ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു മുകളിലേക്ക് വാക്കുകളുടെയും കാറുകളുടെയും കോടികളുടെയും രൂപത്തിൽ അനുമോദന പ്രവാഹം തന്നെയുണ്ടായി. മാധ്യമങ്ങൾക്ക് ദിവസങ്ങളോളം ആഘോഷിക്കാനുള്ള വകയും അതിൽ നിന്നു കിട്ടി. ഇതിനിടയിൽ തങ്ങൾക്കെതിരായ അവഗണനയ്‌ക്കെതിരെ ഹോക്കി താരങ്ങൾ പരസ്യമായും ഫുട്‌ബോൾ താരങ്ങൾ രഹസ്യമായും പ്രകടിപ്പിച്ച പ്രതിഷേധങ്ങൾ കല്ലുകടിയെന്നു കരുതി തള്ളിക്കളയാൻ വരട്ടെ.
മഹേന്ദ്ര സിംഗ് ധോണി, പ്രബോധ് ടിർക്കി, ബൈചുങ്ങ് ബൂടിയ – ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോൾ ടീമിന്റെ ക്യാപ്‌ടൻമാർ, കായികാസ്വാദകരുടെ മനസിൽ ഇവർ തമ്മിൽ എന്തു വ്യത്യാസമുണ്ടാകാനാണ്? എന്നാൽ, കായികസംഘടനകളുടെയും രാഷ്ര്ടീയക്കാരുടെയും മുന്നിൽ ക്രിക്കറ്റ് ഒന്നാംകിടയും ഫുട്‌ബോളും ഹോക്കിയും ടെന്നീസുമൊക്കെ മൂന്നാംകിടയും നാലാംകിടയും മറ്റുമാണ്. കായികതാരങ്ങൾ പരസ്പരം ബഹുമാനിക്കുന്നുണ്ടാകാമെങ്കിലും കായിക സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ ചിലരെ സവർണരായി കരുതി ചില്ലു കൊട്ടാരങ്ങളിലിരുത്തുമ്പോൾ മറ്റു ചിലരെ അവർണരായി കരുതി അയിത്തം കൽപിച്ചു മാറ്റി നിർത്തുകയാണ്.
ധോണി, ടിർക്കി, ബൂടിയ ത്രയത്തിനു മുകളിൽ യഥാർഥ ‘കായിക പവർ ഹൗസുകൾ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന മറ്റൊരു മൂവർ സംഘമുണ്ട്. ക്രിക്കറ്റ് കൺട്രോൾ ബോർഡ് അധ്യക്ഷൻ ശരത് പവാർ, ഹോക്കി ഫെഡറേഷൻ അധ്യക്ഷൻ കെ.പി.എസ് ഗിൽ, ഫുട്‌ബോൾ അസോസിയേഷൻ അധ്യക്ഷൻ പ്രിയരഞ്ജൻ ദാസ് മുൻഷി എന്നിവർ. കേന്ദ്രമന്ത്രിയും ഇന്ത്യൻ രാഷ്ര്ടീയത്തിലെ അതികായനുമായ പവാറിനുള്ളത്ര വരില്ലെങ്കിലും മുൻ പഞ്ചാബ് പോലീസ് മേധാവിയായ ഗില്ലിനും മറ്റൊരു കേന്ദ്രമന്ത്രിയായ മുൻഷിക്കും സ്വാധീനം കുറവാണെന്നു കരുതാൻ വയ്യ. എന്നിട്ടും, ഏഷ്യ കപ്പ് നേടിയ ഹോക്കി ടീമിനും നെഹ്‌റു കപ്പ് നേടിയ ഫുട്‌ബോൾ ടീമിനുമുള്ള സമ്മാനങ്ങൾ അനുമോദന സന്ദേശങ്ങളിൽ മാത്രം ഒതുങ്ങിപ്പോയി.
പിന്നെങ്ങനെ നിരാഹാര സമരം പ്രഖ്യാപിച്ച ഹോക്കി താരങ്ങളെ കുറ്റപ്പെടുത്താൻ കഴിയും? ഹോക്കി കോച്ച് ജൊവാക്വിം കാർവാലോയും പ്രമുഖ താരങ്ങളും പരസ്യമായി പ്രകടിപ്പിച്ച പ്രതിഷേധത്തിനു പുല്ലുവില കല്പിക്കാത്ത ഗില്ലിനെപ്പോലുള്ള ഹോക്കി മേലാളന്മാരെ എങ്ങനെ കുറ്റപ്പെടുത്താതിരിക്കും?
നെഹ്‌റു കപ്പിൽ ഇന്ത്യ ചരിത്രത്തിലാദ്യമായി കിരീടം ചൂടിയത്, ദുർബലരായ ടീമുകളെ ക്ഷണിച്ചുവരുത്തി വളരെ പ്ലാൻ ചെയ്തു നടപ്പാക്കിയ ഒരു പദ്ധതിയുടെ ഭാഗമായാണെന്ന ആരോപണം ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ, ചെറിയ ടീമുകളെ തോല്പിച്ച് ഇന്ത്യൻ ടീമിന്റെ ലോക റാങ്കിംഗും ആത്മവിശ്വാസവും വർദ്ധിപ്പിക്കുക എന്ന കോച്ച് ബോബ് ഹൗട്ടന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കുന്നതിന്റെ ഭാഗമായ ഈ കിരീടനേട്ടവും ശരിയായ രീതിയിൽ ആഘോഷിക്കാൻ ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷനു സാധിച്ചില്ല. ടൂർണമെന്റിലെ വിജയഗോൾ നേടിയ എൻ.പി പ്രദീപിന് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് അന്നു കേരള സർക്കാർ അനുമോദിച്ചു. ഇന്ന് എസ്. ശ്രീശാന്തിന് അഞ്ചുലക്ഷം പാതി മലയാളിയായ റോബിൻ ഉത്തപ്പയ്‌ക്ക് മൂന്നു ലക്ഷവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദീപിന്റെ ചെറിയ വീടും പാവപ്പെട്ട അമ്മയും സഹോദരിമാരുമൊന്നും ചാനലുകളിൽ നിറഞ്ഞ ചിരിയും ഫുട്‌ബോൾ അവലോകനവുമായി പ്രത്യക്ഷപ്പെട്ടതുമില്ല.
ഫുട്‌ബോളിലെ വിജയത്തിന്റെ മാറ്റു കുറച്ചു കാണാൻ വഴികൾ പലതുമുണ്ടെങ്കിൽ ഹോക്കിയുടെ കാര്യം അങ്ങനെയല്ല. ഏഷ്യ കപ്പ് ടൂർണമെന്റിൽ ഒരു തോൽവിപോലും വഴങ്ങാതെയാണ് ഇന്ത്യം കിരീടം നേടിയത്. ലോകത്തെ തന്നെ മികച്ച ടീമുകളിലൊന്നായ ദക്ഷിണ കൊറിയയെ ലീഗ് ഘട്ടത്തിലും ഫൈനലിലും ഇന്ത്യ പരാജയപ്പെടുത്തി. ഫൈനലിൽ 7-2 എന്ന നിലയിൽ തകർപ്പൻ വിജയവുമായിരുന്നു. ടൂർണമെൻിലെ ഏഴു കളികളിലായി 56 ഗോളാണ് ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയത്. വഴങ്ങിയത് അഞ്ചുഗോൾ മാത്രവും. ശ്രീലങ്കയ്‌ക്കെതിരേ മറുപടിയില്ലാത്ത 20 ഗോളിന്റെ വിജയം നേടിയ ഇന്ത്യ റിക്കാർഡും സൃഷ്ടിച്ചു.
ഗതകാല പ്രൗഢി വീണ്ടെടുക്കാനുള്ള ഇന്ത്യൻ ഹോക്കിയുടെ യാത്രയിൽ ലഭിച്ച പ്രതിഫലമോ? രാഷ്ര്ടപതിയുടെ അനുമോദന സന്ദേശം എല്ലാവർക്കും (ഫ്രെയിം ചെയ്തു സൂക്ഷിക്കാം). ഓരോ ഗോളിനും 1000രൂപ പാരിതോഷികം ഹോക്കി ഫെഡറേഷന്റെ വക (വഴങ്ങിയ ഗോളുകൾക്ക് 2000രൂപ വീതം കുറയ്‌ക്കുകയും ചെയ്തു!) സംസ്ഥാന സർക്കാരുകളാകട്ടെ, ഇങ്ങനെയൊരു സംഭവം അറിഞ്ഞതുപോലുമില്ല. മാധ്യമങ്ങൾക്ക് ഒരു ദിവസത്തെ വാർത്തയിൽ കാര്യങ്ങൾ അവസാനിപ്പിക്കാനും കഴിഞ്ഞു. സമ്മാനത്തുകയായി കിട്ടിയ രണ്ടര ലക്ഷം രൂപ പങ്കിട്ടെടുക്കാൻ ടീമംഗങ്ങളെ അനുവദിച്ചത് അവരുടെ മഹാഭാഗ്യമായി കരുതാം.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേട്ടം കുറച്ചു കാണേണ്ടതില്ല. പക്ഷേ, മറ്റു കായിക ഇനങ്ങളിൽ കളിക്കുന്നവരെ അനാഥരെപ്പോലെ കാണുകയും അവർക്ക് എന്നും വിവേചനവും അവഗണനയും മാത്രം നൽകുകയും ചെയ്യുന്നതെന്തിന്? ഈ അവഗണന തന്നെയല്ലേ, ലോക ഹോക്കിയിലെ കിരീടം വച്ച രാജാക്കന്മാരായിരുന്ന ഇന്ത്യൻ ടീമിനെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്? മറ്റേതു രംഗത്തും എന്നതുപോലെ, കായികമേഖലയിലും ഉയർന്നു കേൾക്കുന്ന ഓരോ ദേശീയഗാനവും, ആകാശം മുട്ടെ പാറുന്ന ഓരോ ദേശീയപതാകയും രാജ്യത്തിന്റെ അഭിമാനം തന്നെയാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് ഉത്തരവാദപ്പെട്ടവർ ഓർക്കാത്തതെന്ത്?
Generated from archived content: sports1_sept30_07.html Author: kamal_sports