ബി.സി.സി.ഐക്കു പുറത്ത് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഏറ്റവും കരുത്തനായ മനുഷ്യൻ – സുനിൽ ഗവാസ്‌കർ അങ്ങനെയാണു വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വ്യാപകമായ ആദരവിന് എന്നും അർഹനായിരുന്നെങ്കിലും ഒരിക്കലും സർവസമ്മതനായിരുന്നില്ല ഗവാസ്‌കർ. കപിൽദേവ് ഉൾപ്പെടെയുള്ള പ്രഗല്‌ഭർക്ക് അദ്ദേഹവുമായുണ്ടായിരുന്ന അഭിപ്രായഭിന്നതകൾ ഒരിക്കലും പരസ്യമായി പുറത്തുവന്നില്ല. വ്യക്തിവിശേഷത്തിനുപരി ക്രിക്കറ്റ് കഴിവുകളിലൂടെ ഗവാസ്‌കർ നേടിയെടുത്ത ഇതിഹാസ സമാനമായ പ്രതിച്ഛായ കാരണം ഒരിക്കലും അദ്ദേഹത്തെ പരസ്യമായി വിമർശിക്കാൻ ആരും ധൈര്യപ്പെട്ടില്ല. പക്ഷേ, ബിഷൻ സിംഗ് ബേദിക്ക് ഈ പ്രതിച്ഛായയെ പേടിയില്ല. പറയാനുള്ളത് ആരുടെ കാര്യമായാലും ബേദി തുറന്നു പറയും. അതുകൊണ്ട് തന്നെയാണ് ബി.സി.സി.ഐയുടെ സമിതികളിലോ കാര്യപരിപാടികളിലൊ ഒന്നും ബേദി ഒരിക്കലും ഇടം പിടിക്കാത്തതും.
ഒടുവിൽ ഗവാസ്‌കർക്കെതിരേ പലരും രഹസ്യമായി മുറുമുറുത്തിരുന്നത് ധൈര്യപൂർവ്വം തുറന്നുപറയാനും ബേദി തന്നെ വേണ്ടിവന്നു. ഇന്ത്യൻ ക്രിക്കറ്റിലെ നശീകരണ സ്വാധീനമാണ് ഗവാസ്‌കർ എന്നു തുറന്നടിക്കാൻ ബേദി തയ്യാറായതോടെ അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തുവരികയാണ്. ഇപ്പോഴും പല ആരോപണങ്ങൾക്കും പിന്നിൽ ആരാണുള്ളതെന്നു വ്യക്തമാകുന്നില്ലെന്നു മാത്രം.
ബേദിയുടെ ആരോപണങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത് നശീകരണ സ്വാധീനമെന്ന പരാമർശമാണെങ്കിലും കുറച്ചുകൂടി വ്യക്തമായി മറ്റൊരു കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവാദിത്വങ്ങളില്ലാത്ത അധികാരങ്ങളിലാണത്രെ എന്നും ഗവാസ്‌കറുടെ കണ്ണ്. ബംഗ്ലാദേശ് പര്യടനത്തിനു പോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനു താൽകാലിക മാനേജരെ വേണമെന്ന അവസ്ഥ വന്നപ്പോൾ തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി, രവി ശാസ്ര്തിയെ ചുമതലയേല്പിച്ച ഗവാസ്‌കറുടെ തന്ത്രം എല്ലാവരും കണ്ടതുമാണ്. യൂറോപ്യൻ പര്യടനത്തിനു പോയ ടീമിനൊപ്പം മാനേജരായി അയയ്‌ക്കാൻ എഴുപത്തഞ്ചോടടുക്കുന്ന ചന്ദു ബോർഡെയെ വിളിക്കേണ്ടിവന്നപ്പോഴും, ലോകം കണ്ട മികച്ച ബാറ്റ്‌സ്‌മാൻമാരിലൊരാളായ ഗവാസ്‌കർ അങ്ങനെയൊരു ചുമതലയേൽക്കാൽ സന്നദ്ധനായില്ല. വെറുതെയിരുന്നു പണമുണ്ടാക്കാനുള്ള ഒരവസരവും ഗവാസ്‌കർ പാഴാക്കാറില്ലെന്നു കൂടി ബേദി കൂട്ടിച്ചേർത്തിരുന്നു. കോച്ചിന്റെയും മാനേജരുടെയുമൊക്കെ റോളിൽ അങ്ങനെയൊരു സാധ്യത ഗവാസ്‌കർ കണ്ടിട്ടുണ്ടാകില്ല. ടീമിന്റെ പ്രകടനങ്ങളിൽ ഏറ്റെടുക്കേണ്ടിവരുന്ന ഉത്തരവാദിത്വങ്ങൾ വേറെയും.
ഇന്ത്യക്കു പുതിയ കോച്ചിനെ കണ്ടെത്താനുള്ള സമിതിയിൽ അംഗമാണ് ഗവാസ്‌കർ. ഇന്ത്യൻ കോച്ചാകുമെന്നു പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഡേവ് വാട്‌മോർ ഇപ്പോൾ പാക്കിസ്ഥാന്റെ കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യൻ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള സമിതിയുടെ ആദ്യത്തെ യോഗം നടക്കും മുമ്പുതന്നെ പത്രത്തിലെ തന്റെ കോളത്തിലൂടെ വാട്‌മോറിനെതിരെ പരസ്യമായ വിമർശനം അഴിച്ചുവിട്ടിരുന്നു ഗവാസ്‌കർ. വാട്‌മോർ വിമർശനങ്ങൾക്ക് അതീതനല്ല. പക്ഷേ, ഇന്ത്യൻ കോച്ചാകാൻ അദ്ദേഹം താല്പര്യം പ്രകടിപ്പിക്കുകയും കോച്ചിനെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ ഗവാസ്‌കർ അംഗമായിരിക്കുകയും ചെയ്യുമ്പോൾ വന്ന ഇത്തരമൊരു പരസ്യമായ അഭിപ്രായപ്രകടനത്തിന്റെ സാംഗത്യമാണു ചോദ്യം ചെയ്യപ്പെട്ടത്.
പിന്നീട് ഗ്രഹാം ഫോർഡ് പ്രഥമ പരിഗണനയിൽ വന്നപ്പോൾ ജോൺ എംബുറിയെക്കൂടി സ്ഥാനാർഥിയാക്കാൻ ഗവാസ്‌കർ കാണിച്ച തിടുക്കത്തിനു പിന്നെ നിഗൂഢ താല്പര്യങ്ങൾ എന്തെന്നും വ്യക്തമല്ല. ഫോർഡ് പിന്മാറിയപ്പോൾ എംബുറിയെ സമീപിക്കാൻ ബി.സി.സി.ഐ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ഓസ്ര്ടേലിയയെ തോൽപ്പിക്കാൻ ഇന്ത്യക്കു കഴിയില്ലെന്ന ജോൺ എംബുറിയുടെ ജല്പനം ആരും മറന്നിട്ടുണ്ടാകില്ല. കൗണ്ടി ക്രിക്കറ്റിൽ കോച്ചെന്ന നിലയിൽ പരാജയത്തിന്റെ കഥമാത്രം പറയാനുള്ള എംബുറിയുടെ പേരു നിർദേശിക്കാൻ ഗവാസ്‌കറോട് ആരാണു പറഞ്ഞതെന്നാണ് മറ്റൊരു മുൻ ക്രിക്കറ്റ്‌താരമായ നവ്‌ജ്യോത് സിംഗ് സിദ്ദു ചോദിക്കുന്നത്. വിമർശനങ്ങളോടു പൊതുവെ അസഹിഷ്ണുത പ്രകടിപ്പിക്കാറുള്ള ഗവാസ്‌കർ ഇപ്പോൾ തനിക്കെതിരെ അടിസ്ഥാനമുള്ള ആരോപണങ്ങൾ ഉയർന്നു കേട്ടപ്പോൾ പ്രതികരിക്കാൻ തയ്യാറായിട്ടുമില്ല.
ജോൺ റൈറ്റിന്റെ കാലാവധി കഴിഞ്ഞ ഒഴിവിൽ ഗ്രെഗ് ചാപ്പലിനെ ഇന്ത്യൻ കോച്ചായി തെരഞ്ഞെടുത്തതും ഗവാസ്‌കർ കൂടി ഉൾപ്പെട്ട സമിതിയായിരുന്നു. എന്നാൽ, പിന്നീട് ഗവാസ്‌കർ ചാപ്പലിന്റെ ഏറ്റവും വലിയ വിമർശകരിലൊരാളായി മാറുകയും ചെയ്തു. മാത്രമല്ല 2005ലെ സിംബാബ്‌വെ പര്യടനത്തിനിടെ കളിക്കാർ കോച്ചിനെതിരെ പരസ്യമായി പ്രതികരിച്ചത് അന്ന് ഇ.എസ്.പി.ൻ കമന്റേറ്റായിവന്ന ഗവാസ്‌കറുടെ പ്രേരണ കാരണമാണെന്നതും ഇപ്പോൾ പരസ്യമായ രഹസ്യമാണ്. 2007 ലോകകപ്പിനു ശേഷം സച്ചിൻ ടെൽഡുൽക്കർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ പരസ്യ പ്രസ്താവനകൾക്കു പ്രേരിപ്പിച്ചതും മറ്റാരുമല്ലത്രെ.
ജോൺ റൈറ്റ് കോച്ചായിരിക്കുമ്പോൾ ഗവാസ്‌കറെ ബാറ്റിംഗ് കൺസൾട്ടന്റായി ടീമിനൊപ്പം വിട്ടിരുന്നു. ബി.സി.സി.ഐ തന്നോടാലോചിക്കാതെ ഇങ്ങനെയൊരു നടപടിയെടുത്തത് തന്നെ അപമാനിക്കുന്നതിനു തുല്യമായിട്ടും മിതഭാഷിയായ റൈറ്റ് മറുത്തൊന്നും പറഞ്ഞില്ല. കളിക്കാർ റൈറ്റിനോടു മോശമായാണ് പെരുമാറിയിരുന്നത് എന്ന് ഏറെ നാളുകൾക്കുശേഷം പത്രത്തിലെഴുതിക്കൊണ്ടാണ് അതിനുള്ള നന്ദി ഗവാസ്‌കർ കാണിച്ചത്.
നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) ചെയർമാനായിരുന്ന നാലുവർഷം ഗവാസ്‌കർ അക്കാദമിക്കായോ അവിടെ പഠിക്കാനെത്തിയ യുവ പ്രതിഭകൾക്കായോ യാതൊന്നും ചെയ്തിട്ടില്ലെന്ന് അനുഭവസ്ഥർ പറയുന്നു. അതേസമയം, അക്കാദമിയുടെ പ്രവർത്തനങ്ങളെ തന്റെ കോളത്തിലൂടെ നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ആ സമയത്ത് അക്കാദമിയിൽ കാര്യങ്ങൾ നടത്തിയിരുന്നത് ഡയറക്ടറായ ബ്രജേഷ് പട്ടേലായിരുന്നത്രെ.
ഇന്ത്യൻ ക്രിക്കറ്റിലെ ചേരിതിരിവുകൾക്കതീതമായി എന്നും ‘ഉത്തരവാദിത്വമില്ലാത്ത’ അധികാരസ്ഥാനങ്ങളിൽ തുടരാൻ ഗവാസ്‌കർക്കു കഴിഞ്ഞിട്ടുണ്ട്. ജഗ്‌മോഹൻ ഡാൽമിയയുടെ കാലത്തായാലും ശരത്‌പവാറിന്റെ കാലത്തായാലും സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോൾ ഗവാസ്‌കറുടെ അഭിപ്രായങ്ങൾ നിർണായകമായി. ഇത്തരം തീരുമാനങ്ങളെടുക്കാനുള്ള ഏതാണ്ട് എല്ലാ സമിതികളിലും അദ്ദേഹം അംഗമാകാറുണ്ട്. ബി.സി.സി.ഐയിലെ സ്വാധീനം ഉപയോഗിച്ച്, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പല സമിതികളും അംഗത്വം നേടാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഐ.സി.സി.ഐയുടെ കമ്മിറ്റികളിൽ അംഗമായിരിക്കുമ്പോൾ തന്നെ ആഗോള ക്രിക്കറ്റ് സംപ്രേഷണാവകാശം സ്വന്തമാക്കാൻ ഇ.എസ്.പി.എൻ ചാനൽ നടത്തിയ ശ്രമങ്ങളിൽ പങ്കാളിയായത് അന്താരാഷ്ര്ടതലത്തിൽ തന്നെ ഗവാസ്‌കർ വിമർശിക്കപ്പെടാൻ കാരണമായി.
ഓസ്ര്ടേലിയൻ ക്രിക്കറ്റ് ടീമംഗങ്ങളുടെ സ്വഭാവത്തെപ്പറ്റി പരാമർശിച്ചപ്പോൾ അക്രമികൾ വധിച്ച മുൻ ടെസ്‌റ്റ്‌താരവും വിക്ടോറിയ ടീമിന്റെ കോച്ചുമായിരുന്ന ഡേവിഡ് ഹുക്സിന്റെ പേര് അനാവശ്യമായി വലിച്ചിഴച്ച ഗവാസ്‌കർക്കെതിരേ ഓസ്ര്ടേലിയൻ ക്രിക്കറ്റ് സമൂഹം ഒറ്റക്കെട്ടായാണ് അണിനിരന്നത്. അന്ന് അദ്ദേഹത്തിന്റെ വാചാടോപത്തിനു പിന്തുണ നൽകാൻ സ്വന്തം നാട്ടിൽ നിന്ന് ഒരാളുമുണ്ടായില്ല.
ഉത്തരവാദിത്വങ്ങളില്ലാത്ത അധികാരങ്ങളാണു ഗവാസ്‌കർക്കു വേണ്ടതെന്നു ബേദി തുറന്നടിച്ചുകഴിഞ്ഞു. അദ്ദേഹം വഹിച്ചിരുന്ന അത്തരം അധികാരങ്ങൾക്ക് ഉത്തരവാദിത്വം പറയിക്കാനും ഇനി തെറ്റ് ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലെടുക്കാനും സമയമായിരിക്കുന്നു.
Generated from archived content: sports1_june26_07.html Author: kamal_sports