വീണ്ടും ഒരു വേനലവധി

നാട്ടില്‍ത്തന്നെയുള്ള ഒരു ബാങ്കില്‍ ക്ലാര്‍ക്കാണ് ടീച്ചറുടെ ഭര്‍ത്താവ് സേതു. സേതുവിന്റെ കൂടെയാണ് അമ്മ. മക്കളായ അമ്മുവിനും കണ്ണനും താങ്ങും തണലും അമ്മുമ്മയും അച്ഛന്‍ സേതുവുമാണ്. അമ്മുവെന്നും കണ്ണനെന്നും അവരുടെ ചെല്ലപ്പേരാണ്. വൈശിയെന്നും വിഷ്ണുവുമെന്നാണു ശരിയായ പേരെങ്കിലും ചെല്ലപ്പേരേ എപ്പോഴും എല്ലാവര്‍ക്കും നാവിന്‍ തുമ്പില്‍ വരു.

മനതാരില്‍ മക്കളേയും ഉറ്റവരേയും കാണാനുള്ള വെമ്പലുമായി ടീച്ചര്‍ സ്റ്റേഷനില്‍ ഒരിടത്തു ഒതുങ്ങിയിരുന്നു .സ്റ്റേഷനിലെ ചിരപരിചിതയും ശുചീകരണതൊഴിലാളിയുമായ മേരിച്ചേച്ചി ചോദിച്ചു. ” എന്താ ടീച്ചറേ അവധി കിട്ടിയിട്ടും മുഖത്തൊരു വാട്ടം?” ടീച്ചര്‍ മറുപടിയൊന്നും പറഞ്ഞില്ല ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു ” വണ്ടി പത്തു മിനിറ്റ് ലേറ്റാണ്” മേരിച്ചേച്ചി കൂട്ടിച്ചേര്‍ത്തു.

അങ്ങകലെ റയില്‍ പ്പാളം അനന്തമായി നിറഞ്ഞു കിടക്കുന്ന മെറ്റല്‍ പൂശിയ തകിടുകള്‍ നട്ടുച്ചവെയിലേറ്റു ചൂടു പിടിച്ചു കിടക്കുന്നു. ചുവന്ന നിറമുള്ള ആ തകിടില്‍ കൂടി മനുഷ്യ സഹസ്രങ്ങള്‍ മറുകരതേടുന്നു. ഓരോരുത്തരും അവരവരുടെ വഴികളിലൂടെ സ്വന്തം ചിന്തകളുമായി നടന്നു നീങ്ങുന്നു. അപ്പോഴേക്കും ചൂളം വിളിച്ചുകൊണ്ട് വണ്ടി എത്തിക്കഴിഞ്ഞു. എത്ര ബന്ധങ്ങള്‍ കൂട്ടിയുരയുമ്പോഴുണ്ടാകുന്ന അപസ്വരങ്ങളുടേയും വിടവാങ്ങലുകളുടെയും ഒച്ചപ്പാടിനിടയില്‍ തീവണ്ടി മുന്നോട്ടായാന്‍ തുടങ്ങി.

ടീച്ചന്‍ പുറത്തേക്കു നോക്കിയിരുന്നു ലക്ഷ്യത്തിലേക്ക് അനുനിമിഷം കുതിക്കുന്ന ചക്രത്തിനെ ശീല്‍ക്കാരവര്‍‍ഷം കാതില്‍ അലയടിക്കുന്നു. മറവിയുടെ മുകളില്‍ എഴുതിത്തള്ളാന്‍ മടികാണിക്കുന്ന കുറെ സഞ്ചാര പഥങ്ങള്‍. സ്ഥലമാറ്റശ്രമം പലതവണ നടത്തിയെങ്കിലും ആ ആഗ്രഹം ഒരു മരിച്ച ചിതയാണെന്നറിഞ്ഞു. ജീവിതത്തിന്റെ സിംഹഭാഗവും വാടകവീടിന്റെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ പഴയ ഓര്‍മകളൊക്കെ പുതുക്കി വച്ചും അവധിക്കാലം സ്വപ്നം കണ്ടും തള്ളി നീക്കുന്നു.

ഒന്നൊന്നായി സ്റ്റേഷനുകള്‍ പിന്നിടുന്ന വണ്ടിയില്‍ നിന്നും യത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്ന ബഹളം. കുട്ടികളുടെ ചിണുങ്ങിക്കരച്ചില്‍. ബാഗുകള്‍ ഒതുക്കിവയ്ക്കാന്‍ പാടു പെടുന്നവര്‍.

അകലെ വയലില്‍ ക്രിക്കറ്റ് കളിക്കുന്ന കുട്ടികള്‍. അനുസരണയില്ലാത്ത പശു വൃദ്ധനേയും കൊണ്ട് ഓടുന്നു. താളാത്മകമായി വണ്ടി അതിന്റെ അവസാനത്തെ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.

അവിടെ അച്ഛന്റെ കയ്യും പിടിച്ച് രണ്ടു മക്കള്‍.‍ അവരുടെ കുഞ്ഞിക്കണ്ണൂകള്‍ അമ്മയ്ക്കായി ആള്‍ക്കൂട്ടത്തില്‍ തിരച്ചില്‍ നടത്തന്നുണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴേക്കും ടീച്ചര്‍ അവരെ കണ്ടു. അരികില്‍ പിടിച്ചു മക്കളുടെ തലയില്‍ സ്നേഹത്തോടെ തലോടി. ദിവസങ്ങളോളം കാത്തു നിന്ന നിമിഷം. കണ്ണന്‍ അമ്മയുടെ കയ്യില്‍ തൂങ്ങിക്കൊണ്ടു പറഞ്ഞു.

” അമ്മേ നമുക്ക് ഒരോട്ടോ പിടിച്ച് വേഗം വീട്ടില്‍ പോകാം. അമ്മുമ്മ കാത്തിരുന്ന് മുഷിഞ്ഞു കാണും”

” അമ്മൂ അമ്മൂമ്മക്കെന്തെങ്കിലും വാങ്ങിക്കൊണ്ടു പോകാം അല്പ്പം ലഡുവായോലോ? എനിക്കും ചേട്ടനും കേക്ക് വാങ്ങിയാല്‍ മതി” കൂടെ കുറച്ചു പഴവും വാങ്ങാം”സേതു കൂട്ടിച്ചേര്‍ത്തു.

ടീച്ചറുടെ പിന്നെയുള്ള ഓരോ ദിവസവും തിരക്കുപിടിച്ചതായിരുന്നു. ബന്ധു വീട് ഗൃഹപ്രവേശം., വിവാഹം അങ്ങിനെ ദിവസങ്ങള്‍ ആഴ്ചകളായി കൊഴിഞ്ഞുകൊണ്ടിരുന്നു. അതിനിടെ സ്കൂളില്‍ നിന്നു ഹെഡ്മാസ്റ്ററുടെ വിളി. ട്രൈനിംഗ് ഉണ്ടെത്രെ. അഞ്ചു ദിവസത്തേക്ക്. നിര്‍ബന്ധമായും എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. ഇനി സ്കൂള്‍ തുറക്കാന്‍ അത്ര ദിവസമല്ലേയുള്ളു ടീച്ചര്‍ ഓര്‍ത്തു നോക്കി. ഒരാഴ്ച മുന്‍പേ പോയാല്‍ മതി ഹെഡ്മാസ്റ്റര്‍ ചിലപ്പോള്‍ ദൂരെയുള്ള എന്റെ പേര് ഒടുവിലായി നിശ്ചയിച്ചതായിരിക്കാം. ടീച്ചര്‍ മനസില്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞു.

ആ ദിവസവും വന്നെത്തി .ഒരു ദീര്‍ഘമായ വിടവാങ്ങലും. ഇന്നു തിരിച്ചാലെ നാളെ എത്തു. വീണ്ടും തന്റെ നിറം മങ്ങിയ ബാഗും തൂക്കി ടീച്ചര്‍ പടിയിറങ്ങി. യാത്രയാക്കാന്‍ അച്ഛനും മക്കളും കൂടെയുണ്ട്. അമ്മു അമ്മയോടു പടഞ്ഞു ” ട്രയിനിംഗിനു പോയില്ലെങ്കിലെന്താ അമ്മേ .. കുറച്ചു ദിവസം കൂടി അമ്മയോടൊപ്പം നില്‍ക്കാമല്ലോ എനിക്കു”

കണ്ണന്‍ ദേഷ്യവും പരിഭവവും ചേര്‍ന്ന സ്വരത്തില്‍‍ പറഞ്ഞു ” ക്രിസ്തുമസ്സിനു അമ്മ സ്പെഷ്യല്‍ ക്ലാസെടുക്കുന്നുവെന്ന് പറഞ്ഞ് രണ്ടു മൂന്നു ദിവസം വൈകിയല്ലേ വന്നത് വേനലവധിക്ക് രണ്ടാഴ്ച ട്രയിനിംഗ് ഉണെന്നു പറഞ്ഞ് നേരത്തെ പോയി” അവന്‍ സിമന്റ് തറയില്‍ കാല്‍ നഖം കൊണ്ട് കോറി.

”നോക്കു വണ്ടിയുടെ സമയമായല്ലോ ഇനി കയറിക്കോളൂ ” മനസില്ലാ മനസോടെ സേതു താടി തടവിക്കൊണ്ടു പറഞ്ഞു.

ടീച്ചര്‍ ബാഗും ഒതുക്കി പിടിച്ച് വണ്ടിയില്‍ കയറി. അമ്മുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതു കണ്ടു.

” കരയല്ലേ മോളേ ” അപ്പോഴേക്കും അവളുടെ കരച്ചില്‍ തേങ്ങലായി മാറി . വണ്ടി ഞരക്കത്തോടെ മുന്നോട്ടു നീങ്ങിത്തുടങ്ങി. അവരുടെ കൈകള്‍ക്കു വീശാന്‍ ശക്തിയില്ലായിരുന്നു . കണ്ണീരിന്റെ മറവിലൂടെ എല്ലാറ്റിനും സാക്ഷ്യം വഹിച്ച് നിസ്സഹായയായി ടീച്ചര്‍ . അവരുടെ കുഞ്ഞിക്കണ്ണുകളില്‍ മുത്തുമണികള്‍ തിളങ്ങി നിന്നു. നിമിഷങ്ങള്‍ക്കകം അവ തറയില്‍ വീണു പൊട്ടിച്ചിതറി. ഈ വേനലവധിയും കഴിഞ്ഞിരിക്കുന്നു. വണ്ടി തെക്കു നിന്നും വടക്കോട്ടേക്ക് നീട്ടി വലിച്ച് കുതിച്ചു തുടങ്ങി.

*****************

കടപ്പാട് – ഉണ ര്‍ വ്

Generated from archived content: story1_may18_14.html Author: kamalakshi_e

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here