ക്രിക്കറ്റ് രംഗത്ത് മറ്റൊരു ആഗോള വ്യവസായ പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുന്നു, ചാമ്പ്യൻസ് ട്വന്റി-20 ക്രിക്കറ്റ് ലീഗ് എന്ന പേരിൽ. ലോക ക്രിക്കറ്റിലെ ഏറ്റവും പുതിയ ആവേശമായ ട്വന്റി-20 ക്രിക്കറ്റായിരിക്കും ഇതിലെ പ്രധാന വിപണനവസ്തു. ട്വന്റി-20 ക്രിക്കറ്റിന് ഇംഗ്ലണ്ടിൽ തുടക്കം കുറിച്ച് മൂന്നു വർഷത്തിനുള്ളിൽ അതിനായി ഒരു ലോകചാമ്പ്യൻഷിപ്പ് ആസൂത്രണം ചെയ്യാൻ അന്താരാഷ്ര്ട ക്രിക്കറ്റ് കൗൺസിലിനു സാധിച്ചു. തൊട്ടു പിന്നാലെ, അന്താരാഷ്ര്ട ക്രിക്കറ്റ് ലീഗ് എന്ന പൊടിപിടിച്ചു കിടന്ന ആശയത്തിനു ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ ജീവൻ നൽകുകയും ചെയ്തിരിക്കുന്നു.
1983-ൽ ഇന്ത്യ ലോകകപ്പ് നേടിയശേഷം ആഗോള തലത്തിൽ തന്നെ ക്രിക്കറ്റിനുണ്ടായ വാണിജ്യനേട്ടങ്ങൾ മറക്കാൻ കഴിയില്ല. ഇതോടെ അന്താരാഷ്ര്ട ക്രിക്കറ്റിലെ അനിഷേധ്യ ശക്തിയായി മാറാനൊന്നും ഇന്ത്യൻ ക്രിക്കറ്റ് ടീമിനു കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് വ്യവസായരംഗത്തെ സർവശക്തിയായി മാറാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനു കഴിഞ്ഞു. പുതിയ അന്താരാഷ്ര്ട ക്രിക്കറ്റ് ലീഗിന്റെ തുടക്കവും ബി.സി.സി.ഐയുടെ മുൻകൈയോടെ വരുന്നത് ഇതിന്റെ പിന്തുടർച്ചയായിത്തന്നെ കാണാം.
സമാന്തര ഇന്ത്യൻ ക്രിക്കറ്റ് ലീഗിന്റെ വരവും ട്വന്റി-20 ക്രിക്കറ്റിനു ലഭിച്ച വൻ ജനപ്രീതിയുമാണ് യൂറോപ്യൻ ഫുട്‌ബോളിലെ ചാമ്പ്യൻസ് ലീഗിന്റെ മാതൃകയിൽ അന്താരാഷ്ര്ട തലത്തിൽ അടിയന്തരമായി ക്ലബ്ബ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെയുള്ള നാലു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളെ പ്രേരിപ്പിച്ചത്. യഥാർഥത്തിൽ 1996-ൽ തന്നെ ഇത്തരത്തിലൊരു ആശയം ഉയർന്നുവന്നതാണ്. ഇപ്പോൾ അന്താരാഷ്ര്ട ലീഗിന്റെ തലപ്പത്തിരിക്കുന്ന ലളിത് മോഡി തന്നെയാണ് അന്നും ഈ ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ക്രിക്കറ്റ് ഭ്രാന്തൻമാരുടെ നാടായ ഇന്ത്യയിൽപ്പോലും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ ഒഴിഞ്ഞ ഗാലറികളെ മാത്രം സാക്ഷി നിർത്തിക്കൊണ്ട് നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ ഈ ആശയം കടലാസിൽ മാത്രം ഒതുങ്ങുകയായിരുന്നു ഇതുവരെ. ട്വന്റി-20യുടെ വരവും അന്താരാഷ്ര്ട താരങ്ങളുടെ സാന്നിധ്യവുംകൊണ്ട് ഈ പ്രശ്നം പരിഹരിക്കാമെന്നാണ് ഇപ്പോൾ സംഘാടകരുടെ പ്രതീക്ഷ.
ലോകത്ത് ഒരിടത്തും ഇതുവരെ ക്ലബ്ബുകളെ ആശ്രയിച്ചു നടക്കുന്ന കളിയായിരുന്നില്ല ക്രിക്കറ്റ്. ടെസ്‌റ്റ്, ഏകദിന ടീമുകളിലേക്ക് കളിക്കാരെ കണ്ടെത്തുന്നതിനുള്ള സെലക്ഷൻ ട്രയൽസ് എന്നതിലുപരി എന്തെങ്കിലും പ്രാധാന്യം, ഇംഗ്ലീഷ് കൗണ്ടിയിൽ ഒഴികെ, ഒരിടത്തും ആഭ്യന്തര ക്രിക്കറ്റിനു ലഭിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് ഏറ്റവും സജീവമായ ഇംഗ്ലണ്ടിൽ പോലും കൗണ്ടി ടൂർണമെന്റുകൾ പലതും നടത്തിപ്പോരുന്നത് വൻ നഷ്ടം സഹിച്ചുകൊണ്ടാണ്. ടൂർണമെന്റുകൾ ജയിക്കുമ്പോൾ മാത്രമാണ് വൻ സാമ്പത്തിക നേട്ടം ക്ലബ്ബുകൾക്കു ലഭിക്കുക. എന്നാൽ, ട്വന്റി-20 അന്താരാഷ്ര്ട ലീഗ് വരുന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വരുമെന്നും, താരതമ്യേന അപ്രശസ്തരായ പ്രാദേശിക കളിക്കാർക്കും ആഭ്യന്തര ക്രിക്കറ്റിനും ജനപ്രീതിയുടെയും പ്രതിഫലത്തിന്റെയും കാര്യത്തിൽ വൻനേട്ടങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
വിവിധ രാജ്യങ്ങളിലെ ട്വന്റി-20 ആഭ്യന്തര ചാമ്പ്യൻഷിപ്പുകളിലെ മികച്ച ടീമുകൾ ഏറ്റുമുട്ടുന്ന അന്താരാഷ്ര്ട ടൂർണമെന്റാണ് ചാമ്പ്യൻസ് ട്വന്റി-20 ലീഗ്. നിലവിൽ ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ടു ടീമുകൾ വീതം ഇതിൽ പങ്കെടുക്കുമെന്നാണ് ധാരണ. ക്രിക്കറ്റിൽ ആഭ്യന്തര ടീമുകൾ പങ്കെടുക്കുന്ന ആദ്യ അന്താരാഷ്ര്ട ടൂർണമെന്റാണിത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നിലവിലുള്ള ആഭ്യന്തര ട്വന്റി-20 ലീഗുകളിൽ നിന്നാണ് ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ട്വന്റി-20 ഇപ്പോഴും ശൈശവഘട്ടത്തിലുള്ള ഇന്ത്യയിലാകട്ടെ, ചാമ്പ്യൻസ് ലീഗിലേക്കുള്ള ചവിട്ടുപടിയെന്ന നിലയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) എന്ന പേരിൽ പുതിയ ആഭ്യന്തര ട്വന്റി-20 ലീഗും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത വർഷം ഒക്ടോബറിൽ ചാമ്പ്യൻസ് ലീഗിന് തുടക്കം കുറിക്കും. നാലു രാജ്യങ്ങളിൽ നിന്നുള്ള എട്ടു ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ. സെമിഫെനലുകളും ഫൈനലും അടക്കം മൊത്തം 15 മത്സരങ്ങളുണ്ടാകും വേദികളുടെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും, നാലു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകളുടെയും അന്താരാഷ്ര്ട ക്രിക്കറ്റ് കൗൺസിലിന്റെയും പൂർണ പിന്തുണയുള്ളതിനാൽ വേദി കണ്ടെത്തുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമാകില്ല.
50ലക്ഷം ഡോളറാണ് ചാമ്പ്യൻസ് ലീഗിലെ മൊത്തം സമ്മാനത്തുക. ഇതിൽ ജേതാക്കൾക്കു ലഭിക്കുന്നത് 20 ലക്ഷം ഡോളറാണ്. അതേസമയം, കഴിഞ്ഞ കരീബിയൻ ലോകകപ്പിൽ ജേതാക്കളായ ഓസ്ര്ടേലിയൻ ടീമിനു ലഭിച്ചത് 10 ലക്ഷം ഡോളർ മാത്രമാണ്. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ആദ്യ ട്വന്റി-20 ലോക ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്കു ലഭിക്കുന്നത് അതിന്റെ പകുതി മാത്രവും!
ഇന്ത്യയിൽ പ്രഖ്യാപിച്ചിരിക്കുന്ന സമാന്തര ക്രിക്കറ്റ് ലീഗായ ഐ.സി.എല്ലിനെ ശക്തമായി നേരിടാൻ ചാമ്പ്യൻസ് ലീഗിനെ ആയുധമാക്കാമെന്നും ബി.സി.സി.ഐ പ്രതീക്ഷിക്കുന്നു. എല്ലാ ക്രിക്കറ്റ് രാജ്യങ്ങളുടെയും ഐ.സി.സിയുടെയും അംഗീകാരമുള്ളതിനാൽ കളിക്കാർക്ക് ഭയപ്പാടൊന്നും കൂടാതെ ചാമ്പ്യൻസ് ലീഗിലും ഇന്ത്യൻ പ്രീമിയർ ലീഗിലും കളിക്കാം. ഐ.സി.എല്ലിന് ഇന്ത്യൻ ആഭ്യന്തര ലീഗ് എന്ന പ്രതിച്ഛായയാണെങ്കിൽ, ചാമ്പ്യൻസ് ലീഗിന് യഥാർഥ അന്താരാഷ്ര്ട ലീഗ് എന്ന് അവകാശപ്പെടാൻ കഴിയും. ഒപ്പം ഏതു കളിക്കാരനും ഏതു ടീമിനു വേണ്ടിയും കളിക്കാനും അവകാശമുണ്ടായിരിക്കും. ഉദാഹരണത്തിന്, പ്രീമിയർ ലീഗിൽ കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ള ഗ്ലെൻ മക്‌ഗ്രാത്ത് ഒരുപക്ഷേ ചാമ്പ്യൻസ് ലീഗിൽ ന്യൂസൗത്ത് വെയിൽസിനെതിരേ മുംബൈ ക്ലബ്ബിനു വേണ്ടി കളിക്കാനിറങ്ങിയേക്കും. (വിരമിക്കുന്നതിനു മുമ്പ് ഓസ്ര്ടേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ മക്‌ഗ്രാത്ത് പ്രതിനിധീകരിച്ചിരുന്നത് ന്യൂസൗത്ത് വെയിൽസിനെയാണ്.)
ക്ലബ്ബുകൾക്കുപരിയായി ഫ്രാഞ്ചൈസി സങ്കല്പമാകും ചാമ്പ്യൻസ് ലീഗിലെയും ഐ.പി.എല്ലിലെയും ടീമുകളെ നിയന്ത്രിക്കുക. വ്യവസായ ഭീമന്മാർ നേരിട്ട് ക്രിക്കറ്റ് ക്ലബ്ബുകൾ നടത്തുന്ന സ്ഥിതിയുണ്ടാകും. സമ്മാനത്തുക കൂടാതെ ഗേറ്റ് കളക്ഷനിലൂടെയും ടെലിവിഷൻ സംപ്രേഷണത്തിലൂടെയും പരസ്യങ്ങളിലൂടെയും മറ്റുമുള്ള വൻ വരുമാനം ഇവർക്കു പങ്കുവച്ചെടുക്കാം. ഇത്തരം ഫ്രാഞ്ചൈസി രീതി നടപ്പാക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്തതിനാൽ പാക്കിസ്ഥാനും ശ്രീലങ്കയും തൽകാലം ചാമ്പ്യൻസ് ലീഗിൽ ചേർന്നിട്ടില്ല. എന്നാൽ, പാക്കിസ്ഥാനിൽ നിന്നുള്ള ഒരു ടീം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനുണ്ടാകും. ഓസ്ര്ടേലിയൻ ട്വന്റി-20 ലീഗിൽ ന്യൂസിലൻഡ് കൂടി പങ്കെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഇതു നടപ്പായാൽ ചാമ്പ്യൻസ് ലീഗിലേക്കു യോഗ്യത നേടാൻ ഓ്രസ്ടേലിയ വഴി ന്യൂസിലൻഡ് കളിക്കാർക്കും ക്ലബ്ബുകൾക്കും അവസരം ലഭിക്കും.
ക്രിക്കറ്റ് രംഗത്തിനും കളിക്കാർക്കും വൻനേട്ടങ്ങളാണ് ഇന്ത്യൻ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും വാഗ്‌ദാനം ചെയ്യുന്നത്. അപ്പോഴും, ഇന്ത്യയിൽ കായികരംഗം എന്ന നിലയിൽ ക്രിക്കറ്റിന്റെ അടിസ്ഥാനവികസനം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയും പ്രാദേശിക ക്രിക്കറ്റ് അക്കാദമികൾ സ്ഥാപിക്കുന്നത് വാഗ്‌ദാനങ്ങളായി മാത്രം അവശേഷിക്കുകയും ചെയ്യുകയാണ്. കാശെറിഞ്ഞു വേഗത്തിൽ കാശു വാരാനുള്ള മാർഗങ്ങളിൽ മാത്രമാണ് ബി.സി.സി.ഐ ശ്രദ്ധിക്കുന്നത് എന്ന വസ്തുത മാത്രം ബാക്കിയാകുന്നു.
Generated from archived content: sports1_sept18_07.html Author: kamal_sports
Click this button or press Ctrl+G to toggle between Malayalam and English