ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മഹത്തായ ഫൈനൽ മത്സരത്തിൽ പാക്കിസ്ഥാനെ തോല്പിച്ച് ഇന്ത്യ പ്രഥമ ട്വന്റി-20 ലോകചാമ്പ്യൻഷിപ്പിൽ കിരീടമുയർത്തി. കായിക മത്സരങ്ങൾ പലപ്പോഴും ക്രൂരമാണ്. ഒരു ദിവസത്തിന്റെ, ട്വന്റി-20യുടെ കാര്യത്തിൽ ഒരു മണിക്കൂറിന്റെ പ്രയത്നം മുഴുവൻ ഒരു നിമിഷത്തെ അബദ്ധം കാരണം നിഷ്‌ഫലമായേക്കാം. തലനാരിഴയ്‌ക്കു കിരീടം നഷ്ടമായ പാക്കിസ്ഥാനോട് ഇന്ത്യൻ ആരാധകർപോലും സഹതപിക്കും. പക്ഷേ, ഈ കിരീടം ഇന്ത്യ അർഹിച്ചിരുന്നു, കാരണം അവർക്കു തോൽക്കാൻ മനസില്ലായിരുന്നു.
ഷോട്ട് സെലക്ഷനിൽ പറ്റിയ മണ്ടത്തരത്തെപ്പറ്റി പരിതപിക്കാൻ മിസ്‌ബ ഉൽ ഹക്കിന് ഇനിയൊരായുസു മുഴുവൻ ബാക്കിയുണ്ട്. പക്ഷേ, ജാവേദ് മിയാൻദാദ് അവസാന പന്തിൽ തൂക്കിയ സിക്സറിൽ കരിയർ തന്നെ നഷ്ടപ്പെട്ട ചേതൻ ശർമയുടെ ഗതിയാകില്ല മിസ്‌ബയുടേത് എന്നു കരുതാം. കാരണം, മിസ്‌ബ ഇല്ലായിരുന്നെങ്കിൽ പാക്കിസ്ഥാൻ ഏറെ മുമ്പേ ദക്ഷിണാഫ്രിക്കയിൽ നിന്നു മടക്ക ടിക്കറ്റ് വാങ്ങുമായിരുന്നു.
ഫൈനലിന്റെ അവസാന ഓവർ തുടങ്ങും മുമ്പ് മിസ്‌ബയും ജോഗീന്ദർ ശർമയും ഒരേ തട്ടിലായിരുന്നു. ഇരുവരും കഷ്ടിച്ച് ടീമിൽ കടന്നു കൂടിയവർ. ടൂർണമെന്റിലെ ഒന്നാന്തരം ഫോം മിസ്‌ബ ഫൈനലിലും ആവർത്തിച്ചപ്പോൾ, ജോഗീന്ദർ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ മുന്നോവറിൽ 13 റൺസ് മാത്രം വഴങ്ങി, യൂനിസ് ഖാന്റെ നിർണായക വിക്കറ്റ് സ്വന്തമാക്കിയിരുന്നു. രണ്ട് അപ്രതീക്ഷിത ഹീറോമാർ അവസാന ഓവറിൽ നേർക്കുനേർ വരുമ്പോൾ ഒരു കാര്യം ഉറപ്പായിരുന്നു, കളി കഴിയുമ്പോൾ ഒരാളുടെ ഹീറോ പദവിക്കു കോട്ടം തട്ടും. മിസ്‌ബ ഫൈൻ ലെഗ്ഗിനു മുകളിലൂടെ സ്‌കൂപ്പ് ചെയ്ത് ശ്രീശാന്തിന്റെ കൈകളിൽ ഒടുങ്ങിയപ്പോൾ തീരുമാനമായി, ആരാണ് ആ ഹീറോ എന്ന്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 157 റൺസ് എന്ന ടോട്ടൽ, ക്യാപ്‌റ്റൻ ലക്ഷ്യമിട്ടിരുന്നതിൽ നിന്ന് 23 റൺസ് കുറവായിരുന്നു. ഉദ്ദേശിച്ചതിലും മൂന്നു റൺസ് പിന്നിൽ എതിരാളികളെ പുറത്താക്കാൻ കഴിഞ്ഞ പാക്കിസ്ഥാൻ അപ്പോഴേക്കും പാതി ജയിച്ചിരുന്നു.
പക്ഷേ, ദക്ഷിണാഫ്രിക്ക 400 പിന്തുടർന്നു ജയിച്ച വാണ്ടറേഴ്‌സ് ആയിരുന്നില്ല ട്വന്റി-20 ഫൈനലിനു വേദിയായ വാണ്ടറേഴ്‌സ്. വേഗം കുറഞ്ഞ പിച്ചിൽ പന്ത് ബാറ്റിലേക്ക് പെട്ടെന്ന് എത്താതിരുന്നപ്പോൾ യുവരാജ് സിംഗ് പോലും പകച്ചു. 54 പന്തിൽ 75 റൺസടിച്ച ഗൗതം ഗംഭീറിന്റെയും 16 പന്തിൽ പുറത്താകാതെ 30 റൺസടിച്ച രോഹിത് ശർമയുടെയും ഇന്നിംഗ്‌സുകളുടെ മഹത്വം മനസിലാകാൻ കളി കഴിയും വരെ കാത്തിരിക്കേണ്ടിവന്നു. ഒരു വശത്ത് വൻമരങ്ങൾ കടപുഴുകുമ്പോഴും മറുവശത്ത് പാറപോലെ ഉറച്ചുനിന്ന ഗൗതം ഗംഭീർ നിശബ്ദമായി മുന്നേറുന്നത് പാക് താരങ്ങൾ അവഗണിക്കുകയായിരുന്നു. കാരണം, റോബിൻ ഉത്തപ്പയേയും യുവരാജ് സിംഗിനേയും എം.എസ് ധോണിയേയുമൊക്കെ അവർ നേരത്തെ വീഴ്‌ത്തിയിരുന്നു. പിന്നെ, രോഹിത് ശർമ തിമിർത്തു തുടങ്ങിയപ്പോൾ, ആ പ്രതിഭയ്‌ക്കു മുന്നിൽ പാക്കിസ്ഥാനു മറുപടിയുമുണ്ടായിരുന്നില്ല.
പാക് താരങ്ങളിൽ മിസ്‌ബയ്‌ക്കും ഇമ്രാൻ നസീറിനും ഒരു പരിധിവരെ സൊഹെയ്‌ൽ തൻവീറിനും മാത്രമാണ് തുടർച്ചയായി വമ്പൻ ഷോട്ടുകൾ ഉതിർക്കാൻ കഴിഞ്ഞത്. ഏറ്റവും മികച്ച ഇന്ത്യൻ ബൗളറെന്ന്് പാക് ക്യാപ്‌റ്റൻ ഷോയബ് മാലിക് വിശേഷിപ്പിച്ച ആർ.പി.സിംഗ് എതിരാളികൾക്കു തുടത്തിൽ നൽകിയ തിരിച്ചടി പോരാതെ വരുമെന്നു തോന്നിയപ്പോൾ ഇർഫാൻ പത്താൻ അന്താരാഷ്ര്ട ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഉജ്ജ്വലമാക്കിക്കൊണ്ട് മൂന്നു മധ്യനിര വിക്കറ്റുകൾ പിഴുതു. അടുത്തിടെ ഇന്ത്യക്കാർ ശീലമാക്കിയ ഡയറക്ട് ഹിറ്റിലൂടെ റോബിൻ ഉത്തപ്പ ഇമ്രാൻ നസീറിനെ പുറത്താക്കിയതോടെ ഫീൽഡിംഗിൽ ഈ ടീമിനുണ്ടായ പുരോഗതി ഒന്നുകൂടി വ്യക്തമായി. മുൻ മത്സരങ്ങളിൽ തിളങ്ങിയ ശ്രീശാന്തും ഹർഭജൻ സിംഗും നിരാശപ്പെടുത്തിയപ്പോൾ ജോഗീന്ദർ ശർമ സമ്മർദ്ദത്തിനടിപ്പെടാതെ പന്തെറിഞ്ഞുകൊണ്ട് അന്താരാഷ്ര്ട ക്രിക്കറ്റ് കളിക്കാനുള്ള തന്റെ യോഗ്യത തെളിയിച്ചു.
ബാറ്റ്‌സ്‌മാന്മാർ നിറഞ്ഞാടിയ ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ടു ബൗളർമാർ – ഉമർ ഗുല്ലും ഷാഹിദ് അഫ്രീദിയും – പാക്‌നിരയിലുണ്ടായിരുന്നു. മൂന്നു വിക്കറ്റെടുത്ത ഗുൽ ഫൈനലിലും ഫോം നിലനിർത്തിയപ്പോൾ, അഫ്രീദിക്കു ബൗളിംഗിൽ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, മത്സരത്തിലെ ഏറ്റവും മോശം ഷോട്ട് സെലക്ഷനിലൂടെ പത്താന് വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. എങ്കിലും ബാറ്റ്‌സ്‌മാന്മാരുടെ ടൂർണമെന്റിൽ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരവുമായാണ് അഫ്രീദി മടങ്ങിയത്. ഈ നേട്ടത്തിനു മാനദണ്ഡമായത് അഫ്രീദിയുടെ ബാറ്റിംഗ് കരുത്തിലുപരി ബൗളിംഗ് പ്രതിഭയുമായിരുന്നു.
ഇന്ത്യൻ വിജയം പൂർത്തിയായത് ഇന്ത്യ എറിഞ്ഞ അസാധ്യമായൊരു പന്തിലൂടെയല്ല, പാക്കിസ്ഥാന്റെ മണ്ടത്തരത്തിലൂടെയായിരുന്നു. വിജയാവേശത്തിൽ ആരാധകർ ഇതു മറന്നപ്പോഴും യുവനിരയുടെ നായകൻ മഹേന്ദ്ര സിംഗ് ധോണി മറ്റുള്ളവരെപ്പോലെ അമിതാഹ്ലാദം കാണിക്കാതിരുന്നത് ഒരുപക്ഷേ ഈ ഓർമ മനസിന്റെ പിന്നാമ്പുറങ്ങളിൽ മായാതെ കിടന്നതുകൊണ്ടാകാം.
പക്ഷേ, കോച്ചും പരിചയസമ്പത്തുമൊന്നുമില്ലാതെ ഇറങ്ങിയിട്ടും തോൽക്കാൻ മനസില്ലാതെ കളിച്ച ഇന്ത്യൻ സംഘം നേടിയത് അർഹിച്ച വിജയം തന്നെയെന്ന് അഭിമാനിക്കാം. കളി കൈവിടാവുന്ന ഓരോ ഘട്ടത്തിലും അവർ പ്രതീക്ഷയും ധൈര്യവും ആത്മവിശ്വാസവും കൈവിടാതെ പോരാടി. ധോണിയുടെ അസാധരണമെന്നു തോന്നിച്ച തീരുമാനങ്ങൾ ഓരോന്നും ഓരോ കളിയിലും ഫലം കണ്ടു. സേവാഗിനു പകരം ടീമിലെത്തിയ യൂസഫ് പത്താൻ ഓപ്പണറായതും നിർണായകമായ രണ്ടു മത്സരങ്ങളിൽ ജോഗീന്ദർ ശർമ അവസാന ഓവർ ചെയ്തതും ഇവയിൽ ചിലതു മാത്രം.
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തായതിന്റെ നിരാശ ഇന്ത്യക്കും പാക്കിസ്ഥാനും ഇനി മറക്കാം. ഫൈനലിൽ ജയിക്കാനായില്ലെങ്കിലും ഭാവിയിലേക്കുള്ള ഒരു ടീം ഇപ്പോൾ പാക്കിസ്ഥാന്റെ പക്കലുണ്ട്. സച്ചിൻ-സൗരവ്-രാഹുൽ ത്രിമൂർത്തികൾക്കു ശേഷം എന്തെന്ന ചോദ്യത്തിനുത്തരം ഇന്ത്യയുടെ പക്കലുമുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാവി സുരക്ഷിതമായ കരങ്ങളിലാണെന്ന സച്ചിൻ തെണ്ടുൽക്കറുടെ വാക്കുകൾ ധോണിക്കൊപ്പം ഇന്ത്യൻ ആരാധകർക്കും ആവേശം പകരും.
Generated from archived content: sports1_sept25_07.html Author: kamal_sports