മാറ്റത്തിന്റെ കിക്കോഫ്‌

ഫിഫ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റർ ഇന്ത്യൻ ഫുട്‌ബോളിനെ ‘ഉറങ്ങുന്ന ഭീമൻ’ എന്നു വിശേഷിപ്പിച്ചപ്പോൾ ഏറ്റവും വലിയ ശുഭാപ്തി വിശ്വാസികൾ പോലും ഒരു ‘ക്ലീഷേ’ പ്രയോഗത്തിനപ്പുറം അതിനു വില കൊടുത്തുകാണില്ല. പക്ഷേ, ബ്ലാറ്ററുടെ വാക്കുകൾ അർഹിക്കുന്ന ഗൗരവത്തിലെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ, 11വർഷം മുമ്പു രൂപം കൊടുത്ത ദേശീയ ഫുട്‌ബോൾ ലീഗിൽ പൊളിച്ചെഴുത്തുകൾ നടത്തിക്കൊണ്ട്‌ രാജ്യത്തെ ഫുട്‌ബോൾ ഭൂപടം തന്നെ മാറ്റി വരയ്‌ക്കാനുള്ള തയ്യാറെടുപ്പിലാണ്‌.

രാജ്യത്തെ ഫുട്‌ബോൾ രംഗം സമ്പൂർണ്ണമായി പ്രഫഷണൽവത്‌ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ എ.ഐ.എഫ്‌.എഫ്‌ ദേശീയ ലീഗിനു രൂപം നൽകിയത്‌. ഇതു സംബന്ധിച്ച നിരവധി മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നെങ്കിലും ഒന്നും ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ, മാർഗനിർദേശങ്ങൾ പാലിക്കാത്ത ഫുട്‌ബോൾ ടീമുകളെ മൂന്നുവർഷത്തിനുള്ളിൽ ലീഗിൽ നിന്നു പൂർണമായും പുറത്താക്കാൻ ഫെഡറേഷൻ ഇപ്പോൾ ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ്‌. ദേശീയ ലീഗിൽ വരുന്ന ക്ലബ്ബുകളിൽ കളിക്കുന്ന എല്ലാ കളിക്കാരും പ്രഫഷണലായിരിക്കണം എന്ന നിർദേശമാണ്‌ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകം. ഈ നിർദേശം പ്രാവർത്തികമാകുന്നതോടെ ഇന്ത്യൻ ഫുട്‌ബോൾ കൊൽക്കത്തയിലും ഗോവയിലും മുംബൈയിലും മാത്രമായി കേന്ദ്രീകരിക്കപ്പെടുമെന്നതാണ്‌ ഇതു സംബന്ധിച്ച ഏറ്റവും പ്രധാന വിമർശനം. കേരള പോലീസിലൂടെയും ടൈറ്റാനിയത്തിലൂടെയും എസ്‌.ബി.ടിയിലൂടെയും വളർന്ന കേരള ഫുട്‌ബോളിന്‌ പക്കാ പ്രഫഷണൽ സങ്കല്പങ്ങൾ അത്ര പരിചിതമല്ല. എ.ഐ.എഫ്‌.എഫ്‌ തീരുമാനത്തിൽ ഉറച്ചു നിന്നാൽ ഇത്തരം ഡിപ്പാർട്ടുമെന്റ്‌ ടീമുകൾ വൈകാതെ ദേശീയ ലീഗിൽ നിന്നു പുറത്താക്കപ്പെടുമെന്നതിൽ സംശയമില്ല.

ഫുട്‌ബോൾ കളിക്കുന്നവർ അതുമാത്രം ചെയ്താൽ മതി, മറ്റൊരു ജോലിക്കും പോകാൻ പാടില്ലെന്നാണ്‌ എ.ഐ.എഫ്‌.എഫ്‌ നിർദേശം. സമ്പൂർണ്ണ പ്രഫഷണലുകളായ നാലു ഫുട്‌ബോളർമാർ ഈ വർഷം മുതൽ ദേശീയ ലീഗ്‌ കളിക്കുന്ന എല്ലാ ടീമുകളിലും ഉണ്ടാകണം. ക്രമേണ നാലു പേരെന്ന പരിധി വർദ്ധിപ്പിച്ച്‌, ടീമിൽ പ്രഫഷണൽ കളിക്കാർ മാത്രമേ പാടുള്ളൂ എന്ന നിലയിലെത്തും. ഇത്തരമൊരു സമ്പ്രദായം കേരളത്തിൽ ആദ്യമായി പരീക്ഷിക്കപ്പെട്ടത്‌ സംസ്ഥാനത്തെ ആദ്യ പ്രഫഷണൽ ഫുട്‌ബോൾ ക്ലബ്ബായ എഫ്‌.സി കൊച്ചിനിലൂടെയാണ്‌. ഏറെ പ്രതീക്ഷയുണർത്തിയ ആദ്യ സീസണുകൾക്കു ശേഷം ആ ക്ലബ്‌ ഓർമ്മയിൽ മാത്രമാണ്‌ ഇപ്പോൾ അവശേഷിക്കുന്നത്‌. ഇന്ന്‌ വിവ കേരള എന്ന പ്രഫഷണൽ ക്ലബ്ബ്‌ മാത്രമാണ്‌ കേരളത്തിലുള്ളത്‌. മലബാറിൽ നിന്നുള്ള ഫുട്‌ബോൾ പ്രേമികൾ ചേർന്ന്‌ കൊച്ചി കേന്ദ്രമാക്കി ക്ലബ്‌ തുടങ്ങാനുള്ള പദ്ധതി ആലോചനകളുടെ ഘട്ടത്തിലെത്തിയിട്ടേയുള്ളൂ.

പ്രഫഷണൽ താരങ്ങളെ മാത്രം അണിനിരത്തുക എന്നതു മാത്രമാകില്ല കേരളത്തിൽ നിന്നുള്ള ടീമുകൾ നേരിടാൻ പോകുന്ന പ്രതിസന്ധി. പരിശീലന സൗകര്യങ്ങളെല്ലാമുള്ള മൈതാനങ്ങൾ ക്ലബ്ബുകൾക്കു സ്വന്തമായി ഉണ്ടാകണം. എല്ലാ ക്ലബ്ബുകൾക്കും സീനിയർ ടീമിനു പുറമേ ജൂനിയർ, ഏജ്‌ ഗ്രൂപ്പുകളും അവരെ പരിശീലിപ്പിക്കാനുള്ള അക്കാദമികളും ഉണ്ടാകണം. ഇത്രയും സൗകര്യങ്ങളൊരുക്കാൻ വേണ്ട കനത്ത മുതൽ മുടക്കിന്‌ കേരളത്തിലെ എത്ര ഡിപ്പാർട്ടുമെന്റ്‌ ടീമുകൾ തയ്യാറാകുമെന്ന്‌ ആലോചിക്കാവുന്നതേയുള്ളൂ.

ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ടീമുകളിൽ ഇടം പടിക്കാൻ കഴിയാത്ത, അവിടങ്ങളിലെ ഇടത്തരക്കാരാണ്‌ ഇന്ന്‌ ഇന്ത്യൻ ആഭ്യന്തര ഫുട്‌ബോളിലെ സൂപ്പർതാരങ്ങൾ. അവർക്കു പകരം നിൽക്കാൻ, സത്യന്റെയും വിജയന്റെയും ബൂട്ടിയയുടെയുമൊക്കെ നിലവാരമെങ്കിലുമുള്ള യുവതാരങ്ങളെ ഇവിടെത്തന്നെ വാർത്തെടുക്കുകയാണ്‌ എ.ഐ.എഫ്‌.എഫിന്റെ ലക്ഷ്യം. കേരളത്തിനും ബംഗാളിനും ഗോവയ്‌ക്കും പുറമേ രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിലെ അമൂല്യമായ ഫുട്‌ബോൾ നിക്ഷേപവും ഫലപ്രദമായി ഖനനം ചെയ്യേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ വ്യവസായ ലോകത്തെ ഭീമന്മാരുടെ കടന്നുവരവ്‌ പ്രതീക്ഷയുണർത്തുന്നത്‌. റിലയൻസ്‌ അടക്കമുള്ള അഞ്ചു വമ്പൻ ഗ്രൂപ്പുകൾ ഫുട്‌ബോൾ ക്ലബ്ബുകൾ തുടങ്ങുകയോ നിലവിലുള്ള ക്ലബ്ബുകൾ ഏറ്റെടുക്കുകയോ ചെയ്യുന്നതു സംബന്ധിച്ച്‌ എ.ഐ.എഫ്‌.എഫുമായി രഹസ്യചർച്ചകൾ നടത്തിക്കഴിഞ്ഞു. ലോക ഫുട്‌ബോളിൽ ഇത്തരം ഏറ്റെടുക്കലുകൾ പുതുമയല്ല. മാഞ്ചസ്‌റ്റർ യുണൈറ്റഡും ചെൽസിയും ലിവർപൂളും പോലുള്ള ഇംഗ്ലീഷ്‌ ക്ലബ്ബുകൾ കോടീശ്വരൻമാർ ഏറ്റെടുക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നുണ്ട്‌. എന്നാൽ, അന്താരാഷ്ര്ട പ്രശസ്തമായ ഇംഗ്ലീഷ്‌ ക്ലബ്ബുകൾ ഏടുത്തു നടത്തുന്നത്രെ സുഗമമൊ ലാഭകരമോ ആകണമെന്നില്ല ഇന്ത്യൻ ക്ലബു കൈകാര്യം ചെയ്യുന്നത്‌ എന്നതും വസ്തുതയാണ്‌.

വ്യവസായികളുടെ ഇടപെടൽ ലാഭേച്ഛ മാത്രം മുന്നിൽക്കണ്ടാകുമെന്ന്‌ ഈ നിർദേശങ്ങളുടെ വിമർശകർക്ക്‌ അഭിപ്രായമുണ്ട്‌. പക്ഷേ, പ്രഫഷണൽവത്‌ക്കരണത്തിന്റെയും പണക്കൊഴുപ്പിന്റെയും ദോഷവശങ്ങൾ നിലനിൽക്കെത്തന്നെ ഇന്ത്യൻ ക്രിക്കറ്റ്‌ കീഴടക്കിയ ഉയരങ്ങളെക്കുറിച്ചോർക്കുമ്പോൾ ഫുട്‌ബോൾ ലോകത്തിനു പ്രതീക്ഷയ്‌ക്കു വകയുണ്ട്‌. ക്രിക്കറ്റ്‌ ഭ്രാന്തന്മാരുടെ നാടെന്നു (ദുഷ്‌)പേരു കേട്ട ഇന്ത്യയിൽ ഇന്നും ഒരു ആഭ്യന്തര ക്രിക്കറ്റ്‌ മത്സരം കാണാൻ ഗാലറി നിറയെ ആളെ കിട്ടാറില്ല. രാജ്യത്തെ പ്രധാന ആഭ്യന്തര ക്രിക്കറ്റ്‌ ടൂർണമെന്റായ രഞ്ജി ട്രോഫി ഫൈനൽപോലും ഒഴിഞ്ഞ ഗാലറികളെ സാക്ഷി നിർത്തി കടന്നുപോകുകയാണു പതിവ്‌. ഇവിടെ ക്രിക്കറ്റ്‌കളി കാണാൻ ആളു കൂടുന്നത്‌ അന്താരാഷ്ര്ടമത്സരങ്ങൾ നടക്കുമ്പോൾ മാത്രമാണ്‌. അതേസമയം, ഒരു സെവൻസ്‌ ഫുട്‌ബോൾ മത്സരത്തിനു പോലും ഈ നാട്ടിൽ ഇന്നും ഗാലറിയിൽ ആളും ആവേശവും നിറയ്‌ക്കാൻ കഴിയുന്നുണ്ട്‌. ഫുട്‌ബോളിന്റെ ഈ വൻ വിപണനസാധ്യത തന്നെയാകും വ്യവസായ ഭീമന്മാരെ ഈ രംഗത്തേയ്‌ക്ക്‌ ആകർഷിക്കാൻ കാരണം. ഈ ആകർഷണം കാൽപ്പന്തുകളിയുടെ വളർച്ചയ്‌ക്കു സഹായകമായാൽ അതിൽ സങ്കോചത്തിനു സ്ഥാനമില്ല.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ്‌ രാജ്യത്തെ ഫുട്‌ബോൾ വികസനത്തെ പിന്നോട്ടടിക്കുന്നതിൽ പ്രധാന ഘടകം. കേരളത്തിനും ബംഗാളിനും ഗോവയ്‌ക്കും പുറത്തേക്ക്‌ ഫുട്‌ബോളിന്റെ ആവേശം പടർത്തുന്നതുകൊണ്ടു മാത്രം കാര്യമില്ല. മൈതാനങ്ങൾ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ വളരേണ്ടതുണ്ട്‌. അതിന്‌ സ്വന്തം നിലയിൽ പണം കണ്ടെത്താൻ എ.ഐ.എഫ്‌.എഫിനു കഴിയുന്നില്ലെങ്കിൽ അവർക്കു വ്യവസായ ലോകത്തിന്റെ സഹായം തേടുകയേ മാർഗമുള്ളൂ. ക്രിക്കറ്റിന്റെ ഗ്ലാമറും അതിലൂടെ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനു ലഭിക്കുന്ന പണത്തിന്റെ കുത്തൊഴുക്കും ഫുട്‌ബോൾ ഫെഡറേഷനു തൽകാലം സ്വപ്നം കാണാൻ മാത്രമേ കഴിയൂ.

നമ്മുടെ ദേശീയ ഫുട്‌ബോൾ ലീഗിന്റെ സ്പോൺസർമാർ പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സിയാണ്‌. ലീഗ്‌ ജേതാക്കൾക്കുള്ള സമ്മാനത്തുക ഏതാനും വർഷംകൊണ്ട്‌ ഇരട്ടിയായിക്കഴിഞ്ഞു. എന്നിട്ടും ക്രിക്കറ്റർമാരുമായി താരതമ്യം ചെയ്താൽ ഇന്ത്യൻ ഫുട്‌ബോളർമാർക്കു കിട്ടുന്ന പ്രതിഫലം തുച്ഛമാണ്‌. ഈ രംഗത്തു താല്പര്യം കാണിക്കുന്ന സ്പോൺസർമാർ ഇപ്പോഴും കുറവാണ്‌. വരുന്നവരിൽ പലരും ഏറെക്കാലം തുടരുന്നുമില്ല. മഹീന്ദ്ര ആൻഡ്‌ മഹീന്ദ്രാ, ടാറ്റ, ജെ.സി.ടി തുടങ്ങിയ വമ്പൻ ഗ്രൂപ്പുകൾ ഇന്ത്യൻ ഫുട്‌ബോൾ രംഗത്ത്‌ സജീവമാണ്‌. ഇന്ത്യൻ ഫുട്‌ബോളിനു പ്രത്യേക പ്രാധാന്യം നൽകുന്ന സീ ടിവി നമ്മുടെ ആഭ്യന്തരമത്സരങ്ങൾ പലതും സംപ്രേഷണം ചെയ്യുന്നു. രണ്ടുവർഷം കൊണ്ട്‌ ഇതിനു പ്രേക്ഷകർ കൂടിയിട്ടുണ്ടെന്നു പറയുന്ന സീ അധികൃതർ ഇത്‌ ഇനിയും വർദ്ധിപ്പിക്കാൻ പറ്റുമെന്നാണ്‌ അഭിപ്രായപ്പെടുന്നത്‌. എന്നിട്ടും ഇന്ത്യൻ ഫുട്‌ബോളിന്‌ ഇന്നും അന്താരാഷ്ര്ട രംഗത്തു പോയിട്ട്‌, ഏഷ്യൻ നിലവാരത്തിൽപ്പോലും സ്വന്തമായൊരു സ്ഥാനം നേടാൻ കഴിഞ്ഞിട്ടില്ല.

ഇന്ത്യയിലെ ഫുട്‌ബോളിന്റെ വളർച്ച മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾക്കായി ബ്രസീലിയൻ ഫുട്‌ബോൾ ഫെഡറേഷനും മാഞ്ചസ്‌റ്റർ യുണൈറ്റഡുമായി എ.ഐ.എഫ്‌.എഫ്‌ ധാരണയിലെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യൻ ജൂനിയർ ടീമുകൾക്ക്‌ ബ്രസീലിലും ഇംഗ്ലണ്ടിലും പര്യടനം നടത്താൻ അവസരം ലഭിക്കും. സർ ബോബി ചാൾട്ടൺ, റൂഡ്‌ ഗുള്ളിറ്റ്‌ തുടങ്ങിയ ഫുട്‌ബോൾ ഇതിഹാസങ്ങളും സ്‌റ്റീവൻ ജെറാർഡിനെപ്പോലെ ലോക ഫുട്‌ബോളിലെ സമകാലിക സൂപ്പർതാരങ്ങളും ഫുട്‌ബോൾ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തും.

എ.ഐ.എഫ്‌.എഫിന്റെ പരിഷ്‌കാരങ്ങളും വ്യവസായ ലോകത്തിന്റെ ഇടപെടലും ഉണ്ടായാൽ പത്തുവർഷത്തിനുള്ളിൽ ഇന്ത്യ ലോകകപ്പ്‌ യോഗ്യത നേടും എന്നൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല. പക്ഷേ, മുന്നോട്ടുള്ള ഓരോ പന്തടികളും ഈ മനോഹരമായ കളിക്ക്‌ നമ്മുടെ രാജ്യത്ത്‌ കൂടുതൽ മനോഹാരിത നൽകുമെന്നുറപ്പാണ്‌.

Generated from archived content: sports1_july7_07.html Author: kamal_sports

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English