കുറിച്ച്‌ ’ഇല്ലസ്‌ട്രേറ്റ്‌ വീക്കിലിയിലും‘ കേരളത്തിലെ ജൂതരെക്കുറിച്ച്‌ ’കാരമാനി‘ലും, നമ്മുടെ ചുമർചിത്രകലയെപ്പറ്റി ’പാട്രിയറ്റി‘ലും, ചങ്ങമ്പുഴയുടെ രമണനെക്കുറിച്ച്‌ ’ടൈംസ്‌ ഓഫ്‌ ഇന്ത്യ‘യിലും അദ്ദേഹമെഴുതിയ ലേഖനങ്ങൾ പ്രത്യേക പ്രാധാന്യമർഹിക്കുന്നവയാണ്‌. വിവിധ വിഷയങ്ങളെ അധികരിച്ച്‌ അദ്ദേഹം എഴുതിയ ഇംഗ്ലീഷ്‌ ലേഖനങ്ങൾമാത്രം സമാഹരിക്കുകയാണെങ്കിൽതന്നെ രണ്ടുവാള്യത്തോളംവരും.

ഗാന്ധിയൻ ആദർശത്തിൽ അധിഷ്‌ഠിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ’ലളിതജീവിതവും ഉയർന്നചിന്തയും‘ എന്നത്‌ പെരുന്നയെ സംബന്ധിച്ച്‌ തികച്ചും അന്വർത്ഥമായിരുന്നു. കപടവേഷങ്ങൾ അരങ്ങുതകർക്കുന്ന നമ്മുടെ പൊതുജീവിതത്തിൽ പൊയ്‌മുഖങ്ങളില്ലാതെ തികഞ്ഞ സംശുദ്ധിയോടെ സാധാരണ ജീവിതം നയിച്ച ഒരപൂർവ്വ വ്യക്തിയായിരുന്നു അദ്ദേഹം.

സ്വാർത്ഥോദ്ദേശമോ പരദ്രോഹചിന്തയോ ഇല്ലാതെ ജീവിച്ചിട്ടും അദ്ദേഹത്തിന്റെ അവസാനകാലം ദുരിതപൂർണ്ണമായിരുന്നു. പക്ഷാഘാതത്താൽ ഇടതുഭാഗം തളർന്ന ശരീരവുമായി ജീവിതത്തോട്‌ മല്ലടിക്കുകയായിരുന്നു അദ്ദേഹം. ശ്രീമാന്മാർഃ കെ.പി.മാധവൻനായർ, വി.ആർ.കൃഷ്‌ണനെഴുത്തച്ഛൻ, ഡി.സി.കിഴക്കേമുറി, അഡ്വഃ പി.ബാലഗംഗാധരമേനോൻ, ജി.എസ്‌.ധാരാസിംഗ്‌ മുതലായവർ അദ്ദേഹത്തെ നിർലോഭം സഹായിച്ചുകൊണ്ടിരുന്നു. കെ.പി.മാധവൻനായരുടെ പെട്ടെന്ന്‌ ഉണ്ടായ നിര്യാണം പെരുന്നയെ മാനസികമായി കൂടുതൽ തളർത്തി. ഈ പ്രതികൂലാവസ്ഥയിലും അദ്ദേഹം എഴുത്തും വായനയും തുടർന്നുകൊണ്ടിരുന്നു. മരിക്കുന്നതിന്‌ ഏതാനും മാസങ്ങൾക്കുമുമ്പ്‌ അദ്ദേഹത്തെ കണ്ട സന്ദർഭത്തിൽ തന്റെ മനസ്സിലെ ചില പദ്ധതികളെക്കുറിച്ച്‌ എന്നോട്‌ സംസാരിക്കുകയുണ്ടായി. അതിൽ പ്രധാനമായി തന്റെ ’ആത്മകഥ‘ എഴുതാനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു ചരിത്രം ഇംഗ്ലീഷിൽ തയ്യാറാക്കാനും, എം.എൻ.റോയിയുടെ രാഷ്‌ട്രീയ സിദ്ധാന്തങ്ങളെ അപഗ്രഥിച്ച്‌ ഒരു പഠനം തയ്യാറാക്കാനും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. എന്നാൽ അതൊന്നും പൂർത്തിയാക്കാനുളള യോഗം അദ്ദേഹത്തിനോ അവ കിട്ടാനുളള ഭാഗ്യം നമുക്കോ ഉണ്ടായില്ല.

സ്വാതന്ത്ര്യസമരത്തിന്റെ മഹത്തായ ഓർമ്മകളെ മനസ്സിൽ സൂക്ഷിച്ച്‌, ആദർശത്തിൽ അടിയുറച്ച്‌, സത്യ-ധർമ്മ സംസ്ഥിതമായ ഒരു നവലോകത്തിന്റെ ഉദയം സ്വപ്നം കണ്ടുകൊണ്ട്‌ തന്റെ കാലം ജീവിച്ചുതീർത്ത ഒരു വലിയ മനുഷ്യനായിരുന്നു പെരുന്ന കെ.എൻ.നായർ.

———————————————————

പെരുന്ന കെ.എൻ.നായരുടെ 3-​‍ാം ചരമദിനം സെപ്‌തംബർ 21-ന്‌.

Generated from archived content: essay_perunna.html Author: kanakaraj_k

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here