കോപ്പയിൽ കൊടുങ്കാറ്റ്‌

അർജന്റീനക്കാരും ബ്രസീലുകാരും പന്തുപയോഗിക്കുന്നത്‌ വ്യത്യസ്തമായ ആവശ്യങ്ങൾക്കാണത്രെ. അർജന്റീനക്കാർ വിജയം എന്ന ലക്ഷ്യത്തോടെ അതുപയോഗിക്കുമ്പോൾ ബ്രസീലുകാർ പന്തുകളി ആസ്വദിക്കാനായി ഉപയോഗിക്കുന്നു. അതുകൊണ്ടു തന്നെ ലോകത്ത്‌ ഏറ്റവും കൂടുതൽ ആരാധകരുള്ള ഈ ടീമുകളുടെ താരതമ്യത്തിൽ ബ്രസീൽ എന്നും ഒരുപടി മുന്നിലായിരുന്നു. ആരെയും വെല്ലാനുള്ള പ്രതിഭയും കരുത്തും എന്നും കൈമുതലായിരുന്നിട്ടും ലോകഫുട്‌ബോളിൽ അർജന്റീന ഒരിക്കലും ബ്രസീലിനോളം വളരാത്തതും ഇതുകൊണ്ടൊക്കെത്തന്നെയായിരിക്കും.

ലാറ്റിനമേരിക്കൻ ഫുട്‌ബോളിന്റെ കിരീടധാരണം നടക്കുന്ന കോപ്പ അമേരിക്കയിലും കഥ മാറിയില്ല. താരനിബിഡമായ ടീമുമായെത്തി, ഒരു കളിപോലും തോൽക്കാതെ ഫൈനലിലെത്തിയ അർജന്റീനയ്‌ക്ക്‌, രണ്ടാം നിരയെന്നു വിശേഷിപ്പിക്കാവുന്ന ടീമുമായെത്തിയ ബ്രസീലിനു മുന്നിൽ ഒരിക്കൽക്കൂടി അടിപതറി. അങ്ങനെ, ലോകമെമ്പാടുമുള്ള ഫുട്‌ബോൾ കമ്പക്കാർ കാത്തിരുന്ന സ്വപ്ന ഫൈനൽ, അർജന്റീനയുടെ സർവാധിപത്യം പ്രവചിക്കപ്പെട്ട ഫൈനൽ ബ്രസീലിന്റെ ഏകപക്ഷീയമായ പ്രകടനത്തിനു സാക്ഷ്യം വഹിച്ചു.

ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ജർമനിക്കു മുന്നിൽ മുട്ടുകുത്തിയ അർജന്റീന ഇത്തവണത്തെ ലോകകപ്പിൽ ഏറ്റവും പ്രതിഭാസമ്പന്നമായ ടീം തന്നെയായിരുന്നു. കപ്പ്‌ നേടിയ ഇറ്റലിപോലും ടൂർണമെന്റിനു ശേഷം ടീമിൽ കാര്യമായ അഴിച്ചുപണി നടത്തിയപ്പോൾ, ലോകകപ്പിലേതിനു സമാനമായ ടീമിനെത്തന്നെയാണ്‌ അർജന്റീന കോപ്പയിലും അണിനിരത്തിയത്‌. ഫോമിലല്ലാത്ത സ്‌ട്രൈക്കർ ഹാവിയർ സാവിയോള പുറത്തായതു മാത്രമായിരുന്നു ശ്രദ്ധേയമായ മാറ്റം. വ്യക്തിപരമായ കാരണങ്ങളാൽ അന്താരാഷ്ര്ട ഫുട്‌ബോളിൽ നിന്നു മാറി ക്ലബ്‌ ഫുട്‌ബോളിൽ മാത്രം ഒതുങ്ങിനിന്ന മിഡ്‌ഫീൽഡ്‌ ജനറൽ യുവാൻ റോമൻ റിക്വൽമി കോപ്പയിൽ വീണ്ടും രാജ്യത്തിനായി ബൂട്ടു കെട്ടിയെന്നു മാത്രമല്ല, രാജ്യത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനവും ഈ ടൂർണമെന്റിൽ കണ്ടു.

ബ്രസീലാകട്ടെ, ലോകത്തിന്‌ അപരിചിതമായൊരു ടീമുമായാണ്‌ കോപ്പയിൽ കളിക്കാനെത്തിയത്‌. കോപ്പയ്‌ക്ക്‌ മോശം ടീമിനെ ഇറക്കുന്നു എന്ന പതിവു വിമർശനം ഇത്തവണയും അവർ കേട്ടു. ടീമിൽ സൂപ്പർതാരമെന്നു വിശേഷിപ്പിക്കാവുന്നത്‌ റോബീഞ്ഞോയെ മാത്രം. എന്നാൽ, തന്റെ കൈയിലുള്ള അസംസ്‌കൃതമായ പ്രതിഭാസമ്പത്തിനെ കളിമികവാക്കി മാറ്റാനും, ഏറ്റവും ആവശ്യമുള്ള സമയത്ത്‌ സർവ കരുത്തുമെടുത്ത്‌ ആഞ്ഞടിക്കാനും അവരെ പഠിപ്പിച്ച കോച്ച്‌ കാർലോസ്‌ ദുംഗ, ബ്രസീലിയൻ ഫുട്‌ബോളിലെ ചില വിഗ്രഹങ്ങൾ ഉടയ്‌ക്കുക കൂടിയാണ്‌ കിരീടനേട്ടത്തിലൂടെ ചെയ്തത്‌. ലോകകപ്പ്‌ പരാജയത്തിനു ശേഷം ബ്രസീലിന്റെ ചുമതലയേറ്റ ദുംഗ ആദ്യം ചെയ്തത്‌ സൂപ്പർതാര പ്രതിച്ഛായയുള്ള മുഴുവൻപേരെയും ഒറ്റയടിക്കു ടീമിൽ നിന്നു പുറത്താക്കുകയായിരുന്നു. രാജ്യത്തിനകത്തും പുറത്തും ഏറെ വിമർശനവിധേയമായി ഈ തീരുമാനം. പക്ഷേ, ദുംഗ കുലുങ്ങിയില്ല. യുവകളിക്കാരെ വച്ച്‌ കളികളെല്ലാം ജയിക്കാനായില്ലെങ്കിലും തോൽവികൾ ഒഴിവാക്കാൻ കഴിഞ്ഞതോടെ ദുംഗയ്‌ക്ക്‌ വിമർശകരുടെ വായടപ്പിക്കാൻ കഴിഞ്ഞു.

പിന്നീട്‌, റൊണാൾഡീഞ്ഞോയെയും കക്കായെയും പോലുള്ള ചില പ്രമുഖർക്ക്‌ ദുംഗ വീണ്ടും ടീമിൽ ഇടം കൊടുത്തു. അപ്പോഴും, ലോകം കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ റൊണാൾഡോ ടീമിനു പുറത്തുതന്നെയായിരുന്നു. പക്ഷേ, കോപ്പ അമേരിക്ക അടുത്തതോടെ റൊണാൾഡീഞ്ഞോയും കക്കായും ബ്രസീലിന്റെ കാലുവാരി. നീണ്ട ക്ലബ്‌ സീസൺ തങ്ങളെ ക്ഷീണിതരാക്കിയെന്നും വിശ്രമം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. രാജ്യത്തിനുവേണ്ടി കളിച്ച്‌ കാലുകളഞ്ഞ്‌, ക്ലബ്‌ ഫുട്‌ബോളിൽ കിട്ടുന്ന സ്വപ്നതുല്യമായ പ്രതിഫലവും മറ്റാനുകൂല്യങ്ങളും ഇല്ലാതാക്കിക്കളയേണ്ടെന്ന്‌ ഇരുവരും കരുതിക്കാണും. ഏതായാലും പ്രധാനമായ ടൂർണമെന്റുകളിൽ നിന്ന്‌ താരങ്ങൾ വിട്ടുനിൽക്കാൻ പാടില്ല എന്ന കർശന നിർദേശം നൽകാൻ ഫിഫ ആലോചിക്കുന്നു എന്നെങ്കിലും ആശ്വസിക്കാം.

സൂപ്പർതാരങ്ങളില്ലാതെ ഇറങ്ങിയ ബ്രസീൽ ആദ്യ മത്സരത്തിൽ മെക്സിക്കോയോടു പരാജയപ്പെട്ടുകൊണ്ട്‌ സാധ്യമായ ഏറ്റവും മോശം തുടക്കമാണ്‌ കുറിച്ചത്‌. പക്ഷേ, പിന്നീടവരുടെ പോരാളികൾ ഫുട്‌ബോളിനെ ഏറ്റവും ആവേശകരമായി ഉപയോഗപ്പെടുത്തുന്നതും നിർണായകഘട്ടങ്ങളിൽ മനഃസാന്നിധ്യം കൈവിടാതിരിക്കുന്നതും, ഒടുവിൽ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചുകൊണ്ട്‌ ഫൈനലിൽ കിരീടം ചൂടുന്നതും കണ്ടു. ഇതിനിടെ, സെമിഫൈനലിൽ ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ അവർ പെനാൽറ്റി ഷൂട്ടൗട്ടും കടന്ന്‌ സഡൻ ഡെത്തിൽ ഉറുഗ്വേയെ മറികടക്കുന്നതു കണ്ടു. ക്വാർട്ടർ ഫൈനൽ വരെയുള്ള ബ്രസീലിന്റെ മുന്നേറ്റത്തിന്‌ ഒറ്റയ്‌ക്കു ചുക്കാൻ പിടിച്ചത്‌ റോബിഞ്ഞോയായിരുന്നെങ്കിൽ സെമിയിലും ഫൈനലിലും അവർ ബ്രസീലിയൻ ശൈലിയിൽ പരമ്പരാഗതമായുള്ള ഒത്തൊരുമ വീണ്ടെടുത്തു. ഏറെക്കാലമായി ഫേവറിറ്റുകളെന്ന പ്രതിച്ഛായയുടെ ഭാരവുമായെത്തുന്ന ബ്രസീലിന്‌ ആ ഭാരത്തിന്റെ സമ്മർദ്ദമില്ലാതെ കോപ്പയിൽ കളിക്കാൻ കഴിഞ്ഞു. ഒപ്പം, അർജന്റീന ലോകകപ്പിനു ശേഷം ഒരിക്കൽകൂടി പ്രതീക്ഷകളുടെ സമ്മർദ്ദത്തിൽ തകർന്നടിയുകയും ചെയ്തു.

ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം പോലെയാണ്‌ ഫുട്‌ബോളിൽ ബ്രസീൽ – അർജന്റീന മത്സരം. അതു ഫൈനലിലാകുമ്പോൾ മൈതാനത്തിനൊപ്പം ഗാലറിയിലും ആവേശം ആകാശത്തോളമുയരും. പക്ഷേ, മിഡ്‌ഫീൽഡിലെ സമ്പൂർണ്ണ നിയന്ത്രണത്തിലൂടെ കളിയുടെ താളം നിശ്ചയിക്കുന്ന യുവാൻ റോമൻ റിക്വൽമിക്കും പ്രത്യാക്രമണത്തിലൂടെ എതിരാളിയുടെ താളം തെറ്റിക്കുന്ന ലയണൽ മെസ്സിക്കും വന്യമായ കരുത്തോടെ എതിർഗോൾ മുഖത്ത്‌ റെയ്‌ഡ്‌ നടത്തുന്ന കാർലോസ്‌ ടെവസിനുമൊന്നും ഫുട്‌ബോൾ കളിയെ ഉത്സവവും ആഘോഷവുമാക്കുന്ന ബ്രസീലിയിൻ ശൈലിക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല.

എങ്കിലും, ഇന്ന്‌ അർജന്റീനയ്‌ക്കും ബ്രസീലിനുമപ്പുറം ലാറ്റിനമേരിക്കൻ ഫുട്‌ബോൾ ഇല്ലെന്ന്‌ ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ്‌ കോപ്പ വിടപറയുന്നത്‌. മുൻ ലോക ചാമ്പ്യൻമാരായ ഉറുഗ്വേയും വടക്കേ അമേരിക്കൻ ചാമ്പ്യന്മാരായ യു.എസ്‌.എയും ലോകകപ്പിലെ കറുത്ത കുതിരകളായിരുന്ന ഇക്വഡോറും കോപ്പയിൽ കടലാസുപുലികളായി. കൊളംബിയക്കും ചിലിക്കും പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമേ ആകാൻ കഴിഞ്ഞുള്ളൂ. കോപ്പ അമേരിക്കയ്‌ക്ക്‌ ആതിഥ്യമരുളാൻ ആദ്യമായി അവസരം കിട്ടിയ വെനിസ്വേല മാത്രം – സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിലാകാം – പ്രതീക്ഷയിൽ കവിഞ്ഞ പ്രകടനം പുറത്തെടുത്തു.

പക്ഷേ, ലോകത്ത്‌ നിലനിൽക്കുന്ന ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള ഫുട്‌ബോൾ കളി കാണാൻ കഴിയുന്ന ടൂർണമെന്റെന്ന പേര്‌ ഇത്തവണയും കൈവിട്ടില്ല. 26 മത്സരങ്ങളിൽ പിറന്ന 86 ഗോളുകൾ ടൂർണമെന്റിന്റെ ചരിത്രത്തിൽ പുതിയ റിക്കാർഡായി. സമനിലയായിപ്പോയത്‌ സെമിഫൈനലടക്കം അഞ്ചുമത്സരങ്ങൾ മാത്രം. ഇതിൽ ഗോളൊന്നും പിറക്കാത്ത മത്സരങ്ങളാകട്ടെ വെറും രണ്ടുമാത്രവും.

ആറു ഗോളടിച്ച റോബിഞ്ഞോ ടൂർണമെന്റിന്റെ സുവർണ സ്‌ട്രൈക്കറായി. അഞ്ചു ഗോളടിച്ച റിക്വൽമി അന്താരാഷ്ര്ട ഫുട്‌ബോളിലേക്കുള്ള മടങ്ങിവരവ്‌ ഉജ്ജ്വലമാക്കി. അർജന്റീനയുടെ ഹെർനാൻ ക്രെസ്പോയും മെക്സിക്കോയുടെ നേരി കാസ്‌റ്റില്ലോയും പരാഗ്വെയുടെ റോക്ക്‌ സാന്റാക്രൂസും ബ്രസീലിന്റെ ജൂലിയോ ബാപ്‌റ്റിസ്‌റ്റയും ഉറുഗ്വേയുടെ ഡീഗോ ഫോർലാനും എതിരാളികളുടെ വല കുലുക്കുന്നതിൽ മത്സരിച്ചു.

അർജന്റീനയ്‌ക്കെതിരായ ഫൈനലിനു മുമ്പ്‌ ബ്രസീലിന്റെ ഗോളി ഡോണി ഒരു കാര്യം പറഞ്ഞിരുന്നു. “ഏറ്റവും മികച്ച ആക്രമണനിരയാണ്‌ അവരുടേതെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, പന്തു ഞങ്ങളുടെ പക്കലായിരിക്കുമ്പോൾ അവർക്ക്‌ ആക്രമിക്കാൻ കഴിയില്ലല്ലോ”. ഫൈനലിൽ, പന്ത്‌ തങ്ങളുടെ പക്കലായിരുന്നപ്പോഴും എല്ലാം മറന്നുള്ള ആക്രമണത്തിനൊന്നും ബ്രസീൽ തുനിഞ്ഞില്ല, പന്തു സ്വന്തമാക്കിവച്ച്‌ കളി ആസ്വദിക്കുകയും എതിരാളികളുടെ ആക്രമണത്തിന്റെ മുനയൊടിക്കുകയും മാത്രം ചെയ്തു. ഇടയ്‌ക്ക്‌ അനിവാര്യമായ ഗോളുകൾ നേടാൻ മറക്കാതിരിക്കുകയും ചെയ്തു.

Generated from archived content: sports1_july16_07.html Author: kamal_sports

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here