ഗോവിന്ദൻകുട്ടി

എന്തെങ്കിലും പ്രത്യേകതകളില്ലാത്ത ഒരു സാധാരണ പ്രഭാതം തന്നെയായിരുന്നു അന്നും. വക്കുപൊട്ടിയ ട്രാൻസിസ്‌റ്റർ റേഡിയോ പഴയ ചലച്ചിത്ര ഗാനങ്ങൾ മൂളികൊണ്ടിരുന്നു. പാർവ്വതിയമ്മ വലിഞ്ഞുമുറുകിയ മുഖവുമായി അടുപ്പിൽ തീയൂതുകയും കണ്ണ്‌ തുടയ്‌ക്കുകയും ചെയ്തു. രാവിലെ കൃത്യസമയത്തുതന്നെ ആഹാരം കിട്ടിയില്ലെങ്കിൽ അവരുടെ മന്ദബുദ്ധിയായ മകൻ ഗോവിന്ദൻകുട്ടി നിയന്ത്രണം വിട്ട്‌ പെരുമാറും. കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിയും. അപ്പോഴെല്ലാം വർണ്ണാഭവും സ്വച്ഛന്ദവുമായ ജീവിതം കിനാവുകണ്ടിരുന്ന തന്റെ ചെറുപ്പത്തെക്കുറിച്ച്‌ ഓർക്കും. പിന്നെ തന്റെ ജീവിതത്തിലെ അവശേഷിച്ച നിറച്ചാർത്തുകളെ കൂടി ഒഴുക്കിക്കളഞ്ഞ്‌, രക്ഷപ്പെട്ട ഭർത്താവിനെയോർത്ത്‌ ശപിക്കും. ഗോവിന്ദൻകുട്ടി അമ്മയെ അത്രയേറെ കഷ്ടപ്പെടുത്തുന്നുണ്ട്‌.

ജനാലയിലൂടെ കിഴക്കോട്ടു നോക്കിയിരിക്കുന്ന ഗോവിന്ദൻകുട്ടിയുടെ മുഖത്തേറ്റിരുന്ന സൂര്യസ്പർശം കുറേശ്ശെ കൂടിവരുന്നുണ്ട്‌. പക്ഷേ ചൂടുകൂടുന്നതൊന്നും അവനറിയുന്നതേയില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ തിരിഞ്ഞ്‌ തീയൂതുകയും ചുമയ്‌ക്കുകയും ചെയ്യുന്ന അമ്മയെ നോക്കും. വീണ്ടും തിരിഞ്ഞ്‌ വരണ്ട ഇടവഴിയിലേക്ക്‌ നോക്കിയിരിക്കും.

കൂ…

ഗോവിന്ദൻകുട്ടി പെട്ടെന്ന്‌ പുറത്തേക്ക്‌ നോക്കി ഉച്ചത്തിൽ ഓരിയിട്ടു. പാർവ്വതിയമ്മ പുകനിറഞ്ഞ കണ്ണുതിരുമി പുറത്തേക്ക്‌ എത്തിച്ചുനോക്കി. ഒരു ആടിനേയും അതിന്റെ കുട്ടിയേയും പിടിച്ചുകൊണ്ട്‌ വടക്കേതിലെ ഏലിയാമ്മ പുഴക്കരയിലേക്കു പോവുകയാണ്‌.

ശ്ശൊ…! ഇവനെക്കൊണ്ട്‌ നാട്ടുകാർക്കും ശല്യമായല്ലോ. എടാ… ഒന്ന്‌ നിർത്ത്‌…

പാർവ്വതിയമ്മയ്‌ക്ക്‌ രോഷം അരിച്ചുകയറി.

ഉം… ഗോവിന്ദൻകുട്ടി രൂക്ഷമായി അമ്മയെ നോക്കിക്കൊണ്ട്‌ ഇരുത്തിമൂളി. പിന്നെ ഇടവഴിയിലേക്ക്‌ തന്നെ വീണ്ടും നോട്ടം തിരിച്ചു.

കൂ…

കായാമ്പൂ കണ്ണിൽ വിടരും…

റേഡിയോ ഗാനാലാപനം തുടരുകയാണ്‌.

പാർവ്വതിയമ്മ കയ്യെത്തിച്ച്‌ അതിന്റെ വോളിയം കുറച്ചു.

പ്രക്ഷോഭിതമായ മനസ്സുമായി അവർ ആവികയറ്റിയ പുട്ട്‌ പാത്രത്തിലേക്ക്‌ മുളങ്കമ്പുകൊണ്ട്‌ തള്ളി. പിന്നെ മാവും തേങ്ങാപീരയും കുഴലിനുള്ളിൽ നിറക്കാനാരംഭിച്ചു.

ഗോവിന്ദൻകുട്ടി പിന്നെയും കൂകിവിളിച്ചു.

കൂ…

ശ്ശെടാ നാശമേ… നിന്റെ തൊള്ളനെറക്കാൻ പലഹാരമായി. നിന്റെ ഒടുക്കത്തെ വിളി നിർത്ത്‌. ഇങ്ങനെ ഒരു കാലനെ ഏൽപ്പിച്ചുപോയ അങ്ങേര്‌ പത്തുജന്മം ഗുണം പിടിക്കൂല്ലടാ…

പാർവ്വതിയമ്മ മോനേയും ഉപേക്ഷിച്ചുപോയ ഭർത്താവിനെയും വീണ്ടും ചീത്തവിളിച്ചു.

ഗോവിന്ദൻകുട്ടി തിരിഞ്ഞ്‌ അമ്മയെ നോക്കി. വീണ്ടും വഴക്കുപറയാനായി ശ്വാസമെടുക്കുന്ന അവരെ കണ്ട്‌ ക്രുദ്ധനായി പല്ലിറുമി. അടുത്തിരുന്ന സ്‌റ്റൂളെടുത്ത്‌ അമ്മയുടെ നേരെ വലിച്ചെറിഞ്ഞു. പിന്നെ ഒന്നുകൂടി മുരണ്ടശേഷം പുറംകാഴ്‌ചകളിലേയ്‌ക്ക്‌ മടങ്ങിപ്പോയി.

ആടുകളും ഏലിയാമ്മയും പാതയുടെ അറ്റത്തുനിന്നും മറഞ്ഞിട്ടില്ല.

ഗോവിന്ദൻകുട്ടി സന്തോഷത്തോടെ ഒന്നുകൂടി നീട്ടി കൂക്കിവിളിച്ചു.

കൂ…

അമ്മ ശല്യപ്പെടുത്തിയില്ല. അവന്‌ സമാധാനമായി. ഏലിയാമ്മ നീരസത്തോടെ തിരിഞ്ഞുനോക്കിയശേഷം വളവുതിരിഞ്ഞ്‌ ആടുകളോടൊപ്പം അപ്രത്യക്ഷയായി. ഇപ്പോൾ പാട്ട്‌ കേൾക്കുന്നില്ല. റേഡിയോ നിന്നിരിക്കുന്നു. വിരസങ്ങളായ ചില പഴയകാല അവാർഡ്‌ സിനിമകളിലേതുപോലെ ഗോവിന്ദൻകുട്ടിയുടെ മനസ്സിന്‌ സമാന്തരമായി മുന്നിൽ ഗ്രാമീണപാത വീണ്ടും വിജനമായി.

കുറേനേരം കൂടി വെറുതെ നോക്കിയിരുന്നശേഷം, മനുഷ്യരെയോ മൃഗങ്ങളേയോ ആ വഴിക്ക്‌ കാണാത്തതിനാൽ വീണ്ടും തന്റ വിശപ്പിലേക്ക്‌ ശ്രദ്ധ തിരിച്ചു. അമ്മയുടെ ഒച്ച കേൾക്കാനില്ല. അടുപ്പിനകത്തേക്ക്‌ നോക്കി. തന്റെ പാത്രത്തിൽ ആവി പറക്കുന്ന പൂട്ടിരിക്കുന്നുണ്ട്‌. അമ്മ അതെടുത്ത്‌ തനിക്ക്‌ കൊണ്ടുവരാത്തതിൽ അവന്‌ അരിശവും നിരാശയുമുണ്ടായി. അമ്മ എന്തിനാണാവോ മറിഞ്ഞുകിടക്കുന്ന സ്‌റ്റൂളിനടുത്തിങ്ങനെ ചരിഞ്ഞുകിടക്കുന്നത്‌. അവൻ ആലോചിച്ചു.

കൂടുതൽ മിനക്കെടാതെ അടുത്തുചെന്ന്‌ പുട്ടെടുത്ത്‌, ജനാലയ്‌ക്കരികിൽ വന്നിരുന്ന്‌ കഴിക്കുവാൻ തുടങ്ങി. കഴിച്ചുകഴിയാറായപ്പോൾ വീണ്ടും അമ്മയെ നോക്കി. അവരിപ്പോഴും അങ്ങനെ തന്നെ കിടക്കുകയാണ്‌.

ഹോ! നല്ലപോലെ ദാഹിക്കുന്നു.

ഗോവിന്ദൻകുട്ടി വെള്ളമന്വേഷിച്ചു. പിന്നെ അമ്മയുടെ അടുത്തിരിക്കുന്ന കുടത്തിൽ നിന്ന്‌ വെള്ളമെടുത്ത്‌ കുടിച്ചു.

ങേ, എന്താ കാലു നനയുന്നത്‌?

തറയിലാകെ കൊഴുത്ത രക്തം നിറഞ്ഞു കിടക്കുന്നു.

ചുവന്ന രക്തത്തിന്‌ ഇളം ചൂടുണ്ട്‌. കൊള്ളാം.

കാലെടുത്ത്‌ മാറ്റിച്ചവിട്ടി.

ഹ! അവിടെയും രക്തം.

ഒരുകാലെടുത്ത്‌ മുന്നിലെ കലത്തിന്റെ പള്ളയിൽ പതിയെ ചവുട്ടി.

കൊള്ളാം, ചുവന്ന കാല്‌.

വലതുകാലിലെ പെരുവിരൽകൊണ്ട്‌ കലത്തിലെ കാലടയാളത്തിന്‌ ഇടതും വലതും ഓരോ പൊട്ടുവെച്ചുകൊടുത്തു.

ങേ, എന്നെ നോക്കുന്നോ.

അതിന്‌ ഒരു ചവിട്ട്‌ വെച്ചുകൊടുത്തു. കലം തെറിച്ച്‌ അടുത്തിരുന്ന പുട്ടുകുടത്തിന്‌ മുകളിലേക്ക്‌ വീണു. തിളച്ചവെള്ളം തെറിച്ചുവീണ ഗോവിന്ദൻകുട്ടി അലറിവിളിച്ചുകൊണ്ട്‌ ജനാലക്കരികിലെ തന്റെ ഇരിപ്പിടത്തിലേക്കോടി. പിന്നെ രക്തവും തിളച്ചവെള്ളവും കൂടിച്ചേർന്ന്‌ തറയിലെ കുഴികളിൽ ഒഴുകിനിറയുന്നത്‌ കൗതുകത്തോടെ നോക്കിയിരുന്നു. പിന്നെ പതിവുപോലെ പുറത്തെ കാഴ്‌ചകൾക്കായി കണ്ണുകൾ കണ്ണുകൾ ജനാലയിലേക്ക്‌ പുറത്തെറിഞ്ഞ്‌ കാത്തിരുന്നു.

പുഴക്കരയിലേക്കോടുന്ന, അടിവസ്ര്തം മാത്രമണിഞ്ഞ കുട്ടികളും കറുമ്പൻ പൂച്ചയെ ഓടിക്കുന്ന കൂനൻനായയും ഗോവിന്ദൻകുട്ടിയുടെ ദൃശ്യതലത്തിലേക്ക്‌ പലപ്പോഴും കടന്നുവന്ന്‌ മറഞ്ഞു. വളഞ്ഞുതിരിഞ്ഞ്‌ തെന്നിമാറിപ്പറക്കുന്ന ഈച്ചകളുടെ കൂട്ടത്തിലൊന്നിനെ കണ്ണുകൾകൊണ്ട്‌ പിൻതുടർന്നെങ്കിലും ജനാലയുടെ പുറത്തെ ചെമ്പരത്തിക്കു പിന്നിലേക്കതു പറന്നു മറഞ്ഞപ്പോൾ ഗോവിന്ദൻകുട്ടിക്ക്‌ നിരാശയായി. പിന്നെ മയക്കം വന്ന കണ്ണുകൾ അടച്ചും തുറന്നും പതിയെ ഉറക്കത്തിലേക്ക്‌ വീണു.

ഉറക്കത്തിൽ, ഗോവിന്ദൻകുട്ടി വലിയൊരു ആടിന്റെ മുന്നിൽ എപ്പോഴോ എത്തിപ്പെട്ടു.

ങേ, ഇത്‌ ഏലിയാമ്മയുടെ ആടല്ലേ. ഇതിത്ര വലുതായതെങ്ങനെ?

അയ്യോ, ഇതെന്തിനാ എന്റെ നേരെ ഓടിവരുന്നത്‌.

ഓടാം.

ചുറ്റും ആടുകളുടെ മുരൾച്ച മാത്രം തിങ്ങിനിൽക്കുന്ന നീണ്ട വഴികളിലൂടെ അവനോടി. എത്രയോടിയിട്ടും ആ ആട്‌ പുറകേയുണ്ട്‌. ഓടുന്ന വഴിയുടെ ചുറ്റും ആട്ടിൻകുട്ടികൾ കൂണുപോലെ മുളച്ചുവരുന്നു. ങാ, ഇതു കൊള്ളാം.

വീണ്ടും ആടിന്റെ ശബ്ദം കേൾക്കുന്നു.

വീണ്ടും തിരിഞ്ഞുനോക്കി.

അയ്യോ, അതിപ്പം മാനത്തോളം വളർന്നിരിക്കുന്നു.

മുന്നോട്ടു നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല കട്ടിയായ ഇരുട്ടുമാത്രം.

ഇത്രനേരം നല്ലപോലെ തെളിഞ്ഞുകണ്ട വഴിയാണല്ലോ.

ഗോവിന്ദൻകുട്ടി അന്തിച്ചുനിന്നു.

പെട്ടെന്ന്‌ പുറകിൽ നീണ്ട കൂക്കുവിളികൾ കേട്ടു. തിരിഞ്ഞുനോക്കി. ഇപ്പോൾ ഏലിയാമ്മയുടെ ആടിനെ കാണാനില്ല. പക്ഷെ ദൂരയായി തന്റെ വീടുകാണാം.

എങ്ങനെയാണ്‌ തന്റെ വീടിന്‌ ചുറ്റും ഇത്ര വിജനമായത്‌? ചെമ്പരത്തിയോ തെങ്ങുകളോ പുഴയിലേക്കുള്ള വഴിയോ ഒന്നും കാണുന്നില്ലല്ലോ. വെറും വീടു മാത്രം. അതും ഇത്രയും ദൂരത്ത്‌. പുഴയിലേക്കോടുന്ന ആ പിള്ളേരെങ്ങിനെ വീടിനകത്ത്‌, എന്റെ ജനാലക്കടുത്തെത്തി? എന്റെ സ്ഥലത്തിരുന്ന്‌ എന്നെ കൂക്കിവിളിക്കുന്നോ?

കാലിൽത്തടഞ്ഞ കല്ലെടുത്ത്‌ ഗോവിന്ദൻകുട്ടി ജനാലക്കടുത്തിരിക്കുന്ന കുട്ടികളെ ലക്ഷ്യമാക്കി എറിഞ്ഞു.

ആ…

ജനലഴികളിൽകൊണ്ട്‌ വേദനിക്കുന്ന കൈ അമർത്തിപ്പിടിച്ചുകൊണ്ട്‌, ഗോവിന്ദൻകുട്ടി ഉറക്കത്തിൽ നിന്നുണർന്നു.

അവന്റെ ഹൃദയം അപ്പോഴും ശക്തമായി മിടിക്കുന്നുണ്ടായിരുന്നു. പിന്നെ പതുക്കെ ശാന്തനായി പുറത്തെ ദൃശ്യവിരുന്നുകൾക്കായി കാത്തിരുന്നു. ഇടയ്‌ക്കിടയ്‌ക്ക്‌ എന്തൊക്കെയോ ഓർത്ത്‌ ഒന്നുരണ്ടു തവണ ഗോവിന്ദൻകുട്ടി തന്നത്താൻ ചിരിച്ചുലഞ്ഞു.

തേങ്ങയിടുന്ന യോഹന്നാൻ തോളിൽ ഏണിയുമായി ജനാലയ്‌ക്ക്‌ മുന്നിലൂടെ കടന്നുപോയി. പിന്നെ ഗോവിന്ദൻകുട്ടി ജനാലയ്‌ക്കടുത്ത്‌ ഉണ്ടാവുമെന്ന ഉറപ്പോടെ തിരിഞ്ഞുനോക്കി കോക്രി കാണിച്ചു.

അതു കണ്ട ഗോവിന്ദൻകുട്ടിക്ക്‌ രോഷം അടക്കാനായില്ല. അവൻ അലറിവിളിച്ചു.

ആ..

പിന്നെ ജനാലഴികളിൽ പിടിച്ചുകുലുക്കി. അതുകണ്ട്‌ സന്തുഷ്ടനയ യോഹന്നാൻ ഒരു വെടലച്ചിരി ചിരിച്ച്‌ നടന്നുമറഞ്ഞു.

സൂര്യൻ ഉച്ചസ്ഥായിലെത്തി. പുറത്തെ ചൂടുമുഴുവൻ ഉള്ളിലേക്ക്‌ പ്രവഹിക്കുകയാണ്‌. അതുപോലെ ഗോവിന്ദൻകുട്ടിക്ക്‌ വിശപ്പ്‌ തുടങ്ങാറായി. ആഹാരം, ഉറക്കം വീണ്ടും ആഹാരം എന്ന ദിനചര്യ മുറതെറ്റാതെ സൂക്ഷിക്കുന്ന അവന്‌ വിശപ്പാണ്‌ ഏറ്റവും വലിയ അലോസരം സൃഷ്ടിക്കുന്നത്‌.

അവൻ വീണ്ടും പുറത്തേക്ക്‌ നോക്കി. അതാ അങ്ങേയറ്റത്തെ വളവുതിരിഞ്ഞ്‌ ഏലിയാമ്മയും ആടുകളും നടന്നുവരുന്നു. അവൻ തള്ളയാടിനെ ശ്രദ്ധിച്ചുനോക്കി. ഇത്തവണ ഗോവിന്ദൻകുട്ടി കൂക്കിവിളിച്ചില്ല. ഏലിയാമ്മയും ആടുകളും നടന്നുവന്ന്‌ ജനാലയുടെ ദൃശ്യപരിധിക്ക്‌ പുറത്തേക്ക്‌ മറഞ്ഞു.

അവൻ തിരിഞ്ഞ്‌ അടുപ്പിനടുത്തേക്ക്‌ നോക്കി. അവിടെ തന്റെ പാത്രത്തിൽ ചോറ്‌ കാണുന്നില്ല. അമ്മയൊന്നും പറയുന്നുമില്ല. തെറിച്ചു വീണ കലത്തിലെ ചിത്രം ഇപ്പോഴും അവനെ നോക്കുന്നുണ്ട്‌. എന്നാൽ എന്തുകൊണ്ടോ ഗോവിന്ദൻകുട്ടിക്ക്‌ ദേഷ്യം വന്നില്ല. അമ്മ ചോറെടുക്കുമെന്ന്‌ കരുതി വീണ്ടും ജനാലയിലേക്ക്‌ മുഖം തിരിച്ചു. എങ്കിലും അങ്ങനെ തന്നെ എരിക്കാൻ പറ്റുന്നില്ല. വിശപ്പ്‌ കുറേശ്ശെയായി കൂടിക്കൂടി വരുകയാണ്‌. അവൻ അമ്മയെ നോക്കി.

ഈ അമ്മയ്‌ക്കെന്താ ഇത്ര ഉറക്കം. എനിക്ക്‌ വിശക്കുന്നത്‌ അറിഞ്ഞുകൂടേ.

പെട്ടന്ന്‌ പുറത്തൊരു ബഹളം. കൂനൻനായ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ഞാവാലി പട്ടിയുമായി കടിപിടി കൂടുകയാണ്‌. ഗോവിന്ദൻകുട്ടി തൽക്കാലം വിശപ്പു മറന്ന്‌ പട്ടികളുടെ കടിപിടി ശ്രദ്ധിച്ചു. കൂനൻ ശക്തനാണെങ്കിലും പുതുതായി വന്ന പട്ടിയ്‌ക്ക്‌ ശൗര്യം ഒട്ടും കുറവല്ല. ഇടയ്‌ക്ക്‌ അവൻ കൂനന്റെ കഴുത്തിന്‌ കടിച്ചുപിടിക്കുകയും ചെയ്തു. വളരെ കഷ്ടപ്പെട്ടാണ്‌ കൂനൻ ആ പിടിത്തത്തിൽ നിന്ന്‌ രക്ഷപ്പെട്ടത്‌.

കൂ…

ഗോവിന്ദൻകുട്ടി പട്ടികളുടെ വഴക്കിൽ ഇടപെട്ടു. എന്നാൽ പട്ടികൾ അവന്റെ ഓരിയിടൽ പരിഗണിച്ചില്ലെന്നു മാത്രമല്ല, പരസ്പരം വഴക്കടിച്ച്‌ ഓടിയും വഴിയുടെ അറ്റത്തുള്ള വളവുതിരിഞ്ഞ്‌ മറയുകയും ചെയ്തു.

ഗോവിന്ദൻകുട്ടിയ്‌ക്ക്‌ വിശപ്പ്‌ കലശലായിക്കഴിഞ്ഞിരുന്നു. അമ്മ ചോറു കൊടുക്കാത്തതിൽ അവന്‌ വളരെ അരിശമുണ്ട്‌. വീണ്ടും വീണ്ടും തന്റെ പാത്രത്തിലേക്കവൻ നോക്കി. രാവിലെ കഴിച്ച പൂട്ടിന്റെ പൊടിയല്ലാതെ അതിൽ വേറൊന്നും കണ്ടില്ല. രക്തം കൊണ്ട്‌ ചിത്രം വരച്ച കലം വീണ്ടും ദൃഷ്ടിയിൽപ്പെട്ടു. ഇത്തവണ ശക്തമായ ദേഷ്യമാണ്‌ വന്നത്‌. അവൻ കലത്തിനെ ശക്തിയായി ചവിട്ടിയെറിഞ്ഞു. അടുക്കിവെച്ചിരുന്ന മറ്റ്‌ അടുക്കളപാത്രങ്ങളിൽ തട്ടി അവയൊക്കെ മറിഞ്ഞുവീഴുകയും എണ്ണകൾ ഒഴിച്ചുവെച്ചിരുന്ന ഒന്നുരണ്ട്‌ കുപ്പികൾ വീണ്‌ പൊട്ടുകയും ചെയ്തു.

തനിക്ക്‌ ഇത്രയും ദേഷ്യം വന്നിട്ടും തിരിച്ച്‌ ഒരക്ഷരം പോലും പറയാതെ അമ്മ വെറുതെ കിടക്കുന്നതുകണ്ട്‌ അവന്‌ അരിശം വർദ്ധിച്ചു. ഗോവിന്ദൻകുട്ടി തന്റെ പാത്രമെടുത്ത്‌ വീടിന്റെ മൂലയിലേക്ക്‌ വലിച്ചെറിഞ്ഞിട്ട്‌ അമ്മയുടെ പള്ളയ്‌ക്കിട്ടൊരു ചവിട്ടുകൊടുത്തു. ഇതുവരെ ചരിഞ്ഞുകിടന്നിരുന്ന പാർവ്വതിയമ്മയുടെ കിടപ്പ്‌ ഇപ്പോൾ മലർന്നായി. മുഖത്തിന്റെ തറയിൽ പതിഞ്ഞ്‌ കിടന്ന വശം മുഴുവൻ കട്ടിച്ചോര പുരണ്ട്‌ കട്ടപിടിച്ചിരിക്കുന്നു. അതു കണ്ടപ്പോൾ അവന്റെ ശ്രദ്ധ അതില്ക്കായി. അവൻ അമ്മയുടെ നെഞ്ചത്തു കയറിയിരുന്ന്‌ കവിളിൽ നിന്ന്‌ ചോര തുടച്ച്‌ മറ്റേ കവിളിൽ കൂടി തേച്ചുകൊടുത്തു. അപ്പോഴാണ്‌ അമ്മയുടെ തലയ്‌ക്കുകീഴെ തറയിൽ നിറയെ ചോര തളം കെട്ടികിടക്കുന്നത്‌ കണ്ടത്‌. അവനത്‌ വാരിയെടുത്ത്‌ പാർവ്വതിയുടെ മുഖം മുഴുവൻ പുരട്ടിക്കൊടുത്തു.

ഗോവിന്ദൻകുട്ടി വീണ്ടും വിശപ്പിനെപ്പറ്റി ഓർക്കുകയും കോപാക്രാന്തനാവുകയും ചെയ്തു. അവൻ അമ്മയുടെ നെഞ്ചത്തിരുന്നുകൊണ്ടുതന്നെ അവരുടെ ചുമലുകൾ പിടിച്ചു കുലുക്കുകയും നെഞ്ചത്തും മുഖത്തും അടിക്കുകയും പിന്നെ മാന്തുകയും ചെയ്തു. എന്നിട്ടും അമ്മ ഒന്നും പറയാത്തതിനാൽ ഗോവിന്ദൻകുട്ടിയുടെ രോഷം പാരമ്യത്തിലെത്തുകയും മുന്നിൽകണ്ട സാധനങ്ങളെല്ലാം അടിച്ചു തെറിപ്പിക്കുകയും ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. ഏറെനേരത്തെ രോഷപ്രകടനത്തിനുശേഷം അമ്മയുടെ അടുത്തുതന്ന തളർന്നുവീണു. കടുത്ത ക്ഷീണവും വിശപ്പും മൂലം തളർന്നു കിടന്ന ഗോവിന്ദൻകുട്ടി പതുക്കെ കണ്ണുതുറന്ന്‌ നോക്കിയപ്പോൾ രക്തം പുരണ്ട്‌ ചുവന്നിരിക്കുന്ന തന്റെ കൈപ്പത്തി കണ്ടു. അപ്പോൾ ലേശം സാരിമാറി കാണാമായിരുന്ന അമ്മയുടെ പള്ളയിൽ ആ കൈപ്പത്തി മെല്ലെ പതിച്ചു. എന്നാൽ കൈ തിരിച്ചെടുത്ത്‌ ആ ചിത്രം കാണുന്നതിനു മുമ്പേ ഗോവിന്ദൻകുട്ടി മയക്കത്തിലേക്ക്‌ വീണു.

ഏലിയാമ്മയും ആടുകളും വികൃതികുട്ടികളും കൂനൻനായയും ഇത്തവണ ഉറക്കത്തിൽ ഗോവിന്ദൻകുട്ടിയെ സന്ദർശിച്ചില്ല. തിരശ്ചീനമായ ഉറക്കം ഏറെനേരം നീണ്ടുനിന്നു.

ഗോവിന്ദൻകുട്ടി വീണ്ടുമുണരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. കലശലായ വിശപ്പും ദാഹവും ഇപ്പോഴും അവനെ അലട്ടുന്നുണ്ടെങ്കിലും, തികച്ചും പരിക്ഷീണിതനായതു കാരണം വീണ്ടും ദേഷ്യം പിടിക്കാനോ ബഹളം കൂട്ടാനോ കഴിഞ്ഞില്ല. പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ച ഗോവിന്ദൻകുട്ടി വലതുകാൽ നിലത്തൂന്നാനേ കഴിയുന്നില്ല. ഏതോ കുപ്പിയുടെ പൊട്ടിയച്ചില്ല്‌ കേറി തറഞ്ഞിരിക്കുന്നു. ഉച്ചത്തെ ബഹളത്തിനിടയ്‌ക്ക്‌ അവനത്‌ അറിഞ്ഞയ്‌ല്ല.

പതുക്കെ ഇഴഞ്ഞ്‌ വെള്ളമെടുക്കുന്ന കുടമെടുത്ത്‌ നോക്കി. അതുമറിഞ്ഞ്‌ വെള്ളം മുഴുവൻ നേരത്തെ ഒഴുകിപ്പോയിരുന്നു. എങ്കിലും അവശേഷിച്ച തുള്ളികൾ കൈകൊണ്ട്‌ തൊട്ട്‌ വായ്‌ നനയ്‌ക്കാനൊരു വിഫലശ്രമം നടത്തി.

ശരീരം മുഴുവൻ എന്തൊരു വേദന. ഗോവിന്ദൻകുട്ടിക്ക്‌ വേദനയും ക്ഷീണവും കാരണം അനങ്ങാനേ കഴിയുന്നില്ല. അവൻ അവിടത്തന്നെ ചരിഞ്ഞു കിടന്നു. പതുക്കെ കാലുനിവർത്തി.

കുപ്പിച്ചില്ല്‌ തറച്ചിരിക്കുന്ന കാല്‌ അമ്മയുടെ ദേഹത്ത്‌ മുട്ടി. വേദന ശക്തമായി. നിലവിളിക്കാനോ കരയാനോ ശക്തിയില്ലാതെ ക്ഷീണിതനായ ഗോവിന്ദൻകുട്ടി. മുറിയുടെ അങ്ങേയറ്റത്ത്‌ തന്റെ ഇരിപ്പിടത്തിനരുകിലെ ജനലിലേക്ക്‌ പാതിതുറന്ന കണ്ണുകളോടെ നോക്കികൊണ്ടു കിടന്നു. നിലാവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന ഒരു മാങ്കൊമ്പും യോഹന്നാൻ കരിക്കിട്ട്‌ കൊടുക്കാറുള്ള ഒരു തെങ്ങും മാത്രം കാണാം. ഏറെനേരം ഗോവിന്ദൻകുട്ടി തെങ്ങിനേയും മാങ്കൊമ്പിനേയും കണ്ണിമയ്‌ക്കാതെ നോക്കികിടന്നു. എപ്പോഴോ ഒരു കടവാവൽ മാങ്കൊമ്പിൽ വന്നിരുന്ന്‌ ഉലയ്‌ക്കുകയും ഉടനേതന്നെ പറന്നുപോവുകയും ചെയ്തു. തുടർന്ന്‌ തനിക്കു ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഗോവിന്ദൻകുട്ടി ദീർഘമായ നിദ്രയിലാണ്ടു. ഇടയ്‌ക്കിടെ ചെറുതായി ഉണർന്നെങ്കിലും വീണ്ടും ഉറക്കത്തിലേക്കുതന്നെ അവൻ മടങ്ങി.

യോഹന്നാൻ ഏണിയുമായി വന്ന്‌ അടുത്ത തെങ്ങിൽ നിന്ന്‌ കരിക്കിട്ടുകൊടുക്കാത്തതിൽ അവന്‌ നിരാശയുണ്ടായിരുന്നു. പെട്ടെന്ന്‌ പ്രത്യക്ഷപ്പെട്ട യോഹന്നാൻ അവനെയൊന്ന്‌ നോക്കിയിട്ട്‌ ഒന്നും മിണ്ടാതെ അകന്നുപോയി.

ആരാ മുമ്പിൽ വന്ന്‌ നിറഞ്ഞു നിൽക്കുന്നത്‌.

ഓ! അമ്മയോ!

കൈയിൽ ചോറുമായി നിൽക്കുന്ന അമ്മ എന്തിനാണിങ്ങനെ ഉറക്കെ ചിരിക്കുന്നത്‌.

അമ്മയുടെ കയ്യിലെ പാത്രത്തിൽ നിന്നും ചോറുവാരി വായിലിട്ടു.

അയ്യോ ഇതുമുഴുവൻ മണ്ണാണല്ലോ!

ങേ, ഇപ്പോൾ ഇവിടെ നിന്ന അമ്മയെവിടെ?

ഇതെന്താ ഇത്ര ഇരുട്ട്‌.

ചോറ്‌… കല്ല്‌… ഇരുട്ട്‌.

ങും… ങും…

ഗോവിന്ദൻകുട്ടി ഉറക്കത്തിന്റെ ബോധമറ്റ തലത്തിലേക്ക്‌ ആണ്ടിറങ്ങിപ്പോയി.

ദിനരാത്രങ്ങളുടെ ഇടവേളകൾപോലുമറിയാതെ ഗോവിന്ദൻകുട്ടി ഇടയ്‌ക്കിടയ്‌ക്ക്‌ ഉണരുകയും അങ്ങനെ തന്നെ ഉറങ്ങുകയും ചെയ്തു. ഒരിക്കൽ ചോറ്‌ സ്വപ്നം കണ്ടുണർന്ന അവൻ അമ്മയുടെ ശരീരത്തിൽ നിന്നിറങ്ങിവരുന്ന വെളുത്ത പുഴുക്കളെ കണ്ടു.

ചോറു നടക്കുമോ!

അവന്‌ സന്ദേഹമായി. ചുറ്റും നോക്കി. ചുറ്റുപാടെല്ലാം വെളുത്ത ചോറ്‌ ഓരോ അരിയായി ഇഴഞ്ഞു നടക്കുന്നു.

പക്ഷേ ഇതൊക്കെ തടുത്തുകൂട്ടി തിന്നാൻ തനിക്കാവുന്നില്ലല്ലോ എന്ന്‌ അവന്റെ അവ്യക്തമായി അവന്റെ മനസ്സ്‌ മന്ത്രിച്ചു.

ഗോവിന്ദൻകുട്ടിയുടെ ഉണരലിന്റെ ഇടവേളകളുടെ ദൈർഘ്യം വർദ്ധിച്ചുവന്നു. അവന്റെ കാലിലെ വേദന അവനിപ്പോൾ അറിയുന്നതേയില്ല.

* * * *

ദിവസങ്ങൾക്കുശേഷം അസഹ്യമായ ദുർഗന്ധം കാരണം വാതിലുപൊളിച്ചെത്തിയ യോഹന്നാനും നാട്ടുകാരും ചീഞ്ഞളിഞ്ഞ രണ്ട്‌ മൃതദേഹങ്ങൾ കണ്ട്‌ ദൈന്യതയോടെ നെടുവീർപ്പിട്ടു.

Generated from archived content: story1_june28_07.html Author: kamalalayam_rajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here