ബംഗ്ലാദേശ് പര്യടനത്തിനു പോകാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രാഹുൽ ദ്രാവിഡും യുവതാരങ്ങളും മതിയെന്നായിരുന്നു ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദ്ദേശം. ഈ നിർദ്ദേശം സെലക്ഷൻ കമ്മിറ്റി പൂർണ്ണമായി അംഗീകരിച്ചില്ല. പൂർണ്ണമായ അർഥത്തിൽ നിരാകരിച്ചതുമില്ല. സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർ എന്നിവരെ ഏകദിന ടീമിൽ നിന്നും വീരേന്ദർ സെവാംഗിനെ ടെസ്‌റ്റ് ടീമിൽ നിന്നും ഹർഭജൻ സിംഗ്, അജിത് അഗാർക്കർ, ഇർഫാൻ പത്താൻ എന്നിവരെ രണ്ടു ടീമുകളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് സമൂലമായൊരു മാറ്റത്തിന്റെ ഛായ മാത്രം നൽകാൻ സെലക്ടർമാർക്കു കഴിഞ്ഞു. മനോജ് തിവാരി, രാജേഷ് പവാർ എന്നീ പുതുമുഖങ്ങൾ ആദ്യമായി ടീമിൽ ഇടം പിടിക്കുകയും പിയൂഷ് ചൗള എന്ന കൗമാരക്കാരൻ തിരിച്ചെത്തുകയും ചെയ്‌തു. പക്ഷേ, ശേഷിക്കുന്ന തീരുമാനങ്ങളും മേൽപ്പറഞ്ഞ മാറ്റങ്ങൾ തന്നെയും ദീർഘകാലാടിസ്ഥാനത്തിലുള്ള ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണോ എന്ന സംശയം നിലനിൽക്കുകയാണ്.
സച്ചിനേയും സൗരവിനേയും ഉൾപ്പെടുത്താതിരുന്നപ്പോൾ സെലക്ടർമാർ പറഞ്ഞത് അവർക്കു വിശ്രമം നൽകിയെന്നാണ്. സേവാംഗിന്റേയും പത്താന്റേയും ഹർഭജന്റേയും കാര്യത്തിൽ പുറത്താക്കലാണ് ഉണ്ടായതെന്നും സെലക്ടർമാർ വിശദമാക്കുന്നു. എന്നാൽ, വിശ്രമവും പുറത്താക്കലും തമ്മിൽ യഥാർഥത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നു പരിശോധിക്കേണ്ടത് ആവശ്യമാണ്. സച്ചിന്റേയും സൗരവിന്റേയും പ്രതിച്ഛായ ക്രിക്കറ്റിനേക്കാൾ വളർന്നതുകൊണ്ടാണ് വിശ്രമം എന്ന വാക്ക് ഉപയോഗിച്ചതെന്നു വേണം കരുതാൻ. മറ്റുള്ളവരുടെ കാര്യത്തിൽ പ്രതിച്ഛായ താരതമ്യേന മങ്ങിയതാണല്ലോ. സച്ചിനും സൗരവിനും വിശ്രമം നൽകിയത് എന്തിനാണെന്ന ചോദ്യത്തിന് സെലക്ടർമാരുടെ കൈയിൽ ഉത്തരവുമില്ല. ഇവർ വിശ്രമം ആവശ്യപ്പെട്ടതായി ആർക്കും അറിയില്ല. ഫോമില്ലായ്മയാണു പ്രശ്നമെങ്കിൽ, ബംഗ്ലാദേശിനെപ്പോലൊരു ടീമിനെതിരേ കളിപ്പിച്ച് ഫോം വീണ്ടെടുക്കാൻ അവസരം നൽകാഞ്ഞതെന്തെന്ന ചോദ്യം അവശേഷിക്കുന്നു. അതായത്, ഇരുവരെയും പുറത്താക്കാൻ ‘വിശ്രമം’ എന്ന വാക്ക് ഉപയോഗിച്ചു എന്നു ചുരുക്കം.
പകരക്കാരായെത്തുന്ന പുതുമുഖങ്ങൾ ടീമിൽ ഇടമുറപ്പിച്ചാൽ സൗരവ് ഗാംഗുലിയുടെ ഏകദിന കരിയർ ഒരിക്കൽകൂടി ഭീഷണിയിലാകും. നീണ്ട ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തിയ സൗരവിന് ഉയർത്തിക്കാട്ടാൻ അർധസെഞ്ചുറികളുടെ നീണ്ട നിര തന്നെയുണ്ടെങ്കിലും അതൊന്നും ടീമിനു വേണ്ടിയല്ല, സ്വന്തം നിലനിൽപിനുവേണ്ടി കഷ്ടപ്പെട്ടു നേടിയ റണ്ണുകളായിരുന്നു എന്ന് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് പറഞ്ഞുതരും. ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ 129 പന്തിൽ നേടിയ 66 റൺസും ബർമൂഡയ്‌ക്കെതിരേ 114 പന്തിൽ നേടിയ 89 റൺസും തന്നെ ഉദാഹരണം. സ്‌കോർ ബോർഡിൽ റൺസ് പിറക്കുന്നുണ്ടെങ്കിലും പഴയ ഗാംഗുലിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഇന്നിംഗ്‌സുകൾക്ക് ഒട്ടും വേഗം പോരെന്നു വ്യക്തമാണ്. യുവതാരങ്ങൾ അവസരത്തിനൊത്തുയർന്നാൽ ഭാവിയിൽ ടെസ്‌റ്റ് മത്സരങ്ങളിൽ മാത്രമായി ഗാംഗുലിയെ ഒതുക്കി നിർത്താനുള്ള സാധ്യത തള്ളാൻ കഴിയില്ല. ബംഗ്ലാദേശിൽ ടെസ്‌റ്റ് മത്സരങ്ങളിൽ ശോഭിക്കാൻ കഴിയാതിരുന്നാൽ ഗാംഗുലിയുടെ കാര്യം കൂടുതൽ അപകടത്തിലാകുകയും ചെയ്യും. അതിനാൽ അമിതമായ സമ്മർദത്തോടെയാകും അദ്ദേഹം ബംഗ്ലാദേശിനെതിരേ ടെസ്‌റ്റ് കളിക്കാനിറങ്ങുക.
ഭാവിയുടെ കാര്യത്തിൽ സൗരവിനോളം ഭീഷണി സച്ചിനെപ്പോലൊരു ക്രിക്കറ്റ് ദൈവത്തിനുണ്ടാകാൻ തരമില്ല. പക്ഷേ, ഫോമില്ലായ്മയുടെ മൂർധന്യത്തിൽ നിന്നപ്പോൾപ്പോലും സൗരവിന്റെ പുറത്താക്കൽ രാജ്യമൊട്ടാകെ വിവാദങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും വരെ തിരികൊളുത്തിയിരുന്നു. ഈ അപകടം മുന്നിൽക്കണ്ട് ഒരു ന്യായീകരണമെന്ന നിലയിൽ സച്ചിനെക്കൂടി തൽകാലം പുറത്തിരുത്തുക എന്ന സുരക്ഷിതമായ തന്ത്രമാകാം സെലക്ടർമാർ പ്രയോഗിച്ചതെന്നും കരുതാം.
വിശ്രമക്കാരുടെ കാര്യം മാറ്റിവച്ചാൽ പുറത്താക്കലിന്റെ പട്ടികയിൽ വരുന്ന പ്രധാനികൾ സേവാഗും ഹർഭജനും പത്താനുമാണ്. സേവാംഗിനെ ടെസ്‌റ്റ് ടീമിൽനിന്നു മാറ്റി ഏകദിനത്തിൽ നിലനിർത്തിയപ്പോൾ ഹർഭജനെ രണ്ടു ടീമിലും ഉൾപ്പെടുത്തിയിട്ടില്ല. വീരേന്ദർ സേവാംഗ് എന്ന ബാറ്റ്‌സ്‌മാന്റെ ശൈലി ഏകദിനത്തിനു യോജിച്ചതാണെന്ന വാദം ശരിവച്ചാലും അദ്ദേഹം കൂടുതൽ സ്ഥിരത പ്രകടിപ്പിച്ചത് ടെസ്‌റ്റ് മത്സരങ്ങളിലാണെന്നതു വ്യക്തമാണ്. ടെസ്‌റ്റിൽ സേവാംഗിന്റെ ബാറ്റിംഗ് ശരാശരി 49.46 ആണെന്നിരിക്കെ ഏകദിനത്തിൽ ഇത് 31.62 മാത്രമാണ്. ഇങ്ങനെയുള്ള സേവാംഗിനെയാണ് ടെസ്‌റ്റിൽ നിന്ന് ഒഴിവാക്കി ഏകദിനത്തിനു മാത്രമായി തെരഞ്ഞെടുത്തിരിക്കുന്നത്. പരീക്ഷണങ്ങൾക്കു പറ്റിയത് ഏകദിനമാണെന്നാണു സങ്കല്പം. ടെസ്‌റ്റ് മത്സരം എത്ര ചെറുകിട ടീമിനെതിരേ ആയാലും അതു ക്ലാസ് ക്രിക്കറ്റാണ്. അപ്പോൾ, ഇന്ത്യ അവസാനം ടെസ്‌റ്റ് പരമ്പര കളിച്ച വെസ്‌റ്റിൻഡീസിനെതിരേ വരെ മികച്ച പ്രകടനം പുറത്തെടുത്ത സേവാംഗ് പുറത്തിരിക്കുമ്പോൾ അതു പരീക്ഷണമല്ല, മറ്റെന്തോ ആണെന്നു മനസിലാകും.
ഹർഭജൻ സിംഗ് ഇന്നും ലോകനിലവാരമുള്ള ബൗളർ തന്നെയാണ്. പക്ഷേ, വർദ്ധിച്ച താരമൂല്യത്തിനൊത്ത ‘മാച്ച് വിന്നിംഗ്’ പ്രകടനങ്ങൾ ഏകദിന മത്സരങ്ങളിൽ അദ്ദേഹത്തിൽ നിന്നുണ്ടാകുന്നില്ല എന്നതാണു പ്രശ്നം. ‘ദൂസ്‌ര’ എറിഞ്ഞാൽ ഐ.സി.സി. വീണ്ടും കഴുത്തിനു പിടിക്കുമോ എന്ന പേടിയും അദ്ദേഹത്തിന്റെ ആവനാഴിയുടെ കരുത്തു കുറയ്‌ക്കുന്നു. ഹർഭജൻ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഓഫ് സ്പിന്നർ രമേശ് പൊവാറാണെന്ന കാര്യത്തിൽ തർക്കമില്ല. ഏകദിനത്തിൽ ഹർഭജനു പകരം നിൽക്കാനുള്ള പ്രതിഭയും പൊവാറിനുണ്ട്. പക്ഷേ, സമീപകാല പ്രകടനങ്ങൾ മാത്രമാണ് സെലക്ഷനു മാനദണ്ഡം എന്നതിന്റെ ഉദാഹരണമാണ് ടെസ്‌റ്റ് പരമ്പരയിൽ ഹർഭജന് ഇടംപിടിക്കാൻ കഴിയാതെ പോയത്. ഏകദിന ക്രിക്കറ്റും ടെസ്‌റ്റ് ക്രിക്കറ്റും തികച്ചും വ്യത്യസ്തമാണ്. സമീപകാല ടെസ്‌റ്റ് പരമ്പരകളിലൊന്നും ഹർഭജൻ പരാജയമായിരുന്നില്ല. ഇതു കണക്കിലെടുക്കാതെ ഏകദിനത്തിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹർഭജൻ സിംഗ് ഇപ്പോൾ ടെസ്‌റ്റ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ആഭ്യന്തര സീസണിൽ നൂറിനടുത്ത ശരാശരിയിൽ 796 റൺസ് സ്‌കോർ ചെയ്ത മനോജ് തിവാരിയുടേയും, അനിൽ കുംബ്ലെയുടെ പിൻഗാമിയെന്നറിയപ്പെടുന്ന പിയൂഷ് ചൗളയുടെയും തെരഞ്ഞെടുപ്പിൽ തർക്കത്തിന്റെ ആവശ്യമില്ല. പക്ഷേ, രാജേഷ് പവാർ എന്ന പുതുമുഖത്തിന്റെ വരവ് അത്ര നീതീകരിക്കാനാകുമോ എന്നു സംശയമാണ്. പത്തു സീസണിലായി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന പവാറിനു പ്രായം 27 കഴിഞ്ഞു. ഇതിനപ്പുറം പ്രായത്തിൽ ടീമിലെത്തി സ്ഥാനമുറപ്പിച്ച എത്ര പേരെ വേണമെങ്കിലും ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ കണ്ടെത്താം. പക്ഷേ, അത്ര അസാമാന്യ പ്രതിഭയുള്ള കളിക്കാരനായിരുന്നു പവാറെങ്കിൽ മുംബൈ ടീമിലെങ്കിലും സ്ഥിരം സ്ഥാനം നേടാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. അവിടെ സ്ഥിരാംഗത്വം നേടാൻ കഴിയാതെ ബറോഡയിലേക്കു ചേക്കേറിയ പവാറിനെ ദീർഘകാല പദ്ധതികൾ ലക്ഷ്യമിട്ടുള്ള തെരഞ്ഞെടുപ്പായി എങ്ങനെ കാണാൻ കഴിയും? പ്രായം പ്രശ്നമല്ലെങ്കിൽ മുരളി കാർത്തിക്കിനെ തിരിച്ചു വിളിക്കാമായിരുന്നു. മികച്ച ഫോമിൽ നിൽക്കുമ്പോൾ പരിക്കു കാരണം പുറത്തുപോയ കളിക്കാരനാണ് കാർത്തിക്ക്. തിരിച്ചുവന്നപ്പോൾ കൗണ്ടി ക്രിക്കറ്റിൽ നന്നായി പന്തെറിയാനും കാർത്തിക്കിനു കഴിഞ്ഞിരുന്നു. ഇടങ്കയ്യൻ സ്പിന്നർമാരായി ചെറുപ്പക്കാർ വേണമെങ്കിൽ, ജാർഖണ്ഡിൽ ഷാബാസ് നദീമും സൗരാഷ്‌ട്രയിൽ രവീന്ദർ ജഡേജയും ആന്ധ്രാപ്രദേശിൽ പ്രജ്ഞാൻ ഓജയുമുണ്ടായിരുന്നു. ഇവരാരും സെലക്ടർമാരുടെ കണ്ണിൽപ്പെട്ട മട്ടില്ല.
ഇർഫാൻ പത്താൻ എന്ന ഓൾറൗണ്ടർ പുറത്തായതിനെ നിർഭാഗ്യകരമെന്നേ വിശേഷിപ്പിക്കാനാകൂ. വെസ്‌റ്റിൻഡീസിലൊ അതിനു മുമ്പു നടന്ന രണ്ടു പരമ്പരകളിലോ മതിയായ അവസരങ്ങൾ പത്താനു ലഭിച്ചിരുന്നില്ല. പത്താന്റെ പ്രതിഭയല്ല കൈമോശം വന്നത്, ഫോം മാത്രമാണ്. അങ്ങനെയൊരു കളിക്കാരനെ ബംഗ്ലാദേശിനെപ്പോലൊരു ടീമിനെതിരെ കളിപ്പിച്ചു വേണമായിരുന്നു ഫോമിൽ തിരിച്ചെത്തിക്കാൻ. പത്താനെ ഒഴിവാക്കണമെന്നു നിർബന്ധമാണെങ്കിൽ, പകരം ജോഗീന്ദർ ശർമയെപ്പോലൊരു ഓൾറൗണ്ടറെ വളർത്തിക്കൊണ്ടുവരാനുള്ള ശ്രമവും സെലക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായില്ല.
ദിനേശ് മോംഗിയ എന്ന കളിക്കാരൻ ഇന്ത്യക്കായി 55 ഏകദിന മത്സരങ്ങൾ കളിച്ചത് ഏഴു വർഷം കൊണ്ടാണ്. സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യയിൽ വച്ചു നേടിയ 159 റൺസ് മാത്രമാണ് അദ്ദേഹത്തിന് എടുത്തു കാട്ടാനുള്ള അസാമാന്യ ഇന്നിംഗ്‌സ്. ഇത്ര കാലമായിട്ടും ടീമിൽ ഇടമുറപ്പിക്കാൻ സാധിക്കാത്ത മോംഗിയ ലോകകപ്പിനു മുമ്പ് ടീമിൽ തിരിച്ചെത്തിയത് കൗണ്ടി ക്രിക്കറ്റിൽ കാഴ്‌ചവച്ച ഒന്നാന്തരം ഓൾറൗണ്ട് പ്രകടനത്തിന്റെ പിൻബലത്തിലായിരുന്നു. എന്നാൽ, കഴിഞ്ഞ ആഭ്യന്തര സീസണിൽ ശരാശരിക്കു താഴെപ്പോയ മോംഗിയയെ ഇപ്പോൾ തിരിച്ചു വിളിച്ചതിന് സെലക്ടർമാർ പറയുന്ന ന്യായീകരണം വിചിത്രമാണ്. ബംഗ്ലാദേശിന്റെ ഇടങ്കയ്യൻ സ്പിൻ ത്രയത്തെ നേരിടാൻ മോംഗിയ ഇടങ്കയ്യൻ ബാറ്റ്‌സ്‌മാൻ ആവശ്യമാണത്രെ! ഇടങ്കയ്യൻ ബാറ്റ്‌സ്‌മാൻ ആയിരുന്നു ആവശ്യമെങ്കിൽ സൗരവ് ഗാംഗുലി മതിയായിരുന്നല്ലോ എന്ന് ചോദിക്കുന്നില്ല. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി എന്നു വിശേഷിപ്പിക്കപ്പെട്ട സുരേഷ് റെയ്‌നയെ സെലക്ടർമാർ എന്തേ മറന്നുപോയി? ലോകകപ്പിനു മുമ്പ് ടീമിൽ നിന്ന് പുറത്തായ റെയ്‌ന കഴിഞ്ഞ സീസണിൽ ഉത്തർപ്രദേശിനു വേണ്ടി മിന്നുന്ന പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് ഫോം വിളിച്ചറിയിച്ചത്. പഴയ കോച്ച് ഗ്രെഗ് ചാപ്പലിന്റെ അരുമ ശിഷ്യനായിപ്പോയതാണോ റെയ്‌ന ചെയ്ത തെറ്റെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ചുരുക്കത്തിൽ വിപ്ലവകരമായ തീരുമാനങ്ങളെന്നവകാശപ്പെട്ടുകൊണ്ട് സെലക്ഷൻ കമ്മിറ്റി നടത്തിയ പ്രഖ്യാപനങ്ങൾ വെറും മുഖം മിനുക്കൽ നടപടികൾ മാത്രമായിപ്പോയിരിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ ശോഭനമായ ഭാവി മുന്നിൽ കണ്ടുള്ള തീരുമാനങ്ങളെന്ന നിലയിൽ ഇവയെ വിലയിരുത്താൻ കഴിയില്ല. ഇന്ത്യൻ പരിശീലകന്റെ കുപ്പായം അഴിച്ചുവയ്‌ക്കുമ്പോൾ ഓസ്‌ട്രേലിയക്കാരൻ ഗ്രെഗ് ചാപ്പൽ ഒരു കാര്യം ഓർമ്മിപ്പിച്ചിരുന്നു. “ഇന്ത്യൻ ടീമിനെ ഓസ്‌ട്രേലിയയെപ്പോലെയാക്കണമെങ്കിൽ ക്രിക്കറ്റ് ഭരണം സിംബാബ്‌വെയിലേതു പോലെ നടത്തിയാൽ പോര…”
Generated from archived content: sports1_may10_07.html Author: kamal_sports
Click this button or press Ctrl+G to toggle between Malayalam and English