സമാന്തര ലീഗിനെതിരെ ബി.സി.സി.ഐയുടെ അപ്പീൽ

മാധ്യമ ചക്രവർത്തി സുഭാഷ്‌ ചന്ദ്ര ഗോയലിന്റെ സ്വപ്ന സന്താനമായ ഇന്ത്യൻ ക്രിക്കറ്റ്‌ ലീഗിന്റെ പിറവി ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തിന്റെ മേധാവിത്വം നഷ്ടമാകുമെന്ന ഭീതിയിലാണു ബി.സി.സി.ഐ. ബ്രയാൻ ലാറയും ഷെയ്‌ൻവോണും ഗ്ലെൻ മക്‌ഗ്രാത്തും ഉൾപ്പെടുന്ന വമ്പൻ താരനിരയുമായി അരങ്ങേറാനാണ്‌ ഐ.സി.എല്ലിന്റെ പദ്ധതി. കപിൽദേവും സന്ദീപ്‌ പാട്ടിലും കിരൺ മോറെയും അടക്കമുള്ള പ്രമുഖർ ലീഗിന്റെ തലപ്പത്തുണ്ടാകുമെന്നും ഉറപ്പായിട്ടുണ്ട്‌. കെറി പാക്കറുടെ വേൾഡ്‌ സീരീസ്‌ ഉയർത്തിയതിനെക്കാൾ വലിയ ഭീഷണിയാണ്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിനു മുന്നിൽ ഐ.സി.എൽ എന്ന സമാന്തര ക്രിക്കറ്റ്‌ ലീഗ്‌ ഉയർത്തുന്നത്‌.

ഐ.സി.എൽ തങ്ങൾക്കൊരു എതിരാളിയല്ലെന്ന്‌ പരസ്യമായി പുച്ഛിക്കുമ്പോഴും അതിനെ ജന്മമെടുക്കും മുമ്പേ ഇല്ലാതാക്കാനുള്ള കടുത്ത നീക്കങ്ങളും ബി.സി.സി.ഐ മേലാളന്മാർ ആരംഭിച്ചിട്ടുണ്ട്‌.

ബി.സി.സി.ഐയുടെ അംഗീകാരമില്ലാത്ത ഒരു ടൂർണമെന്റിലും ഒരു രജിസ്‌ട്രേഡ്‌ കളിക്കാരനും ഒരു സംസ്ഥാന അസോസിയേഷനും പങ്കെടുക്കരുതെന്ന്‌ കർശനനിർദേശം നൽകിക്കഴിഞ്ഞതായി വെളിപ്പെടുത്തുന്നത്‌ ബോർഡ്‌ സെക്രട്ടറി നിരഞ്ജൻ ഷാ തന്നെയാണ്‌. ബോർഡിലുള്ളവർ ഐ.സി.എല്ലിനെ കണ്ട്‌ വിരണ്ടു കഴിഞ്ഞിരിക്കുന്നു എന്നു തന്നെയാണ്‌ സൂചനകൾ.

നിലവിലുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളെയൊന്നും ഐ.സി.എല്ലിൽ കളിക്കാൻ കിട്ടിയെന്നിരിക്കില്ല. പക്ഷേ, ബി.സി.സി.ഐക്കു നൽകാൻ കഴിയാത്ത ജനപ്രിയത ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിനു നൽകാൻ ഐ.സി.എല്ലിനു കഴിഞ്ഞേക്കും. അടുത്ത കാലത്തു വിരമിച്ച ലോകോത്തര താരങ്ങളുടെയും മുൻ ഇന്ത്യൻ താരങ്ങളുടെയും സാന്നിധ്യം ഇതിനു സഹായകമാകും. ഐ.സി.എല്ലുമായി സഹകരിക്കുന്ന മുൻ താരങ്ങൾക്ക്‌ പെൻഷൻ നിഷേധിച്ചുകൊണ്ടാണ്‌ ബി.സി.സി.ഐ ഇതിനെ നേരിടാനൊരുങ്ങുന്നത്‌. തങ്ങളുടെ ഒരു ഗ്രൗണ്ടും ഐ.സി.എൽ മത്സരങ്ങൾക്കായി വിട്ടുകൊടുക്കില്ലെന്നും ബി.സി.സി.ഐ വ്യക്തമാക്കിയിട്ടുണ്ട്‌. കരാറുള്ള കളിക്കാരെ ഇന്ത്യൻ ക്രിക്കറ്റ്‌ ലീഗിൽ കളിക്കുന്നതിൽ നിന്നു വിലക്കണമെന്ന്‌ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ്‌ ബോർഡുകളോടും ബി.സി.സി.ഐ അഭ്യർത്ഥിച്ചിട്ടുണ്ട്‌.

ഐ.സി.എൽ എക്സിക്യൂട്ടീവ്‌ ബോർഡ്‌ മേധാവിയായി ചുമതലയേറ്റ കപിൽദേവിനെ ദേശീയ ക്രിക്കറ്റ്‌ അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന്‌ പുറത്താക്കാനാണ്‌ ബി.സി.സി.ഐ ഇപ്പോൾ ആലോചിക്കുന്നത്‌. ക്രിക്കറ്റ്‌ പരിശീലിപ്പിക്കുക മാത്രമാണ്‌ ഐ.സി.എല്ലിലൂടെ താൻ ചെയ്യാനുദ്ദേശിക്കുന്നതെന്നും അതെങ്ങനെ നിഷിദ്ധമാകുമെന്നുമാണ്‌ ലോകകപ്പ്‌ ഏറ്റുവാങ്ങിയ ഇന്ത്യയുടെ ഏക ക്യാപ്‌റ്റൻ ചോദിക്കുന്നത്‌.

ഇത്തരം സമാന്തര ടൂർണമെന്റുകളിലൂടെ ക്രിക്കറ്റിൽ രാജ്യത്തിന്റെ പ്രതിഭാ സമ്പത്തു വർദ്ധിപ്പിക്കാനുള്ള സാധ്യത എന്തുകൊണ്ടു ബി.സി.സി.ഐ കാണാൻ ശ്രമിക്കുന്നില്ല എന്ന ചോദ്യമാണ്‌ ഈ അവസരത്തിൽ ഉയരുന്നത്‌. സഹകരണ മനോഭാവത്തോടെ കാണുന്നതിനു പകരം ഐ.സി.എല്ലിനെ എതിരാളിയായി കണ്ട്‌ മുളയിലേ നുള്ളിക്കളയാൻ ശ്രമിക്കുന്നതിനുള്ള യഥാർഥ കാരണമെന്താണെന്ന ചോദ്യവും ബി.സി.സി.ഐക്കു നേരെ ഉയരുന്നു.

പൊന്മുട്ടയിടുന്ന താറാവാണ്‌ ഇന്ത്യൻ ക്രിക്കറ്റെന്നതാണ്‌ ഈ ചോദ്യങ്ങൾക്കുള്ള ലളിതമായ ഉത്തരം. പൊന്മുട്ടകൾ ഐ.സി.എല്ലുമായി വീതം വയ്‌ക്കാൻ ബി.സി.സി.ഐ ഒരുക്കമല്ല, അത്ര തന്നെ!

സമാന്തര ലീഗ്‌ എന്ന ആശയം ലോക കിക്ക്രറ്റിലോ ഇന്ത്യൻ ക്രിക്കറ്റിലോ പുതിയതല്ല. 2004ൽ കാൽ പട്ടേൽ എന്ന അമേരിക്കൻ വ്യവസായി പ്രോ ക്രിക്കറ്റെന്ന പേരിൽ ഒരു ടൂർണമെന്റ്‌ ഇവിടെ ആവിഷ്‌ക്കരിച്ചതാണ്‌. ഇന്നത്തെ ട്വന്റി ക്രിക്കറ്റിന്റെ പ്രാഗ്‌രൂപമായിരുന്നു അത്‌. പക്ഷേ, അതിൽ കളിക്കുന്നവരെ പിന്നീടൊരിക്കലും ഇന്ത്യൻ ടീമിലേക്കു പരിഗണിക്കില്ലെന്ന ഭീഷണികൊണ്ട്‌ ബി.സി.സി.ഐ ഈ ടൂർണമെന്റിനെ കൊന്നു കളഞ്ഞു. അന്നു ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ജഗ്‌മോഹൻ ഡാൽമിയ ഇന്നു ബോർഡിൽ പ്രതിപക്ഷത്തിരുന്നുകൊണ്ട്‌ ഐ.സി.എല്ലിനെ ശക്തമായി പിന്തുണയ്‌ക്കുകയാണ്‌.

സമാന്തര ലീഗുകൾ പല രാജ്യങ്ങളിലും ക്രിക്കറ്റിനു പുതുജീവൻ നൽകാൻ സഹായിച്ചിട്ടുണ്ടെന്നതും വസ്തുതയാണ്‌. കഴിഞ്ഞവർഷം വെസ്‌റ്റിൻഡീസിൽ ആരംഭിച്ച സ്‌റ്റാൻഫോർഡ്‌ ട്വന്റി20 ടൂർണമെന്റ്‌ ഇത്തരത്തിലൊന്നാണ്‌. ബേസ്‌ബോളിലും ബാസ്‌ക്കറ്റ്‌ ബോളിലും ആവേശം കയറിയ കാണികളും പ്രതിഫലക്കുറവിൽ പരിഭവിച്ച താരങ്ങളും ക്രിക്കറ്റിനോട്‌ വിടപറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ ആന്റിഗ്വയിൽ നിന്നുള്ള കോടീശ്വരൻ അല്ലൻ സ്‌റ്റാൻഫോർഡ്‌ സമാന്തര ടൂർണമെന്റ്‌ തുടങ്ങുന്നത്‌. ഇതോടെ കരീബിയൻ ദ്വീപുകളിൽ ക്രിക്കറ്റിനു നഷ്ടപ്പെട്ടു കൊണ്ടിരുന്ന ജനപ്രിയത ഒരു പരിധിവരെ തിരിച്ചു പിടിക്കാനും കഴിഞ്ഞു. ഇതുപോലെ, ഒഴിഞ്ഞ ഗാലറികളെ സാക്ഷിനിർത്തി ചടങ്ങുപോലെ നടന്നുപോകുന്ന ഇന്ത്യൻ ആഭ്യന്തര മത്സരങ്ങൾക്ക്‌ ഒരു മാറ്റം വരുത്താൻ ഐ.സി.എല്ലിനു കഴിഞ്ഞേക്കുമെന്നു ചിന്തിക്കാൻ ബി.സി.സി.ഐ തയ്യാറല്ല. അല്ലെങ്കിൽ, അങ്ങനെ ചിന്തിക്കാൻ അവരുടെ പണക്കൊതി അവരെ അനുവദിക്കുന്നില്ല.

Generated from archived content: sports1_july27_07.html Author: kamal_sports

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here